തൃശൂർ വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ കൂറുമാറി വോട്ട് ചെയ്യാൻ സിപിഎം 50 ലക്ഷം വാഗ്ദാനം ചെയ്തെന്ന് ലീഗ് സ്വതന്ത്രന്റെ ശബ്ദരേഖ പുറത്ത് വന്നതിന് പിന്നാലെ പ്രതികരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. 50 ലക്ഷം കൊടുത്ത് ആളെ പിടിക്കേണ്ട കാര്യമില്ലെന്ന് പറഞ്ഞ എംവി ഗോവിന്ദൻ ആരെയും ചാക്കിട്ട് പിടിച്ച് ഭരണം പിടിച്ചെടുക്കേണ്ട ത്വര സിപിഐഎമ്മിനില്ലെന്നും വ്യക്തമാക്കി.
സംഭവത്തിൽ നിയമനടപടി സ്വീകരിക്കുമെന്നും എംവി ഗോവിന്ദൻ വ്യക്തമാക്കി. ഒരു അവസരവാദ നിലപാടും സ്വീകരിച്ചിട്ടില്ല. ജനവിധി അംഗീകരിക്കുന്ന നിലപാടാണ് സിപിഐഎം സ്വീകരിക്കുന്നത്. ആരെയെങ്കിലും ചാക്കിട്ട് പിടിക്കാൻ എൽഡിഎഫ് ഇല്ല. വന്ന വാർത്ത സംബന്ധിച്ച് പരിശോധിക്കും. ഇക്കാര്യത്തിൽ അന്വേഷണം നടത്തുമെന്നും എംവി ഗോവിന്ദൻ പറഞ്ഞു.
ഒന്നും മറച്ചുവെക്കാനില്ലെന്നും കുതിരക്കച്ചവടം ഉണ്ടായിട്ടില്ല. മറ്റത്തൂരിൽ സംഭവിച്ചു. അങ്ങനെയൊരു നിലപാടല്ല സിപിഐഎമ്മിനെന്ന് എംവി ഗോവിന്ദൻ പറഞ്ഞു. അതേസമയം 50 ലക്ഷമോ പ്രസിഡന്‍റ് സ്ഥാനമോ തെരഞ്ഞെടുക്കാമെന്നായിരുന്നു ഓപ്ഷനെന്ന് ലീഗ് സ്വതന്ത്രൻ പറയുന്ന ശബ്ദരേഖ പുറത്ത് വന്നിട്ടുണ്ട്. മുസ്ലീംലീഗ് സ്വതന്ത്രനായി മത്സരിച്ച ഇയു ജാഫറിന്റെ പേരിലാണ് ശബ്ദരേഖ പ്രചരിക്കുന്നത്.
ശബ്ദരേഖയിൽ പറയുന്നത്
“ലൈഫ് സെറ്റിലാക്കാൻ ഓപ്ഷൻ കിടക്കുന്നു. രണ്ട് ഓപ്ഷനാണുള്ളത്. അമ്പത് ലക്ഷമാണ് ഓഫർ കിടക്കുന്നത്. ഒന്നും രണ്ടും രൂപയല്ല. രണ്ടാമത്തെ ഓപ്ഷൻ വടക്കാഞ്ചേരി ബ്ലോക്ക് പ്രസിഡന്റ് പദവിയാണ്. രണ്ടിലൊന്ന് തെരഞ്ഞെടുക്കാം. നിങ്ങടെ കൂടെ നിന്നാൽ നറുക്കെടുത്താലെ കിട്ടുകയുള്ളൂ. ഇതാവുമ്പം ഒന്നും അറിയണ്ട, നമ്മളവിടെ പോയി കസേരയിൽ കയറി ഇരുന്നാൽ മതി’.
കൂറ്മാറി വോട്ട് ചെയ്തതിന് പിന്നാലെ ജാഫർ രാജിവെച്ചിരുന്നു. അട്ടിമറിയിലൂടെ പ്രസിഡന്‍റ് വൈസ് പ്രസിഡന്‍റ് സ്ഥാനങ്ങൾ സിപിഎം നേടി. ലീഗ് സ്വതന്ത്രനായി തളിയിൽ നിന്നാണ് ജാഫർ വിജയിച്ചത്. അതേസമയം ശബ്ദരേഖ പുറത്ത് വന്നതിന് പിന്നാലെ കോൺഗ്രസ് നേതാവ് അനിൽ അക്കര നൽകിയ പരാതിയിൽ വിജിലൻസ് പ്രാഥമിക അന്വേഷണം തുടങ്ങിയിട്ടുണ്ട്.