സിഎംആര്‍എല്‍-എക്‌സാലോജിക് ഇടപാടുമായി ബന്ധപ്പെട്ട എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) അന്വേഷണത്തിന് സ്റ്റേ അനുവദിക്കാതെ ഹൈക്കോടതി. അന്വേഷണം അടിയന്തരമായി സ്റ്റേ ചെയ്യണമെന്നും സിംഗിള്‍ ബെഞ്ച് ഉത്തരവ് റദ്ദാക്കണമെന്നുമുള്ള സിഎംആര്‍എല്ലിന്റെ ആവശ്യം കോടതി അംഗീകരിച്ചില്ല. സിഎംആര്‍എല്‍- എക്‌സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട അപ്പീലില്‍ ഇടക്കാല ഉത്തരവില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. വര്‍ഷങ്ങളായി നിലനില്‍ക്കുന്ന കേസായതിനാല്‍ അപ്പീല്‍ ഹര്‍ജിയില്‍ വേഗത്തില്‍ വാദം കേട്ട് അന്തിമ തീരുമാനമെടുക്കാമെന്ന് ജസ്റ്റിസ് രാജാ വിജയരാഘവന്‍, ജസ്റ്റിസ് കെ.വി. ജയകുമാര്‍ എന്നിവരടങ്ങുന്ന ബെഞ്ച് വ്യക്തമാക്കി. കേസ് തിങ്കളാഴ്ച കോടതിയുടെ പരിഗണനാ പട്ടികയില്‍ 105-ാമതായാണ് ഉള്‍പ്പെടുത്തിയിരുന്നത്.
ഹൈക്കോടതിയില്‍ വാദം പുരോഗമിക്കുകയാണ്. ഇ.ഡി അന്വേഷണത്തിനെതിരെ സിഎംആര്‍എല്‍ നല്‍കിയ ഹര്‍ജി തള്ളിയ സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെയാണ് കമ്പനി ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചിരിക്കുന്നത്. ഇ.ഡി അന്വേഷണം സ്റ്റേ ചെയ്യണമെന്നായിരുന്നു അപ്പീലിലെ ആവശ്യം. എന്നാല്‍ തുടക്കത്തിലെ ഇടക്കാല ഉത്തരവില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.
വീണ തൈക്കണ്ടിയിലിന്റെ എക്‌സാലോജിക് ചെയ്യാത്ത സേവനത്തിന് പ്രതിഫലമായി രണ്ടുകോടിയിലധികം രൂപ കൈപ്പറ്റിയതിന് തെളിവുകളുണ്ടെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കോടതിയെ അറിയിച്ചു. എന്നാല്‍, മറ്റൊരു ഏജന്‍സിയുടെ എഫ്‌ഐആറോ ഇഡിക്ക് അന്വേഷിക്കാവുന്ന പ്രെഡിക്കേറ്റ് ഒഫന്‍സോ നിലവിലില്ലാത്ത സാഹചര്യത്തില്‍ പിഎംഎല്‍എ പ്രകാരമുള്ള അന്വേഷണം നിയമവിരുദ്ധമാണെന്ന് സിഎംആര്‍എല്‍ വാദിച്ചു. ഇ.ഡി നിലവില്‍ നടത്തുന്ന അന്വേഷണം തങ്ങളുടെ അധികാര പരിധി മറികടന്നുള്ളതാണെന്നാണ് സിഎംആര്‍എല്‍ കോടതിയില്‍ പ്രധാനമായും വാദിക്കുന്നത്. കൃത്യമായ ഒരു എഫ്‌ഐആറോ അല്ലെങ്കില്‍ ഔദ്യോഗിക പരാതിയോ ഇല്ലാതെയാണ് കേന്ദ്ര ഏജന്‍സി തങ്ങള്‍ക്കെതിരെ കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം അന്വേഷണവുമായി മുന്നോട്ട് പോകുന്നതെന്നും കമ്പനി വാദിച്ചു. മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ ടി.വീണയുടെ ഉടമസ്ഥതയിലുള്ള എക്‌സാലോജിക് സൊല്യൂഷന്‍സിന് സിഎംആര്‍എല്‍ നല്‍കിയ തുകയുമായി ബന്ധപ്പെട്ട് സമന്‍സ് അയക്കാന്‍ ഇ.ഡിക്ക് നിയമപരമായ അധികാരമില്ലെന്നാണ് കമ്പനിയുടെ വാദം.
എസ്എഫ്‌ഐഒ സമര്‍പ്പിച്ച റിപ്പോര്‍ട്ട് ഡല്‍ഹി ഹൈക്കോടതിയുടെ പരിഗണനയിലായതിനാല്‍ അതിനെ അന്തിമ റിപ്പോര്‍ട്ടായി കാണാന്‍ കഴിയില്ലെന്നും കമ്പനി കോടതിയില്‍ ചൂണ്ടിക്കാട്ടി. ഇഡിക്കായി കേന്ദ്ര സര്‍ക്കാരിന്റെ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എ.ആര്‍.എല്‍. സുന്ദരേശന്‍ ഹാജരായപ്പോള്‍, സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകരാണ് സിഎംആര്‍എല്ലിന് വേണ്ടി വാദിച്ചത്.
കഴിഞ്ഞ ദിവസങ്ങളില്‍ ബാംഗ്ലൂര്‍ ഉള്‍പ്പെടെ 12 കേന്ദ്രങ്ങളില്‍ ഇഡി പരിശോധന നടത്തിയിരുന്നു. ഈ പരിശോധനകളില്‍ ലഭിച്ച നിര്‍ണായക വിവരങ്ങളും രേഖകളും ആവശ്യമെങ്കില്‍ ഹൈക്കോടതിക്ക് കൈമാറാന്‍ തയ്യാറാണെന്ന് ഇഡി അറിയിച്ചിട്ടുണ്ട്. വരുംദിവസങ്ങളില്‍ വീണാ വിജയന്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ വിശദമായി പരിശോധിക്കാനും സിഎംആര്‍എല്ലിലെ ഉന്നത ഉദ്യോഗസ്ഥരെയും മാനേജ്മെന്റിനെയും ചോദ്യം ചെയ്യാനുമാണ് ഇഡിയുടെ നീക്കം. അപ്പീലില്‍ വിശദമായ വാദം കേട്ടതിനുശേഷം മാത്രമേ കോടതിയുടെ അന്തിമ ഉത്തരവ് ഉണ്ടാകുകയുള്ളൂ. സിഎംആര്‍എല്ലിന്റെ അപ്പീലിലെ ആവശ്യം ഇ.ഡി അന്വേഷണം അടിയന്തരമായി സ്റ്റേ ചെയ്യണമെന്നായിരുന്നു. എന്നാല്‍ ഇടക്കാല ഉത്തരവ് സാധ്യമല്ലെന്ന് ജസ്റ്റിസ് എ.രാജാ വിജയരാഘവന്‍, കെ.വി.ജയകുമാര്‍ എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി. കക്ഷികള്‍ രണ്ടുകൂട്ടരും പൂര്‍ണമായ വാദത്തിന് തയാറാണെങ്കില്‍ അപ്പീല്‍ ഹര്‍ജി ഇന്നു തന്നെ കേട്ട് തീര്‍പ്പാക്കാമെന്നും കോടതി വ്യക്തമാക്കി.