പ്രതിപക്ഷ എംഎല്‍എമാര്‍ വാച്ച് ആന്‍ഡ് വാര്‍ഡിനെ വടി കൊണ്ട് അടിച്ചുവെന്ന ആരോപണവുമായി മുഖ്യമന്ത്രി; സ്പീക്കറുടെ മുഖംമറച്ച് അന്ധനെപോലെയാക്കുന്നത് ശരിയാണോ എന്ന് എ എന്‍ ഷംസീര്‍

നിയമസഭയില്‍ പ്രതിപക്ഷ അംഗങ്ങള്‍ വാച്ച് ആന്‍ഡ് വാര്‍ഡിനെ വടി കൊണ്ട് അടിച്ചുവെന്ന് ആരോപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ശബരിമല സ്വര്‍ണക്കൊള്ളയില്‍ പ്രതിപക്ഷ പ്രതിഷേധത്തിനിടെയുണ്ടായ നാടകീയ സംഭവങ്ങള്‍ക്ക് പിന്നാലെയാണ് മുഖ്യമന്ത്രി പ്രതിപക്ഷ എംഎല്‍എമാര്‍ വാച്ച് ആന്‍ഡ് വാര്‍ഡിനെ വടികൊണ്ട് അടിച്ചുവെന്ന ആരോപണം ഉയര്‍ത്തിയത്. ബാനര്‍ പിടിച്ച ഒരാള്‍ വടികൊണ്ട് വാച്ച് ആന്‍ഡ് വാര്‍ഡിനെ തല്ലുകയായിരുന്നുവെന്നും ഇത് സ്പീക്കറുടെ ശ്രദ്ധയില്‍പ്പെട്ടില്ലെന്ന് തോന്നുന്നുവെന്നുമാണ് പിണറായി വിജയന്‍ പറഞ്ഞത്. തങ്ങളെല്ലാം ഇത് കണ്ടുകൊണ്ടിരിക്കുകയായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

ബാനര്‍ പിടിച്ച ഒരാള്‍ വടികൊണ്ട് വാച്ച് ആന്‍ഡ് വാര്‍ഡിനെ തല്ലുകയായിരുന്നു. സ്പീക്കറുടെ ശ്രദ്ധയില്‍പ്പെട്ടില്ലെന്ന് തോന്നുന്നു. ആ ഘട്ടത്തിലാണ് വാച്ച് ആന്‍ഡ് വാര്‍ഡ് അത് തടുക്കാനും പിടിക്കാനും നോക്കുന്നത്. ഇത് ഞങ്ങളെല്ലാം കണ്ടുകൊണ്ടിരിക്കുകയാണ്. ഒരു പ്രകോപനവും ഇല്ലാതെയാണ് പ്രതിപക്ഷത്തിന്റെ ഭാഗത്ത് നിന്ന് ഈ സംഭവങ്ങള്‍ ഉണ്ടാകുന്നത്.

ബോധപൂര്‍വ്വം കുഴപ്പം ഉണ്ടാക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്നും നാട്ടിലും കോടതിയിലും ചെലവാകാത്ത കാര്യം ഇവിടെ ചെലവാക്കാനാണ് നോക്കിയതെന്നും പിണറായി വിജയന്‍ ആരോപിച്ചു. നിയമസഭയില്‍ കാണിക്കാന്‍ പാടില്ലാത്ത കോപ്രായങ്ങള്‍ക്ക് സഭ അപലപിക്കണമെന്ന് കൂടി മുഖ്യമന്ത്രി പറഞ്ഞു.

നേരത്തെ സഭയില്‍ പ്രതിപക്ഷ അംഗങ്ങള്‍ സ്പീക്കറുടെ ഡയസിലേക്ക് ചാടി കയറാന്‍ ശ്രമം നടത്തിയിരുന്നു. സ്പീക്കറുടെ മുഖം മറച്ച് പിടിച്ച ബാനര്‍ വാച്ച് ആന്‍ഡ് വാര്‍ഡ് ബലപ്രയോഗത്തിലൂടെ പിടിച്ചെടുക്കുകയും ചെയ്തു. ഇതേ തുടര്‍ന്ന് സഭ രണ്ടു തവണ നിര്‍ത്തിവെച്ചു. രണ്ടു തവണ സ്പീക്കര്‍ക്കു കസേര വിട്ടു പോകേണ്ടിവന്നു. പ്രതിപക്ഷ എംഎല്‍എമാരെ വാച്ച് ആന്‍ഡ് വാര്‍ഡ് പിടിച്ചുമാറ്റിയെങ്കിലും സംഘര്‍ഷം തുടരുകയും സഭ താല്‍ക്കാലികമായി നിര്‍ത്തിവെയ്ക്കുകയും ചെയ്തു. ഒപ്പം സഭ ടിവിയും നിര്‍ത്തിവയ്ക്കുകയും ചെയ്തു.

വാച്ച് ആന്‍ഡ് വാര്‍ഡ് പ്രകോപിപ്പിച്ചതിനെ തുടര്‍ന്നാണ് യുഡിഎഫ് എംഎല്‍എമാര്‍ ഡയസില്‍ കയറാന്‍ ശ്രമിച്ചതെന്ന് പ്രതിപക്ഷ നേതാവ് പിന്നീട് മറുപടി പറഞ്ഞു. ശബരിമല സ്വര്‍ണക്കൊള്ള കേസിലെ പ്രതികള്‍ക്ക് സ്വാഭാവിക ജാമ്യം ലഭിക്കുന്നത് അന്വേഷണത്തില്‍ സംശയമുണ്ടാക്കുന്നുവെന്ന് കോടതി വരെ പറഞ്ഞുവെന്നും മുഖ്യമന്ത്രിയുടെ ഓഫീസിന്റെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് അന്വേഷണം തടസ്സപ്പെടുന്നതെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. ഇതിന് മുഖ്യമന്ത്രി മറുപടി പറയുന്നതിന് മുമ്പായി സ്പീക്കര്‍ നേരത്തെയുണ്ടായ സംഭങ്ങളെ കുറിച്ച് സംസാരിച്ചു. സ്പീക്കറുടെ ഡയസിലേക്ക് ഇടിച്ചുകയറിയ രീതി ജനാധിപത്യ മര്യാദയല്ലെന്ന് സ്പീക്കര്‍ പറഞ്ഞു.

ജനാധിപത്യ അവകാശം പ്രതിപക്ഷത്തിന് മാത്രമല്ല, സ്പീക്കര്‍ക്കുമുണ്ട്. സ്പീക്കറുടെ മുഖംമറച്ച് അന്ധനെപോലെയാക്കി ജനാധിപത്യം കൈകാര്യം ചെയ്യുന്നത് ശരിയാണോ. പ്രതിപക്ഷ നേതാവ് അത് പരിശോധിക്കണമെന്നും സ്പീക്കര്‍ എ.എന്‍.ഷംസീര്‍ പറഞ്ഞു.

പ്രതിപക്ഷം ബാനര്‍ പിടിക്കുന്നത് ആദ്യമല്ലെന്നും, സാധാരണ ഇത്തരം പ്രശ്നങ്ങളുണ്ടാകുമ്പോള്‍ ചേംബറിലേക്ക് ഇരുപക്ഷത്തേയും വിളിച്ച് സംസാരിക്കുകയാണ് സ്പീക്കര്‍ ചെയ്യാറുള്ളതെന്നും പ്രതിപക്ഷ നേതാവ് മറുപടി നല്‍കി. തങ്ങള്‍ സഭ ബഹിഷ്‌കരിക്കുകയാണെന്ന് പറഞ്ഞ് മുഖ്യമന്ത്രിയുടെ മറുപടിക്ക് കാത്ത് നില്‍ക്കാതെ പ്രതിപക്ഷം ഇറങ്ങി പോകുകയും ചെയ്തു.

പിന്നീട് സംസാരിച്ച മുഖ്യമന്ത്രി ആദ്യം കേസിന്റെ വിശദാംശങ്ങളെ കുറിച്ച് പറഞ്ഞതിന് ശേഷമാണ് വാച്ച് ആന്‍ഡ് വാര്‍ഡിനെ പ്രതിപക്ഷ അംഗങ്ങള്‍ തല്ലിയെന്ന ആരോപണം ഉന്നയിച്ചത്. ശബരിമല കേസുമായി ബന്ധപ്പെട്ട് കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നത് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചാണെന്നും അതിന്റെ മേല്‍നോട്ടത്തിലാണ് എസ്ഐടിയുടെ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതെന്നും എസ്ഐടിക്കെതിരെ പ്രതിപക്ഷ നേതാവ് ഉന്നയിച്ച ആരോപണങ്ങള്‍ക്കെല്ലാം ഹൈക്കോടതി മറുപടി നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. സര്‍ക്കാരല്ല അന്വേഷണ ഏജന്‍സികള്‍ക്ക് നിര്‍ദേശം നല്‍കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ജനങ്ങള്‍ക്ക് അന്വേഷണത്തില്‍ സംശയങ്ങളുണ്ടാകുന്നുവെന്നതടക്കമുള്ള നിരീക്ഷണങ്ങള്‍ നടത്തിയത് ഹൈക്കോടതി ഏകാംഗ ബെഞ്ചാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കുകയുണ്ടായി.

Latest Stories

അവധിക്കാല ബെഞ്ചിന്റെ അടിയന്തര പരിഗണനയ്ക്ക് നാല് കേസുകള്‍ ലിസ്റ്റ് ചെയ്യിച്ചു, ഹര്‍ജിക്കാരന് 40,000 രൂപ പിഴയിട്ടത് റദ്ദാക്കില്ലെന്ന് ഹൈക്കോടതി; നടപടി ദുരുദ്ദേശപരം

തൊട്ടതെല്ലാം ഹിറ്റുകൾ; മലയാളികളുടെ ഹൃദയം തൊട്ട 'എസ്പിവി' മാജിക്ക്!

ആര്‍ആര്‍ടിഎസുമായി സര്‍ക്കാര്‍ മുന്നോട്ട്; ഉത്തരവിറക്കി ഗതാഗത വകുപ്പ്; ചെലവ് കണക്കാക്കിയത് 1,92,780 കോടി

സറണ്ടര്‍ മോദി മുദ്രാവാക്യവുമായി പാര്‍ലമെന്റില്‍ പ്രതിപക്ഷം; അമേരിക്കയുമായുള്ള വ്യാപാര കരാര്‍ ഇന്ത്യയ്ക്ക് നിര്‍ണായകമെന്ന് നരേന്ദ്ര മോദി; അമേരിക്കയ്ക്ക് കീഴടങ്ങിയെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷ പ്രതിഷേധം

യൂസര്‍ ഡാറ്റ ഉപയോഗിച്ച് കളിക്കാന്‍ അനുവദിക്കില്ല, പൗരന്മാരുടെ സ്വകാര്യത അവകാശങ്ങള്‍ ലംഘിക്കാന്‍ അനുവദിക്കില്ല; ഇന്ത്യന്‍ ഭരണഘടന ഉറപ്പാക്കുന്ന നിയമങ്ങള്‍ പാലിക്കാന്‍ പറ്റില്ലെങ്കില്‍ രാജ്യം വിട്ടുപോണമെന്ന് വാട്‌സാപ്പിനോട് സുപ്രീം കോടതി

ഗുരുവായൂർ ക്ഷേത്ര ദർശനം സുഗമമാക്കുന്നതിനായി ഇനി ഫെയ്സ് ആപ്പും; ടോക്കൺ നമ്പർ അനുസരിച്ച് ഭക്തർക്ക് ദർശനം നടത്താം

ശബരിമല സ്വർണക്കൊള്ളയിൽ പ്രതിഷേധം, ഡയസിന് മുകളിലേയ്ക്ക് ചാടിക്കയറാൻ ശ്രമിച്ച് പ്രതിപക്ഷ എംഎൽഎമാർ; സംഘർഷം

തീരുവ 25ൽ നിന്ന് 18 ശതമാനമായി കുറച്ച് ട്രംപ്; ഏഷ്യൻ രാജ്യങ്ങളിൽ ഏറ്റവും കുറഞ്ഞ തീരുവ ഇന്ത്യയ്ക്ക്; ട്രംപിന് നന്ദി പറഞ്ഞ് നരേന്ദ്ര മോദി

സഞ്ജു ബെഞ്ചിൽ തന്നെ, ബിസിസിഐ ഒരുപാട് അവസരങ്ങൾ അവന് കൊടുത്തു കഴിഞ്ഞു: സുനിൽ ഗവാസ്കർ

ശ്രീധരന്റെ എല്ലാ പ്രവർത്തനങ്ങൾക്കും കേന്ദ്രത്തിന്റെ പിന്തുണ; കേരളത്തിന്റെ റെയിൽവേ വിഹിതം 3,975 കോടി: റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്