രാജ്ഭവനിലെ ആര്‍എസ്എസ് ചിത്ര വിവാദത്തില്‍ പ്രതികരിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. രാജ്ഭവനില്‍ കാവിക്കൊടിയുമായി നില്‍ക്കുന്ന ഭാരതാംബയെ പ്രതിഷ്ഠിക്കുന്ന ഗവര്‍ണര്‍ ഇന്ത്യാ മഹാരാജ്യത്തേയും ഭരണഘടനയേയും അപമാനിക്കുകയും പുച്ഛിക്കുകയുമാണ് ചെയ്യുന്നതെന്ന് ചെന്നിത്തല പറഞ്ഞു.
ഗവര്‍ണര്‍ എന്നത് ഭരണഘടനാപരമായ ഒരു സ്ഥാനമാണ്. രാജ്ഭവന്‍ ഒരു ഭരണസിരാകേന്ദ്രമാണെന്നും ചെന്നിത്തല വ്യക്തമാക്കി. ഈ സ്ഥാനങ്ങളില്‍ ഇരിക്കുമ്പോള്‍ കാണിക്കേണ്ട ചില മര്യാദകളുണ്ട്. ആ മര്യാദകളുടെ ലംഘനമാണ് ഇപ്പോള്‍ കേരളത്തിലെ ഗവര്‍ണര്‍ കാണിക്കുന്നതെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
ഗവര്‍ണര്‍ പിന്തുടരുന്ന രാഷ്ട്രീയ സംഘടനയുടെ പതാകയും ബിംബങ്ങളും രാജ്യത്തിന്റേതാണ് എന്ന രീതിയില്‍ അവതരിപ്പിക്കുന്നത് തീരെ അനുചിതമായ പ്രവര്‍ത്തിയാണ്. കാവിക്കൊടിയേന്തിയ ഭാരതാംബ എന്ന ചിത്രം സംഘപരിവാറിന്റേതാണ്. അല്ലാതെ ഇന്ത്യന്‍ ഭരണഘടന അംഗീകരിച്ച ഒരു ബിംബമല്ലെന്നും ചെന്നിത്തല പറഞ്ഞു.
ഗവര്‍ണറുടെ രാഷ്ട്രീയപാര്‍ട്ടിക്കാരായ പ്രധാനമന്ത്രി മോദിയും രാഷ്ട്രപതി ദ്രൗപതി മുര്‍മുവും സ്വന്തം ഓഫീസുകളിലും ഔദ്യോഗിക വസതിയിലും ഇന്ത്യന്‍ ദേശീയ പതാകയല്ലാതെ കാവിക്കൊടിയല്ല ഉപയോഗിക്കുന്നത് എന്നതു കണ്ടുപഠിക്കാനുള്ള സാമാന്യ ബോധം ഭരണഘടനമായ സ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ക്ക് ഉണ്ടാകുന്നത് നല്ലതാണെന്നും ചെന്നിത്തല വ്യക്തമാക്കി.