കോട്ടയം മെഡിക്കൽ കോളേജ് കെട്ടിടം ഇടിഞ്ഞ് വീണുണ്ടായ അപകടത്തിൽപെട്ട് മരിച്ച തലയോലപ്പറമ്പ് സ്വദേശി ബിന്ദുവിനെ യാത്രയാക്കി നാട്. ബിന്ദുവിന്റെ മൃതദേഹം സംസ്കരിച്ചു. രാവിലെ 10 മണിയോടെയാണ് മൃതദേഹം വീട്ടിലെത്തിച്ചത്. ശേഷം മൃതദേഹം രണ്ട് മണിക്കൂർ പൊതുദർശനത്തിന് വച്ചു. കേരളലിയിക്കുന്ന കാഴ്ചകളായിരുന്നു ബിന്ദുവിന്റെ വീട്ടിൽ അരങ്ങേറിയത്.
‘അമ്മാ…. എന്നെക്കൊണ്ട് പറ്റൂല്ലാമ്മാ… ഇട്ടേച്ച് പോകല്ലാമ്മാ…’ ബിന്ദുവിന്റെ വേർപാട് സഹിക്കാനാവാതെ മകൻ അലറിക്കരയുന്നത് കണ്ടുനിൽക്കാനേ ചുറ്റുമുള്ളവർക്ക് കഴിഞ്ഞുള്ളു. മൃതദേഹം വീട്ടിലെത്തിച്ചതിന് പിന്നാലെ അതിവൈകാരിക നിമിഷങ്ങൾക്കായിരുന്നു ബിന്ദുവിൻ്റെ തലയോലപ്പറമ്പിലെ വീട് സാക്ഷ്യം വഹിച്ചത്. വൻ ജനക്കൂട്ടമാണ് ബിന്ദുവിൻ്റെ മൃതദേഹം കാണാനും അന്ത്യാഞ്ജലി അർപ്പിക്കാനും പലയിടങ്ങളിൽ നിന്നും ഒഴുകിയെത്തിയത്.
തന്റെ ഭാര്യ ഇനി ഒപ്പം ഇല്ലല്ലോ എന്ന വേദനയും പേറി മക്കളെ ഇനി എന്ത് പറഞ്ഞ് ആശ്വസിപ്പിക്കുമെന്ന് പോലും അറിയാതെ നെഞ്ച് നീറി കരയുന്ന ബിന്ദുവിൻ്റെ ഭർത്താവ് വിശ്രുതൻ. ബിന്ദുവിൻ്റെ വീട്ടിലെ കാഴ്ചകൾ കണ്ടുനിൽക്കാനാകാതെ തേങ്ങി ഒരു ഗ്രാമം മുഴുവനും ബിന്ദുവിന്റെ സംസ്കാര ചടങ്ങിനെത്തി. അതേസമയം സംഭവത്തിൽ സംസ്ഥാനത്ത് പലയിടത്തും പ്രതിഷേധം നടക്കുകയാണ്.