ലഹരിക്കെതിരായ ‘ഓപ്പറേഷൻ തൂഫാൻ: ദി നാർക്കോ ഹണ്ട്’ പദ്ധതിക്ക് പൂർണ്ണ പിന്തുണ അറിയിച്ച് ആസ്റ്റർ മെഡിസിറ്റി. മൂന്ന് ഘട്ടമായി നടത്തുന്ന പദ്ധതിയിൽ, ഇരകളായവരെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരുന്ന പുനരധിവാസ പദ്ധതിയായ ‘തൂഫാൻ കെയർ’ പദ്ധതിയുമായി ആസ്റ്റർ മെഡിസിറ്റി സഹകരിക്കുമെന്നാണ് ആസ്റ്റർ ഡി.എം. ഹെൽത്ത്‌കെയർ ചെയർമാൻ ഡോക്ടർ ആസാദ് മൂപ്പൻ ആഭ്യന്തര മന്ത്രിയെ അറിയിച്ചത്. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല തന്നെയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്.
ആസാദ് മൂപ്പൻ എന്നെ കാണാൻ വന്നിരുന്നുവെന്നും ‘ഓപ്പറേഷൻ തൂഫാൻ: ദി നാർക്കോ ഹണ്ട്’ പദ്ധതിക്ക് പൂർണ്ണ പിന്തുണ അറിയിക്കാനാണ് എത്തിയതെന്നും മന്ത്രി പറഞ്ഞു. ഏറ്റവും മാനുഷികമൂല്യമുള്ള ചികിത്സാ-പുനരധിവാസ ഘട്ടമായ ‘തൂഫാൻ കെയറുമായി’ ആസ്റ്റർ മെഡിസിറ്റി സഹകരിക്കുമെന്നു ഡോ. ആസാദ് മൂപ്പൻ അറിയിച്ചുവെന്നും മെഡിക്കൽ രംഗത്തെ തങ്ങളുടെ എല്ലാ വിഭവങ്ങളും വൈദഗ്ധ്യവും തൂഫാൻ കെയറിനായി വിട്ടുനൽകുന്നു എന്നും രമേശ് ചെന്നിത്തല പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റ്
ഇന്ന് രാവിലെ ആസ്റ്റർ ഡി.എം. ഹെൽത്ത്‌കെയർ ചെയർമാൻ പ്രിയപ്പെട്ട ഡോക്ടർ ആസാദ് മൂപ്പൻ എന്നെ കാണാൻ വന്നിരുന്നു. ആരോഗ്യ-ജീവകാരുണ്യ മേഖലകളിൽ രാജ്യത്തിന്റെ തന്നെ അഭിമാനമായ അദ്ദേഹം, ‘ഓപ്പറേഷൻ തൂഫാൻ: ദി നാർക്കോ ഹണ്ട്’ പദ്ധതിക്ക് പൂർണ്ണ പിന്തുണ അറിയിക്കാനാണ് എത്തിയത്.
ലഹരി മാഫിയയെ നിയമപരമായി പൂട്ടുന്ന ‘തൂഫാൻ സ്ട്രൈക്ക്’ റെയ്ഡുകൾ, ജനപങ്കാളിത്തം ഉറപ്പാക്കുന്ന ‘തൂഫാൻ വാറിയേഴ്‌സ്’, ഇരകളായവരെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരുന്ന പുനരധിവാസ പദ്ധതിയായ ‘തൂഫാൻ കെയർ’ എന്നീ മൂന്ന് ഘട്ടങ്ങളിലൂടെയാണ് ഈ ദൗത്യം മുന്നോട്ട് പോകുന്നത്.
ഇതിൽ ഏറ്റവും മാനുഷികമൂല്യമുള്ള ചികിത്സാ-പുനരധിവാസ ഘട്ടമായ ‘തൂഫാൻ കെയറുമായി’ ആസ്റ്റർ മെഡിസിറ്റി സഹകരിക്കുമെന്നു ഡോ. ആസാദ് മൂപ്പൻ എന്നെ അറിയിച്ചു. മെഡിക്കൽ രംഗത്തെ തങ്ങളുടെ എല്ലാ വിഭവങ്ങളും വൈദഗ്ധ്യവും തൂഫാൻ കെയറിനായി വിട്ടുനൽകുന്നു എന്നും അദ്ദേഹം പറഞ്ഞു.
കേരളം ഒന്നാകെ ഒരൊറ്റ മനസ്സോടെ അവരവരുടെ ശേഷിയനുസരിച്ച് ഓപ്പറേഷൻ തൂഫാനിന്റെ പിന്നിൽ അണിനിരക്കുന്ന കാഴ്ചയാണ് ഇപ്പോൾ കാണുന്നത്. ഡോ. ആസാദ് മൂപ്പനെ ‘തൂഫാൻ വാറിയർ’ ബാഡ്ജ് അണിയിച്ച് അദ്ദേഹത്തിന്റെ വ്യക്തിപരമായ പിന്തുണയും ആസ്റ്റർ ഡി എം ഹെൽത്ത് കെയറിന്റെ സേവനവും ഓപ്പറേഷൻ തൂഫാനിന് വേണ്ടി സ്വീകരിക്കുന്നു.
ഒരു തലമുറയെ തിരികെപ്പിടിക്കാനുള്ള വലിയൊരു ജനകീയ പ്രതിരോധത്തിൽ ഒപ്പം ചേർന്ന ഡോ. ആസാദ് മൂപ്പനോടുള്ള നന്ദിയും സ്നേഹവും അറിയിക്കട്ടെ.