മുസ്‌ലിം ലീഗിന്റെയും യുഡിഎഫിന്റെയും നയരൂപീകരണം നടത്തുന്നത് ജമാഅത്തെ ഇസ്‌ലാമിയാണെന്ന ആക്ഷേപമുണ്ട്, അത് തള്ളിക്കളയേണ്ടതില്ലെന്ന് നിലമ്പൂരിലെ എൽഡിഎഫ് സ്ഥാനാർത്ഥി എം സ്വരാജ്. മതരാഷ്ട്രവാദവുമായി പൊരുത്തപ്പെട്ട് പോകുന്നതിൽ പ്രശ്‌നമില്ല എന്ന് കേരളത്തിലെ കോൺഗ്രസ് അവരുടെ ബാന്ധവങ്ങളിലൂടെ പറഞ്ഞുകൊണ്ടിരിക്കുകയാണെന്നും ഇത് സംബന്ധിച്ച് മറുപടി പറയേണ്ടത് യുഡിഎഫാണെന്നും എം സ്വരാജ് പറഞ്ഞു.
നിലമ്പൂരിൽ എൽഡിഎഫിനെ പിന്തുണയ്ക്കാനുള്ള പിഡിപി തീരുമാനത്തോടും സ്വരാജ് പ്രതികരിച്ചു. ഒരു കാലത്ത് പിഡിപിയെ എല്ലാവരും എതിർക്കുകയും വിമർശിക്കുകയും ചെയ്തിട്ടുണ്ടെന്ന് സ്വരാജ് ഓർമിപ്പിച്ചു. അതിന് ശേഷം എന്തൊക്കെ മാറ്റങ്ങൾ വന്നുവെന്ന് സ്വരാജ് ചോദിച്ചു. മഅദ്‌നി സ്വീകരിച്ച നിലപാടുകൾ എങ്ങനെയുള്ളതായിരുന്നു. മതനിരപേക്ഷ നിലപാടാണ് സ്വീകരിക്കുന്നത് എന്ന് അവർ പരസ്യപ്പെട്ടുത്തി. അതുതന്നെ അവർ സ്വീകരിച്ചുവന്നു. അത് സ്വാഗതാർഹമാണ്.
തെറ്റായ നിലപാടുകൾ സ്വീകരിച്ചു എന്നതുകൊണ്ട് ജീവിതാവസാനം വരെ ശരിയായ നിലപാടുകൾ സ്വീകരിക്കരുത് എന്ന് നമുക്ക് പറയാൻ കഴിയില്ല. നാളെ ജമാഅത്തെ ഇസ്‌ലാമി അവരുടെ ആചാര്യനെ തള്ളിപ്പറയുകയും മതരാഷ്ട്രവാദം ഉപേക്ഷിക്കുകയും ചെയ്താൽ സാവധാനത്തിൽ അവരേയും സ്വീകരിക്കും. അവരെ സ്വാഗതം ചെയ്യുന്നതിന് മുൻപന്തിയിൽ തങ്ങളുണ്ടാകുമെന്നും എം സ്വരാജ് പറഞ്ഞു.
ആരുടെ വോട്ട് വേണമെന്ന കാര്യത്തിൽ വ്യക്തമായി മറുപടി പറഞ്ഞ ആളാണ് താനെന്നും എം സ്വരാജ് പറഞ്ഞു. എല്ലാ നല്ല മനുഷ്യരുടേയും പിന്തുണ പ്രതീക്ഷിക്കുന്നുണ്ട്. യുഡിഎഫിനെ ആരൊക്കെ പിന്തുണയ്ക്കുന്നു എന്നത് യുഡിഎഫിന്റെ വിഷമാണ്. അതിൽ പ്രതീക്ഷയർപ്പിക്കുകയോ നിരാശപ്പെടുകയോ ചെയ്യുന്നില്ലെന്നും എം സ്വരാജ് പറഞ്ഞു.