വരാപ്പുഴ പീഡനക്കേസ് പ്രതിയെ കൊലപ്പെടുത്തി കിണറ്റില്‍ തള്ളി. പീഡനക്കേസില്‍ പ്രതിയായിരുന്ന കണ്ണൂര്‍ പയ്യന്നൂര്‍ ചെറുപുഴ രാമപുരത്തൊഴുവന്‍ വിനോദ് കുമാറിനെയാണ് മഹാരാഷ്ട്രയില്‍ കൊലപ്പെടുത്തി കിണറ്റില്‍ താഴ്ത്തിയ നിലയില്‍ കണ്ടെത്തിയത്.
തിങ്കളാഴ്ച്ച റായ്ഗഡിലെ കാശിദ് എന്ന ഗ്രാമത്തിലെ കിണറ്റിലാണ് വിനോദ് കുമാറിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കല്ലുകെട്ടി താഴ്ത്തിയ നിലയിലായിരുന്നു മൃതദേഹം. പ്രദേശത്തെ ഒരു റിസോര്‍ട്ടില്‍ ജോലി ചെയ്ത് വരികയായിരുന്നു ഇയാള്‍.
സംഭവത്തില്‍ രണ്ടു പേരെ മഹാരാഷ്ട്ര പൊലീസ് കസ്റ്റഡിയില്‍ എടുത്തു. സമീപത്തെ ആദിവാസി കോളനിയിലുള്ളവരാണ് പ്രതികള്‍. മദ്യപാനത്തിനിടെ ഉണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ് വ്യക്തമാക്കി.
വിനോദ് കുമാറിന്റെ മൃതദേഹം മഹാരാഷ്ട്രയില്‍ തന്നെ സംസ്‌കരിച്ചു. 2011 മാര്‍ച്ചിലാണ് ശോഭാ ജോണിനൊപ്പമാണ് വാരാപ്പുഴ പീഡനക്കേസില്‍ വിനോദ് കുമാര്‍ പ്രതിയാകുന്നത്.
കേസില്‍ ശോഭാ ജോണിനെയും മുന്‍ ആര്‍മി ഓഫിസര്‍ ജയരാജന്‍ നായരെയും കുറ്റക്കാരനെന്നു കണ്ടെത്തി വിചാരണ കോടതി ശിക്ഷിച്ചിരുന്നു. എന്നാല്‍ തെളിവില്ലാതിരുന്നതിനാല്‍ വിനോദ് കുമാര്‍ ഉള്‍പ്പെടെ അഞ്ചു പേരെ വിചാരണക്കോടതി വിട്ടയച്ചിരുന്നു.