സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച ബജറ്റ് ആളുകളെ കബളിപ്പിക്കാനുള്ള ബജറ്റെന്ന് പ്രതിപക്ഷ നേതാവ് വി ഡസതീശൻ. ബജറ്റിൽ ജനങ്ങൾ വിശ്വസിക്കരുതെന്ന് പറഞ്ഞ വി ഡി സതീശൻ പത്ത് വർഷം ചെയ്യാതിരുന്ന കാര്യങ്ങൾ ചെയ്യുമെന്ന് പ്രഖ്യാപിക്കുകയാണെന്നും കുറ്റപ്പെടുത്തി. അനാവശ്യ അവകാശ വാദം കൊണ്ട് ബജറ്റിന്റെ പവിത്രത നശിപ്പിച്ചെന്നും ഇത് വെറുമൊരു പൊളിറ്റിക്കൽ ഡോക്യുമെന്റ് മാത്രമാണെന്നും വി ഡി സതീശൻ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
പൂച്ച പെറ്റുകിടക്കുന്ന ഖജനാവുള്ള കേരളത്തിൽ അവതരിപ്പിച്ച സർക്കാരിന്റെ ബജറ്റിൽ ജനങ്ങൾ വിശ്വസിക്കരുതെന്ന് വി ഡി സതീശൻ പറഞ്ഞു. വിശ്വാസ്യത തീരെ ഇല്ലാത്ത ബജറ്റ് ആണ് അവതരിപ്പിച്ചതെന്നും കേരളത്തിലെ മോശം പദ്ധതി ചെലവ് നടപ്പാക്കിയ വർഷമാണ് കടന്നുപോയതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. പദ്ധതി ചെലവ് പരിതാപകരമായ അവസ്ഥയിലാണ്. 10 ലക്ഷം രൂപയിൽ കൂടുതൽ ട്രഷറിയിൽ നിന്ന് മാറിയെടുക്കാൻ കഴിയില്ല. ഇത്തരം ഒരു ഖജനാവ് വെച്ചാണ് ഗീർവാണ പ്രസംഗം നടത്തിയിരിക്കുന്നതെന്നും വി ഡി സതീശൻ പറഞ്ഞു.
പത്ത് വർഷം ചെയ്യാതിരുന്ന കാര്യങ്ങൾ ചെയ്യുമെന്ന് പ്രഖ്യാപിക്കുകയാണ്. 10 വർഷം പൂർണമായും പരാജയപ്പെട്ട മേഖലകളിൽ മാറ്റമുണ്ടാകുമെന്നുള്ള അവകാശവാദമാണ് ഇത്. ജനങ്ങളെ കബളിപ്പിക്കാൻ വേണ്ടിയുള്ള പ്രഖ്യാപനങ്ങളാണ് നടത്തിയത്. കേരള ചരിത്രത്തിലെ തന്നെ ഏറ്റവും മോശം പദ്ധതിച്ചെലവ് നടത്തിയ വർഷമാണിത്. കേരളത്തിലെ സാമ്പത്തിക രംഗം പരിതാപകരമായ അവസ്ഥയിലാണെന്നും വിഡി സതീശൻ പറഞ്ഞു.