ശബരിമലയിലെ സ്വർണക്കൊള്ളയിൽ അന്വേഷണം നടക്കുന്നതിനിടെ വൈക്കം മഹാദേവക്ഷേത്രത്തിലെ 255 ഗ്രാം സ്വർണം നഷ്ടപ്പെട്ടതായി ഓഡിറ്റ് റിപ്പോർട്ട്. തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള വൈക്കം മഹാദേവക്ഷേത്രത്തിൽ 2020 – 2021 കാലയളവിലെ തിരുവാഭരണ രജിസ്റ്റർ പരിശോധിച്ചപ്പോഴാണ് സ്വർണത്തിൻറെ കുറവ് സംസ്ഥാന ഓഡിറ്റ് വകുപ്പ് കണ്ടെത്തിയത്.
വൈക്കം മഹാദേവക്ഷേത്രത്തിൽ വഴിപാട് ഇനങ്ങളിലായി ലഭിച്ച സ്വർണമാണ് കാണാതായത്. സ്വർണം, വെളളി ഉരുപ്പടികളെക്കുറിച്ച് രേഖപ്പെടുത്തുന്ന തിരുവാഭരണ രജിസ്റ്റർ പരിശോധിച്ചപ്പോൾ 2020 – 2021 കാലയളവിൽ 255 ഗ്രാം സ്വർണത്തിൻറെ കുറവ് കണ്ടെത്തിയത്. സ്ട്രോങ് റൂമിൽ 199 സ്വർണ ഉരുപ്പടികൾ പരിശോധിച്ചപ്പോൾ 2992 ഗ്രാം സ്വർണം മാത്രമേ കണ്ടെത്താൻ കഴിഞ്ഞുളളുവെന്ന് റിപ്പോർട്ടിലുണ്ട്. സംസ്ഥാന ഓഡിറ്റ് വകുപ്പാണ് ഈ ഗുരുതരമായ ക്രമക്കേട് കണ്ടെത്തിയത്.
സംസ്ഥാന ഓഡിറ്റ് വകുപ്പിലെ ദേവസ്വം ബോർഡിനായുളള വിഭാഗമാണ് കഴിഞ്ഞ വർഷം മാർച്ചിൽ ഓഡിറ്റ് പൂർത്തിയാക്കി നവംബറിൽ ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചത്. സ്വർണം കാണാതായതിനെക്കുറിച്ച് ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കും മുൻപ് സംസ്ഥാന ഓഡിറ്റ് വകുപ്പ് ദേവസ്വം ബോർഡിനോട് വിശദീകരണം ചോദിച്ചതാണ്. എന്നാൽ ദേവസ്വം ഉദ്യോഗസ്ഥർ മറുപടി നൽകിയില്ല എന്നാണ് വിവരം. ഒരു വർഷം ആകുമ്പോഴും റിപ്പോർട്ടിൽ ദേവസ്വം ബോർഡ‍് മൗനം പാലിക്കുകയാണ്.