കോതമംഗലത്ത് 23 കാരി ജീവനൊടുക്കിയതിൽ പ്രതി റമീസിന്റെ മാതാപിതാക്കളെയും പ്രതി ചേർത്തു. ഇവർക്കെതിരെ ആത്മഹത്യാപ്രേരണ കുറ്റം ചുമത്തിയാണ് പോലീസ് കേസ് എടുത്തിരിക്കുന്നത്. ഇരുവരെയും കണ്ടെത്താൻ പൊലീസിന് സാധിച്ചിട്ടില്ല. കൂടാതെ സുഹൃത്തായ സഹദിനേയും പ്രതിചേർത്തിട്ടുണ്ട്. റമീസ് മർദ്ദിക്കുന്നത് കണ്ടിട്ടും സഹദ് തടഞ്ഞില്ലെന്നാണ് കണ്ടെത്തൽ.
റമീസിന്റെ മാതാപിതാക്കൾ മുൻകൂർ ജാമ്യത്തിനായി ശ്രമിക്കുന്നുണ്ടെന്നും റിപ്പോർട്ടുകൾ ഉയരുന്നു. ഇവരുടെ മൊഴി രേഖപ്പെടുത്താനായി ഇവർ പോകാൻ സാധ്യതയുള്ള ഇടങ്ങളിലെല്ലാം പോലീസ് അന്വേഷിക്കുന്നുണ്ട്. പെൺകുട്ടി എഴുതിയ ആത്മഹത്യാകുറിപ്പും കേസിൽ നിർണായക തെളിവാണ്, കൂടാതെ പെൺകുട്ടിയും റമീസും നടത്തിയ വാട്‌സ് ആപ്പ് ചാറ്റുകളും ഫോണിലെ ദൃശ്യങ്ങളും പൊലീസ് പരിശോധിച്ചു.
വിവാഹം കഴിക്കാൻ മതം മാറണമെന്ന് റമീസും കുടുംബവും നിർബന്ധിച്ചുവെന്നും ആലുവയിലെ വീട്ടിലെത്തിച്ച് റമീസ് തന്നെ മർദിച്ചിരുന്നതായും ആത്മഹത്യാക്കുറിപ്പിൽ ഉണ്ട്. ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് 23കാരിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.