രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരെ പരാതിയുമായി മറ്റൊരു യുവതി. ബംഗളൂരു സ്വദേശിയായ 23കാരിയാണ് പരാതി നല്‍കിയത്. വിവാഹവാഗ്ദാനം നല്‍കി ക്രൂരമായി ചൂഷണം ചെയ്തു, മാനസികമായി പീഡിപ്പിച്ചു എന്ന പരാതിയാണ് യുവതി നല്‍കിയിരിക്കുന്നത്. ഈ പെണ്‍കുട്ടിയില്‍ നിന്നും ക്രൈം ബ്രാഞ്ച് മൊഴി രേഖപ്പെടുത്തി.
2023 ഡിസംബറിലാണ് പരാതിക്കിടയാക്കിയ സംഭവം. ഇന്‍സ്റ്റാഗ്രാം വഴി പരിചയം പുതുക്കിയ യുവതിയുടെ മൊബൈല്‍ നിരീക്ഷണത്തിനായതിനാല്‍ ടെലഗ്രാം നമ്പര്‍ ആവശ്യപ്പെട്ടു. ടെലിഗ്രാം വഴി തുടര്‍ച്ചയായി വിവാഹ വാഗ്ദാനം നല്‍കി. വിവാഹക്കാര്യം കുടുംബത്തെയും അറിയിച്ചു. കുടുംബം ആദ്യം എതിര്‍ത്തെങ്കിലും യൂത്ത് കോണ്‍ഗ്രസ് അദ്ധ്യക്ഷനായതിന് പിന്നാലെ കുടുംബം സമ്മതിച്ചു. തുടര്‍ന്ന് ബന്ധുകളുമായി വീട്ടില്‍ എത്താമെന്ന് അറിയിച്ചു.
അവധിക്ക് നാട്ടില്‍ വരുന്നതിനിടെ തനിയെ കാണണം എന്ന ആവശ്യപ്രകാരം സുഹൃത്തിന്റെ കാറില്‍ രാഹുല്‍ എത്തി. ഫെനി നൈനാന്‍ എന്നയാള്‍ ഓടിച്ച കാറിലാണ് രാഹുല്‍ എത്തിയത്. ഒറ്റപ്പെട്ട സ്ഥലത്തെ ഹോംസ്റ്റേയില്‍ എത്തിച്ചു. ബലം പ്രയോഗിച്ച് ശാരീരികബന്ധത്തിന് വിധേയയാക്കി എന്നാണ് യുവതിയുടെ ആരോപണം. യുവതി ഇതുവരെയും രേഖാമൂലം പരാതി നല്‍കിയിട്ടില്ല.
എഐസിസിക്കും രാഹുല്‍ ഗാന്ധിക്കും യുവതി പരാതി നല്‍കിയിട്ടുണ്ട്. അതേസമയം, ബലാത്സംഗം ചെയ്തു, ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിച്ചുവെന്ന യുവതിയുടെ പരാതിയില്‍ ബുധാനാഴ്ച രാഹുലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കാനിരിക്കവെയാണ് പുതിയ പരാതി എത്തിയിരിക്കുന്നത്.
ആറ് ദിവസമായി ഒളിവില്‍ കഴിയുകയാണ് രാഹുല്‍ മാങ്കൂട്ടത്തില്‍. മുന്‍കൂര്‍ജാമ്യാപേക്ഷ നാളെ തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതി പരിഗണിക്കും. രാഹുലിന് ഒരുകാരണവശാല്‍ ജാമ്യം നല്‍കരുതെന്ന് തെളിവ് നിരത്തി ആവശ്യപ്പെടാന്‍ ഒരുങ്ങുകയാണ് പൊലീസും പ്രോസിക്യൂഷനും. ഉഭയസമ്മതപ്രകാരമുള്ള ലൈംഗിക ബന്ധമല്ലെന്നും ക്രൂരമായി ഉപദ്രവിച്ചുകൊണ്ടുള്ള ബലാത്സംഗമാണ് നടന്നതെന്നതിന് ഫോട്ടോകള്‍ അടക്കം തെളിവുണ്ടെന്നാണ് പൊലീസിന്റെ പ്രധാന വാദങ്ങളിലൊന്ന്.
കഴിഞ്ഞ വ്യാഴാഴ്ച യുവതി മുഖ്യമന്ത്രിക്ക് പരാതി നല്‍കിയതിന് ശേഷം വൈകിട്ട് 5 മണിയോടെയാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ ഓഫീസില്‍നിന്ന് പോയത്. വ്യാഴം, വെള്ളി ദിവസങ്ങളില്‍ പൊള്ളാച്ചിയില്‍ ഉണ്ടായിരുന്ന രാഹുല്‍ വെള്ളിയാഴ്ച വൈകുന്നേരം കോയമ്പത്തൂരിലേക്ക് പോയതായാണ് എസ്‌ഐടിക്ക് ലഭിച്ച വിവരം. എസ്‌ഐടി സംഘങ്ങള്‍ കോയമ്പത്തൂരിലും പൊള്ളാച്ചിയിലും പരിശോധന നടത്തി. രാഹുലിനെ പിടികൂടാനുള്ള തീവ്ര ശ്രമത്തിലാണ് പൊലീസ്.