കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അന്വേഷണം നേരിടുന്ന ‘മഹാദേവ് ഓൺലൈൻ ചൂതാട്ട ആപ്പ്’ സ്ഥാപകൻ സൗരഭ് ചന്ദ്രാകറിന്റെ വിവാഹത്തിൽ പങ്കെടുത്ത ബോളിവുഡ് താരങ്ങൾ എൻഫോഴ്സ്മെന്റ് ഡയറക്റേറ്റ് നിരീക്ഷണത്തിൽ. സണ്ണി ലിയോൺ, ടൈഗർ ഷറോഫ്, ഗായിക നേഹ കാക്കർ തുടങ്ങീ 17 പ്രമുഖരാണ് നിരീക്ഷണത്തിലുള്ളത്.
ഇവരെ ചോദ്യം ചെയ്യാനായി ഉടനെ തന്നെ വിളിപ്പിക്കുമെന്നാണ് നാഷണൽ മീഡിയകൾ റിപ്പോർട്ട് ചെയ്യുന്നത്. ദുബായിൽ ഓൺലൈൻ ചൂതാട്ട ആപ്പ് നടത്തുന്ന സൗരബ് ചന്ദ്രാകറിനും ബിസിനസ് പങ്കാളി രവി ഉപ്പലിനുമെതിരെ ഇന്ത്യയിൽ 5000 കോടിയുടെ കള്ളപ്പണം വെളുപ്പിക്കൽ കേസാണ് നിലനിൽക്കുന്നത്.
ഈ വർഷം ഫെബ്രുവരിയിൽ ദുബായിൽ വെച്ചായിരുന്നു സൗരബിന്റെ 200 കോടി ചെലവഴിച്ചുള്ള ആഡംബര വിവാഹം. ഗായകരായ ആത്തിഫ് അസ്ലം, രാഹത്ത് ഫത്തേ അലി ഖാൻ, അലി അസ്ഗർ, വിശാൽ ദദ്ലാനി, ഭാരതി സിങ്, എല്ലി അവ്രാം, ഭാഗ്യ ശ്രീ, കൃതി ഖർബന്ദ, ന്നുസ്രത്ത് ബറൂച്ച, കൃഷ്ണ അഭിഷേക്, സുഖ്വീന്ദർ സിങ് തുടങ്ങീ പ്രമുഖരും വിവാഹത്തിൽ പങ്കെടുത്തിരുന്നു. 200 കോടിയിൽ ഭൂരിഭാഗവും വിവാഹത്തിൽ പങ്കെടുക്കാനെത്തിയ ബോളിവുഡ് പ്രമുഖർക്ക് വേണ്ടിയാണ് ചെലവഴിച്ചത്.
കഴിഞ്ഞ ദിവസം ചൂതാട്ട ആപ്പുമായി ബന്ധപ്പെട്ട 417 കോടി രൂപയുടെ വസ്തുവകകൾ ഇ. ഡി കണ്ടുകെട്ടുകയും മരവിപ്പിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ വർഷം ചൂതാട്ട ആപ്പിന്റെ വിജയ പാർട്ടി നടന്നതായും, അതിൽ നിരവധി ഗായകരും തരങ്ങളുമടക്കം നിരവധി പേർ പങ്കെടുത്തിരുന്നെന്നും, അവരെല്ലാം നിരീക്ഷണത്തിലാണെന്നും റിപ്പോർട്ടുകളുണ്ട്.