അരങ്ങേറ്റം ചുവടു പിഴയ്ക്കാതെ

മലയാളത്തിന്റെ മഹാനടൻ മോഹന്‍ലാലിന്റെ മകൻ പ്രണവിന്റെ സിനിമാപ്രവേശനത്തിനായുള്ള കാത്തിരിപ്പിലായിരുന്നു പ്രേക്ഷകര്‍. ബാലതാരമായി പ്രേക്ഷകരെ മുൻപ്‌ വിസ്മയിപ്പിച്ചിട്ടുള്ള പ്രണവ്‌ മോഹൻലാൽ, മേജര്‍ രവി സംവിധാനം ചെയ്ത “പുനര്‍ജ്ജനി”യിലൂടെ “മികച്ച ബാലതാരത്തിനുള്ള” സംസ്ഥാന അവാര്‍ഡും സ്വന്തമാക്കിയിരുന്നു. പിന്നീട് “ഒന്നാമന്‍” എന്ന സിനിമയില്‍ മോഹന്‍ലാലിന്റെ കുട്ടിക്കാലത്തെ അവതരിപ്പിക്കുകയും, വര്‍ഷങ്ങള്‍ക്ക് ശേഷം “സാഗര്‍ ഏലിയാസ് ജാക്കി”യിലെ ഒരു ഗാനരംഗത്ത്‌ പ്രത്യക്ഷപ്പെടുകയും ചെയ്തിരുന്നു. പൊതുവേ മാധ്യമങ്ങൾക്ക്‌ മുന്നിൽ പ്രത്യക്ഷപ്പെടാൻ വൈമുഖ്യമുള്ള പ്രണവ്‌ മോഹൻലാലിനെ കേരളം വരവേറ്റത്‌ മുൻപ്‌ ഒരു പുതുമുഖനടനും ലഭിക്കാത്തവിധത്തിലായിരുന്നു. മോഹൻലാലിന്റെ മകൻ എന്ന സ്ഥാനത്തിനു പുറത്തേയ്ക്ക്‌ പ്രണവ്‌ എത്തിച്ചേരുമോ എന്ന ആകുലത ആരാധകർക്കുണ്ടായിരുന്നു.

മോഹൻലാൽ തന്നെ അനൗൺസ്‌ ചെയ്ത ചിത്രത്തിലേയ്ക്ക്‌ പ്രേക്ഷകർ ഉറ്റുനോക്കുവാനുണ്ടായ മറ്റൊരു പ്രധാന ഘടകം, ജീത്തു ജോസഫ്‌ എന്ന സംവിധായകനായിരുന്നു. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ഒൻപതാമത്തെ ചിത്രം കൂടിയാണ്‌ ആദി. ദൃശ്യത്തിലൂടെ പ്രേക്ഷകനെ അമ്പരപ്പിക്കുകയും, മലയാള സിനിമയെ വാണിജ്യപരമായി മറ്റൊരു തലത്തിലെത്തിക്കുകയും ചെയ്ത ജീത്തു ജോസഫിന്റെ അവസാന ചിത്രമായ “ഊഴ”വും തിരക്കഥയെഴുതിയ “ലക്ഷ്യ”വും തൃപ്തികരമല്ലായിരുന്നു. ആദിയുടെ ആദ്യ ട്രൈലർ തികച്ചും നിരാശാജനകമായിരുന്നെങ്കിലും, ആക്ഷൻ സീനുകൾ ഉൾക്കൊള്ളിച്ചുകൊണ്ട്‌ ശേഷമിറങ്ങിയ ടീസർ ആരാധകർക്ക്‌ നഷ്ടപ്പെട്ട ആവേശം തിരികെ നൽകി.

സംഗീത സംവിധായകനായിത്തീരുവാനായി യത്നിക്കുന്ന ആദിത്യ മോഹൻ എന്ന യുവപ്രായക്കാരന്റെ ജീവിതത്തിൽ നടക്കുന്ന സംഭവങ്ങളാണ്‌ ചിത്രത്തിന്റെ പ്രമേയം. പിതാവിന്റെ ആവശ്യപ്രകാരം ബാംഗ്ലൂരിലേയ്ക്ക്‌ പോകുന്ന ആദിത്യ ഒരു വലിയ കുഴപ്പത്തിൽ അകപ്പെടുന്നു. ബാറിൽ ഗായകനായ ആദിയിൽ നിന്നും ആരംഭിക്കുന്ന ചിത്രത്തിന്റെ ആദ്യഭാഗങ്ങൾ അവന്റെ സൗഹൃദം, കുടുംബാന്തരീക്ഷം എന്നിവയ്ക്ക്‌ പ്രാധാന്യം നൽകിയിരിക്കുന്നു. ബാംഗ്ലൂരിലേയ്ക്ക്‌ യാത്രതിരിക്കുന്ന ആദിയ്ക്ക്‌ നേരിടേണ്ടിവരുന്ന ചില പ്രശ്നങ്ങൾ അവന്റെ ജീവിതത്തെ മാറ്റിമറിക്കുകയാണ്‌.

കുടുംബബന്ധങ്ങൾക്ക്‌ പ്രാധാന്യം നൽകിക്കൊണ്ടുള്ള ഒരു ത്രില്ലർ ഒരുക്കുക എന്ന സംവിധായകന്റെ ലക്ഷ്യം ഒരു പരിധിവരെ പൂർണ്ണതയിലെത്തിയിട്ടുണ്ട്‌. ആദ്യാവസാനം പ്രേക്ഷകനെ ഉദ്വേഗത്തിന്റെ മുൾമുനയിൽ നിറുത്തിക്കൊണ്ട്‌ ലളിതവും പഴകിയതുമായ ഒരു കഥാതന്തുവിനെ മികവോടുകൂടി വികസിപ്പിക്കുവാൻ സംവിധായകനു കഴിഞ്ഞു. ശാന്തമായി പറഞ്ഞുതുടങ്ങുന്ന ചിത്രം ക്രമേണ ചടുലമായിത്തീരുന്നു. ഇടവേളയോടടുക്കുമ്പോൾ തുടങ്ങുന്ന ഉദ്വേഗം രണ്ടാം പകുതിയിലും നിലനിൽക്കുന്നു. ഊഹിക്കാവുന്ന വിധത്തിലുള്ള ക്ലൈമാക്സ്‌ രംഗങ്ങൾ ആകെത്തുകയിൽ ചിത്രത്തിനു ഗുണം ചെയ്യുന്നില്ല. ഹാസ്യസംഭാഷണങ്ങളോ, അനാവശ്യമായി കൂട്ടിച്ചേർക്കപ്പെട്ട രംഗങ്ങളോ ചിത്രത്തിലുണ്ടായിരുന്നില്ല എന്നത്‌ നേട്ടമാണ്‌.

താരപുത്രൻ എന്ന ലേബലിൽ രംഗപ്രവേശം നടത്തിയ പ്രണവിന്‌ തിയേറ്ററുകൾ നിറയ്ക്കുവാൻ കഴിഞ്ഞിട്ടുണ്ട്‌. നായകനായെത്തിയ ആദ്യസിനിമയിൽ നിന്ന് ആരാധകർ എന്ത്‌ പ്രതീക്ഷിക്കുന്നോ, അതിനുമപ്പുറം നൽകുവാൻ പ്രണവിനു കഴിഞ്ഞു. അഭിനയപ്രാധാന്യമുള്ള കഥാപാത്രമായിരുന്നെങ്കിലും, ലക്ഷ്യബോധമുള്ള, പാവത്താനായ ഒരു യുവാവിന്റെ വേഷം ലഭിച്ചപ്പോൾ, അത്‌ പൂർണ്ണതയിലെത്തിക്കുവാൻ പ്രണവിന്‌ സാധിച്ചു. ഭാവിയിൽ നല്ല വേഷങ്ങൾ പ്രണവിനെ തേടിയെത്തട്ടെ. നായകന്റെ മെയ്‌വഴക്കം പരമാവധി ഉപയോഗപ്പെടുത്തിക്കൊണ്ടുള്ള ആക്ഷൻ രംഗങ്ങളാണ്‌ ചിത്രത്തിന്റെ ഹൈലൈറ്റ്‌. “പാർക്കൗർ” ആക്‌ഷൻ രീതിയാണ് ഇൗ ചിത്രത്തിൽ ഉപയോഗിച്ചിരിക്കുന്നത്. ഹോളിവുഡ് സിനിമകളിൽ കണ്ടുപരിചയമുള്ള ദൈർഘ്യമേറിയ ഇത്തരം ആക്ഷൻ സീനുകൾ ശ്വാസമടക്കിപ്പിടിച്ചു മാത്രമേ കണ്ടുതീർക്കുവാൻ കഴിയുകയുള്ളൂ.

ചിത്രത്തിൽ മൂന്നു പ്രധാനപ്പെട്ട സ്ത്രീ കഥാപാത്രങ്ങളാണുള്ളത്. ലെന, അനുശ്രീ, അതിഥി രവി എന്നിവരാണ് ഈ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്‌. അനുശ്രീ മിതത്വത്തോടുകൂടി തന്റെ കഥാപാത്രത്തെ അവതരിപ്പിക്കുമ്പോൾ ലെനയുടെ കഥാപാത്രം അഭിനയത്തിന്റെയും അമിതാഭിനയത്തിന്റെയും ഇടയിലൂടെ സഞ്ചരിച്ചു. വൈകാരികസമ്മർദ്ദങ്ങൾ പ്രകടിപ്പിക്കുന്നതിൽ എല്ലായ്പ്പോഴും മികവു പുലർത്തിയിട്ടുള്ള സിദ്ധീഖ്‌ നായകന്റെ പിതാവിന്റെ വേഷത്തിലാണ്‌ പ്രത്യക്ഷപ്പെടുന്നത്‌. സിജു വിൽസൺ, ഷറഫുദ്ദീൻ, എന്നീ യുവ താരങ്ങളോടൊപ്പം മേഘനാഥനും സിനിമയിലുണ്ട്.

സിനിമയുടെ ആദ്യഭാഗത്തുതന്നെയുള്ള അതിഥിതാരത്തിന്റെ ആഗമനവും മറ്റ്‌ കഥാപാത്രങ്ങളുടെ ശാരീരിക വർണ്ണനകളും പുകഴ്ത്തലുകളുമെല്ലാം കേവലം ഫാൻസിന്റെ തൃപ്തിയ്ക്കുവേണ്ടി മാത്രമായിമാറി. കഥാപരമായ പുതുമകളൊന്നും ആദിയിൽ അവകാശപ്പെടുവാനില്ല. പ്രതിനായകൻ, അദ്ദേഹത്തിന്റെ ബിസിനസ്സ്‌, വലം വയ്ക്കുന്ന ആളുകൾ, പ്രതികരിക്കുന്ന വിധങ്ങൾ തുടങ്ങിയവയിലൊന്നും, വർഷങ്ങളായി കണ്ടുകൊണ്ടിരിക്കുന്നതിൽ നിന്നും യാതൊരു വ്യത്യാസങ്ങളുമില്ല.

ഒരു ത്രില്ലർ മുവീ എന്നതിൽക്കവിഞ്ഞ്‌ കുടുംബസ്നേഹവും സഹാനുഭൂതിയും ഇഴചേർക്കപ്പെട്ടപ്പോൾ രണ്ടാം പകുതിയിലെ ചില രംഗങ്ങൾ കണ്ണീർപ്പരമ്പരകളുടെ നിലവാരം മാത്രമായിമാറി. പ്രശ്നങ്ങളിൽ അകപ്പെട്ട ശേഷം കുരുക്കുകൾ പാടുപെടുന്ന നായകൻ തേടുന്ന വഴികളിൽ നിരവധി ക്ലീഷേകളും അവ്യക്തതകളുമുണ്ട്‌. ഒരു ത്രില്ലർ ചിത്രം എന്ന നിലയിൽ പൊതുപ്രേക്ഷകനെ തൃപ്തിപ്പെടുത്തത്തക്കവിധമുള്ള ട്വിസ്റ്റുകളോ ബുദ്ധിപരമായ നീക്കങ്ങളോ ഒന്നും തന്നെ ആദിയിൽ കാണുവാൻ കഴിയില്ല. എന്നിരുന്നാലും ഇത്തരം അപര്യാപ്തതകളെയെല്ലാം നായകന്റെ ശാരീരികമായ കഴിവുകൾ കൊണ്ട്‌ മറച്ചുപിടിക്കുന്നതിൽ സംവിധായകൻ വിജയിച്ചു.

സിനിമാലക്ഷ്യങ്ങളുള്ള ഇന്നത്തെ യുവത്വത്തെ നായകനിലൂടെ വരച്ചുകാട്ടുന്ന സംവിധായകൻ, അതോടനുബന്ധിച്ച മറ്റുചില വിഷയങ്ങളേക്കുറിച്ചും സംസാരിക്കുന്നു. സിനിമാമേഖലയുടെ അനിശ്ചിതത്വം, അവസരങ്ങൾ, സോഷ്യൽ മീഡിയകൾ വഴിയുള്ള പ്രൊമോഷനുകൾ തുടങ്ങിയ വിഷയങ്ങളും പറഞ്ഞുപോവുന്നുണ്ട്‌.

മെമ്മറീസ്‌ മുതലുള്ള ജീത്തു ജോസഫിന്റെ സിനിമകൾ ശ്രദ്ധിച്ചാൽ സംഗീതം, പശ്ചാത്തലസംഗീതം എന്നീ മേഖലകളിൽ അദ്ദേഹം പുലർത്തുന്ന സൂക്ഷ്മത ദൃശ്യമാണ്‌. ഈ ചിത്രങ്ങൾക്കെല്ലാം സംഗീതം പകർന്ന അനിൽ ജോൺസൺ ഇത്തവണ ആദിയിലും മികച്ച രീതിയിൽ തന്റെ ജോലി നിർവ്വഹിക്കുകയുണ്ടായി. ഗാനങ്ങൾ ശരാശരിയായിരുന്നെങ്കിലും പശ്ചാത്തലസംഗീതം ഗംഭീരമായിരുന്നു. പിതാവിന്റെ രംഗപ്രവേശത്തിനു വഴിയൊരുക്കിയ “മഞ്ഞിൽ വിരിഞ്ഞ പൂവി”ലെ “മിഴിയോരം” എന്ന എന്നാരംഭിക്കുന്ന ഗാനം തിയേറ്ററിൽ കേൾക്കുവാൻ കഴിഞ്ഞു. സതീഷ് കുറുപ്പാണ്‌ ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. പാർക്കൗർ ഫൈറ്റിംഗ്‌ സീനുകളും അനുബന്ധ സംഘട്ടനരംഗങ്ങളും നേരിട്ടുകാണുന്ന ഫീൽ പ്രേക്ഷകനു പകർന്നു നൽകുവാൻ ഛായാഗ്രഹകന്‌ സാധിച്ചു. ബനാറസ്, പാലക്കാട്, രാമശ്ശേരി, ഫോര്‍ട്ട് കൊച്ചി, ബെംഗളുരു തുടങ്ങിയ സ്ഥലങ്ങളിലാണ്‌ ചിത്രം പൂർത്തിയാക്കിയത്‌. എഡിറ്റിംഗ്‌ നിർവ്വഹിച്ചപ്പോൾ ചിത്രത്തിന്‌ പൂർണ്ണത കൈവന്നു. മറ്റ്‌ സാങ്കേതിക വശങ്ങളും ചിത്രവുമായി ഇഴ ചേർന്നു നിൽക്കുന്നു.

താരപുത്രന്റെ ആഗമനത്തെ വരവേൽക്കുവാനായി തിയേറ്ററുകളിലേയ്ക്കെത്തുന്ന പ്രേക്ഷകനെ ചിത്രം നിരാശരാക്കുന്നില്ല. മലയാളത്തിൽ മുൻപ്‌ കണ്ടിട്ടില്ലാത്ത വിധത്തിലുള്ള ആക്ഷൻ രംഗങ്ങൾ ഉൾക്കൊള്ളിക്കപ്പെട്ട ഒരു ത്രില്ലർ മുവീ കാണണമെന്ന ഉദ്ദേശ്യത്തിൽ ധൈര്യമായി ടിക്കറ്റെടുക്കാം

Latest Stories

ടി20 ലോകകപ്പ് 2024: ഇവനെയൊക്കെയാണോ വൈസ് ക്യാപ്റ്റനാക്കുന്നത്, അതിനുള്ള എന്ത് യോഗ്യതയാണ് അവനുള്ളത്; ഹാര്‍ദ്ദിക്കിനെതിരെ മുന്‍ താരം

ലാവ്‍ലിൻ കേസ് ഇന്നും ലിസ്റ്റിൽ; അന്തിമ വാദത്തിനായി ഇന്ന് പരിഗണിച്ചേക്കും, ലിസ്റ്റ് ചെയ്തിരിക്കുന്നത് 110 ആം നമ്പര്‍ കേസായി

തൃണമൂലിന് വോട്ട് ചെയ്യുന്നതിനെക്കാള്‍ നല്ലത് ബിജെപി വോട്ട് ചെയ്യുന്നത്; അധീര്‍ രഞ്ജന്‍ ചൗധരിയുടെ പരാമര്‍ശത്തില്‍ വെട്ടിലായി കോണ്‍ഗ്രസ്; ആഞ്ഞടിച്ച് മമത

ഉഷ്ണതരംഗം അതിശക്തം: പാലക്കാട് ഓറഞ്ച് അലര്‍ട്ട്; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

ശോഭ സുരേന്ദ്രനും ദല്ലാള്‍ നന്ദകുമാറിനുമെതിരെ പരാതി നല്‍കി ഇപി ജയരാജന്‍

ആലുവ ഗുണ്ടാ ആക്രമണം; രണ്ട് പ്രതികള്‍ കൂടി പിടിയില്‍; കേസില്‍ ഇതുവരെ അറസ്റ്റിലായത് അഞ്ച് പ്രതികള്‍

പ്രസംഗത്തിലൂടെ അധിക്ഷേപം; കെ ചന്ദ്രശേഖര റാവുവിന് 48 മണിക്കൂര്‍ വിലക്കേര്‍പ്പെടുത്തി തിരഞ്ഞെടുപ്പ് കമ്മീഷന്‍

പൊലീസിനെ തടഞ്ഞുവച്ച് പ്രതികളെ മോചിപ്പിച്ച സംഭവം; രണ്ട് യുവാക്കളെ കസ്റ്റഡിയിലെടുത്ത് കഠിനംകുളം പൊലീസ്

ക്യാമറ റെക്കോര്‍ഡിംഗിലായിരുന്നു; മെമ്മറി കാര്‍ഡ് നശിപ്പിക്കുമെന്ന് അറിയിച്ചിരുന്നെന്ന് ഡ്രൈവര്‍ യദു

'എല്ലാം അറിഞ്ഞിട്ടും നാണംകെട്ട മൗനത്തില്‍ ഒളിച്ച മോദി'; പ്രജ്വല്‍ രേവണ്ണ അശ്ലീല വീഡിയോ വിവാദത്തില്‍ പ്രധാനമന്ത്രിയെ കടന്നാക്രമിച്ച് രാഹുല്‍ ഗാന്ധി