എസ്എസ് രാജമൗലി-മഹേഷ് ബാബു ചിത്രത്തിന്റെ ടൈറ്റില്‍ ടീസര്‍ വൈറല്‍. ഇന്നലെ ഹൈദരാബാദില്‍ നടന്ന ലോഞ്ച് ചടങ്ങിലാണ് ‘വാരണാസി’ എന്ന ചിത്രത്തിന്റെ ടൈറ്റില്‍ പുറത്തുവിട്ടത്. ഹൈദരാബാദിലെ രാമോജി ഫിലിം സിറ്റിയില്‍ വെച്ച് നടന്ന ചടങ്ങില്‍ നിന്നുള്ള വിവിധ ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. ഫിലിം സിറ്റിയില്‍ 50,000ത്തോളം കാണികളെ സാക്ഷിയാക്കിയാണ് ടീസര്‍ പുറത്തിറക്കിയത്.
ചിത്രം ഐമാക്സില്‍ ഉള്‍പ്പെടെ ഫുള്‍ സ്‌ക്രീന്‍ ഫോര്‍മാറ്റില്‍ ആകും പുറത്തിറങ്ങുക എന്ന് രാജമൗലി അറിയിച്ചിട്ടുണ്ട്. ഒരു ഗംഭീര വിഷ്വല്‍ ട്രീറ്റ് ആണ് ടീസര്‍. സിഇ 512-ലെ വാരാണസി കാണിച്ചു കൊണ്ടാണ് ടീസര്‍ ആരംഭിക്കുന്നത്. പിന്നീട് 2027ല്‍ ഭൂമിയെ ലക്ഷ്യമാക്കി വരുന്ന ശാംഭവി എന്ന ഛിന്നഗ്രഹമാണ് കാണിക്കുന്നത്.
തുടര്‍ന്നങ്ങോട്ട് അന്റാര്‍ട്ടിക്കയിലെ റോസ് ഐസ് ഷെല്‍ഫ്, ആഫ്രിക്കയിലെ അംബോസെലി വനം, ബിസിഇ 7200-ലെ ലങ്കാനഗരം, വാരാണസിയിലെ മണികര്‍ണികാ ഘട്ട് തുടങ്ങിയവയെല്ലാം വിസ്മയക്കാഴ്ചകളായി ടീസറില്‍ അനാവരണം ചെയ്യുന്നു. ടീസറിന്റെ അവസാനത്തിലാണ് നായകനായ മഹേഷ് ബാബുവിനെ കാണിക്കുന്നത്. കൈയില്‍ ത്രിശൂലവുമേന്തി കാളയുടെ പുറത്തേറി വരുന്ന മഹേഷ് ബാബുവാണ് ടീസറിലുള്ളത്.
എംഎം കീരവാണിയുടെ മാസ്മരികമായ പശ്ചാത്തലസംഗീതവും ടീസറിന്റെ ഹൈലൈറ്റ് ആണ്. പൃഥ്വിരാജ് ആണ് ചിത്രത്തില്‍ വില്ലന്‍ കഥാപാത്രമായ കുംഭയെ അവതരിപ്പിക്കുന്നത്. നായിക മന്ദാകിനി എന്ന കഥാപാത്രമായി ബോളിവുഡ് താരം പ്രിയങ്ക ചോപ്രയുമെത്തുന്നു. വി. വിജയേന്ദ്രപ്രസാദാണ് തിരക്കഥ.
സിനിമ ഐമാക്‌സില്‍ എത്തുന്നതിന് കുറിച്ച് ചടങ്ങില്‍ രാജമൗലി സംസാരിച്ചു. ”പ്രീമിയം ലാര്‍ജ് സ്‌കെയില്‍ ഫോര്‍മാറ്റ് ഐമാക്‌സ് എന്ന ഫോര്‍മാറ്റ് ഞങ്ങള്‍ ഈ സിനിമയിലൂടെ തെലുങ്ക് സിനിമയിലേക്ക് കൊണ്ടുവരികയാണ്. നമ്മള്‍ പല സിനിമകളും സിനിമാസ്‌കോപ്പ് ഫോര്‍മാറ്റില്‍ ആണ് നിര്‍മ്മിക്കുന്നത്. ഇപ്പോള്‍ നമ്മള്‍ ഐമാക്‌സില്‍ കാണുന്ന പല സിനിമകളും ഐമാക്സിലേക്ക് കണ്‍വേര്‍ട്ട് ചെയ്യുന്നതാണ്.”
”എന്നാല്‍ അത് യഥാര്‍ത്ഥ ഐമാക്‌സ് അല്ല. ആര്‍ ആര്‍ ആര്‍, ബാഹുബലി പോലെയുള്ള സിനിമകള്‍ ഐമാക്സില്‍ പ്രൊഡ്യൂസ് ചെയ്ത സിനിമകള്‍ ആണ്. പക്ഷെ വാരാണസി നിങ്ങള്‍ ഫുള്‍ സ്‌ക്രീന്‍ ഐമാക്സില്‍ ആകും കാണാന്‍ പോകുന്നത്” എന്നാണ് രാജമൗലി പറഞ്ഞത്.