സാഹസിക യാത്രകള്‍ കൊണ്ട് മലയാളികളെ അമ്പരിപ്പിക്കാറുള്ള താരമാണ് പ്രണവ് മോഹന്‍ലാല്‍. മോഹന്‍ലാല്‍ എന്ന സൂപ്പര്‍താരത്തിന്റെ മകനായിട്ടും പ്രണവിന്റെ ലാളിത്യമാണ് പ്രേക്ഷകര്‍ ശ്രദ്ധിച്ചിട്ടുള്ളത്. ഒറ്റയ്ക്കുള്ള ഹിമാലയന്‍ യാത്രകളും ബസിലും ട്രെയിനിലും കയറിയുള്ള യാത്രകളും പ്രണവിന് ഏറെ പ്രിയപ്പെട്ടതാണ്.
‘ഹൃദയം’ സിനിമ ഹിറ്റായതിന് പിന്നാലെ ഇന്‍സ്റ്റഗ്രാമില്‍ തന്റെ യാത്രകളുടെ ചിത്രങ്ങളും വീഡിയോയും പ്രണവ് പങ്കുവയ്ക്കാറുണ്ട്. സാഹസിക യാത്രകളുടെ അനുഭവങ്ങള്‍ ചേര്‍ത്തു വച്ച് വീഡിയോയുമായി എത്തിയിരിക്കുകയാണ് പ്രണവ് ഇപ്പോള്‍.
ആദ്യമായാണ് ഇത്തരത്തിലുള്ള റീല്‍ പരീക്ഷിക്കുന്നതെന്ന് പ്രണവ് ക്യാപ്ഷനായി കുറിച്ചിട്ടുണ്ട്. യാത്രക്കിടയിലെ രസകരമായ നിമിഷങ്ങളാണ് വീഡിയോ ആക്കി താരം പങ്കുവച്ചത്. മരത്തില്‍ വലിഞ്ഞു കയറുന്നതും റോക്ക് ക്ലൈമ്പിങ്ങും മണ്‍കുടം നിര്‍മ്മിക്കുന്നതും മുതല്‍ ഗിറ്റാര്‍ വായിക്കുന്നത് വരെ വീഡിയോയിലുണ്ട്.
View this post on Instagram
നിങ്ങള്‍ ശരിക്കും ജീവിതം ആസ്വദിക്കുകയാണല്ലേ എന്നാണ് ആരാധകര്‍ വീഡിയോയ്ക്ക് താഴെ കമന്റായി കുറിച്ചിരിക്കുന്നത്. വിനീത് ശ്രീനിവാസന്റെ സംവിധാനത്തിലൊരുങ്ങിയ ഹൃദയം ബോക്‌സോഫീസില്‍ ഗംഭീര വിജയമായിരുന്നു. മരക്കാര്‍: അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിലും താരം വേഷമിട്ടിരുന്നു.