'നേരാ തിരുമേനി, ഈപ്പച്ചൻ പള്ളിക്കൂടത്തിൽ പോയിട്ടില്ല..'; സോമന്റെ ഓര്‍മ്മകള്‍ക്ക് കാല്‍നൂറ്റാണ്ട്

”നേരാ തിരുമേനി, ഈപ്പച്ചൻ പള്ളിക്കൂടത്തിൽ പോയിട്ടില്ല. മരംവെട്ടുകാരനായിരുന്നു എന്റെ അപ്പൻ. കൺമുമ്പിൽ വച്ച് എന്റെ അമ്മച്ചിയെ കയറിപിടിച്ച റേഞ്ചർ സായിപ്പിനെ ഒറ്റവെട്ടിന് രണ്ടു തുണ്ടാക്കീട്ട് എന്റെ അപ്പൻ ജയിലിൽ കയറുമ്പോൾ, എനിക്ക് ഒൻപതു വയസ്സ്. കഴുമരത്തേന്ന് അപ്പന്റെ ശവമിറക്കി ദാ, ഇങ്ങനെ കൈയിലോട്ടു വാങ്ങിക്കുമ്പോൾ അന്നെന്റെ പത്താമത്തെ പിറന്നാളാ… അന്യൻ വിയർക്കുന്ന കാശു കൊണ്ട് അപ്പവും തിന്നു വീഞ്ഞും കുടിച്ച് കോണ്ടാസേലും ബെൻസേലും കയറിനടക്കുന്നവരുടെ പളുപളുത്ത കുപ്പായത്തോട്, അന്ന് തീർന്നതാ തിരുമേനി ബഹുമാനം…”

ഈ ഡയലോഗ് മലയാളി പ്രേക്ഷകര്‍ മറക്കില്ല. അന്ന് 1997ല്‍ സിനിമ ഹിറ്റ് ചാര്‍ട്ടില്‍… എന്നാല്‍ അന്ന് പി.വി.എസ് ആശുപത്രിയിലെ ഐസിയൂവില്‍ രണ്ട് കണ്ണുകള്‍ എന്നേക്കുമായി അടഞ്ഞു. മരണമില്ലാത്ത ഒരുപാട് മികച്ച കഥാപാത്രങ്ങള്‍ ബാക്കിവച്ച് എം. ജി സോമന്‍ ജീവിതത്തിന്റെ അരങ്ങൊഴിഞ്ഞു.

പ്രേം നസീര്‍, മധു എന്നിവര്‍ കഴിഞ്ഞാല്‍ ഏറ്റവും താരമൂല്യം സോമനുണ്ടായ ഒരു കാലം മലയാള സിനിമയില്‍ ഉണ്ടായിരുന്നു. ഒരു വര്‍ഷം 40 സിനിമകളില്‍ വരെ സോമന്‍ അഭിനയിച്ചിരുന്നു. ഒരല്‍പ്പം വില്ലനിസം ഉള്ള നായകന്‍മാരെ ആയിരുന്നു സോമന്‍ കൂടുതലും അവതരിപ്പിച്ചിരുന്നത്. എയര്‍ ഫോഴ്‌സില്‍ നിന്നും വിരമിച്ചതിന് ശേഷം കൊട്ടാരക്കരയുടെ ജയശ്രീ, കെപിഎസി, കേരള ആര്‍ട്ട്‌സ് തീയേറ്റര്‍ എന്നീ ട്രൂപ്പുകളില്‍ സഹകരിച്ചതിന് ശേഷമാണ് 1973ല്‍ പി.എന്‍. മേനോന്റെ ‘ഗായത്രി’ എന്ന സിനിമയിലൂടെ ചലച്ചിത്ര രംഗത്തേക്ക് പ്രവേശിക്കുന്നത്. പ്രേം നസീര്‍, മധു, സുധീര്‍, വിന്‍സന്റ് തുടങ്ങിയവര്‍ നായക നിരയില്‍ തിളങ്ങി നില്‍ക്കുമ്പോഴായിരുന്നു സോമന്റെ അരങ്ങേറ്റം.

സോമന്റെ സിനിമാ കരിയറില്‍ എടുത്ത് പറയേണ്ട രണ്ട് സംവിധായകരായിരുന്നു ഐ.വി.ശശിയും ജേസിയും. വിന്‍സന്റ്, കമല്‍ഹാസന്‍ തുടങ്ങിയ തന്റെ ആദ്യ കാല നായകരെ മാറ്റി ഇടക്ക് ഐ.വി.ശശി സോമനെ ഒന്ന് പരീക്ഷിച്ച് നോക്കി. ശശിയുടെ പരീക്ഷണം പാളിയില്ല. പത്മരാജന്റെ തിരക്കഥയില്‍ ശശി ഒരുക്കിയ ‘ഇതാ ഇവിടെ വരെ’ എന്ന സിനിമ നേടിയ വിജയം സോമന്റെ താരമൂല്യത്തെ ഉയര്‍ത്തി. തിരക്കുകളില്‍ നിന്നും തിരക്കുകളിലേക്ക് സോമന്‍ തന്റെ ജൈത്രയാത്ര ആരംഭിച്ചു. ജേസിയുടെയും ഐ.വി.ശശിയുടെയും സ്ഥിരം നായകനായി സോമന്‍ വിലസി. ഈ സമയത്ത് ‘ഏഴാം കടലിനക്കരെ’ എന്ന സിനിമയുടെ ഷൂട്ടിംഗ് ഉദ്ദേശിച്ച സമയത്ത് പൂര്‍ത്തിയാക്കാത്തതിനെ തുടര്‍ന്ന് സോമന്‍ ഐ.വി.ശശിയുമായി പിണങ്ങി.

അക്കാലത്തെ ഉദിച്ചുയര്‍ന്നു വരുന്ന താരമായ ജയനെ ഐ.വി.ശശി തന്റെ പുതിയ സിനിമയായ ‘കാന്തവല’യത്തില്‍ സോമന് പകരം കാസ്റ്റ് ചെയ്തു. ജയന്റെ അപ്രതീക്ഷിത മരണത്തെ തുടര്‍ന്ന് രതീഷിനെ താരമാക്കാന്‍ ശ്രമിച്ച ഐ.വി.ശശി തന്റെ പരീക്ഷണം ഒടുവില്‍ മമ്മൂട്ടിയില്‍ അവസാനിപ്പിച്ചപ്പോഴും സോമനുമായി സഹകരിക്കാന്‍ തയ്യാറല്ലായിരുന്നു. ഒടുവില്‍ കമല്‍ഹാസന്റെ ശ്രമഫലമായി ‘വ്രതം’ സിനിമയിലാണ് സോമനും ശശിയും ഒരുമിക്കുന്നത്.

ഇക്കാലയളവില്‍ മലയാള സിനിമ തലമുറ മാറ്റത്തിന് വിധേയമാവുകയും സോമനും സുകുമാരനുമൊക്കെ ക്യാരക്ടര്‍ വേഷങ്ങളിലേക്ക് മാറുകയും ചെയ്തിരുന്നു. സൂപ്പര്‍ താരങ്ങളുടെ തല്ലു വാങ്ങുന്ന സ്ഥിരം വേഷങ്ങളില്‍ മനം മടുത്ത സോമന് ഏറെ നാളുകള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ കിട്ടിയ വേഷമായിരുന്നു ജോഷിയുടെ ലേലത്തിലെ ആനക്കാട്ടില്‍ ഈപ്പച്ചന്‍. രഞ്ജി പണിക്കരുടെ തീ പാറുന്ന സംഭാഷണങ്ങളിലൂടെ സോമന്‍ കയ്യടി നേടി. നായകനായ സുരേഷ് ഗോപിക്കൊപ്പമോ അതിന് മുകളിലോ നില്‍ക്കുന്ന പ്രകടനമായിരുന്നു സോമന്‍ കാഴ്ച്ച വച്ചത്. ആനക്കാട്ടില്‍ ഈപ്പച്ചന്‍ എന്ന അബ്കാരി പ്രമാണിയായി സോമന്‍ അരങ്ങു തകര്‍ത്തു. ലേലം ബ്ലോക്ക് ബസ്റ്റര്‍ വിജയം നേടുമ്പോഴായിരുന്നു സോമന്റെ അപ്രതീക്ഷിത വിയോഗം.

1997 ഡിസംബര്‍ 12ന് സോമന്റെ സിനിമാജീവിതത്തിന്റെ 25-ാം വാര്‍ഷികം ആഘോഷിക്കാന്‍ തിരുവല്ലയില്‍ നാട്ടുകാര്‍ തയ്യാറെടുക്കുമ്പാഴായിരുന്നു അത്. ഒരു മാസത്തോളം നീണ്ട ആശുപത്രി വാസത്തിനിടെയാണ് താരത്തിന്റെ അപ്രതീക്ഷിത വിയോഗം. മഞ്ഞപ്പിത്തം ബാധിച്ച് ആരോഗ്യനില വഷളാവുകയായിരുന്നു.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക