തെലുങ്ക് സൂപ്പർതാരം പവൻ കല്യാണിൻ്റെ പുതിയ ചിത്രമായ ‘ദേ കോൾ ഹിം ഒജി’യുടെ പ്രമോഷൻ പരിപാടിക്കിടെ വൾവീശിക്കൊണ്ടുള്ള അഭ്യാസപ്രകടനത്തിനിടെ ബോഡിഗാർഡ് രക്ഷപെട്ടത് തലനാരിഴയ്ക്ക്. താരം വാൾ പിന്നിലേക്ക് കറക്കിയപ്പോൾ ഏതാനും ഇഞ്ചുകളുടെ വ്യത്യാസത്തിൽ വാൾത്തലപ്പ് ബോഡിഗാർഡിൻ്റെ മുഖത്തുകൊള്ളാതെ മാറുകയായിരുന്നു. മുഖത്തിന് നേരെ വാൾ ഉയരുന്നതു കണ്ട് ബോഡിഗാർഡ് ഞെട്ടിത്തരിക്കുന്നതും വിഡിയോയിൽ കാണാം.
സംഭവത്തിന്റെ വീഡിയോ അടക്കം പുറത്ത് വന്നിട്ടുണ്ട്. മുകളിലേക്ക് ഉയരുന്ന പ്രത്യേക പ്ലാറ്റ്ഫോമിലൂടെയാണ് പവൻ കല്യാൺ സ്‌റ്റേജിലെത്തിയത്. മുന്നിലേക്ക് നടക്കുന്നതിനിടെ താരം വലിയൊരു വാളും കയ്യിലെടുത്തു. സ്‌റ്റേജിൻ്റെ ഒരു വശത്തേക്ക് നടന്ന പവൻ കല്യാൺ മുന്നിലുള്ള ആളുകളോട് മാറി നിൽക്കാൻ ആംഗ്യം കാണിക്കുന്നുണ്ടായിരുന്നു. തുടർന്ന് വാൾ ആൾക്കൂട്ടത്തിലേക്ക് പൊക്കിക്കാണിച്ച ശേഷം തിരിഞ്ഞുനടന്നു.
ബോഡി ഗാർഡുമാരിൽ ഒരാൾ അദ്ദേഹത്തിന്റെ തൊട്ടുപിന്നിലായി നടക്കുന്നുണ്ടായിരുന്നു. പെട്ടെന്നാണ് പവൻ കല്യാണ് വാൾ പിന്നിലേക്ക് കറക്കിയത്. വാൾതലപ്പ് ബോഡി ഗാർഡിന്റെ മുഖത്തിന് തൊട്ടടുത്തുകൂടെ പോയി. ഇഞ്ചുകളുടെ വ്യത്യാസത്തിലാണ് വാൾത്തലപ്പ് മുഖത്ത് കൊള്ളാതെ മാറിയത്. അപ്രതീക്ഷിതമായി മുഖത്തിന് നേരെ വാൾ ഉയരുന്നതു കണ്ട് ബോഡിഗാർഡ് ഞെട്ടിത്തരിക്കുന്നതും വിഡിയോയിൽ കാണാം.