മമ്മൂട്ടിയെ നായകനാക്കി സംവിധായകൻ റാം ഒരുക്കിയ പേരൻപ് പ്രേക്ഷക നിരൂപക പ്രശംസകൾ ഒരേപോലെ നേടിയെടുത്ത ചിത്രമാണ്. തമിഴിൽ ഏറെക്കാലത്തിന് ശേഷം മമ്മൂട്ടി അഭിനയിച്ച ചിത്രം കൂടിയായിരുന്നു പേരൻപ്. മമ്മൂക്കയെ വച്ച് മറ്റൊരു ചിത്രം കൂടി താൻ പ്ലാൻ ചെയ്യുന്നുണ്ടെന്ന് പറഞ്ഞിരിക്കുകയാണ് സംവിധായകൻ റാം. ഒരഭിമുഖത്തിലാണ് സൂപ്പർതാരത്തെ കുറിച്ച് റാം മനസുതുറന്നത്. “മമ്മൂട്ടിയെ വച്ച് മറ്റൊരു ചിത്രം പ്ലാൻ ചെയ്യുന്നുണ്ട്. അതിന്റെ കഥ അദ്ദേഹത്തോട് പറയുകയും മമ്മൂക്കയ്ക്ക് ആ കഥ ഇഷ്ടപ്പെടുകയും ചെയ്തു.
ഒരു മാസം മൂൻപ് മമ്മൂക്ക ഫോൺ ചെയ്തിരുന്നു. അപ്പോൾ കഥയെ കുറിച്ച് ചോദിച്ചു. എന്നാൽ കുറച്ചുകൂടി സമയം വേണമെന്ന് പറഞ്ഞപ്പോൾ അദ്ദേഹം അതിന് സമ്മതിച്ചു. എന്നാൽ അതോടൊപ്പം തന്നെ തന്റെ ഈ രീതി ശരിയായ കാര്യമല്ലെന്ന് മമ്മൂക്ക പറഞ്ഞതായും റാം അഭിമുഖത്തിൽ കൂട്ടിച്ചേർത്തു.
ഒരുപാട് സമയമെടുത്ത് സിനിമകൾ ചെയ്യരുതെന്ന് അദ്ദേഹം ഉപദേശിച്ചു “നിങ്ങൾ നല്ല സംവിധായകനാണ്. ഇൻഡസ്ട്രിക്ക് നിങ്ങളെ ഒരുപാട് ആവശ്യമുണ്ട്. എന്തിനാണ് സിനിമകൾ തമ്മിൽ ഇത്രയും വലിയ ഗ്യാപ്പ്. അധികം സമയമെടുക്കാതെ സിനിമകൾ ചെയ്യൂ”, എന്നാണ് മമ്മൂട്ടി പറഞ്ഞതെന്ന് റാം പറഞ്ഞു.