പോക്‌സോ കേസ് പ്രതിയായ കൊറിയോഗ്രാഫര്‍ ജാനി മാസ്റ്റര്‍ക്കൊപ്പം സഹകരിച്ച സംഗീതസംവിധായകന്‍ എആര്‍ റഹ്‌മാനെതിരെ കടുത്ത വിമര്‍ശനങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. ഈ വിഷയത്തില്‍ പ്രതികരിച്ചിരിക്കുകയാണ് ഗായിക ചിന്മയി ശ്രീപദ. ഇക്കാര്യത്തില്‍ താന്‍ റഹ്‌മാനെ ചോദ്യം ചെയ്തിരുന്നു എന്നാണ് ചിന്മയി പറയുന്നത്.
ജാനി മാസ്റ്റര്‍ക്കൊപ്പമുള്ള റഹ്‌മാന്റെ ചിത്രം പങ്കുവച്ചതോടെ ചിന്മയി ഇത് എന്തുകൊണ്ട് ചോദ്യം ചെയ്തില്ല എന്ന് ചോദിച്ച് സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നു. ”റഹ്‌മാന്റെ കാര്യം ആയതിനാല്‍ അക്ക മിണ്ടാതിരിക്കുമാകും. കപടതയാണ് അവളുടെ ഗുണം” എന്നായിരുന്നു ഒരാള്‍ എക്‌സില്‍ കുറിച്ചത്.
ഇതോടെ ചിന്മയി മറുപടി നല്‍കി. ”ഓഹ് ദയവായി മിണ്ടാതിരിക്കണം. ഞാന്‍ അദ്ദേഹത്തോട് ചോദിച്ചതാണ്. അദ്ദേഹത്തിന് ഒന്നും അറിയില്ലായിരുന്നു. മുഖ്യമന്ത്രിയെയും തമിഴ് സിനിമാ മേഖലയിലെ ഏറ്റവും വലിയ നടന്മാരെയും വരെ തുറന്ന് വിമര്‍ശിച്ചിട്ടുണ്ട്” എന്നാണ് ചിന്മയി പ്രതികരിച്ചത്.
തന്നെ ഉപദ്രവിച്ച ഗാനരചയിതാവ് വൈരമുത്തുവിനെ കോടതി കയറ്റിയ കാര്യവും ചിന്മയി ചൂണ്ടിക്കാട്ടി. ”കോടതികളില്‍ പോയി അപമാനം അനുഭവിക്കുന്നത് നിങ്ങള്‍ അല്ല. അതിനാല്‍ മറ്റ് ശക്തരായ പുരുഷന്മാര്‍ ഒരു പീഡകനൊപ്പം തൊഴില്‍ ചെയ്യുമ്പോള്‍ എന്നെ കുറ്റപ്പെടുത്തുന്നത് നിര്‍ത്തൂ. നിങ്ങളുടെ ആരാധ്യരെ നിങ്ങള്‍ തന്നെ ചോദ്യം ചെയ്യാം എനിക്ക് എല്ലായ്‌പ്പോഴും ഈ ജോലി ചെയ്യാന്‍ കഴിയില്ല.”
”ഞാന്‍ ചെയ്തിട്ടുണ്ട്, ഏറെ നഷ്ടപ്പെട്ടിട്ടുണ്ട്, അപമാനിക്കപ്പെട്ടിട്ടുണ്ട്, പീഡിപ്പിക്കപ്പെട്ടിട്ടുണ്ട്. നിങ്ങള്‍ക്ക് നഷ്ടപ്പെടാനുള്ള ഒന്നുമില്ലാത്ത ഒരു അജ്ഞാതമായ എക്‌സ് അക്കൗണ്ട് മാത്രമാണുള്ളത്” എന്നാണ് ചിന്മയി പറയുന്നത്. അതേസമയം, നവംബര്‍ 9ന് ആണ് ജാനി മാസ്റ്റര്‍ റഹ്‌മാനൊപ്പമുള്ള ചിത്രം പങ്കുവച്ചത്.
‘ഇതിഹാസമായ എആര്‍ റഹ്‌മാന്‍ സാറിന്റെ ഗാനങ്ങള്‍ കണ്ടും അതിന് നൃത്തം ചെയ്തും വളര്‍ന്നവരാണ് ഞങ്ങള്‍. അദ്ദേഹത്തിന്റെ സംഗീതത്തില്‍ ‘ചിക്കിരി ചിക്കിരി’ എന്ന ഈ ചാര്‍ട്ട്ബസ്റ്റര്‍ ഗാനത്തിന് നൃത്തസംവിധാനം ചെയ്യാന്‍ കഴിഞ്ഞുവെന്ന് എനിക്ക് വിശ്വസിക്കാന്‍ കഴിയുന്നില്ല. നിങ്ങളുടെ പിന്തുണയ്ക്കും നല്ല വാക്കുകള്‍ക്കും നന്ദി സര്‍” എന്നാണ് റഹ്‌മാനൊപ്പമുള്ള ചിത്രം പങ്കുവച്ച് ജാനി കുറിച്ചത്. പിന്നാലെ വിമര്‍ശനങ്ങള്‍ ഉയരുകയായിരുന്നു.