മലയാളവും ഇംഗ്ലീഷും കലര്‍ത്തിയുള്ള സംസാരത്തിന്റെ പേരിലും വസ്ത്രധാരണത്തിന്റെ പേരിലും ഏറെ വിമര്‍ശനങ്ങള്‍ കേട്ട താരമാണ് നടിയും അവതാരകമായ രഞ്ജിനി ഹരിദാസ്. എങ്കെിലും താരങ്ങള്‍ക്ക് എന്ന പോലെ രഞ്ജിനിക്കും ഒരുപാട് ആരാധകര്‍ ഉണ്ടായിരുന്നു. ഇപ്പോഴിതാ തന്റെ മുപ്പത് വർഷത്തെ കരിയറിൽ നേരിടേണ്ടി വന്ന കടുത്ത മാനസികാവസ്ഥകളെയും വ്യക്‌തിപരമായ ദുരനുഭവങ്ങളെയും കുറിച്ച് തുറന്ന് പറയുകയാണ് താരം.
ദുബായ് ഷോയ്ക്കിടയിൽ കെണിയിലാക്കാൻ നോക്കിയ സംഘാടകർക്കെതിരെ ‘ഭദ്രകാളി’യെപ്പോലെ പ്രതികരിച്ചതും, കണ്ണൂരിലെ പരസ്യചിത്രീകരണത്തിന് ശേഷം പ്രതിഫലം നൽകി മുറിയിൽ തങ്ങാൻ ആവശ്യപ്പെട്ട വ്യക്‌തിയെയും കോർഡിനേറ്ററെയും ഡ്രൈവർ ആശിഖിനെ സാക്ഷിനിർത്തി ഹോട്ടലിന് പുറത്തിട്ട് ചോദ്യം ചെയ്തതും രഞ്ജിനി വെളിപ്പെടുത്തി. താൻ വിട്ടുവീഴ്‌ചകൾക്ക് തയ്യാറാകാത്ത കടുപ്പക്കാരിയായതുകൊണ്ട് മാത്രമാണ് ഇത്രയും കാലം ഇൻഡസ്ട്രിയിൽ അന്തസ്സോടെ പിടിച്ചുനിന്നതെന്നും, പ്രതികരിക്കാൻ ഭയപ്പെടുന്ന മറ്റ് പെൺകുട്ടികളുടെ അവസ്‌ഥ ഓർക്കുമ്പോൾ ആശങ്കയുണ്ടെന്നും സ്വന്തം യൂട്യൂബ് ചാനലിൽ പങ്കുവച്ച വിഡിയോയിൽ രഞ്ജിനി ഹരിദാസ് പറയുന്നു.
രഞ്ജിനിയുടെ വാക്കുകൾ
ഒരു സ്വതന്ത്രയായ സ്ത്രീ എന്ന നിലയിൽ സ്വന്തം നിലപാടുകൾ വ്യക്തമായി സ്ഥാപിച്ചെടുക്കണമെങ്കിൽ, കരിയറിന്റെ തുടക്കത്തിൽ പലരുമായും തർക്കങ്ങളിലും വഴക്കുകളിലും ഏർപ്പെടേണ്ടി വരും. പലപ്പോഴും നമ്മൾ നമ്മുടെ നിലപാടുകളിൽ ഉറച്ചുനിൽക്കുമ്പോൾ മാത്രമേ മറ്റുള്ളവർ അത് അംഗീകരിക്കാൻ തയ്യാറാകൂ. അത്തരം സാഹചര്യങ്ങളിൽ ഇങ്ങോട്ടും അങ്ങോട്ടും കടുത്ത രീതിയിലുള്ള വാദപ്രതിവാദങ്ങൾ എനിക്ക് നടത്തേണ്ടി വന്നിട്ടുണ്ട്. ഈ ഇൻഡസ്ട്രിയിലേക്ക് വരുമ്പോൾ ആളുകൾ ഏറ്റവും കൂടുതൽ ചർച്ച ചെയ്യുന്നതും സ്ത്രീകളുടെ സുരക്ഷിതത്വത്തെയും പെരുമാറ്റത്തെയും കുറിച്ചാണ്. ഞാൻ ആദ്യമായി ഈ മേഖലയിലേക്ക് കടന്നുവന്നപ്പോൾ എന്റെ കുടുംബത്തിൽ നിന്നും സമാനമായ ആശങ്കകൾ ഉയർന്നിരുന്നു. കാരണം, മിക്കപ്പോഴും ഉച്ചയ്ക്ക് ശേഷമായിരിക്കും നമ്മൾ പരിപാടികൾക്കായി പോകുന്നത്. ഷോയെല്ലാം കഴിഞ്ഞ് തിരിച്ചെത്തുമ്പോൾ രാത്രി പന്ത്രണ്ടോ ഒന്നോ മണിയാകും. തുടക്കത്തിൽ എൻ്റെ അമ്മയ്ക്കും അപ്പൂപ്പനും ഈ തൊഴിൽസാഹചര്യങ്ങൾ കൃത്യമായി മനസ്സിലായിരുന്നില്ല. എന്നാൽ, എന്റെ അമ്മ എപ്പോഴും ഒരു നിഴൽ പോലെ കൂടെ നിൽക്കാൻ തുടങ്ങിയതോടെ അവർക്ക് കാര്യങ്ങളിൽ വ്യക്‌തത വന്നു. അങ്ങനെയാണ് അമ്മ എല്ലാവരുടെയും വിശ്വാസം നേടിയെടുത്തതും എനിക്ക് ആവശ്യമായ സ്വാതന്ത്ര്യം കുടുംബത്തിൽ നിന്ന് അനുവദിപ്പിച്ചു തന്നതും. സിനിമയിലോ മാധ്യമരംഗത്തോ ഉള്ളവർ മോശക്കാരാണ് എന്നൊരു ചീത്തപ്പേര് പൊതുവെ സമൂഹത്തിലുണ്ട്. എന്നാൽ, അത് യഥാർത്ഥത്തിൽ അവിടുത്തെ തൊഴിൽ രീതികളെക്കുറിച്ച് കൃത്യമായി അറിയാത്തതുകൊണ്ടാണ് ഉണ്ടാകുന്നത്. മറ്റുള്ളവർ പറയുന്നത് കേൾക്കാതെ സ്വന്തം കുടുംബാംഗങ്ങളെയും കൂട്ടി ഇത്തരം ഷോകളുടെ ലൊക്കേഷനിൽ ഒരു തവണയെങ്കിലും പോയാൽ, അവിടെ പ്രത്യേകിച്ചൊന്നും നടക്കാനില്ലെന്നും വളരെ സാധാരണമായ ഒരു അന്തരീക്ഷമാണെന്നും അവർക്ക് തന്നെ ബോധ്യപ്പെടും. ഞങ്ങൾ പരിപാടികൾക്കായി ദുബായ്, യു.എ.ഇ, യു.എസ്, യൂറോപ്പ് തുടങ്ങിയ വിദേശ രാജ്യങ്ങളിലേക്ക് ധാരാളമായി യാത്ര ചെയ്യാറുണ്ട്. എന്റെ പതിനെട്ടാമത്തെ വയസ്സിലാണ് ഞാൻ ആദ്യമായി ഒരു വിമാനയാത്ര നടത്തുന്നത്. മിസ് കേരള എന്ന പദവി ഉള്ളതുകൊണ്ട് യു.കെ, സ്വിറ്റ്സർലൻഡ്, ജർമ്മനി തുടങ്ങിയ രാജ്യങ്ങളിലെ ഷോകളിൽ പങ്കെടുക്കാനാണ് അന്ന് പോയത്. എൻ്റെ അമ്മയും കൂടെയുണ്ടായിരുന്നു. ജയറാമേട്ടൻ, പാർവതി ചേച്ചി തുടങ്ങിയ വലിയൊരു താരനിര ആ ഷോയിലുണ്ടായിരുന്നു. അവർ വളരെ മാന്യമായും സ്നേഹത്തോടെയുമാണ് എന്നെ പരിചരിച്ചത്. അതുകൊണ്ടുതന്നെ എല്ലാ ഷോകളും ഇതുപോലെ മനോഹരമായിരിക്കും എന്നാണ് ഞാൻ കരുതിയത്. എന്നാൽ പിന്നീട് കാര്യങ്ങൾ മാറിമറിഞ്ഞു. ഒരിക്കൽ നാലഞ്ചു ഷോകൾക്കായി ഞങ്ങൾ ദുബായിൽ പോയി. എനിക്ക് ഹോട്ടൽ താമസത്തോട് വലിയ താല്‌പര്യമില്ലാത്തതിനാലും കംഫർട്ടബിൾ അല്ലാത്തതിനാലും അവിടെയുള്ള എൻ്റെ സുഹൃത്തിൻ്റെ വീട്ടിലാണ് ഞാൻ തങ്ങിയിരുന്നത്. അവിടെ റിഹേഴ്‌സലിനായി എത്തിയ ദിവസം കൂടെയുള്ള ചില വനിതാ ആർട്ടിസ്‌റ്റുകൾ എന്നോട് ഒരു പരാതി പറഞ്ഞു. രാത്രി സമയങ്ങളിൽ അവരുടെ ഹോട്ടൽ മുറികളിലേക്ക് അപരിചിതരായ ആളുകൾ ഫോൺ വിളിക്കുന്നുണ്ടെന്നും വന്ന് വാതിലിൽ മുട്ടുന്നുണ്ടെന്നും അവർ പറഞ്ഞു. അതിനിടയിൽ ആ ഷോയുടെ സ്പോൺസർമാരിൽ ഒരാൾ എന്നെയും വിളിച്ചിരുന്നു.
നമുക്കെല്ലാവർക്കും അറിയാവുന്ന ഒരു നടൻ, അദ്ദേഹം എൻ്റെ വളരെ നല്ല സുഹൃത്തായിരുന്നു. ഒരിക്കൽ എനിക്ക് വളരെ അസ്വസ്‌ഥത ഉണ്ടാക്കുന്ന ഒരു സംഭവം നടന്നു. പൊതുവെ ഞാൻ എല്ലാവരോടും അടുത്തിടപഴകുന്ന ആളല്ല. ഒരിക്കൽ ആ വ്യക്‌തി ഒരു ഷർട്ട് ഇടാത്ത ചിത്രം എനിക്ക് അയച്ചു തന്നു, തിരിച്ചു ഞാനും അത്തരത്തിൽ ഒരു ഫോട്ടോ അയക്കാൻ പറഞ്ഞു, ഞാൻ ചോദിച്ചു നിങ്ങൾക്ക് എന്താണ് കുഴപ്പം? മറ്റൊരിക്കൽ ഒരു സംഗീതലോകത്ത് പ്രശസ്‌തനായ ഒരു വ്യക്‌തിഎന്നോട് മോശമായ രീതിയിൽ സംസാരിക്കുകയും കിടക്ക പങ്കിടാൻ ആവശ്യപ്പെടുകയും ചെയ്തു.
ഞാൻ എനിക്ക് താല്‌പര്യമില്ല എന്ന് പറഞ്ഞു. അയാളുടെ ഡയലോഗ് “ഞാൻ എല്ലാ വാതലിലും മുട്ടും താല്‌പര്യമുള്ളവർ തുറക്കും, ഇല്ലാത്തവർ പോകട്ടെ.” ഞാൻ പറഞ്ഞു വളരെ നല്ല കാര്യം, പെർമിഷൻ ചോദിച്ച് എന്ത് കോപ്പ് വേണമെങ്കിലും ചെയ്തോളു അത് തരാത്തവരെ ബുദ്ധിമുട്ടിക്കരുത്. അത്തരം സന്ദർഭങ്ങളിൽ ഞാൻ ശക്‌തമായി പ്രതികരിക്കാറുണ്ട്. അതുപോലെ തന്നെ, എനിക്ക് അറിയാവുന്ന ഒരു പ്രമുഖ മോഡൽ-ഷോ കോർഡിനേറ്റർ ഉണ്ട്. അദ്ദേഹം പലപ്പോഴും എന്നെ വിളിച്ച്, ഇന്ന നാട്ടിൽ ഒരു ഉദ്ഘാടന പരിപാടിയുണ്ടെന്നും ചോദിക്കുന്ന അത്രയും പണം അവർ തരുമെന്നും പറയും. എന്നാൽ അതിനൊപ്പം ‘പക്ഷേ’ എന്ന് ചേർത്ത് മറ്റ് ചില ആവശ്യങ്ങൾ കൂടി ഉണ്ടെന്ന് സൂചിപ്പിക്കും. അപ്പൊ ഞാൻ പറയും ചേട്ടാ ഈ പക്ഷേ വർക്ക് ചെയ്യില്ല. അദ്ദേഹം കുറെ ആര്‌ടിസ്‌റ്റിൻ്റെ പേര് ഒക്കെ പറഞ്ഞു പക്ഷെ ഞാൻ പറഞ്ഞു അത്തരം കാര്യങ്ങൾ എന്നോട് ചോദിക്കാൻ നിൽക്കേണ്ട എന്ന് ഞാൻ അദ്ദേഹത്തോട് കർശനമായി പറഞ്ഞിട്ടുണ്ട്. ആർട്ടിസ്റ്റുകളുടെ ചോയ്‌സ് നോക്കാതെ ഇത്തരം ആവശ്യങ്ങളുമായി സമീപിക്കുന്ന ഷോ കോർഡിനേറ്റർമാർ ഇന്നും ഈ നാട്ടിലുണ്ട് എന്നത് വളരെ സങ്കടകരമാണ്. നമ്മൾ ഒരു ഉദ്ഘാടനത്തിന് പോകുന്നത് നമ്മുടെ കരിയറിലെ ടാലന്റും പ്രശസ്തിയും കണ്ടിട്ടാണ്, അല്ലാതെ മറ്റ് ആവശ്യങ്ങൾക്കല്ല. ക്ലീൻ ആയിട്ടുള്ള ഷോകൾക്ക് അദ്ദേഹം വിളിക്കുമ്പോൾ ഞാൻ ഇന്നും പോകാറുണ്ട്.
എന്റെ 15-ാം വയസ്സിൽ മോഡലിങ് തുടങ്ങി, ഇപ്പോൾ 44 വയസ്സിലെത്തി നിൽക്കുന്ന ഏതാണ്ട് 30 വർഷത്തെ നീണ്ട കരിയറിൽ എനിക്കുണ്ടായിട്ടുള്ള വ്യക്തിപരമായ മോശം അനുഭവങ്ങൾ ഇവയൊക്കെ മാത്രമാണ്. ഓൺലൈനിലെ ആൾക്കൂട്ടത്തിൻ്റെ വെറുപ്പും സൈബർ ആക്രമണങ്ങളുമൊക്കെ എൻ്റെ ജീവിതത്തിലെ ഒരു ഘട്ടം മാത്രമായിരുന്നു, ഞാനത് ഒരു പരിധിവരെ ആസ്വദിച്ചിട്ടുമുണ്ട്. പ്രതികരിക്കാത്ത, മിണ്ടാതിരിക്കുന്ന മറ്റ് പെൺകുട്ടികളുടെ അനുഭവങ്ങൾ എത്രത്തോളം കഠിനമായിരിക്കും എന്ന് ഞാൻ പലപ്പോഴും ആലോചിക്കാറുണ്ട്. എല്ലാ ഇൻഡസ്ട്രിയിലും ഇത്തരം പ്രശ്‌നങ്ങളുണ്ട്. ഞാൻ പണ്ട് ടെക്നോപാർക്കിൽ ജോലി ചെയ്തിരുന്ന സമയത്തും കഴിവുള്ളവർക്കല്ല, മറിച്ച് ചില പ്രത്യേക ബന്ധങ്ങൾ ഉള്ളവർക്കാണ് പ്രമോഷൻ ലഭിക്കുന്നത് എന്ന് ഞാൻ കണ്ടിട്ടുണ്ട്. വർഷങ്ങളുടെ കഠിനാധ്വാനത്തിലൂടെയും പോരാട്ടങ്ങളിലൂടെയും മാത്രമാണ് എനിക്ക് സമൂഹത്തിൽ നിന്നും സഹപ്രവർത്തകരിൽ നിന്നും ഇന്നത്തെ ബഹുമാനവും അംഗീകാരവും നേടിയെടുക്കാൻ കഴിഞ്ഞത്.