തന്റെ ആദ്യത്ത കുഞ്ഞാണ് സഹോദരി അഭിരാമി എന്ന് ഗായിക അമൃത സുരേഷ്. അമൃത പാടിയ 71-ാമത് നെഹ്റു ട്രോഫി വള്ളംകളിയുടെ ഔദ്യോഗിക ഗാനമായ ഓളപ്പോര് ഏറെ ശ്രദ്ധ നേടിയിരുന്നു. ജാങ്കോ സ്പേസ് ടിവിയ്ക്ക് നൽകിയ അഭിമുഖത്തിലാണ് അമൃത മനസ് തുറന്നത്.
‘എന്റെ ആദ്യത്തെ കൊച്ചാണ് അഭിരാമി. അവൾ പാടുമ്പോൾ പാപ്പു പാടുന്നത് പോലെ തന്നെയാണ് എനിക്ക്. ഞാൻ പാടുമ്പോൾ തെറ്റല്ലേ ശബ്ദം ഇടറല്ലേ എന്നൊക്കെയല്ലേ എന്റെ അച്ഛയുടെയും മനസിൽ തോന്നുക. അതുപോലെതന്നെയാണ് പാപവും അഭിയും പാടുമ്പോൾ. തെറ്റാതെ പാടാൻ പറ്റണേ, ശബ്ദം ഇടറരുതേ എന്നൊക്കെയാണ് ഞാനും ആ സമയത്ത് പ്രാർത്ഥിക്കാറ്.’
‘ഞങ്ങൾ തമ്മിൽ വഴക്കുണ്ടാക്കാറുണ്ട്. പണ്ടൊക്കെ ഞങ്ങൾ ഭയങ്കര വഴക്കുണ്ടാകുമായിരുന്നു. ഇപ്പോ വഴക്കിന്റെ എണ്ണം കുറഞ്ഞു, സമയവും കുറഞ്ഞു. വഴക്കുണ്ടാക്കിയാലും പെട്ടന്ന് തന്നെ അത് സോർട്ടാകും. വൻ വഴക്കൊക്കെ ചിലപ്പോൾ ഉണ്ടാകാറുണ്ട്. അവൾ ഇറങ്ങിപ്പോവുകയും ചെയ്യും. പിന്നെ പതിയെ തിരിച്ച് വരികയാണ് എന്ന് പറഞ്ഞു മെസേജ് അയക്കും’
‘എനിക്ക് വേണ്ടി ഒരുപാട് ചീത്തപ്പേര് കേട്ടിട്ടുള്ളതും തെറി കേട്ടിട്ടുള്ളതുമെല്ലാം അഭിയാണ്. ഒരുപാട് അനുഭവിച്ചിട്ടുണ്ട്. ഞാൻ എന്നുള്ള ഒരു ചേച്ചി ഉള്ളതുകൊണ്ടാണ് ഇതെല്ലാം അനുഭവിച്ചത്. അവളെപ്പോലെ ഒരു കൂടപ്പിറപ്പിനെ കിട്ടാൻ വലിയ ഭാഗ്യം ചെയ്യണം. എന്റെ ഒരു വലിയ ഭാഗ്യമാണ് അഭി’ എന്നും അമൃത പറയുന്നു.