വോയിസ് ചാറ്റ് വിവാദത്തിന് പിന്നാലെ, നടന്‍ അജ്മല്‍ അമീറില്‍ നിന്നും മോശം അനുഭവങ്ങള്‍ ഉണ്ടായെന്ന് ആരോപിച്ച് നിരവധി പെണ്‍കുട്ടികള്‍ രംഗത്തെത്തിയിരുന്നു. നടി റോഷ്ന ആന്‍ റോയ് അടക്കം അജ്മലിനെതിരെ പ്രതികരിച്ച് എത്തിയിരുന്നു. തന്റെ ഫോണില്‍ വന്ന മെസേജ് വെളിപ്പെടുത്തി കൊണ്ടാണ് റോഷ്‌ന എത്തിയത്. ഇതിന് പിന്നാലെ വീണ്ടും പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് അജ്മല്‍.
അവര്‍ പ്രശസ്തിയ്ക്കായി തന്റെ പേര് ഉപയോഗിക്കുന്നത് തുടരട്ടെ എന്നാണ് അജ്മല്‍ അമീര്‍ പറയുന്നത്. ആരുടെയും പേരെടുത്ത് പറയാതെയാണ് അജ്മലിന്റെ പ്രതികരണം. എന്നാല്‍ റോഷ്ന ആന്‍ റോയ് അടക്കം തനിക്കെതിരെ ആരോപണം ഉന്നയിച്ചവര്‍ക്കുള്ള നടന്റെ മറുപടിയാണ് കുറിപ്പ് എന്നാണ് വിലയിരുത്തുന്നത്.
”അവര്‍ സംസാരിക്കട്ടെ, പ്രശസ്തിക്കായി നിങ്ങളുടെ പേര് ഉപയോഗിക്കട്ടെ, നിന്നെ അപമാനിക്കട്ടെ, ചതിക്കട്ടെ, നിന്നെ വലിച്ച് കീറി താഴെയിടാന്‍ ശ്രമിക്കട്ടെ, മാപ്പ് നല്‍കുക. കാരണം നിന്റെ ശാന്തതയാണ് നിന്റെ കരുത്ത്. ശ്രദ്ധ നേടാനുള്ള അവരുടെ ശ്രമങ്ങള്‍ നിന്റെ കരുത്താകും വെളിപ്പെടുത്തുക. അവരേല്‍പ്പിക്കുന്ന ഓരോ മുറിവും അറിവാകും.”
”ഒരോ അവസാനങ്ങളും പുതിയൊരു തുടക്കമാകും. ഉയിര്‍ത്തെഴുന്നേല്‍ക്കു, വീണ്ടും. കൂടുതല്‍ കരുത്തോടെ, അറിവോടെ, അജയ്യനായി മാറുക” എന്നാണ് അജ്മല്‍ അമീര്‍ തന്റെ ചിത്രത്തോടൊപ്പം പ്രതികരണമായി കുറിച്ചിരിക്കുന്നത്. അതേസമയം, ഒരു പെണ്‍കുട്ടിയുമായുള്ള അജ്മല്‍ അമീറിന്റെ വോയിസ് ചാറ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
അത് തന്റെ ചാറ്റ് അല്ലെന്നും ഐഎ വഴി നിര്‍മ്മിച്ചതാണ് എന്നുമായിരുന്നു അജ്മലിന്റെ പ്രതികരണം. തുടര്‍ന്നാണ് അജ്മലില്‍ നിന്നും സമാനമായ അനുഭവമുണ്ടായതായി നിരവധി പെണ്‍കുട്ടികള്‍ വെളിപ്പെടുത്തി രംഗത്തെത്തിയത്.