പാന്‍ മസാലയുടെ പരസ്യത്തില്‍ അഭിനയിച്ച കേസുമായി ബന്ധപ്പെട്ട് കോടതിയില്‍ വിശദീകരണം നല്‍ സല്‍മാന്‍ ഖാന്‍. പാന്‍ മസാലയുടെ പരസ്യത്തില്‍ അല്ല, താന്‍ സില്‍വര്‍ കോട്ടിങ്ങുള്ള ഏലക്കയുടെ പരസ്യമാണ് ചെയ്തത് എന്നാണ് സല്‍മാന്‍ ഖാന്റെ വിശദീകരണം. ബിജെപി നേതാവും അഭിഭാഷകനുമായ ഇന്ദര്‍ മോഹന്‍ സിംഗ് ഹാനി ആണ് പാന്‍ മസാലയുടെ പരസ്യങ്ങളില്‍ അഭിനയിക്കുന്ന നടന്മാര്‍ക്കെതിരെ പരാതി നല്‍കിയത്.
ആശിഷ് ദുബെയാണ് സല്‍മാന്‍ ഖാന് വേണ്ടി കോടതിയില്‍ ഹാജരായ അഭിഭാഷകന്‍. പരാതി പരിഗണിക്കാന്‍ ഉപഭോക്തൃ കമ്മീഷന് അധികാരമില്ലെന്ന് അദ്ദേഹം കോടതിയെ അറിയിച്ചു. സല്‍മാന്‍ ഖാന്‍ പാന്‍ മസാലയുടെ നിര്‍മ്മാതാവോ സേവനദാതാവോ അല്ലാത്തതിനാല്‍, അദ്ദേഹത്തെ കേസില്‍ ഉള്‍പ്പെടുത്തുന്നത് നിയമപരമായി ന്യായീകരിക്കാനാവില്ല.
തെറ്റായ കാരണങ്ങള്‍ പറഞ്ഞ് സല്‍മാനെ പരാതിക്കാരന്‍ ഈ വിഷയത്തിലേക്ക് വലിച്ചിഴച്ചു. സല്‍മാന്‍ ഗുഡ്കയോ പാന്‍ മസാലയോ പരസ്യം ചെയ്തിട്ടില്ല. പാന്‍ മസാല വിഭാഗത്തില്‍ പെടാത്ത സില്‍വര്‍ കോട്ടിങ്ങുള്ള ഏലക്ക മാത്രമാണ് പരസ്യം ചെയ്തത് എന്ന് അഭിഭാഷകന്‍ വാദിച്ചു.
കുങ്കുമപ്പൂവ് ചേര്‍ത്ത ”കുങ്കുമം ചേര്‍ത്ത ഏലക്ക”, ”കുങ്കുമം ചേര്‍ത്ത പാന്‍ മസാല” എന്നിവ പ്രോത്സാഹിപ്പിക്കുന്ന ഒരു പരസ്യത്തില്‍ നിന്നാണ് ഈ വിവാദത്തിന്റെ തുടക്കം. സല്‍മാന്‍ ഖാനും കമ്പനിയും പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് ആരോപിച്ച് ഇന്ദര്‍ മോഹന്‍ സിംഗ് ഹാനി പരാതി നല്‍കുകയായിരുന്നു.
5 രൂപയുടെ പാക്കറ്റില്‍ യഥാര്‍ത്ഥ കുങ്കുമപ്പൂവ് ഉപയോഗിക്കാന്‍ സാധ്യമല്ലെന്നാണ് ഇന്ദര്‍ പരാതിയില്‍ പറഞ്ഞത്. ബോളിവുഡ് താരങ്ങള്‍ പുകയിലയും പാന്‍ മസാലയും പ്രോത്സാഹിപ്പിക്കുന്നു. വായിലെ അര്‍ബുദത്തിന് പ്രധാന കാരണങ്ങളിലൊന്നാണ് പാന്‍ മസാല, അതിനാല്‍ യുവാക്കള്‍ക്ക് തെറ്റായ സന്ദേശം നല്‍കരുതെന്ന് അവരോട് അഭ്യര്‍ത്ഥിക്കുന്നു എന്നും ഹാനി എഎന്‍ഐയോട് പറഞ്ഞു. തുടര്‍ന്നാണ് കോടതി സല്‍മാന്‍ ഖാനും പാന്‍ മസാല കമ്പനിക്കും നോട്ടീസ് അയച്ചത്.