‘കാന്താര’ സിനിമയിലെ ദൈവീക രൂപത്തെ അനുകരിക്കാന്‍ ശ്രമിച്ചതില്‍ ക്ഷമ പറഞ്ഞ് ബോളിവുഡ് താരം രണ്‍വീര്‍ സിങ്. അനുകരണത്തിനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നതോടെയാണ് താരം ക്ഷമാപണം നടത്തിയത്. ഋഷഭിന്റെ ഗംഭീര പ്രകടനം എടുത്ത് കാണിക്കുക മാത്രമായിരുന്നു തന്റെ ഉദ്ദേശ്യമെന്ന് രണ്‍വീര്‍ പറഞ്ഞു. ഇന്ത്യയിലെ എല്ലാ സംസ്‌കാരത്തെയും വിശ്വാസത്തെയും ബഹുമാനിക്കുന്നുവെന്നും രണ്‍വീര്‍ വ്യക്തമാക്കി.
”സിനിമയില്‍ ഋഷഭ് കാഴ്ചവച്ച അവിശ്വസനീയമാംവിധമുള്ള പ്രകടനം എടുത്തു കാണിക്കുക എന്നത് മാത്രമായിരുന്നു എന്റെ ഉദ്ദേശ്യം. ആ പ്രത്യേക രംഗം അദ്ദേഹം ചെയ്ത രീതിയില്‍ അവതരിപ്പിക്കാന്‍ എന്തുമാത്രം കഷ്ടപ്പാട് ഉണ്ടെന്ന് എനിക്ക് അറിയാം. അദ്ദേഹത്തോട് എനിക്ക് അങ്ങേയറ്റം ആരാധനയുണ്ട്. നമ്മുടെ രാജ്യത്തെ എല്ലാ സംസ്‌കാരത്തെയും പാരമ്പര്യത്തെയും വിശ്വാസത്തെയും ഞാന്‍ ആഴത്തില്‍ ബഹുമാനിക്കുന്നു.”
”ആരുടെയെങ്കിലും വികാരങ്ങളെ വ്രണപ്പെടുത്തിയിട്ടുണ്ടെങ്കില്‍, ഞാന്‍ ആത്മാര്‍ത്ഥമായി ക്ഷമ ചോദിക്കുന്നു” എന്നാണ് നടന്‍ ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി പങ്കുവച്ചിരിക്കുന്നത്. അതേസമയം, ഗോവയില്‍ നടന്ന രാജ്യാന്തര ചലച്ചിത്രോത്സവത്തിന്റെ സമാപന ചടങ്ങിലാണ് വിവാദത്തിന് ഇടയാക്കിയ സംഭവം നടന്നത്.
ഋഷഭ് ഷെട്ടിയുടെ പ്രകടനത്തെ അഭിനന്ദിക്കുന്നതിനിടെ സിനിമയിലെ ദൈവീക രൂപത്തെ ‘പെണ്‍ പ്രേതം’ എന്നാണ് രണ്‍വീര്‍ സിങ് വിശേഷിപ്പിച്ചത്. ദക്ഷിണേന്ത്യയിലെ തെയ്യം ആരാധനയുമായി ബന്ധപ്പെട്ട ദൈവീക ബിംബത്തെ ‘പെണ്‍പ്രേതം’ എന്ന് പരാമര്‍ശിച്ചത് അനാദരവാണെന്ന് വിമര്‍ശനം ഉയര്‍ന്നു.
കാന്താരയിലെ ഋഷഭിന്റെ പ്രകടനം മോശമായി അവതരിപ്പിച്ചതും വിവാദമായി. ഈ രംഗം അനുകരിക്കുന്നതിന് മുമ്പ് തന്നെ രണ്‍വീര്‍ സിങ്ങിന് ഋഷഭ് ഷെട്ടി മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ അത് അവഗണിച്ച് രണ്‍വീര്‍ വേദിയില്‍ കാന്താരയിലെ രംഗം പുനഃസൃഷ്ടിക്കുകയായിരുന്നു. ദൈവിക രൂപത്തെ അനുകരിക്കുമ്പോള്‍ രണ്‍വീര്‍ ഷൂസ് ധരിച്ചതും വലിയ വിമര്‍ശനത്തിനിടയാക്കിയിരുന്നു.