ജമ്മു കശ്മീരിലെ പെഹല്‍ഗാമിലുണ്ടായ ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്ഥാന്‍ നടന്‍ ഫവാദ് ഖാനും നടി വാണി കപൂറും പ്രധാന വേഷങ്ങളില്‍ എത്തുന്ന ‘അബിര്‍ ഗുലാല്‍’ എന്ന ചിത്രം ബഹിഷ്‌ക്കരിക്കാന്‍ ആഹ്വാനം. ആര്‍തി എസ് ബാഗ്ദിയുടെ സംവിധാനത്തില്‍ ഒരുങ്ങിയ ചിത്രം മെയ് 9ന് ആണ് റിലീസിന് ഒരുങ്ങുന്നത്. 26 പേര്‍ കൊല്ലപ്പെട്ട ഭീകരാക്രമണത്തിന് പിന്നാലെ സിനിമ നിരോധിക്കണമെന്ന ആവശ്യമാണ് ഉയരുന്നത്.
‘അബിര്‍ ഗുലാല്‍ ഇന്ത്യയിലെ ഒരു തിയേറ്ററിലും റിലീസ് ചെയ്യാന്‍ അനുവദിക്കില്ല’ എന്നിങ്ങനെയുള്ള ട്വീറ്റുകളാണ് എക്‌സില്‍ എത്തിക്കൊണ്ടിരിക്കുന്നത്. ഒരു ഇന്ത്യന്‍ പാക് പ്രണയകഥയാണ് ഈ റൊമാന്റിക് ഡ്രാമയില്‍ പറയുന്നത് എന്നാണ് സൂചന. പ്രഖ്യാപനം മുതല്‍ ഈ ചിത്രം വിവാദങ്ങള്‍ക്ക് വഴിവച്ചിട്ടുണ്ട്.
നയതന്ത്ര ബന്ധങ്ങള്‍ വഷളാകുകയും അതിര്‍ത്തിയിലെ സംഘര്‍ഷങ്ങള്‍ വര്‍ദ്ധിക്കുകയും ചെയ്ത പശ്ചാത്തലത്തില്‍ പാകിസ്ഥാന്‍ പൗരനായ ഫവാദ് ഖാന്റെ കാസ്റ്റിംഗ് ചിത്രത്തിനെതിരായ സൈബര്‍ രോഷം ഇരട്ടിപ്പിക്കുകയാണ്. ”ഇന്ത്യന്‍ സിനിമയില്‍ ഇപ്പോഴും പാകിസ്ഥാന്‍ താരങ്ങള്‍ക്ക് പിന്തുണയുണ്ടോ? പാക് നടന്‍ അഭിനയിച്ച സിനിമ ഇനിയും ഇന്ത്യയില്‍ റിലീസ് ചെയ്യുമോ?” എന്നാണ് സോഷ്യല്‍ മീഡിയയില്‍ എത്തിയ ഒരു പോസ്റ്റ്.
അതേസമയം, 2016ല്‍ ഉറി ആക്രമണം നടന്ന സമയത്ത്, ഫവാദ് വേഷമിട്ട ഏ ദില്‍ ഹേ മുശ്കില്‍ എന്ന ചിത്രത്തിനെതിരെ വിവാദങ്ങള്‍ ഉണ്ടായിരുന്നു. തുടര്‍ന്ന് പാക് താരങ്ങള്‍ക്ക് ഇന്ത്യന്‍ സിനിമയില്‍ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. കഴിഞ്ഞ വര്‍ഷം ബോംബൈ ഹൈക്കോടതി പാക് കലകാരന്മാരെ ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നത് വിലക്കണം എന്ന ഹര്‍ജി തള്ളിയിരുന്നു.
അതേസമയം, കൂട്ടക്കൊലയ്ക്ക് ശേഷം രക്ഷപ്പെട്ട തീവ്രവാദികള്‍ക്കായി തെരച്ചില്‍ ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ് പൊലീസ്. പഹല്‍ഗാം, ബൈസരണ്‍, അനന്ത് നാഗ് എന്നീ മേഖലകളില്‍ വിശദമായ പരിശോധന നടക്കുകയാണ്. പഹല്‍ഗാം ആക്രമണത്തിന് പിന്നിലെ സൂത്രധാരന്‍ ലഷ്‌ക്കര്‍ ഇ ത്വയ്ബയുടെ കൊടും ഭീകരന്‍ സൈഫുള്ള കസൂരിയെന്ന് വിവരം. പാകിസ്ഥാനില്‍ ഇരുന്നാണ് ആക്രമണം നിയന്ത്രിച്ചതെന്നുമാണ് വിവരം.