തന്റെ സിനിമാ കരിയറില്‍ നിന്നും ഉണ്ടാക്കിയതിനേക്കാള്‍ പണം തനിക്ക് യൂട്യൂബില്‍ നിന്നും ലഭിക്കുന്നുണ്ടെന്ന് സംവിധായിക ഫറ ഖാന്‍. യൂട്യൂബില്‍ ഏകദേശം 2.5 മില്യണ്‍ ഫോളോവേഴ്‌സ് ഫറയ്ക്ക് ഉണ്ട്. തന്റെ പാചകക്കാരന്‍ ദിലീപിനെ അവതരിപ്പിക്കുന്ന ഫറയുടെ വീഡിയോകള്‍ ശ്രദ്ധ നേടാറുണ്ട്. ബോളിവുഡ് താരങ്ങള്‍ വീഡിയോകളില്‍ അതിഥികളായി എത്താറുമുണ്ട്.
സോഹ അലിഖാനുമായി നടത്തിയ പോഡ്കാസ്റ്റിലാണ് ഫറ സംസാരിച്ചത്. തന്റെ ടീമിന്റെ നിരന്തരമായ നിര്‍ബന്ധ പ്രകാരമാണ് യൂട്യൂബ് ചാനല്‍ ആരംഭിക്കാന്‍ തീരുമാനിച്ചത്. അത് ഭക്ഷണത്തെ കുറിച്ചായിരിക്കണമെന്ന് ആഗ്രഹിച്ചു. യൂട്യൂബ് ചാനല്‍ തുടങ്ങിയതോടെ തന്റെ കരിയറില്‍ സംവിധാനം ചെയ്തപ്പോള്‍ ലഭിച്ച പണത്തേക്കാള്‍ കൂടുതല്‍ സമ്പാദിക്കാനായി എന്നാണ് ഫറ വെളിപ്പെടുത്തിയിരിക്കുന്നത്.
തന്റെ സ്വന്തം ചാനല്‍ ആയതിനാല്‍ ആവിഷ്‌ക്കാര സ്വാതന്ത്ര്യം ഉണ്ടെന്നും ഫറ പറയുന്നുണ്ട്. ഇത് എന്റെ സ്വന്തം ചാനലാണ്, ഒടിടി പ്ലാറ്റ്‌ഫോമോ പ്രൊഡക്ഷന്‍ ഹൗസോ അല്ല, അതുകൊണ്ട് ഈ ഭാഗം കട്ട് ചെയ്യണം എന്നൊന്നും ആരും പറയില്ല. ടിവി ഷോ അല്ലാത്തതിനാല്‍ ഈ അതിഥിയെ മാത്രമേ കൊണ്ടുവരാവൂ എന്നും ആരും പറയില്ല എന്നും ഫറ പറഞ്ഞു.
അതേസമയം, 2024 ഏപ്രിലിലാണ് ഫറ വീഡിയോ ചെയ്യാന്‍ ആരംഭിച്ചത്. ഫറയ്ക്ക് ഇന്‍സ്റ്റഗ്രാമില്‍ 4.5 ദശലക്ഷം ഫോളോവേഴ്സും ഉണ്ട്. തന്റെ സിനിമ നടക്കാതെ വരുകയും ചിലവുകള്‍ വര്‍ധിക്കുകയും ചെയ്തപ്പോഴാണ് യൂട്യൂബ് വീഡിയോ ചെയ്യാന്‍ തുടങ്ങിയതെന്ന് ഒരു പരിപാടിക്കിടെ ഫറ തുറന്നു പറഞ്ഞിരുന്നു.