ഒരു മെറ്റീരിയലിസ്റ്റിന്റെ പ്രണയലേഖനം

പ്രിയപ്പെട്ടവളെ,

ഇന്ന് പ്രണയദിനമാണ്. മാതൃദിനവും പിതൃദിനവുമൊക്കെ പോലെ മറ്റൊന്ന്, അല്ലേ! ആധുനിക നാഗരികത അതിന്റെ നിലനിൽപിനായി നിർമ്മിച്ചെടുത്ത മനുഷ്യബന്ധങ്ങളെ കാല്പനികമായും സുസ്ഥിരമായും ഊട്ടിയുറപ്പിക്കാനുള്ള ആഘോഷ ദിനങ്ങളിലൊന്ന്. മനുഷ്യാധിപത്യ ലോകത്തിൽ അനിവാര്യമായ സാമൂഹികതയെ വിളംബരം ചെയ്യുകയാണ് ഇന്ന് നമ്മൾ. ലോകത്തെല്ലാവരും ഇന്ന് അച്ഛനോ അമ്മയോ ആകുന്നില്ലായിരിക്കാം. കാലം മാറുകയാണല്ലോ. എന്നാൽ പ്രണയമെന്ന ആഗോള പ്രതിഭാസം അത്യധികം വർദ്ധിക്കുന്നതേയുള്ളൂ. പ്രണയിക്കാത്തവരായി ആരുമുണ്ടാകില്ലല്ലോ.

പ്രിയപ്പെട്ടവളേ, നമ്മൾ പരിണാമസിദ്ധാന്തം പഠിച്ചവരല്ലേ! അതിജീവനത്തിനായി സംഘടിച്ചവരല്ലേ നമ്മുടെ പൂർവികർ? പ്രകൃതിയോടും ഇതര ജന്തുക്കളോടും പടവെട്ടി ഇത്രയും ദൂരം വന്നെത്തിയവർ. അങ്ങനെയെങ്കിൽ നമ്മുടെ സാമൂഹിക ജീവിതം ഒരു നിലനിൽപ്പു തന്ത്രം മാത്രമല്ലേ? നമ്മുടേതടക്കമുള്ള പ്രണയവും കുടുംബ ജീവിതവും സൗഹൃദവുമെല്ലാം! ആത്യന്തികമായി മനുഷ്യരെല്ലാം അന്തർമുഖരും ഏകാന്തരുമായ ജീവികൾ ആണെന്നും വന്നുകൂടെ?

അതിജീവന ശ്രമങ്ങളിൽ നമ്മൾക്കിടയിലുള്ള അകലം നേർത്തതായി. ആ കൂട്ടായ്മയുടെ ശക്തിയാൽ നമ്മൾ ഹോമോസാപ്പിയനുകൾ പല മനുഷ്യ സ്പീഷീസുകളെ പോലും നാമാവശേഷമാക്കി. ഒടുവിൽ സർവ്വതിനേയും കീഴടക്കി എന്ന് നാം അഹങ്കരിച്ച കാലത്ത് നമ്മൾ നമുക്കിടയിൽ തന്നെ വിഭജനങ്ങൾ നിർമിച്ചു. അപരവത്കരണ സിദ്ധാന്തം നാം നമുക്കിടയിൽ തന്നെ പ്രയോഗിച്ചു തുടങ്ങി. നിറം, ഭാഷ, ദേശം തുടങ്ങി അനേകം വ്യത്യാസങ്ങൾ നാം നമുക്കിടയിൽ നിർമ്മിച്ചെടുത്തു. കാലാന്തരത്തിൽ രാജ്യങ്ങളും രാജ്യാതിർത്തികളുമുണ്ടായി.

നാടുകൾക്കും വീടുകൾക്കും അതിർത്തിരേഖകൾ കുറിക്കപ്പെട്ടു. വീടുകൾ കതകിട്ട മുറികളായി വേർതിരിക്കപ്പെട്ടു. മനുഷ്യവംശത്തിന്റെ ഒടുങ്ങാത്ത വിഭജനങ്ങൾ അവനവനെ പോലും ശിഥിലമാക്കുന്ന ഒരു കാലത്താണ് നാമുള്ളത്. ഓരോ മനുഷ്യനും മൂർച്ചയേറിയ ആയുധമായി സ്വയം പരിവർത്തിപ്പിക്കപ്പെടുന്ന ഈ കാലത്ത് ചിതറിയ മനുഷ്യവംശത്തെ ചേർത്തു നിർത്താനുള്ളള്ള ഒരു വിഫലശ്രമായി ഇത്തരം ദിനങ്ങളെ നാം അത്രമേൽ വിചിത്രമായി കൊണ്ടാടുന്നു. കവിതകളെ ശ്വാസമായി കരുതുന്ന നിനക്കായി ഞാൻ മൊഴിമാറ്റിയ ഒരു കവിത കൂടി ഇവിടെ ചേർക്കുകയാണ്.

വംശനാശ മുനമ്പിലെ മനുഷ്യവംശം
– ചാൾസ് ബുക്കോവ്സ്കി

” ഇതുപോലെ ജനിച്ചു.
ഇതിനകത്തേക്ക്.
മരമുഖങ്ങൾ പുഞ്ചിരിക്കും പോലെ,
ശ്രീമതി മരണം പൊട്ടിച്ചിരിക്കും പോലെ.
യന്ത്രഗോവണികൾ തകരും പോലെ.
രാഷ്ട്രീയ ഭൂമികകൾ ബലഹീനമാകും പോലെ.
കടയിലെ എടുത്തുകൊടുപ്പുകാർ ബിരുദധാരികളാകുമ്പോൾ,
എണ്ണമയമാർന്ന മത്സ്യം എണ്ണമയമാർന്ന ഇരയെ തുപ്പുമ്പോൾ
സൂര്യൻ മുഖം മൂടിയണിഞ്ഞതു പോലെ,
ഞങ്ങൾ ഇതുപോലെ ജനിച്ചു.
ഇതിലേക്ക്,
ശ്രദ്ധയാർന്നൊരീ ഭ്രാന്തൻ യുദ്ധങ്ങളിലേക്ക്.
തകർന്ന തൊഴിൽശാലാ ജാലകങ്ങളുടെ ശൂന്യമായ കാഴ്ചയിലേക്ക്.
മനുഷ്യർ പരസ്പരം ഉരിയാടാത്ത
മദ്യശാലകളിലേക്ക്.
വെടിവയ്പും കത്തിക്കുത്തുമായവസാനിക്കുന്ന
മുഷ്ടിയുദ്ധങ്ങളിലേക്ക്.
മരണം കേവലമാകയാൽ
ചെലവേറിയ ആശുപത്രികളിലേക്ക്.
കുറ്റസമ്മതം തുച്ഛമാകയാൽ
അമിതലാഭമീടാക്കുന്ന അഭിഭാഷകരിലേക്ക്.
തടവറകൾ നിറഞ്ഞതും
ഭ്രാന്താശുപത്രികൾ അടഞ്ഞു കിടക്കുന്നതുമായ
ഒരു രാജ്യത്തേക്ക്.
വിഡ്ഢികളെ ധനിക നായകരാക്കി
ഉയർത്തുന്ന ജനസാമാന്യമുള്ളിടത്തേക്ക്.
ഇതിലേക്ക് ജനിച്ചു,
ഇതിലൂടെ നടക്കുകയും ജീവിതം
തുടരുകയും ചെയ്യുന്നു.
ഇതിനാൽ മരിച്ചു വീഴുന്നു.
ഇതിനാൽ നിശ്ശബ്ദരാക്കപ്പെടുന്നു.
വരിയുടക്കപ്പെടുന്നു.
നെറികെടുന്നു.
നിരാകരിക്കപ്പെടുന്നു.
ഇതിലൂടെ തന്നെ
ഇതിനാൽ വഞ്ചിതരായി,
ഇതിനാൽ ഉപയോഗിക്കപ്പെട്ട്,
ഇതിനാൽ അസ്വസ്ഥമാക്കപ്പെട്ട്,
ഇതിനാൽ ഭ്രാന്തനും രോഗിയുമാക്കപ്പെട്ട്,
അക്രമാസക്തമായിത്തീർന്ന്,
മനുഷ്യത്വരഹിതമായിത്തീർന്ന്.
ഇതിലൂടെ തന്നെ.
ഹൃദയം ഇരുണ്ടുപോയി.
വിരലുകൾ കഴുത്തിനുമേലെത്തുന്നു.
തോക്ക്,
കത്തി,
സ്ഫോടക വസ്തു.
വിരലുകൾ പ്രതികരിക്കാനൊരു
ദൈവത്തെ തിരയുന്നു.
വിരലുകൾ മദ്യക്കുപ്പി തിരയുന്നു.
മയക്കുമരുന്നും
മയക്കുപൊടിയും.
ദു:ഖാർദ്രമായ ഈ അന്ത്യനേരത്താണു നാം ജനിച്ചത്,
അറുപതു വർഷങ്ങളുടെ കടബാദ്ധ്യതയുള്ളൊരു ഭരണ സംവിധാനത്തിലേക്കാണു നാം ജനിച്ചത്,
ആ കടങ്ങളുടെ പലിശ നൽകാനുള്ള ശേഷി പോലും ഉടനില്ലാതാകും.
ധനകാര്യസ്ഥാപനങ്ങൾ കത്തിയമരും.
പണം ഉപയോഗശൂന്യമാകും.
തെരുവിൽ നഗ്നവും ശിക്ഷാരഹിതവുമായ
കൊലകൾ അരങ്ങേറും.
അത് തോക്കുകളും അലറിവിളിക്കുന്ന ആൾക്കൂട്ടവുമായിത്തീരും.
നിലം ഉപയോഗശൂന്യവുമാകും.
ആഹാരം നശിച്ചു തീരുന്ന ഒരു വരമായിത്തീരും.
ആണവോർജം അനേകരാൽ
പങ്കുവെയ്ക്കപ്പെടും.
സ്ഫോടനങ്ങൾ നിരന്തരം ഭൂമിയെ വിറപ്പിക്കും.
വികിരണബാധിതരായ മനുഷ്യയന്ത്രങ്ങൾ പരസ്പരം പിൻതുടരും.
സമ്പന്നരും തിരഞ്ഞെടുക്കപ്പെട്ടവരും
ബഹിരാകാശ കേന്ദ്രങ്ങളിൽ
നിന്നതു കാണും.
ഡാൻ്റേയുടെ ‘ഇൻഫേർണോ’ കുട്ടികളുടെ കളിസ്ഥലമായി മാറും.
സൂര്യനെ കാണുകയുണ്ടാവില്ല.
സർവ്വനേരവും രാത്രിയായിരിക്കും.
മരങ്ങൾ മരിച്ചു പോകും.
എല്ലാ സസ്യജാലങ്ങളും
മരിച്ചുതീരും.
വികിരണബാധിതരായ മനുഷ്യർ വികിരണബാധിതരായ മനുഷ്യരുടെ
മാംസം ഭക്ഷിക്കും.
സമുദ്രം വിഷമയമായിരിക്കുംം
തടാകങ്ങളും നദികളും
അപ്രത്യക്ഷമാകും.
‘മഴ’ സ്വർണ്ണത്തെ പകരം വെയ്ക്കും.
ഇരുണ്ട കാറ്റിൽ, ഇരുകാലികളുടേയും ഇതര ജന്തുക്കളുടേയും
ദേഹം ചീഞ്ഞ ഗന്ധം വമിക്കും.
അതിജീവിച്ച അവസാന മനുഷ്യരെ
ആധുനികവും അതി മാരകവുമായ
രോഗങ്ങൾ കീഴ്‌പ്പെടുത്തും.
ബഹിരാകാശ കേന്ദ്രങ്ങൾ തേഞ്ഞുരഞ്ഞ് നശിച്ചു തീരും.
വിഭവങ്ങളുടെ ഇല്ലാതാവൽ
സർവ്വനാശത്തിന്റെ സ്വാഭാവികമായ
പ്രത്യാഘാതങ്ങൾ.
പിന്നെ ഒരിക്കലും കേട്ടിട്ടില്ലാത്ത
തരം മനോഹരമായ നിശ്ശബ്ദതയുണ്ടാകും.
അതിൽ നിന്നും ജനനമുണ്ടാകുന്നു.
സൂര്യൻ അപ്പോഴും അവിടെ മറഞ്ഞിരിക്കുകയാണ്.
അടുത്ത അദ്ധ്യായത്തെ കാത്ത് ”

പ്രിയേ നീയറിയുന്നില്ലേ,
സർവ്വം തകരാനിരിക്കുകയാണ്. നിപ്പയും കൊറോണയും പ്രളയവും അത്രമാത്രം ഹ്രസ്വമായ ഇടവേളകളിൽ,നമ്മെയാക്രമിക്കുന്ന ഈ കാലത്തും! നീ അറിയുന്നില്ലേ? വംശനാശത്തിന്റെ ആത്മഹത്യാമുനമ്പാണിത്. അവസാന വിജയം നേടുക മനുഷ്യരായിരിക്കില്ല.
പ്രകൃതിയായിരിക്കും.! പ്രപഞ്ചമാണ് നിത്യസത്യം! നാം നിസ്സാരരായ മനുഷ്യരും. നമുക്കു മാത്രം മനസ്സിലാക്കാനാകുന്നതെന്ന് നാം വമ്പുപറയാറുള്ള റൂമിയുടെ ആ വരി തന്നെ പറഞ്ഞു നിർത്തുന്നു. “ഹൃദയത്തിൽ നിന്നും ഹൃദയത്തിലേക്കൊരു ജാലകമുണ്ടെന്നവർ പറയുന്നു. ചുവരുകളില്ലാത്തിടത്തെങ്ങനെയാണ് ജാലകമുണ്ടാകുന്നത്?”

-സനൽ ഹരിദാസ്

ചിത്രം കടപ്പാട്: ബിൽ ജോനാസ് (ലവ് ഇൻ ഡിസ്റ്റോപ്പിയ എന്ന ഡിജിറ്റൽ കലാസൃഷ്ടി)

Latest Stories

'തദ്ദേശ തിരഞ്ഞെടുപ്പ് വിജയിച്ചതിനാല്‍ എല്ലാം ആയി എന്ന വിചരാമില്ല, യുഡിഎഫ് അടിത്തറ വിപുലീകരിക്കും'; വിശാലമായ രാഷ്ട്രീയ പ്ലാറ്റ്ഫോമാകുമെന്ന് വിഡി സതീശൻ

'അതിജീവിത കഴിഞ്ഞാല്‍ അടുത്തത് നീ'; പള്‍സര്‍ സുനിയുടെ വിഡിയോ, വിമര്‍ശനം ഉയര്‍ന്നപ്പോള്‍ കമന്റ് ബോക്‌സ് ഓഫ്

നടിയെ ആക്രമിച്ച കേസില്‍ അതിവേഗ അപ്പീല്‍ നീക്കവുമായി സര്‍ക്കാര്‍; ഹൈക്കോടതിയിലേക്കുള്ള നടപടികള്‍ ഇന്ന് തന്നെ തുടങ്ങും

'തദ്ദേശ തിരഞ്ഞെടുപ്പിൽ യുഡിഎഫിന് ലഭിച്ചത് ചരിത്ര വിജയം, ബിജെപിയെ അകറ്റിനിർത്താൻ സിപിഐഎമ്മുമായി ധാരണ ഒന്നും ആലോചിക്കുന്നില്ല'; രമേശ് ചെന്നിത്തല

ഇരുട്ടിന്റെ മേൽ പണിത ഡാറ്റാ നഗരം

മദ്യപിച്ച് വാഹനമോടിച്ച് അപകടം; പൊലീസുകാരനും സിനിമാതാരവുമായ ശിവദാസിനെതിരെ കേസ്

തദ്ദേശ തിരഞ്ഞെടുപ്പിലെ ഫലം പ്രതീക്ഷിക്കാത്ത തിരിച്ചടി, തെറ്റുകൾ ഉണ്ടെങ്കിൽ തിരുത്തും'; ശക്തമായി തിരിച്ചു വരുമെന്ന് ബിനോയ് വിശ്വം

ഹോംവർക്ക് ചെയ്തില്ല, മൂന്നാം ക്ലാസുകാരന് അധ്യാപകന്റെ ക്രൂര മര്‍ദ്ദനം; സംഭവം ഒതുക്കി തീർക്കാൻ സ്‌കൂള്‍ അധികൃതരുടെ ശ്രമമെന്ന് പിതാവ്

എറണാകുളം ശിവക്ഷേത്രോത്സവത്തിന്‍റെ കൂപ്പണ്‍ വിതരണ ഉദ്ഘാടനത്തിന് ദിലീപ്; പ്രതിഷേധം കനത്തതോടെ പരിപാടിയിൽ നിന്ന് ഒഴിവാക്കി

‘പത്തനംതിട്ട വിട്ടു പോകരുത്, രാഹുൽ മാങ്കൂട്ടത്തിലിന് അന്വേഷണ സംഘത്തിന്റെ കർശന നിർദേശം; ഹൈക്കോടതി തീരുമാനത്തിന് ശേഷം ചോദ്യം ചെയ്യൽ