രാമകൃഷ്ണൻെറ കറുപ്പും സത്യഭാമയുടെ കന്മഷവും

സെബാസ്റ്റ്യൻ പോൾ

ജാതിപ്പേരു വിളിച്ച് അധിക്ഷേപിച്ച കുറ്റത്തിന് ജാമ്യമില്ലാതെ ജയിലിലായ പ്രതിക്ക് അഡ്വക്കേറ്റ് ജനാർദ്ദനക്കുറുപ്പ് ഹൈക്കോടതിയിൽനിന്ന് ജാമ്യം നേടിക്കൊടുത്തത് കൊതുമ്പുവള്ളം തുഴഞ്ഞുവരും കൊച്ചുപുലക്കള്ളി എന്ന പാട്ട് ജഡ്ജിയെ ഈണത്തിൽ പാടിക്കേൾപ്പിച്ചുകൊണ്ടായിരുന്നു. കറുത്ത പെണ്ണിനെക്കുറിച്ചും കാക്കക്കറുമ്പികളെക്കുറിച്ചും വയലാർ എഴുതിയപ്പോഴൊക്കെ മലയാളികൾ രാഗവായ്പോടെ കേട്ടുനിന്നു. കറുപ്പ് നമുക്കെന്നും അഴകായിരുന്നു. സുരഭിലമായ ആ നാളുകളിൽ പടർത്തിയ കാളിമയാണ് സത്യഭാമ എന്ന അഭിനവ മോഹിനിയുടെ കാലുഷ്യം കലർന്ന വാക്കുകൾ. രാമകൃഷ്ണൻെറ നിറമാണ് സത്യഭാമയുടെ പ്രശ്നം.  നിറമല്ല,​ ജാതിയാണ് പ്രശ്നം. കാക്കയെപ്പോലെ കറുത്ത രാമകൃഷ്ണനെ കണ്ടാൽ പെറ്റ തള്ളയും സഹിക്കില്ലെന്നാണ് സത്യഭാമ പറഞ്ഞത്. കാക്കയ്ക്കും തൻകുഞ്ഞ് പൊൻകുഞ്ഞെന്നാണ് നാട്ടുമൊഴി. സത്യഭാമ പ്രസവിച്ചിട്ടുണ്ടോ എന്നറിയില്ല. ഉണ്ടെങ്കിൽ രാമകൃഷ്ണൻെറ അമ്മയെ മാത്രമല്ല പ്രസവിച്ച എല്ലാ സ്ത്രീകളെയും അവഹേളിക്കുന്ന പ്രസ്താവന അവർ നടത്തില്ലായിരുന്നു.

അവകാശങ്ങൾ സമൃദ്ധമായി പ്രതിപാദിക്കുന്ന ഭരണഘടനയിൽ പരാമർശിക്കുന്ന ഏക കുറ്റം ജാതി വിവേചനമാണ്. പ്രായത്തെ അടിസ്ഥാനമാക്കി  ലഘൂകരിക്കാവുന്ന കുറ്റമല്ല സത്യഭാമ നടത്തിയത്. അവരുടെ മ്ളേച്ഛമായ പരാമർശം ഭരണഘടനയ്ക്കെതിരെയുള്ളതാണ്. അതുകൊണ്ട് 66 വയസ് എന്ന പരിഗണനയില്ലാതെ നിലവിലുള്ള നിയമം സത്യഭാമയ്ക്കെതിരെ പ്രയോഗിക്കപ്പടണം.

സാന്ദർഭികമായി നടത്തിപ്പോയ പരാമർശമല്ല സത്യഭാമയുടേത്. കരുതിക്കൂട്ടിയുള്ള ജാതീയ  അധിക്ഷേപമാണ് രാമകൃഷ്ണനെതിരെ ഉണ്ടായത്. ഒരു  വൃദ്ധനർത്തകിയുടെ അബോധജല്പനമായി ഈ വൃത്തികേടിനെ തള്ളിക്കളയാനാവില്ല.

കവികൾ പാടിപ്പുകഴ്ത്തുമ്പോഴും കറുപ്പിനോടുള്ള വെറുപ്പ് ചരിത്രത്തിൻെറ ഭാഗമായി തുടർന്നു. ആര്യൻ ആധിപത്യം വിളംബരം ചെയ്യുന്നതിന് ഹിറ്റ്ലർ നടത്തിയ ഒളിമ്പിക്സിൽ അദ്ദേഹം കറുപ്പിനെ കൈകാര്യം ചെയ്ത രീതി കുപ്രസിദ്ധമാണ്. അവിശ്വസിനീയമായ നിലയിൽ മെഡലുകൾ സമ്പാദിച്ച ജെസി ഒവൻസ് എന്ന ആഫ്രോ- അമേരിക്കൻ താരത്തിന് മെഡൽ ചാർത്തിക്കൊടുക്കാനോ അദ്ദേഹത്തെ അഭിനന്ദിക്കാനോ ഹിറ്റ്ലർ തയാറായില്ല. വെളുപ്പിൽ അഭിരമിച്ച ഹിറ്റ്ലറിന് വെള്ളയടിച്ച കുഴിമാടംപോലും സ്വന്തമാക്കാൻ കഴിഞ്ഞില്ല. കറുത്ത മുത്തുകൾ ചരിത്രത്തിൻെറ വിഹായസിൽ ജ്വലിച്ചു നിൽക്കുന്നു. അതുകൊണ്ട് രാമകൃഷ്ണാ,​ താങ്കൾ അധീരനാകരുത്. കാലം താങ്കൾക്കൊപ്പമാണ്. നടനത്തിലാണ് താങ്കളുടെ സൗന്ദര്യം എന്നു തിരിച്ചറിയുക.

ചാതുർവർണ്യത്തിൻെറ ശിരസ് തകർത്ത അംബേദ്കർ സ്വന്തം ഭരണഘടനയിലൂടെ എത്ര വലിയ വിപ്ളവമാണ് നടത്തിയതെന്ന് ഈ എഴുപത്തിയഞ്ചാം വർഷത്തിലും സത്യഭാമമാർ നമ്മെ ഓർമിപ്പിക്കുന്നു. ഭരണഘടനയ്ക്കെതിരെയുള്ള ഭരണകൂടത്തിൻെറ നീക്കങ്ങൾ ദുർമോഹിനികളുടെ മാനവവിരുദ്ധമായ മോഹങ്ങൾക്കുവേണ്ടിയുള്ളതാണ്. മോഹങ്ങൾ പൂവണിയുകയും മനുസ്മൃതി പുനരാവിഷ്കരിക്കപ്പെടുകയും ചെയ്യുമ്പോൾ കറുപ്പ് പുറത്താകും. വർണാധിഷ്ഠിതലോകത്ത് മണിയും വിനായകനും രാമകൃക്ണനും ബഹിഷ്കൃതരാകും. ■

Latest Stories

ആശ ബെന്നിയുടെ ആത്മഹത്യ; പ്രതിയായ റിട്ട. പൊലീസ് ഉദ്യോഗസ്ഥന്റെ മകൾ ദീപ അറസ്റ്റിൽ

'ആൾക്കൂട്ടങ്ങളിൽ ഇരുന്ന് സ്ത്രീകളെ കുറിച്ച് ആഭാസം പറഞ്ഞ് ഇളിഭ്യച്ചിരി ചിരിക്കുന്ന ഒരുത്തൻ, തുറന്ന് കാട്ടിത്തന്നത് നിങ്ങളുടെ ചങ്കുകൾ തന്നെ'; രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഹണി ഭാസ്കരൻ

ASIA CUP 2025: സഞ്ജു ഇല്ലാതെ എന്ത് ടീം, അവൻ ഉറപ്പായും കളിക്കും: സുനിൽ ഗവാസ്കർ

സഞ്ജു സാംസൺ ബെഞ്ചിൽ ഇരിക്കും, ബിസിസിഐ ആ താരത്തിനെ മുൻപിലേക്ക് കൊണ്ട് വരാനാണ് ശ്രമിക്കുന്നത്: ആർ അശ്വിൻ

അശ്ലീല സന്ദേശങ്ങളും സ്റ്റാര്‍ ഹോട്ടലിലേക്ക് ക്ഷണവും; ജനപ്രതിനിധിയായ യുവ നേതാവിനെതിരെ ഗുരുതര ആരോപണവുമായി യുവ നടി

മകളുടെ കൈപിടിച്ച് വിവാഹവേദിയിലേക്ക്; ആര്യയും സിബിനും വിവാഹിതരായി

ഏകദിന റാങ്കിംഗിൽ നിന്ന് കോഹ്‌ലിയുടെയും രോഹിത്തിന്റെയും പേരുകൾ ഒഴിവാക്കിയ സംഭവം; മൗനം വെടിഞ്ഞ് ഐസിസി

ഏകദിന ബാറ്റർമാരുടെ റാങ്കിംഗിൽ നിന്ന് കോഹ്‌ലിയുടെയും രോഹിത്തിന്റെയും പേരുകൾ നീക്കം ചെയ്തു!

അഫ്ഗാനിസ്ഥാനിൽ ബസ് അപകടം; പതിനേഴ് കുട്ടികളടക്കം 76 പേർ മരിച്ചു

പ്രതിപക്ഷ സര്‍ക്കാരുകളെ അട്ടിമറിക്കാന്‍ ലക്ഷ്യംവെച്ചുള്ള വിവാദ ബില്ല് ലോക്‌സഭയില്‍ അവതരിപ്പിച്ച് അമിത് ഷാ; ബില്ല് കീറി അമിത് ഷായ്ക്ക് നേരെയെറിഞ്ഞ് പ്രതിപക്ഷം; മുമ്പ് അറസ്റ്റിലായ അമിത് ഷാ രാജിവെയ്ക്കുമോയെന്ന് ചോദ്യം