മുണ്ട'ക്കയ'ത്തില്‍ വീഴാതെ സോളറിലെ ഉപകഥാപാത്രങ്ങള്‍

സെബാസ്റ്റ്യന്‍ പോള്‍

മഹായുദ്ധങ്ങള്‍ക്ക് തുടക്കവും ഒടുക്കവുമുണ്ട്. ഒന്നുകില്‍ തോല്‍വിയില്‍ അല്ലെങ്കില്‍ സംസാരത്തില്‍ ആണ് എല്ലാം അവസാനിക്കുന്നത്. സന്ധിസംഭാഷണത്തിന് ദൂതനും മദ്ധ്യസ്ഥനും വേണം. 2013ലെ സോളര്‍ ഉപരോധസമരം എങ്ങനെ അവസാനിക്കുമെന്ന് ഒരു നിശ്ചയവും ഇല്ലായിരുന്നു. എല്‍ഡിഎഫിന്റെ അനിശ്ചിതകാല സെക്രട്ടേറിയറ്റ് ഉപരോധം പ്രതീക്ഷയില്‍ കവിഞ്ഞ വിജയമായിരുന്നു. കേരളത്തിന്റെ എല്ലാ ഭാഗങ്ങളില്‍നിന്നും ഉപരോധത്തില്‍ പങ്കെടുക്കാന്‍ ആളുകള്‍ ഒഴുകിയെത്തുകയായിരുന്നു. ശരീരത്തിന്റെ ആവശ്യങ്ങള്‍ നിറവേറ്റാന്‍പോലും സൗകര്യമില്ലാതെ അത്രയും ആളുകളെ അവിടെ എങ്ങനെ നിലനിര്‍ത്തും. നിയന്ത്രിക്കാന്‍ കഴിയാത്ത ആള്‍ക്കൂട്ടത്തില്‍ കടന്നുകൂടിയിട്ടുള്ള അപകടകാരികള്‍ ഏതു സമയവും ദുരന്തത്തിനു കാരണമാകും. സര്‍ക്കാരാണെങ്കില്‍ സെക്രട്ടേറിയറ്റിനു നീണ്ട അവധി നല്‍കിക്കൊണ്ടാണ് ഉപരോധത്തെ പ്രതിരോധിച്ചത്.  അതുകൊണ്ട് ഉപരോധം അവസാനിപ്പിക്കുകയെന്നത് തുടക്കത്തിലേ പിണറായി വിജയന്‍ എടുത്ത തീരുമാനമായിരുന്നു. അത് ആഭ്യന്തരമന്ത്രിയായിരുന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ അറിയിക്കുകയെന്ന ദൗത്യമാണ് ജോണ്‍ ബ്രിട്ടാസിന് കിട്ടിയത്.

തിരുവഞ്ചൂരിനെയെന്നല്ല ഉമ്മന്‍ ചാണ്ടിയെയും നേരിട്ട് വിളിക്കുന്നതിന് സ്വാതന്ത്ര്യമുള്ള ബ്രിട്ടാസിന് ഇക്കാര്യത്തില്‍ ജോണ്‍ മുണ്ടക്കയത്തിന്റെ സഹായം ആവശ്യമില്ല. പ്രതിപക്ഷത്തിന്റെ സന്ദേശവാഹകന്‍ മനോരമ ലേഖകന്റെ കൂട്ടുപിടിച്ച് രഹസ്യം പരസ്യമാക്കാന്‍ അവസരമുണ്ടാക്കുമോ? അതുകൊണ്ട് മുണ്ടക്കയത്തിന്റെ വെളിപ്പെടുത്തല്‍ ബ്രിട്ടാസ് ആരോപിച്ചതുപോലെ അദ്ദേഹത്തിന്റെ ഭാവന മാത്രമാകണം. തിരുവഞ്ചൂര്‍, ബ്രിട്ടാസ്, ചെറിയാന്‍, പ്രേമചന്ദ്രന്‍ എന്നിങ്ങനെ പരാമര്‍ശിതര്‍ എല്ലാവരും നിഷേധിച്ചതോടെ ജോണ്‍ മുണ്ടക്കയത്തിന്റെ വെളിപ്പെടുത്തലിന് പ്രതികരണത്തിനുള്ള അവസരം നല്‍കാന്‍പോലും ആയുസ്സുണ്ടായില്ല.

വൈദ്യന്‍ കല്പിച്ചതും രോഗി ഇച്ഛിച്ചതും പാല്‍ എന്ന അവസ്ഥയില്‍ ഉപരോധം എത്തിനില്‍ക്കുമ്പോഴാണ് ബ്രിട്ടാസിന് ദൂതന്റെ റോള്‍ കിട്ടിയത്. ഉപരോധം അവസാനിപ്പിക്കുന്നതിനുള്ള ഉപാധി ഉമ്മന്‍ ചാണ്ടിക്ക് സ്വീകാര്യമായി. ഉപരോധത്തിനു വിധേയനായ മുഖ്യമന്ത്രിയും ഉപരോധത്തിന്റെ ഉപജ്ഞാതാവായ പാര്‍ട്ടി സെക്രട്ടറിയും നേരിട്ട് സംസാരിക്കുകപോലും ചെയ്യാതെ ഉപരോധം അവസാനിച്ചു. ബേക്കറി ജങ്ഷനിലെ പ്രസംഗത്തിനുശേഷം കന്റോണ്‍മെന്റ്‌ ഗേറ്റില്‍ ഞാനെത്തിയപ്പോള്‍ ജനം പിരിഞ്ഞു കഴിഞ്ഞിരുന്നു. എല്ലാവരും അത്ര മുട്ടി നില്‍ക്കുകയായിരുന്നു എന്നര്‍ത്ഥം. സമരം പിന്‍വലിച്ചതറിയാതെ ആവേശപൂര്‍വം പ്രസംഗിച്ച തോമസ് ഐസക് തന്റെ പ്രതിഷേധം പിന്നീട് പരസ്യമായി പ്രകടിപ്പിച്ചിട്ടുണ്ട്.

ഒത്തുതീര്‍പ്പിന് ഇരുകൂട്ടരും സന്നദ്ധമാവുകയും ആരാദ്യം പറയുമെന്ന പ്രതിസന്ധിക്ക് പിണറായി വിജയന്‍തന്നെ പരിഹാരമുണ്ടാക്കുകയും ചെയ്തതിനുശേഷം എന്താണ് ഇനി വെളിപ്പെടുത്താനുള്ളത്. സാങ്കല്പികമായ ഭവിഷ്യത്തുകളെയോര്‍ത്ത് ഭയപ്പെടുന്ന ബ്രിട്ടാസ് ദൗത്യനിര്‍വഹണത്തിന് തന്റെ സഹവാസിയായ ചെറിയാന്‍ ഫിലിപ്പിന്റെ ഫോണ്‍ ഉപയോഗിച്ചിട്ടുണ്ടാകാം. ചെറിയാന്റെ നംപര്‍ പരിചിതമാകയാല്‍ തിരുവഞ്ചൂര്‍ അതിലേക്ക് തിരിച്ചുവിളിച്ചിട്ടുണ്ടാകാം. അത്തരം വിശദാംശങ്ങള്‍ അപ്രസക്തമാകുംവിധം സോളര്‍ കേസ്തന്നെ അപ്രസക്തമായിരിക്കുന്നു. പ്രസക്തിയില്ലാത്ത കാര്യങ്ങള്‍ കൊച്ചുവെളുപ്പാന്‍കാലത്ത് തപ്പിയെടുത്ത് വിവാദത്തിന്റെ മേമ്പൊടി ചേര്‍ത്ത് അവതരിപ്പിക്കുന്ന ശീലം ചാനലുകള്‍ക്കുണ്ട്. വിവാദം എന്ന വാക്ക് ആവര്‍ത്തിച്ചതുകൊണ്ട് ഒന്നും വിവാദമാകുന്നില്ല.

ഉപരോധം പിന്‍വലിച്ച നടപടിയെ ചന്ദ്രശേഖരന്‍ വധക്കേസുമായി ബന്ധിപ്പിക്കുന്നതിനുള്ള ഹീനശ്രമം ഇതിനിടയിലുണ്ടായി. എന്തിലും ഡീലും അന്തര്‍ധാരയും കണ്ടെത്തുന്ന സ്വഭാവം വി ഡി സതീശന്‍ ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസുകാര്‍ക്കുണ്ട്. ബിജെപി നേതാവ് കെ സുരേന്ദ്രന്‍ മാത്രമാണ് അങ്ങനെയൊന്ന് മുട്ടിച്ചുനോക്കാന്‍ ശ്രമം നടത്തിയത്. ടിപി വധക്കേസിലെ പ്രതികളെ ശിക്ഷിക്കുകയും വിചാരണക്കോടതി വിട്ടയച്ച പ്രതികളെക്കൂടി ഹൈക്കോടതി ശിക്ഷിക്കുകയും ചെയ്തതിനുശേഷം നിലനിര്‍ത്താന്‍ കഴിയുന്നതല്ല ഈ ആരോപണം.

വര്‍ത്തമാനകാലസംഭവങ്ങള്‍ മാത്രമല്ല കഴിഞ്ഞകാലകാര്യങ്ങളും മാധ്യമപ്രവര്‍ത്തകരുടെ ശ്രദ്ധയ്ക്ക് വിഷയമാകേണ്ടതുണ്ട്. തന്റെ സോളര്‍ ഓര്‍മ്മക്കഥയിലേക്ക് ജനശ്രദ്ധ ആകര്‍ഷിക്കുന്നതിനുള്ള ശ്രമം എന്നതിനപ്പുറം ജോണ്‍ മുണ്ടക്കയത്തിന്റെ വെളിപ്പെടുത്തലിന് വെളിപ്പെടുത്തലിന്റെ സ്വഭാവമില്ല. ജോണ്‍ ബ്രിട്ടാസിനും ചെറിയാന്‍ ഫിലിപ്പിനും തിരുവഞ്ചൂര്‍ രാധാകൃഷ്ണനോട് സംസാരിക്കുന്നതിന് ജോണ്‍ മുണ്ടക്കയത്തിന്റെ ഇടനില ആവശ്യമില്ലെന്നിരിക്കേ അറിയേണ്ടത് ആരാദ്യം ആരുടെ ഫോണില്‍ വിളിച്ചു എന്നതു മാത്രമാണ്. അത് അന്നും ഇന്നും അപ്രസക്തമായ അറിവാണ്. ഉപരോധം തുടങ്ങുന്നതിനുമുമ്പേ ആഭ്യന്തരമന്ത്രിയുമായി തങ്ങള്‍ സമ്പര്‍ക്കത്തിലായിരുന്നു എന്ന് ചെറിയാന്‍ പറഞ്ഞതിനുശേഷം ആരാദ്യം എന്ന ചോദ്യത്തിന് അര്‍ത്ഥമില്ല. എന്തെങ്കിലും പാളിച്ചയുണ്ടായി കോള്‍ ലിസ്റ്റ് പരിശോധിക്കേണ്ടിവന്നാല്‍ തന്റെ നംപര്‍ കാണരുതെന്ന ജാഗ്രതയില്‍ ചെറിയാന്‍ ഫിലിപ്പിന്റെ ഫോണ്‍ ബ്രിട്ടാസ് ഉപയോഗിച്ചിരിക്കാന്‍ ഇടയുണ്ട്. തിരുവഞ്ചൂര്‍ കരുതലിന്റെ ഭാഗമായി ബ്രിട്ടാസിനെ ചെറിയാന്റെ ഫോണില്‍ വിളിച്ചിരിക്കാനും ഇടയുണ്ട്. അപ്രകാരമുള്ള പ്രയോജനരഹിതമായ അനുമാനങ്ങള്‍ക്കപ്പുറം എന്തു വിവാദമാണ് ഈ വെളിപ്പെടുത്തലിനുള്ളത്?

മാലി സ്ത്രീകളെ ചാരക്കേസ് എന്ന വലയില്‍ കുടുക്കി അപമാനിക്കുകയും അപകടത്തിലാക്കുകയും ചെയ്ത തിരുവനന്തപുരത്തെ അപസര്‍പ്പകകര്‍ത്താക്കളില്‍ പ്രധാനിയായിരുന്ന ജോണ്‍ മുണ്ടക്കയം മലയാള മനോരമയിലെ ഉദ്യോഗം അവസാനിച്ചതിനുശേഷം ആത്മസ്തുതിക്കായി ആര്‍ക്കും നേരിട്ടോ അല്ലാതെയോ ഉപദ്രവമില്ലാത്ത ഒരു വെളിപ്പെടുത്തല്‍ നടത്തി എന്നേയുള്ളു. മനോരമയ്ക്കുപോലും കത്തിച്ചുവിടാന്‍ മാത്രം ജ്വലനശേഷിയുള്ളതായില്ല മുണ്ടക്കയത്തിന്റെ വെളിപ്പെടുത്തല്‍. അനിശ്ചിതകാല സെക്രട്ടേറിയറ്റ് ഉപരോധം ലക്ഷ്യം കാണാതെ അവസാനിപ്പിച്ചതാര് എന്ന ചോദ്യത്തിന് ഉത്തരം ഒന്നേയുള്ളു- പിണറായി വിജയന്‍. എന്തിന് എന്ന ചോദ്യത്തിനുള്ള ഉത്തരം ആര്‍ക്കെങ്കിലും വെളിപാടായോ വെളിപ്പെടുത്തലായോ നല്‍കാവുന്നതാണ്.

Latest Stories

CRICKET RECORDS: ഇന്നലെ ഇന്ത്യൻ ടീമിൽ ഇന്ന് പാകിസ്ഥാൻ ടീമിൽ, അപൂർവ റെക്കോഡ് സ്വന്തമാക്കി സൂപ്പർ താരങ്ങൾ; സംഭവിച്ചത് ഇങ്ങനെ

IPL 2025: ആരാധക സ്നേഹമൊക്കെ ഗ്രൗണ്ടിൽ, അത് എയർപോർട്ടിൽ വേണ്ട; സ്റ്റാർക്ക് ഉൾപ്പെട്ട വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ പുത്തൻ ആയുധങ്ങൾ വാങ്ങാൻ ഇന്ത്യ; സേനയ്ക്ക് 50,000 കോടി കൂടി

'വനംവകുപ്പ് ഉദ്യോഗസ്ഥരുടെ തെറ്റായ സമീപനങ്ങൾ ആശങ്കയുണ്ടാക്കുന്നു, സർക്കാർ ഇക്കാര്യം തിരുത്തണം'; എം വി ഗോവിന്ദൻ

'കലാ ആഭാസമെന്ന് പറഞ്ഞത് ശുദ്ധവിവരക്കേട്, പരാമർശം അങ്ങേയറ്റം അപലപനീയം'; വേടനെതിരായ എൻആർ മധുവിന്റെ പരാമർശത്തെ വിമർശിച്ച് എംവി ​ഗോവിന്ദൻ

FOOTBALL UPDATES: അപ്പോൾ അത് തീരുമാനമായി, അർജന്റീന ടീമിന്റെ കേരളത്തിലേക്ക് ഉള്ള വരവിന്റെ കാര്യത്തിൽ അതിനിർണായക അപ്ഡേറ്റ് പുറത്ത്

കിളിമാനൂരിൽ വേടന്റെ പരിപാടി റദ്ധാക്കിയതിനെ തുടർന്നുണ്ടായ സംഘർഷം; ഒരാൾ അറസ്റ്റിൽ

'സ്ത്രീപീഡന കേസില്‍ സസ്‌പെന്‍ഡ് ചെയ്ത ഉദ്യോഗസ്ഥന്റെ വൈരാഗ്യബുദ്ധി, വളംവെച്ചു കൊടുത്ത മാധ്യമപ്രവര്‍ത്തകരും'; ശക്തമായ നിയമനടപടിയുമായി എഡിജിപി എസ് ശ്രീജിത്ത്

'ഒന്നുകിൽ അവരെ ഒരു പാഠം പഠിപ്പിക്കണം, ഇല്ലെങ്കിൽ അവരുടെ താടിയെല്ല് തകർക്കാനുള്ള ലൈസൻസ് എനിക്ക് തരണം'; ബസുകളുടെ മത്സരയോട്ടത്തിനെതിരെ മാധവ് സുരേഷ്

IPL 2025: ആര് പറഞ്ഞെടാ ഞങ്ങൾക്ക് ട്രോഫി ഇല്ലെന്ന്, ഈ സാല കപ്പ് പറഞ്ഞ് ഇനി ട്രോളരുതെന്ന് രജത് പട്ടീദാർ; ആർസിബി ആരാധകർക്ക് ആവേശ വാർത്ത സമ്മാനിച്ച് നായകൻ