നരിമാൻ: പ്രവാചകശബ്ദം നിലച്ചു

സെബാസ്റ്റ്യൻ പോൾ

റോമൻ നിയമത്തിലെന്നപോലെ റോമൻ ചരിത്രത്തിലും നിഷ്ണാതനായിരുന്നു ഇന്നലെ രാത്രി 95-ാമത്തെ വയസിൽ അന്തരിച്ച ഫാലി എസ് നരിമാൻ. അതുകൊണ്ട് റോമൻ റിപ്പബ്ളിക് അപചയലക്ഷണങ്ങൾ കാട്ടിത്തുടങ്ങിയപ്പോൾ മുന്നറിയിപ്പ് നൽകിയ സിസെറോയെപ്പോലെ ഇന്ത്യൻ റിപ്പബ്ളിക്കിനും അവശ്യം വേണ്ടതായ ചില രോഗനിർണയങ്ങൾ നരിമാൻ നടത്തി. മതനിരപേക്ഷ ജനാധിപത്യ റിപ്പബ്ളിക്കിൽ മുക്കാൽ നൂറ്റാണ്ട് ജീവിച്ചതുപോലെ അവിടെത്തന്നെ മരിക്കണമെന്ന ആഗ്രഹം അദ്ദേഹം പ്രകടിപ്പിച്ചിട്ടുണ്ട്. അത് സാധിക്കാതെ ഹിന്ദുത്വ റിപ്പബ്ളിക്കിന്‍റെ പ്രതിഷ്ഠാകർമം പ്രധാനമന്ത്രി നടത്തുന്നതു കണ്ടുകൊണ്ടാണ് നരിമാൻ യാത്രയായത്. അത് 2025നു മുമ്പേ ആയത് അദ്ദേഹത്തിൻെറ സൗഭാഗ്യമാകാം.

ഭരണഘടനയ്ക്കൊപ്പം സഞ്ചരിച്ച അഭിഭാഷകനാണ് ബർമയിൽ ജനിച്ച് ബോംബെയിൽ വളർന്ന് ഡൽഹിയിലേക്ക് കുടിയേറിയ പാഴ്സിയായ നരിമാൻ. ഇലക്ടറൽ ബോണ്ട് കേസിലെ സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്തുകൊണ്ട് നരിമാൻ നടത്തിയ പണ്ഡിതോചിതമായ അപഗ്രഥനം ടിവിയിൽ കേട്ടതിൻെറ പിറ്റേന്നാണ് അപ്രതീക്ഷിതമായ മരണവാർത്തയറിഞ്ഞത്. ഒരു യുഗം അവസാനിച്ചുവെന്ന് കൈരളി ടിവിയോട് ഞാൻ പറഞ്ഞത് ക്ളീഷെ ആയിരുന്നില്ല. പാൽകിവാല മരിച്ചപ്പോഴും കൃഷ്ണയ്യർ മരിച്ചപ്പോഴും അങ്ങനെ പറഞ്ഞിട്ടുണ്ട്. ഇനി അങ്ങനെ പറയത്തക്ക രീതിയിൽ നിയമരംഗത്ത് അധികം പേർ മരിക്കാനില്ല.

1967ലെ ഗോലക്നാഥ് കേസ് മുതൽ ചരിത്രപ്രസിദ്ധി നേടിയ നിരവധി കേസുകളിൽ നരിമാന്‍റെ ശബ്ദം പതിഞ്ഞുകിടക്കുന്നു. ടിഎംഎ പൈ,​ എസ് പി ഗുപ്ത,​ അഡ്വക്കേറ്റ്സ് ഓൺ റെക്കോഡ് അസോസിയേഷൻ തുടങ്ങി ഐതിഹാസികമായ നിരവധി കേസുകളിൽ നരിമാൻെറ പേരു കാണാം. പ്രഗത്ഭനായ അഭിഭാഷകനെ അവതരിപ്പിക്കുമ്പോൾ ‘‘നരിയല്ലേ നരി’’ എന്ന ഡയലോഗ് മലയാളസിനിമയിൽ നമ്മൾ കേട്ടിട്ടുണ്ട്. കടിച്ചു കീറുന്ന വ്യാഘ്രമായിരുന്നില്ല നരിമാൻ. ഭരണഘടനാനിയമത്തെ സൂക്ഷ്മമായി പരിശോധിക്കുന്ന പണ്ഡിതശ്രേഷ്ഠൻ മാത്രമായിരുന്നു അദ്ദേഹം. നാണയക്കിലുക്കത്തിൽ മനഃസാക്ഷിയുടെ നിമന്ത്രണം അദ്ദേഹം കേൾക്കാതിരുന്നിട്ടില്ല.

ഭോപാൽ വിഷവാതകക്കേസിൽ യൂണിയൻ കാർബൈഡ് കമ്പനിക്കുവേണ്ടി ഹാജരായതിൽ നരിമാൻ ഖേദം പ്രകടിപ്പിച്ചിട്ടുണ്ട്. മനഃസാക്ഷിയുള്ളവർക്ക് അങ്ങനെ ചില അവസ്ഥകളുണ്ടാകും. തിരഞ്ഞെടുപ്പ് കേസിൽ ഇന്ദിര ഗാന്ധിക്കുവേണ്ടി ഹാജരായ പാൽകിവാല അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടപ്പോൾ വക്കാലത്തൊഴിഞ്ഞു. അടിയന്തരാവസ്ഥയിൽ സർക്കാരിനെ ന്യായീകരിക്കാൻ കഴിയില്ലെന്ന അവസ്ഥയിൽ അഡീഷണൽ സോളിസിറ്റർ ജനറൽ എന്ന പദവി നരിമാൻ ഒഴിഞ്ഞു. ശ്രമിച്ച് നേടുന്ന പദവി ഒഴിയാൻ ആരും തയാറാവില്ല. അതിനു സന്നദ്ധരാകുന്നവർ വ്യത്യസ്തരാകുന്നു.

രാജ്യസഭാംഗത്വം നൽകിയും പത്മവിഭൂഷൺ നൽകിയും നരിമാനെ രാജ്യം ആദരിച്ചിട്ടുണ്ട്. പ്രീതിക്കും പ്രീണനത്തിനുമുള്ള പ്രതിഫലമായിരുന്നില്ല അത്. വ്യവസ്ഥിതിയുടെ ഉപ്പ് എന്നു വിശേഷിപ്പിക്കാവുന്ന ചിലരെ ഇടയ്ക്കിടെ ആദരിക്കാൻ കഴിയുന്നത് ജനതയുടെ സൗഭാഗ്യമാണ്. മലയാളം ടെലിവിഷൻ ചർച്ചയിൽ പങ്കെടുക്കുമ്പോഴും സുപ്രീം കോടതിയോട് അത്യാദരവ് പ്രകടിപ്പിച്ചുകൊണ്ട് ഇരിപ്പിടത്തിൽ ഉറച്ചിരിക്കാൻ കഴിയാത്ത ഡൽഹി അഭിഭാഷകരെയാണ് നാം പതിവായി കാണുന്നത്. അവർക്കിടയിൽ സുപ്രീം കോടതിയെ തിരുത്തുന്ന അഭിഭാഷകനായിരുന്നു നരിമാൻ. ജമ്മു​-കശ്മീർ കേസിലെ സുപ്രീം കോടതി വിധിയെ നിശിതമായി വിമർശിക്കാൻ നരിമാന് മടിയുണ്ടായില്ല. അദ്ദേഹം എഴുതിയ പുസ്തകത്തിൻെറ പേരു തന്നെ God Save the Hon’ble Supreme Court എന്നാണ്. രാജ്യത്തോടുള്ള അദ്ദേഹത്തിൻെറ പ്രതിബദ്ധത The State of the Nation എന്ന ശീർഷകത്തിൽ പ്രതിഫലിക്കുന്നു. രാഷ്ട്രത്തിൻെറ അവസ്ഥയെക്കുറിച്ച് സംസാരിക്കാൻ ആരാണ് നമുക്കുള്ളത്? ദീർഘദൃഷ്ടികളും പ്രവാചകന്മാരും ഇല്ലാത്ത ജനത വിനാശത്തിലേക്കാണ് സഞ്ചരിക്കുന്നത്. നരിമാൻെറ ആത്മകഥയുടെ പേരാണ് Before Memory Fades. മറവിക്കുമുമ്പേ ചില കാര്യങ്ങൾ പറയാനുണ്ട്; ചില കാര്യങ്ങൾ ചെയ്യാനുമുണ്ട് – വ്യക്തിക്കു മാത്രമല്ല,​ സമൂഹത്തിനും. മരണത്തിനു കീഴ്പെടുംവരെ മറവിക്ക് കീഴ്പെടാതിരുന്നു എന്നത് നരിമാനെ സംബന്ധിച്ച് മാത്രമല്ല നമുക്കും നേട്ടമായി.

വിദഗ്ധമായ നിയമസേവനത്തിന് കേരളം പലവട്ടം നരിമാനെ സമീപിച്ചിട്ടുണ്ട്. ബില്ലുകളിൽ ​ഒപ്പിടാത്ത ഗവർണർക്കെതിരെ കേരളം സുപ്രീം കോടതിയെ സമീപിച്ചത് നരിമാൻെറ ഉപദേശപ്രകാരമായിരുന്നു. ഭരണഘടനയോടൊപ്പം വളരുകയും വികാസം പ്രാപിക്കുകയും ചെയ്ത ജീവിതമായിരുന്നു നരിമാൻേറത്. മകൻ റോഹിൻടൻ ഫാലി നരിമാൻ സുപ്രീം കോടതിയിൽ ജഡ്ജിയായപ്പോൾ പിതാവ് കോടതിയിൽ വന്നുകൂടെന്ന് ആവശ്യപ്പെടുന്നതിനുള്ള ഔദ്ധത്യം ആർക്കോ ഉണ്ടായി. മകൻെറ പേരിൽ ജഡ്ജിമാരെ സ്വാധീനിക്കാൻ മാത്രം ചെറുതാണോ ഫാലി എസ് നരിമാൻ എന്ന മറുചോദ്യമുണ്ടായി. റിപ്പബ്ളിക്കിനുവേണ്ടി സംസാരിച്ചുകൊണ്ട് സുപ്രീം കോടതിയുടെ യശസ് ഉയർത്തുന്നതിന് ഇനിയാര് എന്ന ചോദ്യമാണ് ഇപ്പോൾ ചോദിക്കാനുള്ളത്.

Latest Stories

IPL 2024: 'ക്യാമറകള്‍ക്ക് മുന്നില്‍നിന്ന് ഇമ്മാതിരി പണി ചെയ്യരുത്'; ലഖ്‌നൗ ഉടമയ്‌ക്കെതിരെ മുന്‍ താരങ്ങള്‍

ഹിന്ദി സംസാരിക്കുന്ന ഒരു സൗത്തിന്ത്യക്കാരൻ്റെ കഥാപാത്രങ്ങളാണ് ബോളിവുഡിൽ നിന്നും എന്നെ തേടി വരുന്നത്: ഫഹദ് ഫാസിൽ

ടി 20 ആ ഇന്ത്യൻ താരം കളിക്കുമ്പോൾ അത് ഏകദിനം പോലെ തോന്നുന്നു, ആളുകൾക്ക് ബോർ അടിപ്പിക്കുന്ന ഗെയിം കളിക്കുന്നത് അവൻ; മുൻ ഓസ്‌ട്രേലിയൻ താരം പറയുന്നത് ഇങ്ങനെ

സഭയില്‍ ബിജെപി വിശ്വാസം തെളിയിക്കണമെന്ന് പഴയ സഖ്യകക്ഷി; ഹരിയാനയില്‍ കോണ്‍ഗ്രസിന് സഹായിക്കാമെന്ന് ആവര്‍ത്തിച്ച് ജെജെപി; സര്‍ക്കാര്‍ ഭൂരിപക്ഷം തെളിയിക്കണമെന്ന് ആവശ്യപ്പെട്ട് ഗവര്‍ണര്‍ക്ക് ചൗടാലയുടെ കത്ത്‌

ടീം മൊത്തം അവന്റെ തലയിൽ ആണെന്നാണ് വിചാരം, അത് തെറ്റ് ആണെന്ന് മനസിലാക്കാൻ ഇന്ത്യൻ താരത്തിന് സാധിക്കുന്നില്ല; സൂപ്പർ താരത്തിനെതിരെ മിച്ചൽ മക്ലെനാഗൻ

കളക്ഷനില്‍ വന്‍ ഇടിവ്, 40 കോടി ബജറ്റില്‍ ഒരുക്കിയ 'നടികര്‍' ബോക്‌സ് ഓഫീസില്‍; ഇതുവരെ നേടിയത്..

വെറുതെ ചൂടാകേണ്ട അറ്റാക്ക് വരും! ദേഷ്യം ഹൃദയസംബന്ധമായ രോഗങ്ങൾ വിളിച്ചുവരുത്തുമെന്ന് പഠനം

സിഐടിയു ഗുണ്ടായിസം 20 രൂപയ്ക്ക് വേണ്ടി; ബിപിസിഎല്‍ ഡ്രൈവറെ മര്‍ദ്ദിച്ചത് അതിക്രൂരമായി; പ്രതികളെ അറസ്റ്റ് ചെയ്യാതെ സമരം അവസാനിപ്പിക്കില്ലെന്ന് ഡ്രൈവര്‍മാര്‍

മോദി അനുകൂലമാധ്യമ പ്രവര്‍ത്തകരെ മാറ്റിനിര്‍ത്തി; മോദി, അമിത് ഷാ, യോഗി ആദിത്യനാഥ് എന്നിവരുടെ ലൈവുകള്‍ റദ്ദാക്കി; സീ ന്യൂസില്‍ വന്‍ അഴിച്ചുപണി

അരണ്‍മനൈയിലെ ഹോട്ട് പ്രേതം, പേടിപ്പിക്കാനായി തമന്ന വാങ്ങിയത് കോടികള്‍; പ്രതിഫല കണക്ക് പുറത്ത്