കശ്മീര്‍ നമ്മുടേതെന്ന പ്രഖ്യാപനം

തന്ത്രമായാലും കുതന്ത്രമായാലും വിജയകരമായി പ്രയോഗിക്കുന്നതിന് വൈഭവം വേണം. ഇത് ധാരാളമുള്ളതുകൊണ്ടാണ് കശ്മീരിന്റെ ഭരണഘടനാദത്തമായ പ്രത്യേകപദവി നാടകീയമായി റദ്ദാക്കിയ യൂണിയന്‍ നടപടിക്ക് സുപ്രീം കോടതിയില്‍ നിന്ന്  അംഗീകാരം നേടാന്‍ ബിജെപിക്ക് കഴിഞ്ഞത്.

തിരിച്ചും മറിച്ചും വായിച്ചാലും അമിത് ഷായുടെ ഓപറേഷന്‍ കശ്മീര്‍ അനുഛേദം 370 എന്ന കടമ്പ കടക്കില്ലെന്ന് കരുതിയവരെ അത്ഭുതപ്പെടുത്തിക്കൊണ്ടാണ് അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെ വിധിയുണ്ടായത്. കഴിഞ്ഞതെല്ലാം ശരിവയ്ക്കുകയും നാളെയ്ക്കു വേണ്ടതായ നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്യുന്ന ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ വിധിയോട് സൂര്യകാന്ത് ഉള്‍പ്പെടെയുള്ള നാലു പേരും യോജിച്ചെങ്കിലും രണ്ടു പേര്‍ പ്രത്യേകം വിധിയെഴുതി. ന്യായാധിപര്‍ വായിക്കുന്നതെന്തോ അതാണ് ഭരണഘടന എന്ന പ്രസ്താവത്തെ ശരിവച്ചുകൊണ്ട് അനുഛേദം 370 അക്കാദമിക് ലോകത്ത് ഉയര്‍ത്തിയ പ്രതിബന്ധങ്ങള്‍ക്ക് കോടതി സര്‍ഗാത്മകമായി പരിഹാരം കണ്ടെത്തി.

ഓന്നാം ലോകമഹായുദ്ധത്തില്‍ നടാടെ വിമാനങ്ങള്‍ ബോംബുമായി ആകാശത്തേക്കുയര്‍പ്പോള്‍ സര്‍വസൈന്യാധിപനായ പ്രസിഡന്റിന്റെ അധികാരം യുഎസ് സുപ്രീം കോടതിയില്‍ ചോദ്യം ചെയ്യപ്പെട്ടു. 1787ലെ ഭരണഘടനയില്‍ വ്യോമസേനയെക്കുറിച്ച് പരാമര്‍ശമില്ലൊയിരുന്നു എന്നാണ് വാദം. ആര്‍മി എന്നതില്‍ എയര്‍ഫോഴ്‌സും ഉള്‍പ്പെടുമെന്ന തീര്‍പ്പോടെ പ്രസിഡന്റിന്റെ അധീശത്വം കോടതി അംഗീകരിച്ചു. ഏതാണ്ട് സമാനമായ വ്യാഖ്യാനവൈഭവത്തോടെയാണ് കശ്മീര്‍ വിഷയത്തിലെ ഭരണഘടനാപരമായ അഴിയാക്കുരുക്ക് കോടതി അഴിച്ചത്.

സംസ്ഥാനങ്ങള്‍ ചേര്‍ന്ന യൂണിയനാണ് ഇന്ത്യ. യൂണിയന്റെ ഘടകങ്ങളായ സംസ്ഥാനങ്ങള്‍ക്ക് തുല്യപദവിയാണുള്ളത്. ആര്‍ക്കും പ്രത്യേകമായ പദവിയും പരിഗണനയുമില്ല. ഇന്ത്യയുടെ പാര്‍ലമെന്റ് പാസാക്കുന്ന നിയമങ്ങള്‍ ജമ്മു-കശ്മീരിന് ബാധകമല്ലെന്ന് ഓരോ നിയമത്തിലും ആമുഖമായി എഴുതിവയ്ക്കുന്നത് ഫെഡറല്‍ തത്ത്വങ്ങള്‍ക്കും യൂണിയന്റെ പരമാധികാരത്തിനും നിരക്കുന്നതല്ല. അപമാനകരമായ ഈ പരാധീനതയാണ് 370ന്റെ നല്ല നിലയിലുള്ള വ്യാഖ്യാനത്തിലൂടെ സുപ്രീം കോടതി നീക്കം ചെയ്തത്.

റാം ജന്മഭൂമിക്കും പൊതു സിവില്‍ കോഡിനുമൊപ്പം ബിജെപി മാറോടണച്ച വിഷയമായിരുന്നു 370. ലോക്‌സഭയില്‍ 370 സീറ്റ് നേടി അനുഛേദം 370 അസാധുവാക്കുമൊയിരുന്നു ബിജെപിയുടെ പണ്ടേയുള്ള വീമ്പ്. അത് നടപ്പായെന്നു മാത്രമല്ല നടപടികള്‍ക്ക് സുപ്രീം കോടതിയുടെ അംഗീകാരവും ലഭിച്ചു.

പ്രത്യക്ഷത്തില്‍ ബിജെപിക്ക് ജയം എന്നു തോന്നിയേക്കാമെങ്കിലും അങ്ങനെയല്ല സുപ്രീം കോടതിയെ വായിക്കേണ്ടത്. ലഡാക്ക് യൂണിയന്‍ ഭരണപ്രദേശമായി തുടരുമെങ്കിലും ജമ്മു-കശ്മീരിന് സംസ്ഥാനപദവി തിരിച്ചുനല്‍കി സമയബന്ധിതമായി തിരഞ്ഞെടുപ്പ് നടത്തണമെ നിര്‍ദേശം ഭരണഘടനാപരമായി കാര്യങ്ങള്‍ നടക്കണമെന്നാഗ്രഹിക്കുന്നവരെ തൃപ്തിപ്പെടുത്തും.

കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യഘടകമാണെ പ്രഖ്യാപനമാണ് അത് കേള്‍ക്കാന്‍ ഇഷ്ടപ്പെടാത്തവരെ നിരാശപ്പെടുത്തിക്കൊണ്ട് സുപ്രീം കോടതി നടത്തിയത്. ഓഗസ്റ്റില്‍ വാദം കേട്ട കേസില്‍ വിധി പ്രസ്താവിച്ചപ്പോള്‍ ഡിസംബര്‍ ആയി എന്നത് വിമര്‍ശിക്കേണ്ടതായ വിഷയമല്ല. യൂണിയന്റെ നിലനില്‍പിനാധാരമായ വിഷയങ്ങളില്‍ തീര്‍പ്പാക്കുമ്പോള്‍ അല്‍പം സാവകാശമാകാം.

ഇന്ത്യാ യൂണിയന്റെ പാര്‍ലമെന്റ് പാസാക്കുന്ന നിയമങ്ങളും യൂണിയന്‍ സര്‍ക്കാരിന്റെ നടപടികളും ജമ്മു-കശ്മീരിന് ബാധകമല്ലെന്ന്  റിപ്പബ്‌ളിക്കിന്റെ വാതില്‍പ്പടിയില്‍ത്തന്നെ എഴുതിവച്ചിരിക്കുന്നത് വിഘടനവാദികള്‍ ആയുധമാക്കുന്നുണ്ടെങ്കില്‍ ആയതിന്റെ അലകും പിടിയുമാണ് സുപ്രീം കോടതി അഴിച്ചുമാറ്റിയത്. റിപ്പബ്‌ളിക്കിനെ സ്‌നേഹിക്കുന്നവരെ സംപ്രീതരാക്കുന്ന വിധികളാണ് ചന്ദ്രചൂഡിന്റെ കോടതിയില്‍നിന്നുണ്ടായത്.

Latest Stories

തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകളിൽ നാളെ വിധിയെഴുത്ത്

സ്ഥാനാർത്ഥിയുടെ അപ്രതീക്ഷിത മരണം; മലപ്പുറം മൂത്തേടം പഞ്ചായത്തിലെ ഏഴാം വാർഡിൽ തിരഞ്ഞെടുപ്പ് മാറ്റിവെച്ചു

'പ്രീണനത്തിനായി നെഹ്‌റു വന്ദേമാതരത്തെ വെട്ടിമുറിച്ചു, പിന്നീട് ഇന്ത്യയേയും'; കോണ്‍ഗ്രസിനെ വിമർശിച്ച് പ്രധാനമന്ത്രി

'സാമൂഹ്യാധികാര മുന്‍വിധികള്‍ക്കെതിരെ പരസ്യമായി നിലകൊണ്ട അതിജീവിത മലയാളിയുടെ യാഥാസ്ഥിതിക പൊതുബോധത്തിന്റെ എതിര്‍ചേരിയില്‍ നില്‍ക്കാനുള്ള അസാമാന്യ ധീരതയാണ് പ്രകടിപ്പിച്ചത്'; അതാണ് കേരളം ഈ വിധിക്കപ്പുറം ഏറ്റെടുക്കേണ്ട നീതിയുടെ സന്ദേശവും പോരാട്ടവുമെന്ന് പ്രമോദ് പുഴങ്കര

രാഹുലിനെതിരായ രണ്ടാം ബലാത്സംഗ കേസ്; മുൻ‌കൂർ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി, വിധി 10 ന്

മദ്യപാനിയായ അച്ഛൻ്റെ ക്രൂര പീഡനം; ഒമ്പതാം ക്ലാസുകാരി ജീവനൊടുക്കാൻ ശ്രമിച്ചു

'ഒരു പോരാട്ടവും അന്തിമമല്ല...സർക്കാർ എന്നും അതിജീവിതക്കൊപ്പം'; മന്ത്രി വി ശിവൻകുട്ടി

സാമ്പത്തിക തർക്കം; ആലപ്പുഴയിൽ അമ്മയെ മകൻ മർദിച്ച് കൊന്നു

'എന്ത് നീതി? നമ്മൾ ഇപ്പോൾ കാണുന്നത് ശ്രദ്ധയോടെ തയ്യാറാക്കിയ തിരക്കഥയുടെ ക്രൂരമായ അനാവരണം’; പാർവതി തിരുവോത്ത്

'അവൾ ചരിത്രമാണ്, വിധി എതിരാണെങ്കിലും പൊതുസമൂഹം അവൾക്കൊപ്പമുണ്ട്'; നടി ആക്രമിക്കപ്പെട്ട കേസിലെ കോടതി വിധി നിരാശാജനകമെന്ന് കെ കെ രമ