സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും വർധിച്ചു. ഇന്ന് പവന് 120 രൂപയും ഗ്രാമിന് 15 രൂപയും കൂടി. ഇതോടെ പവന് 63,560 രൂപയും ഗ്രാമിന് 7945 രൂപയുമായി. കഴിഞ്ഞ മാസം 22നാണ് പവന്‍ വില ആദ്യമായി അറുപതിനായിരം കടന്നത്. പിന്നീട് അങ്ങോട്ട് മുന്നേറ്റം തുടരുകയായിരുന്നു. ഈ വർഷം ഇതുവരെ 5000 രൂപയ്ക്കടുത്ത് പവന് വർദ്ധിച്ചിട്ടുണ്ട്.
നിലവിൽ പണിക്കൂലി അടക്കം ഒരു പവൻ സ്വർണം കടയിൽനിന്ന് വാങ്ങണമെങ്കിൽ 68,000 രൂപയ്ക്ക് മുകളിൽ നൽകണം. സ്വര്‍ണവില കഴിഞ്ഞ 5 വര്‍ഷമായി 1700- 2000 ഡോളറില്‍ നിന്നും കാര്യമായി ഉയര്‍ച്ചയില്ലാതെ തുടരുകയായിരുന്നു. എന്നാല്‍ അന്താരാഷ്ട്ര സ്വര്‍ണ വില 2050 ഡോളര്‍ ലെവലില്‍ നിന്നും കഴിഞ്ഞ ഒറ്റ വര്‍ഷം കൊണ്ട് 2790 ഡോളര്‍ വരെ ഉയര്‍ന്നു. ഏകദേശം 38% ത്തോളം ഉയര്‍ച്ചയാണ് അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണം രേഖപ്പെടുത്തിയത്.
ഇന്ത്യന്‍ രൂപ 83.25ല്‍ നിന്നും 85 എന്ന നിലയില്‍ ഡോളറിലേക്ക് ദുര്‍ബലമായതും സ്വര്‍ണ വില ഉയരാന്‍ കാരണമായിരുന്നു. 2025-ഉം സ്വര്‍ണ വിലയ്ക്ക് വളരെ നിര്‍ണായകമായ വര്‍ഷമാണെന്നാണ് കണക്കുകൂട്ടല്‍. ട്രംപ് അധികാരത്തിലെത്തിയതും രണ്ട് തവണ ഫെഡ് പോളിസി പലിശ നിരക്ക് കുറയ്ക്കാന്‍ സാധ്യതയുണ്ടെന്ന പ്രതീക്ഷയും സ്വര്‍ണ വിലയെ കാര്യമായി തന്നെ ബാധിക്കും. അതേസമയം നിലവില്‍ ഉയര്‍ന്ന കടത്തില്‍ പോകുന്ന അമേരിക്കന്‍ സമ്പദ് വ്യവസ്ഥയെ ട്രംപ് -മസ്‌ക് കൂട്ടുകെട്ട് ഉയര്‍ത്തിക്കൊണ്ടുവരുമെന്ന പ്രതീക്ഷയും സ്വര്‍ണവില കുറയാന്‍ കാരണമാകും.