പ്രളയക്കെടുതിയില്‍ നിന്ന് വയനാടിനെ കൈപിടിച്ചുയര്‍ത്താന്‍ പ്രമുഖ ഭക്ഷ്യോല്‍പ്പന്ന നിര്‍മ്മാതാക്കളായ ഓര്‍ക്ല ഇന്ത്യ- ഈസ്റ്റേണും (Orkla India- Eastern) സിഐഐ ഫൗണ്ടേഷനും കൈകോര്‍ക്കുന്നു. ഓര്‍ക്ല ഇന്ത്യയുടെ സിഎസ്ആര്‍ (CSR) പദ്ധതിയായ ‘വണ്‍ വിത്ത് വയനാട്’ (One with Wayanad) എന്ന സംരംഭത്തിലൂടെ ജില്ലയിലെ അംഗനവാടികള്‍ ശിശുസൗഹൃദവും ആധുനികവുമായ സൗകര്യങ്ങളോടെ നവീകരിക്കുന്ന പദ്ധതിക്ക് തുടക്കമായി. നവീകരിച്ച അംഗനവാടികള്‍ ടി. സിദ്ധിഖ് എംഎല്‍എ നാടിന് സമര്‍പ്പിച്ചു.
ഓര്‍ക്ലയുടെ കരുത്തില്‍ പുതിയ മുഖച്ഛായ
വയനാടിന്റെ പുനര്‍നിര്‍മ്മാണത്തില്‍ സജീവ പങ്കാളികളാകുക എന്ന ലക്ഷ്യത്തോടെയാണ് ഓര്‍ക്ല ഇന്ത്യ- ഈസ്റ്റേണ്‍ ഈ ബൃഹദ് പദ്ധതി നടപ്പിലാക്കുന്നത്. ‘ബാല’ (Building as Learning Aid) സങ്കല്‍പ്പത്തില്‍ കെട്ടിടത്തെ തന്നെ ഒരു പഠനസഹായിയാക്കി മാറ്റുന്ന രീതിയിലാണ് നിര്‍മ്മാണം. ശിശുസൗഹൃദ ശുചിമുറികള്‍, ആധുനിക അടുക്കളകള്‍, ടൈല്‍ പാകിയ തറ, ചുവരുകളിലെ അറിവ് പകരുന്ന ചിത്രങ്ങള്‍ എന്നിവയോടെ 15 അംഗനവാടികളാണ് ആദ്യഘട്ടത്തില്‍ ഓര്‍ക്ല സ്മാര്‍ട്ടാക്കുന്നത്. ഇതില്‍ ആറെണ്ണത്തിന്റെ പണി പൂര്‍ത്തിയായിക്കഴിഞ്ഞു. കല്‍പ്പറ്റ നഗരസഭ, മുട്ടില്‍, പടിഞ്ഞാറത്തറ, മേപ്പാടി, പൂതാടി, വെങ്ങപ്പള്ളി, തരിയോട്, മൂപ്പൈനാട് പഞ്ചായത്തുകളിലാണ് ഓര്‍ക്ലയുടെ നേതൃത്വത്തില്‍ പദ്ധതി നടപ്പിലാക്കുന്നത്.
നാളെത്തെ തലമുറയ്ക്കുള്ള നിക്ഷേപം
ശിശുവികസന പ്രവര്‍ത്തനങ്ങളില്‍ തങ്ങള്‍ക്കുള്ള പ്രതിബദ്ധത ഓര്‍ക്ല ഇന്ത്യ ഈ പദ്ധതിയിലൂടെ ഊട്ടിയുറപ്പിക്കുന്നു. ‘നാളത്തെ ഉത്തരവാദിത്തമുള്ള പൗരന്മാരെ വാര്‍ത്തെടുക്കുന്നതില്‍ പ്രീ-സ്‌കൂള്‍ തലത്തിലുള്ള ഇടപെടലുകള്‍ക്ക് വലിയ സ്ഥാനമുണ്ട്. വയനാടിന്റെ പുനര്‍നിര്‍മ്മാണത്തില്‍ ഭാഗമാകാന്‍ കഴിഞ്ഞതില്‍ ഓര്‍ക്ല ഇന്ത്യയ്ക്ക് അഭിമാനമുണ്ട്,’ എന്ന് ഈസ്റ്റണ്‍ സിഇഒ ഗിരീഷ് നായര്‍ പറഞ്ഞു.
പരിശീലനവും പ്രതിബദ്ധതയും
ഭൗതിക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനൊപ്പം ജില്ലയിലെ 876 അംഗനവാടി പ്രവര്‍ത്തകര്‍ക്ക് വിദഗ്ധ പരിശീലനവും ഓര്‍ക്ലയുടെ നേതൃത്വത്തില്‍ നല്‍കുന്നുണ്ട്. പോഷകാഹാരം, കുട്ടികളുടെ വളര്‍ച്ചാ നിരീക്ഷണം (Growth Monitoring), ആധുനിക അധ്യാപന രീതികള്‍ എന്നിവയിലാണ് പരിശീലനം നല്‍കുന്നത്.
വയനാട് ജില്ലാ ഭരണകൂടത്തിന്റെയും വനിതാ ശിശുവികസന വകുപ്പിന്റെയും (ICDS) പൂര്‍ണ്ണ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. സുസ്ഥിര കൃഷി, ആരോഗ്യം-പോഷകാഹാരം, വിദ്യാഭ്യാസം തുടങ്ങിയ ആറ് മേഖലകളില്‍ ഓര്‍ക്ല ഇന്ത്യ നടത്തിവരുന്ന സാമൂഹിക പ്രതിബദ്ധതാ പ്രവര്‍ത്തനങ്ങളുടെ ഭാഗമാണിതെന്ന് അധികൃതര്‍ അറിയിച്ചു.
ചടങ്ങില്‍ സിഐഐ കേരള ചെയര്‍മാന്‍ വി.കെ.സി റസാഖ്, ഐസിഡിഎസ്, പ്രോഗ്രാം ഓഫീസര്‍ ശ്രീമതി ഗീത എം ജി ,കല്‍പ്പറ്റ മുന്‍സിപ്പാലിറ്റി സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ശശിധരന്‍ മാഷ് , സി.പി.ഡി.ഒ ഷൈജ കെ.പി,സന്ധ്യ തുടങ്ങിയവര്‍ പങ്കെടുത്തു.