ലുക്കിലായാലും പെർഫോമൻസിലായാലും ഏതു കാലത്തും കേമന്മാരാണ് ഫുൾ സൈസ് സ്പോർട്സ് യൂട്ടിലിറ്റി വാഹനങ്ങൾ. ഇന്ത്യൻ നിരത്തുകളിൽ പ്രീമിയം കാറുകളെക്കാൾ ആളുകൾക്ക് ഇപ്പോൾ താൽപര്യം നെടുനീളൻ എസ്‌യുവികളോടാണ് എന്നതിൽ സംശയം വേണ്ട. അങ്ങനെയുള്ള എസ്‌യുവി നിരയിലെ രാജാവാണ് ടൊയോട്ട ഫോർച്യൂണർ. ഇപ്പോഴിതാ ഈ സ്ഥാനം ഊട്ടിയുറപ്പിക്കാനുള്ള ഒരുക്കത്തിലാണ് ജാപ്പനീസ് വാഹന ബ്രാൻഡായ ടൊയോട്ട.
വലിയ എസ്‌യുവികളുടെ ഒരു പ്രധാന പോരായ്മയാണ് മൈലേജ്. അതിനാൽ മൈലേജിൽ തന്നെ ഒരു മാറ്റം കൊണ്ടുവരാനാണ് ടൊയോട്ടയുടെ ഇപ്പോഴത്തെ നീക്കം. ഫോർച്യൂണർ, ഹൈലക്സ് മോഡലുകളിലേക്ക് ഹൈബ്രിഡ് എഞ്ചിൻ കൊണ്ടുവന്ന് മോഡലുകളെ കൂടുതൽ കാര്യക്ഷമമാക്കാനുള്ള ശ്രമത്തിലാണ് കമ്പനി. സ്റ്റൈലിംഗ്, ഇന്റീരിയർ, മെക്കാനിക്സ് എന്നിവയിലും കാര്യമായ മാറ്റങ്ങളോടെയായിരിക്കും വാഹനം എത്തുക. ടൊയോട്ട അടുത്ത തലമുറ ഫോർച്യൂണർ എസ്‌യുവി വികസിപ്പിക്കുകയാണെന്ന് നേരത്തെ തന്നെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
2024-ൽ രണ്ട് ജനപ്രിയ മോഡലുകളും ആഗോളതലത്തിൽ മൈൽഡ് ഹൈബ്രിഡ് പവർട്രെയിനുകളുമായി എത്തുമെന്ന് ടൊയോട്ടയുടെ ദക്ഷിണാഫ്രിക്കയിലെ സെയിൽസ് ആൻഡ് മാർക്കറ്റിംഗ് സീനിയർ വൈസ് പ്രസിഡന്റ് ലിയോൺ തെറോൺ മാധ്യമങ്ങളോട് പറഞ്ഞതായാണ് ഇന്ത്യാ കാർ ന്യൂസ് റിപ്പോർട്ട് ചെയ്തത്.
മൈൽഡ് ഹൈബ്രിഡ് സാങ്കേതികവിദ്യയും ഇന്റഗ്രേറ്റഡ് സ്റ്റാർട്ടർ ജനറേറ്ററും (ISG) ഉപയോഗിച്ചുള്ള ബൂസ്റ്റിംഗാണ് നടപ്പിലാക്കാൻ ഒരുങ്ങുന്നത്. പക്ഷേ സ്‌ട്രോംഗ് ഹൈബ്രിഡ് സംവിധാനമായിരിക്കില്ല ടൊയോട്ട അവതരിപ്പിക്കുക. ഫ്ലാഗ്ഷിപ്പ് മോഡലുകളായ ഫോർച്യൂണർ എസ്‌യുവി, ഹൈലക്സ് പിക്കപ്പ് ട്രക്ക് എന്നിവയുടെ മൈൽഡ്-ഹൈബ്രിഡ് പതിപ്പുകളായിരിക്കും കമ്പനി അവതരിപ്പിക്കുക. ദക്ഷിണാഫ്രിക്കയിലായിരിക്കും ഇത് ആദ്യം അവതരിപ്പിക്കുക.
ഇന്ത്യയിലേക്ക് ഈ വാഹനം എത്തുമോ എന്നു ചോദിച്ചാൽ, ടൊയോട്ട ഇന്ത്യയിൽ ഫോർച്യൂണറും ഹൈലക്‌സും വിൽക്കുന്നത് ഡീസൽ എഞ്ചിനിൽ മാത്രമാണ്. എന്നാൽ വരാനിരിക്കുന്ന പുതുതലമുറ ആവർത്തനങ്ങളിൽ കമ്പനി ഹൈബ്രിഡ് എഞ്ചിൻ നൽകിയേക്കാമെന്നാണ് റിപ്പോർട്ട്. നിലവിലെ പ്ലാറ്റ്‌ഫോം ഒരു വിധത്തിലുമുള്ള ഇലക്ട്രിഫിക്കേഷന് അനുയോജ്യമല്ലാത്തതിനാൽ ഉടൻ അത് സാധ്യമല്ല.
റിപ്പോർട്ടുകൾ പ്രകാരം, ആറ് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സ് വാഗ്ദാനം ചെയ്യുന്ന മോഡലുകളിൽ മൈൽഡ്-ഹൈബ്രിഡ് സിസ്റ്റത്തിന് ഏകദേശം 200 ബിഎച്ച്പി പവറിൽ പരമാവധി 500 എൻഎം ടോർക്കും വരെയും നൽകാനാവും. പുതിയ ടൊയോട്ടയുടെ മൈൽഡ് ഹൈബ്രിഡ് ഡീസൽ എഞ്ചിനെ ജിഡി ഹൈബ്രിഡ് എന്ന് വിളിക്കാം.
എഞ്ചിൻ സ്റ്റാർട്ട്, സ്റ്റോപ്പ് സംവിധാനത്തോടെയാണ് ഇത് വരുന്നത്. മൈൽഡ് ഹൈബ്രിഡ് സിസ്റ്റം ഉപയോഗിച്ച് പുതിയ ഫോർച്യൂണർ ബ്രേക്കിംഗ് സമയത്തോ വേഗത കുറയ്ക്കുമ്പോഴോ കൈനറ്റിക് എനർജി ശേഖരിക്കുന്നു. ഇത് ആക്സിലറേഷനിൽ അധിക ടോർക്ക് നൽകും. പുതിയ മോഡൽ ഉയർന്ന ഇന്ധനക്ഷമതയ്‌ക്കൊപ്പം മെച്ചപ്പെട്ട പവറും ടോർക്കും വാഗ്‌ദാനം ചെയ്യുമെന്നാണ് പ്രതീക്ഷ.
2024 ടൊയോട്ട ഫോർച്യൂണർ ഹൈബ്രിഡ് ഇന്ത്യൻ ഫുൾ സൈസ് എസ്‌യുവി സെഗ്‌മെന്റിൽ അതിന്റെ ആധിപത്യം നിലനിർത്താൻ ഒരുങ്ങുകയാണ് എന്ന കാര്യത്തിൽ ഒരു സംശയവുമില്ല. നിലവിൽ MG ഗ്ലോസ്റ്റർ മാത്രമാണ് ഫോർച്യൂണറിന്റെ എതിരാളി. ഗ്ലാൻസ, അർബൻ ക്രൂയിസർ ഹൈറൈഡർ, ഇന്നോവ ക്രിസ്റ്റ, ഇന്നോവ ഹൈക്രോസ്, ഹൈലക്‌സ്, ഫോർച്യൂണർ, കാമ്രി, വെൽഫയർ എന്നീ മോഡലുകളാണ് ടൊയോട്ട വിപണിയിൽ എത്തിക്കുന്നത്.
കമ്പനിയുടെ പുതിയ പരിഷ്‌കാരങ്ങൾ മൈലേജിന്റെ കാര്യത്തിൽ വലിയ കുതിച്ചുചാട്ടത്തിന് കാരണമാവും. ഇന്ത്യക്കാർക്ക് മൈലേജ് നിർബന്ധമാണെന്നിരിക്കെ പുതിയ മാറ്റങ്ങൾ കമ്പനിയുടെ ഇമേജും വിൽപ്പനയും വർധിപ്പിക്കാൻ ഉതകുമെന്നാണ് കമ്പനിയുടെ കണക്കൂകൂട്ടൽ.