ഒഡീഷയില്‍ ബിജെപി അധ്യക്ഷന് തുടര്‍ച്ച, ലക്ഷ്യവും തുടര്‍ച്ച; പട്‌നായികിന്റെ ഒഡീഷ പിടിച്ചടക്കിയ മന്‍മോഹന് പാര്‍ട്ടിയില്‍ എതിരില്ല

ഒഡീഷയില്‍ നീണ്ട കാലത്തെ നവീന്‍ പട്‌നായിക് ബിജെഡി സര്‍ക്കാരിനെ അട്ടിമറിച്ച് ബിജെപിയെ അധികാരത്തിലെത്തിച്ച മന്‍മോഹന്‍ സമാലിന് സംസ്ഥാന അധ്യക്ഷനായി തുടര്‍ച്ച നല്‍കി ബിജെപി. ബിജെപി കേന്ദ്രനേതൃത്വം ഒട്ടും പ്രതീക്ഷിക്കാത്ത കനത്ത വിജയവും കേവലഭൂരിപക്ഷം നേടി ഒറ്റയ്ക്ക് അധികാരത്തിലെത്തിക്കാന്‍ കാണിച്ച ധൈര്യവുമാണ് ഒഡീഷയില്‍ മന്‍മോഹന്‍ സമാലിന് എതിരാളികളില്ലാത്ത നേതാവാക്കിയത്. ഒഡീഷയില്‍ 2000 മുതല്‍ 2024 വരെ 24 കൊല്ലം ഭരിച്ച, ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കാലം മുഖ്യമന്ത്രിയായിരുന്ന നവീന്‍ പട്‌നായികിനെ വീഴ്ത്തിയാണ് ബിജെപി ഒഡീഷയില്‍ അധികാരത്തില്‍ വന്നത്.

ഒറ്റയ്ക്ക് മല്‍സരിച്ച് ഒഡീഷ പിടിച്ചെടുക്കാമെന്ന ചിന്താഗതി ബിജെപി കേന്ദ്രനേതൃത്വത്തിന് പോലും ഇല്ലായിരുന്നു. ബിഹാറിലെ പോലെ ബിജെഡിയുമായി സഖ്യത്തിലേര്‍പ്പെട്ട് ഒഡീഷയില്‍ ഭരണത്തിലെത്താനായിരുന്നു പാര്‍ട്ടി തീരുമാനം. പക്ഷേ ആ സഖ്യതീരുമാനത്തെ ഒറ്റയ്ക്ക് നിന്ന് എതിര്‍ത്തും കേന്ദ്രനേതൃത്വത്തെ ഒഡീഷയില്‍ ഒറ്റയ്ക്ക് മല്‍സരിക്കാന്‍ പ്രേരിപ്പിച്ചുമാണ് മന്‍മോഹന്‍ സമാല്‍ പാര്‍ട്ടിയില്‍ കരുത്തനായത്. പാര്‍ട്ടി പ്രതീക്ഷിച്ചതിലും അപ്പുറം വിജയവും ഭരണവും നേടിത്തന്ന മികവിനെ ബിജെപി കേന്ദ്രനേതൃത്വം വീണ്ടും അവസരം നല്‍കി അംഗീകരിക്കുകയായിരുന്നു. ഒഡീഷയിലെ ഭരണകക്ഷിയായ ബിജെപിയില്‍ സംസ്ഥാന നേതൃത്വത്തെ തിരഞ്ഞെടുക്കാനുള്ള സമയം വീണ്ടുമെത്തിയപ്പോള്‍ പ്രസിഡന്റായി മന്‍മോഹന്‍ സമാലിനെ വീണ്ടും നിലനിര്‍ത്തി. പാര്‍ട്ടിയ്ക്കുള്ളില്‍ പകരക്കാരില്ലെന്നതായിരുന്നു തിങ്കളാഴ്ച നാമനിര്‍ദ്ദേശം സമര്‍പ്പിച്ച ഏക പാര്‍ട്ടി നേതാവായിരുന്നു സമാല്‍ എന്നതില്‍ നിന്ന് വ്യക്തമാകുന്നത്.

മുതിര്‍ന്ന നേതാക്കളുടെ സാന്നിധ്യത്തില്‍ ബിജെപിയുടെ കേന്ദ്ര തിരഞ്ഞെടുപ്പ് നിരീക്ഷകന്‍ സഞ്ജയ് ജയ്സ്വാള്‍ ആണ് മന്‍മോഹന്‍ സമാലിനെ വീണ്ടും ബിജെപി അധ്യക്ഷനായി നിയമിച്ചത് പ്രഖ്യാപിച്ചത്. 65 വയസുകാരന്‍ മന്‍മോഹന്‍ സമാല്‍ തുടര്‍ച്ചയായി ബിജെപി അധ്യക്ഷനാകുന്നത് രണ്ടാം തവണയാണ്. സമലിന്റെ തുടര്‍ച്ചയായ രണ്ടാം ടേമും മൊത്തത്തില്‍ നാലാമത്തെ ടേമും ആണ് ബിജെപി നേതൃസ്ഥാനത്ത്. 1999 നവംബര്‍ മുതല്‍ 2000 ഒക്ടോബര്‍ വരെയും, 2000 ഒക്ടോബര്‍ മുതല്‍ 2004 മെയ് വരെയും, 2023 മാര്‍ച്ച് മുതല്‍ 2025 ജൂലൈ വരെയും ആയിരുന്നു അദ്ദേഹത്തിന്റെ മുന്‍ മൂന്ന് ടേമുകള്‍.

ബിജെപി- ബിജെഡി സഖ്യ സര്‍ക്കാരില്‍ റവന്യു മന്ത്രിയായിരുന്ന മന്‍മോഹന്‍ സമാല്‍ ലൈംഗിക ആരോപണത്തെ തുടര്‍ന്ന് 2008ല്‍ രാജിവെച്ചു പുറത്തുപോയ ചരിത്രവും ഉണ്ടായിട്ടുണ്ട്. വിവാഹേതര ബന്ധമായിരുന്നു സമാലിന് നേര്‍ക്ക് വലിയ ആരോപണമായി ഉയരുകയും രാജിയില്‍ കലാശിക്കുകയും ചെയ്തത്. പ്രതിപക്ഷമായിരുന്ന കോണ്‍ഗ്രസ് മാത്രമല്ല അന്ന് സ്വന്തം പാര്‍ട്ടിയായിരുന്ന ബിജെപിയില്‍ നിന്നും മന്‍മോഹന്‍ സമാലിന് നേര്‍ക്ക് രോഷം ഉയര്‍ന്നു. അന്ന് സ്വന്തം പാര്‍ട്ടിക്കാര്‍ സമാലിനെ പുറത്താക്കാന്‍ ഒരുങ്ങിയ ഇടത്ത് നിന്ന് ഒഡീഷയില്‍ മറുവാക്കില്ലാത്ത നേതാവായി സമാല്‍ മാറിയത് 2024ലെ തിരഞ്ഞെടുപ്പ് വിജയത്തിലൂടെയാണ്. 2023ല്‍ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ സ്ഥാനത്തേക്ക് എത്തിയ മന്‍മോഹന്‍ സമാല്‍ പാര്‍ട്ടിയെ വന്‍ വിജയത്തിലെത്തിച്ചത്.

2024 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് ആദ്യമായി കേവല ഭൂരിപക്ഷം നേടാന്‍ സഹായിച്ച ‘രാഷ്ട്രീയ ചാതുര്യം’ കണക്കിലെടുത്താണ് സമലിനെ ഒഡീഷ പാര്‍ട്ടി യൂണിറ്റിന്റെ തലവനാക്കാനുള്ള തീരുമാനം ഉണ്ടായത്. 2024ല്‍ സംസ്ഥാനത്തെ 147 സീറ്റുകളില്‍ 78 എണ്ണമാണ് ബിജെപി നേടിയത്. ഭരണകക്ഷിയായിരുന്ന ബിജെഡിയുടെ 51 സീറ്റുകള്‍ക്കെതിരെ ആധികാരത്തിലെത്തിയത് മികച്ച മാര്‍ജിനില്‍. സമാലിന്റെ നേതൃത്വത്തില്‍, 2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പും സംസ്ഥാനത്ത് പാര്‍ട്ടി തൂത്തുവാരി. ആകെയുള്ള 21 സീറ്റുകളില്‍ 20 എണ്ണം നേടിയാണ് രണ്ടര പതിറ്റാണ്ട് ഒഡീഷ ഭരിച്ച ബിജെഡിയെ ബിജെപി ഒന്നുമല്ലാതാക്കിയത്.

2024 ലെ തിരഞ്ഞെടുപ്പില്‍ ബിജെഡിയുമായി സഖ്യമുണ്ടാക്കാന്‍ ബിജെപി കേന്ദ്ര നേതൃത്വം ഏതാണ്ട് തീരുമാനിച്ചിരുന്നെങ്കിലും, സഖ്യ നിര്‍ദ്ദേശത്തെ എതിര്‍ക്കുക മാത്രമല്ല, ഒറ്റയ്ക്ക് പോരാടാന്‍ നേതൃത്വത്തെ ബോധ്യപ്പെടുത്തുകയും ചെയ്ത ഒരേയൊരു പാര്‍ട്ടി നേതാവ് സമല്‍ മാത്രമായിരുന്നു. ബിജെഡിയുമായി സഖ്യമുണ്ടാക്കരുതെന്നും, ഭരണവിരുദ്ധ വികാരത്തെ കടന്നാക്രമിച്ചുള്ള പ്രചാരണത്തിലൂടെ ഒറ്റയ്ക്ക് മത്സരിക്കണമെന്നും സമല്‍ ബിജെപി കേന്ദ്ര നേതാക്കളെ ബോധ്യപ്പെടുത്തി. കേന്ദ്ര നേതൃത്വത്തിന് അദ്ദേഹത്തിന്റെ നിര്‍ദ്ദേശത്തോട് യോജിക്കേണ്ടിവന്നു, ഇത് ബിജെഡി സര്‍ക്കാരിനെ പുറത്താക്കാന്‍ പാര്‍ട്ടിയെ സഹായിച്ചു, ഒഡീഷയിലെ ആദ്യത്തെ ബിജെപി സര്‍ക്കാരിനുള്ള വഴിയൊരുക്കി. അതിനാല്‍ തന്നെ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് സമാല്‍ പാര്‍ട്ടിയുടെ നെടുംതൂണാണ്. ഒഡീഷ മുഖ്യമന്ത്രി മോഹന്‍ ചരണ്‍ മാഞ്ചിയും സമാലും തമ്മിലുള്ള സഹകരണവും ബിജെപിയ്ക്ക് ഒഡീഷയില്‍ അടിത്തറ ശക്തമാക്കുന്നുണ്ട്. പട്‌നായികിന്റെ രണ്ടര പതിറ്റാണ്ട് പോലെ മധ്യപ്രദേശിലേയും ഗുജറാത്തിലേയും ബിജെപി തുടര്‍ച്ച പോലെ ഒഡീഷയിലും ഒരു തുടര്‍ച്ചയാണ് ബിജെപി ലക്ഷ്യംവെയ്ക്കുന്നത്.

Latest Stories

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ