ഇനിയൊരിക്കലും ഗതിമാറ്റാനാകാത്ത വിധം ബിഹാറില്‍ കോണ്‍ഗ്രസ് തകര്‍ന്നടിഞ്ഞിട്ടുണ്ടോ?, ഒരു ഘട്ടത്തില്‍ രാജ്യത്തെ മറ്റെല്ലാ ഇടങ്ങളിലുമെന്ന പോലെ കോണ്‍ഗ്രസ് കൈവെള്ളയില്‍ കൊണ്ടുനടന്ന ഒരു സംസ്ഥാനത്ത് മൂന്നര പതിറ്റാണ്ടായി കോണ്‍ഗ്രസിന് മുഖ്യമന്ത്രിയില്ലാത്ത സ്ഥിതി. രാജ്യം ഒന്നടങ്കം ഉറ്റുനോക്കുന്ന ബിഹാര്‍ അടുത്ത തിരഞ്ഞെടുപ്പിലേക്ക് കടക്കുമ്പോള്‍ കോണ്‍ഗ്രസ് മഗാഗഡ്ബന്ധന്‍ തേരിലേറി വീണ്ടും ഒരങ്കത്തിന് തയ്യാറെടുക്കുകയാണ്. സീറ്റ് വിഭജനത്തില്‍ ഇന്ത്യ സഖ്യത്തിലുണ്ടാവുന്ന അസ്വാരസ്യവും അത് പരിഹരിക്കാനുള്ള ശ്രമങ്ങളുമെല്ലാം രണ്ടാം ഘട്ടത്തിലേക്കുള്ള നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന ഘട്ടത്തിലും ബിഹാറില്‍ സജീവമാണ്.
ആര്‍ജെഡിയും കോണ്‍ഗ്രസും ചിലയിടങ്ങളില്‍ സൗഹൃദമല്‍സരത്തില്‍ നില്‍ക്കാനടക്കം കാര്യങ്ങള്‍ തിരഞ്ഞെടുപ്പ് പടിവാതില്‍ക്കലെത്തിയപ്പോഴാണ് തീരുമാനമാകുന്നത്. ബിഹാറിലെ 243 സീറ്റുകളില്‍ 143 സീറ്റുകളില്‍ ആര്‍ജെഡി മല്‍സരിക്കുമ്പോള്‍ 61 സീറ്റുകളാണ് കോണ്‍ഗ്രസിനുള്ളത്. ഇന്ത്യ സഖ്യത്തിലുള്ള സിപിഐഎംഎല്ലിന് 20 സീറ്റും ബാക്കിയുള്ളവ മുകേഷ് സഹാനിയുടെ വിഐപിയ്ക്കുമാണ്. സഖ്യത്തില്‍ കോണ്‍ഗ്രസ് ആര്‍ജെഡിയേക്കാള്‍ ബഹുദൂരം പിന്നില്‍ രണ്ടാംസ്ഥാനക്കാരായത് പെട്ടെന്നുണ്ടായ പാര്‍ട്ടിയുടെ പതനം മൂലമല്ല. കഴിഞ്ഞ മൂന്നര പതിറ്റാണ്ടല്‍ ഒരു കോണ്‍ഗ്രസ് മുഖ്യമന്ത്രി ഇല്ലാതെ ബിഹാറിനെ മാറ്റിയത് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പിഴവും ബിഹാറിലെ ജാതീയ- സാമുദായിക രാഷ്ട്രീയത്തിന്റെ ഗതിയുമാണ്.
ലാലു പ്രസാദ് യാദവ് യുഗത്തിനും പിന്നീട് നിതീഷ് കുമാര്‍ യുഗത്തിനും മുമ്പ് കോണ്‍ഗ്രസ് അരങ്ങുവാണൊരു കാലം ബിഹാറില്‍ ഉണ്ടായിരുന്നു. ബിഹാര്‍ സംസ്ഥാനത്തെ ആദ്യത്തെ മുഖ്യമന്ത്രി കോണ്‍ഗ്രസിന്റെ ശ്രീകൃഷ്ണ സിന്‍ഹയായിരുന്നു. 14 വര്‍ഷക്കാലത്തോളം സിന്‍ഹയുടെ മരണം വരെ അദ്ദേഹം ബിഹാര്‍ മുഖ്യമന്ത്രിയായി തുടര്‍ന്നു. ശ്രീകൃഷ്ണ സിന്‍ഹയുടെ മരണത്തോടെ ദീപ് നാരായണ്‍ സിങ് കോണ്‍ഗ്രസ് മുഖ്യമന്ത്രിയായി. ബിനോദാനന്ദ് ജായും കൃഷ്ണ ബല്ലഭ് സാഹെയുമെല്ലാം പിന്നാലെ മുഖ്യമന്ത്രിമാരായി. 47 മുതല്‍ 67 വരെ കോണ്‍ഗ്രസ് തന്നെ ബിഹാറില്‍ അധികാരത്തില്‍ തുടര്‍ന്നു. സവര്‍ണര്‍ക്കും ദളിതര്‍ക്കും പിന്നോക്കക്കാര്‍ക്കുമെല്ലാം കോണ്‍ഗ്രസ് ആയിരുന്നു അവരുടെ ആശ്രയം.
അവിടെ നിന്നാണ് സ്‌റ്റെഡിയായ പതനത്തിലേക്ക് ബിഹാറില്‍ കോണ്‍ഗ്രസ് നീങ്ങുന്നത്. ഉയര്‍ച്ചയില്ലാത്ത താഴ്ചയിലേക്ക്. 1967ല്‍ കെബി സഹായെടെ സര്‍ക്കാര്‍ രണ്ട് വരള്‍ച്ചകള്‍ക്ക് ശേഷം നേരിട്ട തിരഞ്ഞെടുപ്പില്‍ അടിപതറി. ജാതി രാഷ്ട്രീയം കൊടുമ്പിരികൊണ്ടത് കോണ്‍ഗ്രസിനുള്ളില്‍ വിഭാഗീയതയും ഗ്രൂപ്പുപോരുമുണ്ടാക്കി. ബിഹാറിനെ ഇന്നും വലയ്ക്കുന്ന സവര്‍ണ- പിന്നോക്ക ക്ലാസുകളുടെ രാഷ്ട്രീയ പ്രബലതയ്ക്കുള്ള അടിസ്ഥാനം കൂടിയായി ആ കാലഘട്ടം. പിടിച്ചുനില്‍ക്കാനുള്ള സ്ട്രാറ്റജിയുടെ ഭാഗമായി കോണ്‍ഗ്രസ് അറിയാതെ തന്നെ അഹിറുകളെയും യാദവരെയും ശാക്തീകരിക്കുന്ന പ്രക്രിയ ആരംഭിച്ചുവെന്നാണ് ചരിത്രകാരന്മാര്‍ പറയുന്നത്. ഒബിസികളില്‍ തന്നെ വരേണ്യവര്‍ഗവും പിന്നോക്കക്കാരും ഉണ്ടായി അധികാരവടംവലിയില്‍.
സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ വളര്‍ച്ചയും 1967ലെ തിരഞ്ഞെടുപ്പിലൂടെ ഉണ്ടായ മാറ്റമാണ്. അങ്ങനെ സംസ്ഥാനത്ത് ആദ്യമായി മഹാമായ പ്രസാദ് സിന്‍ഹയിലൂടെ കോണ്‍ഗ്രസ് ഇതര മുഖ്യമന്ത്രി വന്നു. അസ്ഥിരമായൊരു സര്‍ക്കാരിന്റെ ആടിഉലയലില്‍ മുഖ്യമന്ത്രിമാര്‍ ദിവസങ്ങള്‍ക്കിടയില്‍ മാറിമാറി വന്നു ഒടുവില്‍ സംസ്ഥാനത്ത് രാഷ്ട്രപതി ഭരണമായി. 68ല്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രി വന്നെങ്കിലും അസ്ഥിരമായി തുടര്‍ന്ന ബിഹാറില്‍ 1967 മുതല്‍ 1980 വരെയുള്ള പതിമൂന്ന് വര്‍ഷക്കാലത്തില്‍ 15 മുഖ്യമന്ത്രിമാരുണ്ടായിരുന്നു. ഭിന്നത നിറഞ്ഞ സംസ്ഥാന നിയമസഭയ്ക്ക് രണ്ട് വാര്‍ഷിക സമ്മേളനങ്ങളിലും ആറ് ആഴ്ചയില്‍ കൂടുതല്‍ സമയം ചെലവഴിക്കാന്‍ കഴിഞ്ഞില്ല. 1971 മുതല്‍ 1981 വരെയുള്ള പത്ത് വര്‍ഷത്തിനുള്ളില്‍ സംസ്ഥാന സര്‍ക്കാര്‍ ശരാശരി 178 ഓര്‍ഡിനന്‍സുകള്‍ പാസാക്കിയെന്നാണ് കണക്ക്.
അടിയന്തരാവസ്ഥയ്ക്ക് ശേഷം നടന്ന തിരഞ്ഞെടുപ്പില്‍ ജനതാ പാര്‍ട്ടി കര്‍പ്പൂരി ഠാക്കൂറിലൂടെ ബിഹാര്‍ പിടിച്ചു. ഇന്ദിരയുടെ 1980ലെ തിരിച്ചുവരവ് ബിഹാറിലും പ്രതിഫലിച്ച് കോണ്‍ഗ്രസ് അധികാരത്തില്‍ വന്നു. ജഗന്നാഥ് മിശ്ര 1990ല്‍ പടിയിറങ്ങും വരെ കോണ്‍ഗ്രസ് ബിഹാര്‍ ഭരിച്ചു. മിശ്രയ്ക്ക് ശേഷം പിന്നൊരു കോണ്‍ഗ്രസുകാരന്‍ മുഖ്യമന്ത്രി ബിഹാറില്‍ പിന്നീടുണ്ടായിട്ടില്ല. പിന്നീടങ്ങോട്ട് ലാലു പ്രസാദ് യാദവ് യുഗമായിരുന്നു ബിഹാറില്‍.
ഇന്ന് രാഹുല്‍ ഗാന്ധിയെ ഒപ്പം ചേര്‍ത്ത് നിര്‍ത്തി പുകഴ്ത്തുകയും ബിഹാറിന്റെ തനത്ത് ചമ്പാരന്‍ മട്ടണ്‍ കറി ഉണ്ടാക്കി നല്‍കുകയും ചെയ്യുന്ന ലാലു പ്രസാദ് യാദവ് തന്നെയാണ് 90കളില്‍ കോണ്‍ഗ്രസിന്റെ ബിഹാറില്‍ അന്തകനായി മാറിയത്. ബിഹാറില്‍ നിന്നുണ്ടായ പല തരത്തിലുള്ള അതിക്രമങ്ങളും രക്തച്ചൊരിച്ചിലും ‘ജംഗിള്‍ രാജ്’ എന്ന് അവിടുത്തെ ഭരണത്തെ 80 മുതല്‍ കാലങ്ങളോളം വിശേഷിപ്പിക്കാന്‍ ഇടയാക്കി. സവര്‍ണ മേധാവിത്വത്തിനെതിരെ ബിഹാറില്‍ ഉണ്ടായ ഹരിജന്‍ മുന്നേറ്റവും എല്‍കെ അദ്വാനിയും ബിജെപിയും വിഎച്ച്പിയും രാം ജന്മഭൂമി മുന്നേറ്റത്തില്‍ ബിഹാറിലൂടെ വഴിതെളിയിക്കാന്‍ ശ്രമിച്ചതുമെല്ലാം ബിഹാര്‍ രാഷ്ട്രീയത്തില്‍ നിര്‍ണായകമായി. 1989ല്‍ വിശ്വഹിന്ദുപരിഷത്തിന്റെ രാം ജന്മഭൂമി ഘോഷയാത്ര ബിഹാറില്‍ 250ലേറെ ഗ്രാമങ്ങളിലാണ് വര്‍ഗീയ കലാപമാക്കിയവര്‍ മാറ്റിയത്. 100 കണക്കിന് നെയ്ത്തുകാരായ പാവപ്പെട്ട മുസ്ലീങ്ങള്‍ മരിച്ച സംഭവത്തില്‍ തിരഞ്ഞെടുപ്പ് അടുത്തുവരുന്നത് കണ്ട കോണ്‍ഗ്രസ് സര്‍ക്കാര്‍ ഹിന്ദുക്കളെ അകറ്റാതിരിക്കാന്‍ കടുത്ത ഇടപെടലിന് വിമുഖത കാണിച്ചു. ഇതാണ് ബിഹാറില്‍ പിന്നാക്ക വോട്ടുകള്‍ക്കൊപ്പം മുസ്ലീം വോട്ടുകളും കോണ്‍ഗ്രസില്‍ നിന്നകലാന്‍ വഴിവെച്ചത്.
സവര്‍ണര്‍ അപ്പോഴേക്കും ബിജെപിയുടെ അയോധ്യ മുന്നേറ്റത്തിന്റെ മതിഭ്രമത്തില്‍ മയങ്ങിയിരുന്നു. ‘രാമജന്മഭൂമി പ്രസ്ഥാനത്തി’ന്റെ ഭ്രാന്തില്‍ ബിജെപിയില്‍ മേല്‍ജാതിക്കാര്‍ പതിറ്റാണ്ടുകളായി അവര്‍ അന്വേഷിച്ചുകൊണ്ടിരുന്ന പകരക്കാരനെ കണ്ടെത്തി. അവരെ സംബന്ധിച്ചിടത്തോളം കോണ്‍ഗ്രസ് ഹൈന്ദവ താല്‍പ്പര്യങ്ങളുടെ സംരക്ഷകനല്ലെന്ന് മാത്രമല്ല അനാവശ്യ പദ്ധതിയിലൂടെ പിന്നാക്ക വിഭാഗങ്ങളെ സവര്‍ണ ആധിപത്യത്തെ വെല്ലുവിളിക്കാന്‍ അനുവദിച്ച പാര്‍ട്ടി കൂടിയായിരുന്നു.
സ്വാഭാവികമായി അയോധ്യപ്രശ്‌നത്തിന്റെ തുടക്കത്തില്‍ പിന്നാക്കക്കാരും മുസ്ലീമുകളും കോണ്‍ഗ്രസിനപ്പുറത്ത് പുതിയ രക്ഷകനെ തേടി. അതായിരുന്നു ലാലുപ്രസാദ് യാദവ്. 1990-ല്‍ ബീഹാറില്‍ അവസാനമായി കോണ്‍ഗ്രസിനുണ്ടായിരുന്നത് ജഗന്നാഥ് മിശ്ര എന്ന ഒരു ബ്രാഹ്‌മണ മുഖ്യമന്ത്രി കൂടിയാണെന്ന് ചേര്‍ത്ത് വായിക്കണം. ലാലുവിന്റെ ഉയര്‍ച്ചയോടെ സംസ്ഥാന രാഷ്ട്രീയം എന്നെന്നേക്കുമായി മാറി. പിന്നാക്ക വിഭാഗങ്ങളുടെ പാര്‍ട്ടികളിലൂടെ ബിഹാര്‍ പുതിയ രാഷ്ട്രീയ കഥപറഞ്ഞു. ജാതിരാഷ്ട്രീയം ബിഹാറിലെ രാഷ്ട്രീയത്തില്‍ മാറ്റപ്പെടാനാവാത്തതായി എഴുതി ചേര്‍ക്കപ്പെട്ടു. 1990 ബിഹാറില്‍ ഒരു വഴിത്തിരിവായിരുന്നു. കോണ്‍ഗ്രസിന് അധികാരം നഷ്ടപ്പെട്ടു, ലാലുവിന്റെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് വഴിയൊരുങ്ങി. ഭൂരിപക്ഷം കുറവായിരുന്നെങ്കിലും ബിജെപിയുടെയും ഇടതുപക്ഷ പാര്‍ട്ടികളുടെയും സിപിഐയുടേയും സിപിഎമ്മിന്റേയും പുറത്തുനിന്നുള്ള പിന്തുണയോടെ ലാലുവിന്റെ ജനതാദള്‍ സര്‍ക്കാര്‍ രൂപീകരിച്ചു. ബിജെപിയുടെ പുറത്തുനിന്നുള്ള പിന്തുണയോടെ മുസ്ലീങ്ങളുടെ രക്ഷകന്‍ ഇമേജില്‍ ലാലു ബിഹാര്‍ ആദ്യമായി ഭരിച്ചു.
പക്ഷേ അദ്വാനിയുടെ രഥയാത്ര വട്ടംകയറി നിന്ന് തടയാന്‍ ലാലു പ്രസാദ് യാദവ് കാണിച്ച ധൈര്യം ഹിന്ദി ഹൃദയഭൂമിയില്‍ മതേതര രാഷ്ട്രീയത്തിന്റെ എതിരില്ലാ നേതാവായി അദ്ദേഹത്തെ മാറ്റി. ആ ഇടം മുതല്‍ ലാലു പ്രസാദ് യാദവ് ബിജെപിയുടെ കരടായി. മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് സ്വാഗതം ചെയ്തതോടെ സാമൂഹിക നീതിയുടെ വക്താവായി ലാലു മാറി. 95ല്‍ ബിഹാറില്‍ വന്‍ഭൂരിപക്ഷത്തില്‍ വിജയിച്ചു. കോണ്‍ഗ്രസ് തകര്‍ന്നു, ബിജെപി ബിഹാറിലെ മുഖ്യപ്രതിപക്ഷമായി. പിന്നീട് ജനതാദള്‍ പിളര്‍ന്നു. ലാലുവിനെ എതിര്‍ത്ത് നിതീഷ് കുമാര്‍ പുറത്തുപോയതോടെ ലാലു പുതിയ പാര്‍ട്ടിയായ ആര്‍ജെഡി രൂപികീരിച്ചു. നിതീഷ് കുമാര്‍ ആദ്യം കോണ്‍ഗ്രസിനോടും പിന്നീട് ബിജെപിയോടുമെല്ലാം ചേര്‍ന്ന് ഉയര്‍ന്നുതുടങ്ങി.
ബിജെപിയെ എതിര്‍ക്കണോ ആര്‍ജെഡിയെ എതിര്‍ക്കണോ എന്ന സംശയത്തില്‍ നിന്ന കോണ്‍ഗ്രസ് നിന്നയിടത്ത് തന്നെ നിന്നു. പക്ഷേ സോണിയ ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് ദേശീയ തലത്തില്‍ ഉയര്‍ന്നപ്പോള്‍ ലാലുവും ഒപ്പം ചേര്‍ന്നു. സോണിയ ഗാന്ധിയോട് വലിയ ആത്മബന്ധം പുലര്‍ത്തിയ ലാലു മറ്റ് പ്രാദേശിക പാര്‍ട്ടികളേയും യുപിഎയിലേക്ക് കൊണ്ടുവന്നും 2004 കേന്ദ്രത്തില്‍ സര്‍ക്കാരുണ്ടാക്കുന്നതില്‍ നിര്‍ണായകമായി. 2005ല്‍ കോണ്‍ഗ്രസ് ബിഹാറില്‍ ആര്‍ജെഡി സഖ്യകക്ഷിയായി. പക്ഷേ സഖ്യം വലിയ മാറ്റമുണ്ടാക്കിയില്ല. തുടര്‍ന്ന് 2010ല്‍ കോണ്‍ഗ്രസ് ഒറ്റയ്ക്ക് മല്‍സരിച്ചു അമ്പേ തോറ്റുമടങ്ങി. പിന്നീട് 2015 മുതല്‍ എല്ലാ തിരഞ്ഞെടുപ്പിലും കോണ്‍ഗ്രസ് ആര്‍െജഡിയുമായി ചേര്‍ന്നാണ് മല്‍സരിച്ചത്.
ബിജെപിയെ അധികാരത്തില്‍ നിന്ന് പുറത്താക്കാന്‍ കയ്യുമെയ്യും മറന്ന് ഇന്ത്യ സഖ്യം ഉണ്ടാക്കാന്‍ കോണ്‍ഗ്രസിനൊപ്പം ലാലുവും പാര്‍ട്ടിയും ഉറച്ചുനിന്നു. വോട്ടുകൊള്ളയ്‌ക്കെതിരെ ബിഹാറില്‍ ആരവമുയര്‍ത്തി രാഹുല്‍ ഗാന്ധി നടത്തിയ വോട്ടര്‍ അധികാര്‍ യാത്രയില്‍ പ്രധാന മുന്നണി പോരാളി ആര്‍ജെഡിയുടെ തേജസ്വി യാദവായിരുന്നു. ബിഹാറില്‍ കോണ്‍ഗ്രസിനെ തൂത്തെറിച്ച ലാലു ഇന്ന് കേന്ദ്രത്തില്‍ കോണ്‍ഗ്രസിനെ തിരിച്ചു കൊണ്ടുവരാനുള്ള പോരാട്ടത്തിലാണ്. കോണ്‍ഗ്രസ് കൈവിട്ടു പോയ കേന്ദ്രത്തിലെന്ന പോലെ ബിഹാറില്‍ ലാലുവിന്റെ കൈപിടിച്ചു തിരിച്ചുവരവിനുള്ള ശക്തമായ ശ്രമത്തിലും. രാഷ്ട്രീയം വല്ലാത്ത വൈരുധ്യത്തിന്റെ സംഗമകേന്ദ്രമാണ്.