റഫറി ഒരു ടീമിന് വേണ്ടി കളിക്കുന്ന കളിയില്‍ എതിര്‍ ടീം വിജയിക്കുമോ?. ബിഹാറിലെ എന്‍ഡിഎയുടെ കണ്ണിഞ്ചിപ്പിക്കുന്ന വിജയത്തില്‍ ചോദ്യങ്ങള്‍ ഒട്ടനവധി ഉണ്ട്. ഒപ്പം നിതീഷ് കുമാര്‍ എന്ന രാഷ്ട്രീയക്കാരന്റെ ജനപ്രിയ മുഖമുണ്ട്, ബിജെപിയുടെ കേഡര്‍ സംവിധാനങ്ങളുടേയും കേന്ദ്രത്തിലെ പദ്ധതി പ്രഖ്യാപനങ്ങളുടെ രാഷ്ട്രീയ സ്‌ട്രൈക്കിംഗ് മികവുമെല്ലാം ബിഹാറിലെ തിരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചിട്ടുണ്ട്. സ്ത്രീ വോട്ടുകള്‍ ബിഹാറിന്റെ ഫലം നിര്‍ണയിക്കുമെന്ന ബിജെപി- ജെഡിയു തിരിച്ചറില്‍ മഹിള രോസ്ഗര്‍ യോജനയുണ്ടാക്കിയ ചലനമുണ്ട്. തിരഞ്ഞെടുപ്പിന് ഒരു മാസം മുമ്പ് ഒക്ടോബറില്‍ സ്ത്രീകളുടെ അക്കൗണ്ടില്‍ വീണ 10,000 രൂപയുടെ കനം കേന്ദ്രം ഭരിക്കുന്ന മുന്നണിയ്ക്ക് സംസ്ഥാനത്ത് വലിയ മെച്ചമുണ്ടാക്കി കൊടുത്തിട്ടുണ്ടെന്ന് വ്യക്തമായിരുന്നു.് സംസ്ഥാനത്തെ 71.78 ശതമാനം സ്ത്രീകളും പോളിംഗ് ബൂത്തിലെത്തിയ തിരഞ്ഞെടുപ്പില്‍ ആ 10,000 രൂപയുടെ കനം ചില്ലറയല്ല.
മുഖ്യമന്ത്രി മഹിള രോസ്ഗര്‍ യോജന വഴി ഒക്ടോബറില്‍ 25 ലക്ഷം സ്ത്രീകളുടെ അക്കൗണ്ടിലേക്കാണ് 10,000 രൂപ നിതീഷ് കുമാര്‍ സര്‍ക്കാര്‍ എത്തിച്ചുനല്‍കിയത്. 2500 കോടിയാണ് കേന്ദ്രവും സംസ്ഥാനവും ചേര്‍ന്ന് ഭരിക്കുന്ന എന്‍ഡിഎ ഡയറക്ട് ബെനിഫിറ്റ് ട്രാന്‍സ്ഫര്‍ വഴി കൈമാറിയത്. 10,000 കൊടുത്തത് മാത്രമല്ല 2 ലക്ഷം വരെ ഇനിയും കിട്ടാമെന്ന ഓഫറും നിതീഷ് മുന്നോട്ട് വെച്ചപ്പോള്‍ പട്ടിണി പാവങ്ങളുടെ ബിഹാറില്‍ അതുണ്ടാക്കിയ ചലനം ചെറുതായില്ല. അതായത് പിന്നാക്കക്കാര്‍, ഒബിസിയും ഇബിസിയും അടങ്ങുന്ന ജാതി രാഷ്ട്രീയത്തിന് മേല്‍ക്കൈയുള്ള ബിഹാറില്‍ മാസം 6000 രൂപ മാസവരുമാനമില്ലാത്ത ഒരു കോടിയോളം വരുന്ന ജനതയുണ്ട്. അവരിലെ നല്ലൊരു ശതമാനത്തിലേക്കാണ് ഈ 10,000 എത്തിച്ചേര്‍ന്നതെന്നതാണ് ഓര്‍ക്കേണ്ടത്.
50 ലക്ഷത്തോളം വരുന്ന പ്രവാസികള്‍ നിറഞ്ഞ ബിഹാര്‍ ജനതയെ ഡല്‍ഹിയിലടക്കം വാഗ്ദാനങ്ങള്‍ നല്‍കി ഏകോപിപ്പിക്കുന്നതില്‍ ബിജെപിയുടെ കേഡര്‍ സംവിധാനം വിജയിച്ചുവെന്നതും കണ്ടില്ലെന്ന് നടിച്ചിട്ട് കാര്യമില്ല. ബിഹാറില്‍ കെട്ടഴിഞ്ഞ മഹാസഖ്യം സീറ്റ് ഷെയറിംഗില്‍ അടക്കം പോരടിച്ചപ്പോള്‍ 2020ന് ഇഞ്ചോടിഞ്ച് നിന്നവര്‍ 50ല്‍ എത്താതെ കിതച്ചുവീണത് ഇതെല്ലാം കൊണ്ട് മാത്രമാണോ എന്ന സംശയം ഉടലെടുക്കുന്നത് തിരഞ്ഞെടുപ്പ് കമ്മീഷന്റെ സംശയം ജനിപ്പിക്കുന്ന ഇടപെടലുകള്‍ കൊണ്ടാണ്. വോട്ടിംഗ് മെഷീന്‍ സൂക്ഷിച്ചിരുന്ന പലയിടങ്ങളിലും മണിക്കൂറുകളോളം സിസിടിവി പ്രവര്‍ത്തിക്കാതിരുന്നതും ആ സമയത്ത് ട്രക്കുകളുടെ നിര സംശയം ജനിപ്പിക്കുന്ന തരത്തിലുണ്ടായിരുന്നുവെന്ന ആര്‍ജെഡി ആക്ഷേപങ്ങളും ഹരിയാനയിലേയും കര്‍ണാടകയിലേയും മഹാരാഷ്ട്രയിലേയും വോട്ടുചോരി ആരോപണങ്ങള്‍ക്ക് ശേഷം അത്ര നിസാരമായി തള്ളിക്കളയാവുന്നതാണോ എന്ന ചോദ്യം പലയിടത്ത് നിന്നും ഉയരുന്നുണ്ട്. വോട്ടെണ്ണലിന്റെ തലേദിവസവും സസ്രാമില്‍ ഇവിഎം നിറച്ച ട്രക്ക് തടഞ്ഞു ആര്‍ജെഡി പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധവും ട്രക്ക് ഡ്രൈവര്‍മാരെ പെട്ടെന്ന് സ്ഥലത്ത് നിന്ന് നീക്കിയ ഇടപെടലുകളും എല്ലാം സംശയത്തിന് ഇടനല്‍കുന്നതാണ്.
കോണ്‍ഗ്രസാണ് മുന്നണിയെ തോല്‍പ്പിക്കുന്നതെന്നും തേജസ്വി യാദവിന്റെ ആര്‍ജെഡി വലിയ പോരാട്ടമാണ് നടത്തിയതെന്നും വോട്ടിംഗ് ഫലത്തിന്റെ തുടക്കത്തില്‍ വിശകലനം ചെയ്തവര്‍ പക്ഷേ ആര്‍ജെഡി കോട്ടയാണ് രഘോപൂരില്‍ തേജസ്വി യാദവ് പിന്നിലായത് കണ്ടപ്പോള്‍ ചെറുതായൊന്ന് അടങ്ങി. മഹാഗഡ്ബന്ധനില്‍ കോണ്‍ഗ്രസ് മാത്രമല്ല ആര്‍ജെഡിയും ഇടതുപാര്‍ട്ടികളായ സിപിഐഎംഎല്ലും സിപിഎമ്മും എല്ലാം മൂക്കും കുത്തിയാണ് താഴെ വീണതെന്ന് അന്തിമഫലത്തോട് അടുക്കുമ്പോള്‍ കാര്യം വ്യക്തമാണ്. എല്ലാം കൂടെ തികച്ച് കഷ്ടിച്ച് 30 കടക്കാന്‍ പറ്റാത്ത സ്ഥിതിയിലാണ്. 2020ല്‍ 29 ഇടത്ത് മല്‍സരിച്ച് 16 സീറ്റ് നേടിയ ഇടത് പാര്‍ട്ടികള്‍ ലീഡ് ചെയ്തത് പോലും വളരെ കുറച്ച് സീറ്റിലാണ്. 16 നേടിയവര്‍ ഇക്കുറി 2 എണ്ണത്തിലേക്ക് എത്താന്‍ കിണഞ്ഞു ശ്രമിക്കുകയാണ്. 19 സീറ്റുണ്ടായിരുന്ന കോണ്‍ഗ്രസ് രണ്ടെങ്കിലും കിട്ടുമോയെന്ന സംശയത്തിലാണ്.
അടിമുടി ബിഹാര്‍ നിതീഷ് കുമാറിനും ബിജെപിയ്ക്കുമായി മാത്രം നിലകൊണ്ടുവെന്നതാണ് റിസല്‍ട്ട് വെളിവാക്കുന്നത്. അന്തിമ ഫലം വന്നിട്ടില്ലെങ്കിലും ഇതില്‍ 101 സീറ്റുകളില്‍ മല്‍സരിച്ച ബിജെപിയും ജെഡിയുവും ഭരണത്തുടര്‍ച്ചയ്ക്ക് നേടിയ സീറ്റുകള്‍ നിലവില്‍ 95- 84 എന്ന നിലയിലാണ്. അതായത് 101 സീറ്റില്‍ മല്‍സരിച്ച ബിജെപി 95 സീറ്റുകളില്‍ വിജയത്തിലേക്ക് എത്തുന്നുവെന്ന്, അതായത് ഏകദേശം എല്ലാ ബിജെപി സ്ഥാനാര്‍ത്ഥികളും വിജയത്തേരിലേക്ക് വരുന്നുവെന്ന്. എന്തൊരു കണക്കാണ് അല്ലേ, ഈ കണക്ക് തന്നെ സംശയവും ഞെട്ടലുമുണ്ടാക്കുമ്പോള്‍ ഇനി 101 സീറ്റില്‍ മല്‍സരിച്ച ബിജെപി 105 സീറ്റില്‍ ജയിക്കുമോയെന്ന സംശയം സാധാരണക്കാര്‍ക്ക് പോലും ഉണ്ടാകും. ഫെയ്‌സ്ബുക്കില്‍ ഒരു മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കുറിച്ച ചില വാക്കുകകള്‍ പറഞ്ഞുനിര്‍ത്താം.
‘എംഎല്‍എമാരെ വിലയ്ക്ക് വാങ്ങി റിസോര്‍ട്ടില്‍ പാര്‍പ്പിച്ച് ജനഹിതം അട്ടിമറിക്കുന്നതിലും എളുപ്പമാണ് തെരഞ്ഞെടുപ്പ് കമ്മീഷനെ തന്നെ മൊത്തത്തില്‍ വാങ്ങി വോട്ടുകുത്തലിനെ കേവലം ഒരനുഷ്ടാനകലയായി മാറ്റുന്നത്. ‘