ബിജെപി- കോണ്‍ഗ്രസ് 'ജുഗല്‍ബന്ദി', കെജ്രിവാളിന്റെ തന്ത്രം; യുദ്ധമുറ കമ്പനി കാണാനിരിക്കുന്നതേയുള്ളു!

ഡല്‍ഹിയില്‍ വെളിവാകുന്നത് കോണ്‍ഗ്രസ്- ബിജെപി ‘ജുഗല്‍ബന്ദി’. രാഹുല്‍ ഗാന്ധിയെ കുറിച്ച് ഒരു വാക്ക് പറഞ്ഞാല്‍ പ്രതികരിക്കുന്നത് ബിജെപി. ഡല്‍ഹിയില്‍ എങ്ങനേയും ഭരണം പിടിച്ചു നിര്‍ത്താന്‍ പഠിച്ച പണി പതിനെട്ടും പയറ്റുന്ന ആപ് ദേശീയ കണ്‍വീനര്‍ അരവിന്ദ് കെജ്രിവാള്‍ ഇപ്പോള്‍ ഓടിനടന്ന് നടത്തുന്ന പ്രചാരണങ്ങളിലെ സ്ഥിരം ആക്ഷേപമാണിത്. ഡല്‍ഹിയിലെ ത്രികോണ പോര് അരവിന്ദ് കെജ്രിവാളിന് അംഗീകരിക്കാനായിട്ടില്ല. കോണ്‍ഗ്രസ്- ബിജെപി- ആംആദ്മി പാര്‍ട്ടി എന്ന നിലയില്‍ ഒരു മല്‍സരം പാടില്ലെന്നും ബിജെപി ആംആദ്മി പാര്‍ട്ടി എന്ന നിലയില്‍ തിരഞ്ഞെടുപ്പ് നീങ്ങണമെന്നും കോണ്‍ഗ്രസ് പടിക്ക് പുറത്ത് നില്‍ക്കണമെന്നുമാണ് കെജ്രിവാളും കൂട്ടരും ആഗ്രഹിക്കുന്നത്. ആപ്പിന് വേണ്ടി ഒരു ഉപേക്ഷയും വിചാരിക്കാതെ കോണ്‍ഗ്രസ് പിന്മാറണമെന്ന ഡിമാന്‍ഡ് ഇന്ത്യ ബ്ലോക്കില്‍ നിന്ന് കൊണ്ട് സമ്മര്‍ദ്ദ തന്ത്രമായി പ്രയോഗിച്ച് നോക്കിയതാണ് കെജ്രിവാള്‍. പക്ഷേ ദേശീയ നേതൃത്വത്തിനപ്പുറം ഡല്‍ഹിയിലേയും മറ്റ് സംസ്ഥാനങ്ങളിലേയും കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വങ്ങള്‍ക്ക് ഈ വിട്ടുവീഴ്ച അംഗീകരിക്കാനാവില്ലായിരുന്നു. വിട്ടുകൊടുത്തും പിന്‍വാങ്ങിയും സഖ്യത്തിനുള്ളില്‍ കോണ്‍ഗ്രസ് ഞെരുങ്ങി ഒതുങ്ങുന്നുവെന്ന് അണികള്‍ അലമുറയിട്ടു. അതോടെ കോണ്‍ഗ്രസ് ഡല്‍ഹി തിരിച്ചു പിടിക്കാന്‍ അരയും തലയും മുറുക്കി ഇറങ്ങി.

ആംആദ്മി പാര്‍ട്ടിയാകട്ടെ 2013ല്‍ കോണ്‍ഗ്രസിന്റെ ഹാട്രിക് ഭരണം അവസാനിപ്പിച്ചു പിടിച്ചെടുത്ത ഡല്‍ഹി തങ്ങളുടെ ഉള്ളംകൈയില്‍ ഉറപ്പിച്ചു നിര്‍ത്താനുള്ള ശ്രമത്തിലാണ്. ഇന്ത്യ ബ്ലോക്ക് എന്ന സമ്മര്‍ദ്ദ തന്ത്രത്തില്‍ കോണ്‍ഗ്രസിനെ പിടിച്ചുലയ്ക്കാന്‍ കഴിയുന്നില്ലെന്നായപ്പോള്‍ മറ്റ് ഇന്ത്യ സഖ്യകക്ഷികളെ തങ്ങള്‍ക്കൊപ്പം നിര്‍ത്തി കോണ്‍ഗ്രസിനെ മുന്നണിയില്‍ ഒറ്റപ്പെടുത്തി. കോണ്‍ഗ്രസ് മുക്ത ഇന്ത്യ ബ്ലോക്ക് എന്ന പാതയിലേക്കുള്ള ചുവട്വെപ്പായി മാറിക്കഴിഞ്ഞു ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പ്. പിന്നാലെ കോണ്‍ഗ്രസിനെ ബിജെപിയേക്കാള്‍ ശക്തിയോടെ പരിഹസിക്കാനും ആക്രമിക്കാനും ആംആദ്മി പാര്‍ട്ടി മുന്നിട്ടിറങ്ങി. ഡല്‍ഹിയില്‍ ബിജെപിയ്ക്കപ്പുറം അരവിന്ദ് കെജ്രിവാളും കൂട്ടരും ലക്ഷ്യമിടുന്നത് കോണ്‍ഗ്രസിനെ നിലംപരിശാക്കാനാണ്. അതിനായി ഇപ്പോള്‍ കണ്ടുപിടിച്ചിരിക്കുന്ന പദമാണ് ‘ജുഗല്‍ബന്ദി’.

ഡല്‍ഹിയില്‍ വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് ബിജെപിയും കോണ്‍ഗ്രസും തമ്മിലുള്ള ‘ജുഗല്‍ബന്ദി’ പുറത്തുകൊണ്ടുവരുമെന്നാണ് ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്രിവാള്‍ പറയുന്നത്. അതായത് കോണ്‍ഗ്രസ് ബിജെപി പങ്കാളിത്തമാണ് ഡല്‍ഹിയില്‍ ഉള്ളതെന്നും അവര്‍ ഒന്നിച്ചാണ് ഡല്‍ഹിയില്‍ ആപ്പിന്റെ എതിരാളി എന്നുമാണ് കെജ്രിവാള്‍ പറഞ്ഞുവെയ്ക്കാന്‍ ശ്രമിക്കുന്നത്. അതായത് ദേശീയ രാഷ്ട്രീയത്തിലെ ഭരണകക്ഷിയും പ്രധാന പ്രതിപക്ഷവും തമ്മിലുള്ള പങ്കാളിത്തമാണ് രാജ്യതലസ്ഥാനത്തെ തിരഞ്ഞെടുപ്പില്‍ കാണാനാവുക എന്നതാണ് കെജ്രിവാളും ടീമും മുന്നോട്ട് വെയ്ക്കുന്ന ആക്ഷേപവും മുഖ്യപ്രചാരണ ആയുധവും.

രാഹുല്‍ ഗാന്ധി തന്റെ റാലിയില്‍ തിരിച്ചടി തുടങ്ങിയതോടെ കെജ്രിവാള്‍ രാഹുല്‍ ഗാന്ധിയ്‌ക്കെതിരായ ആക്രമണം കുറച്ചുകൂടി കടുപ്പിച്ചു. ഈ സമയത്ത് രാഹുല്‍ ഗാന്ധിയെ സ്ഥിരം പപ്പുവെന്നും മറ്റുവിളിച്ച് അധിക്ഷേപിക്കുന്ന ബിജെപി ഐടി സെല്‍ തലവന്‍ അമിത് മാളവ്യ കെജ്രിവാളിനെതിരേയും ശക്തമായ പരിഹാസവുമായി രംഗത്തിറങ്ങി. ഇത് കണ്ടപ്പോഴാണ് രാഹുല്‍ ഗാന്ധിയ്ക്ക് വേണ്ടിയാണ് അമിത് മാളവ്യയുടെ പരാമര്‍ശം എന്ന മട്ടില്‍ കാര്യങ്ങള്‍ കുഴച്ചു മറിക്കാനുള്ള കെജ്രിവാളിന്റെ പുത്തന്‍ ഒളിപ്പോര് തന്ത്രം.

ഇനി എങ്ങനെയാണ് ഈ കമന്റുകളെന്ന് വിശദീകരിക്കാം. ഡല്‍ഹിയിലെ സീലാപൂരില്‍ രാഹുല്‍ ഗാന്ധി നടത്തിയ റാലിയില്‍ കെജ്രിവാളിനേയും ആപ്പിനേയും അവര്‍ തങ്ങളെ നേരിടുന്ന അതേ അക്രമണോല്‍സുകത ഉപയോഗിച്ച് രാഹുല്‍ ഗാന്ധി നേരിട്ടിരുന്നു. ആ വാക്കുകള്‍ ഇങ്ങനെയാണ്.

ഡല്‍ഹി വൃത്തിയാക്കുമെന്നും അഴിമതി ഇല്ലാതാക്കുമെന്നും രാജ്യതലസ്ഥാനം പാരീസാക്കി മാറ്റുമെന്നും അരവിന്ദ് കെജ്രിവാള്‍ പറഞ്ഞിരുന്നു. എന്താണ് സംഭവിച്ചത്? മലിനീകരണം കാരണം ഒരാള്‍ക്ക് ഡല്‍ഹിയില്‍ ഇറങ്ങി നടക്കാനാവില്ല. പണപ്പെരുപ്പം ഉയരുകയാണ്. അരവിന്ദ് കെജ്രിവാള്‍ അഴിമതി തുടച്ചുനീക്കുന്നതിനെക്കുറിച്ച് ആണ് ഇത്രയും കാലം സംസാരിച്ചു കൊണ്ടിരുന്നത്. അദ്ദേഹം അഴിമതി നീക്കം ചെയ്‌തോ? ഡല്‍ഹിയില്‍ മലിനീകരണവും അഴിമതിയും വിലക്കയറ്റവും കൊടുമ്പിരിക്കൊണ്ടിരിക്കുകയാണ്.

ഈ വാക്കുകള്‍ക്ക് പിന്നാലെ ജാതി സെന്‍സസിനെ കുറിച്ചുള്ള ആപ്പിന്റെ മൗനവും ലോക്‌സഭാ പ്രതിപക്ഷ നേതാവ് ഡല്‍ഹി റാലിയില്‍ ഉയര്‍ത്തിക്കാട്ടി. തന്നെ രാഹുല്‍ ഗാന്ധി കടന്നാക്രമിച്ചുവെന്നും അധിക്ഷേപിച്ചുവെന്നും എല്ലാം പറഞ്ഞാണ് അരവിന്ദ് കെജ്രിവാള്‍ ഇതിന് പിന്നാലെ രംഗത്തെത്തിയത്. കെജ്രിവാളിന്റെ വാക്കുകള്‍ ഇങ്ങനെയാണ്.

രാഹുല്‍ ഗാന്ധി എന്നെ അധിക്ഷേപിച്ചു, പക്ഷേ അദ്ദേഹത്തിന്റെ പരാമര്‍ശങ്ങളെക്കുറിച്ച് ഞാന്‍ പ്രതികരിക്കില്ല, അദ്ദേഹത്തിന്റെ പോരാട്ടം കോണ്‍ഗ്രസിനെ രക്ഷിക്കാനാണ്, എന്റെ പോരാട്ടം രാജ്യത്തെ രക്ഷിക്കാനാണ്.

കിട്ടിയ അവസരത്തില്‍ ഒരു ഷാര്‍പ്പ് തഗ് അടിച്ചേക്കാമെന്ന് കരുതി ഈ രംഗത്തേയ്ക്ക് എത്തിയതാണ് ബിജെപി നേതാവും പാര്‍ട്ടിയുടെ ഐടി സെല്‍ മേധാവിയുമായ അമിത് മാളവ്യ. ഐടി സെല്‍ മേധാവിയ്ക്ക് ഏതവസരത്തില്‍ സോഷ്യല്‍ മീഡിയയെ ഇളക്കി മറിക്കണമെന്ന വ്യക്തമായ ധാരണ ഉള്ളതിനാല്‍ കെജ്രിവാളിന്റെ രാജ്യ കമന്റില്‍ അമിത് മാളവ്യ ഒരു ട്രോളിനുള്ള വകുപ്പ് കണ്ടു.

രാജ്യത്തെ കുറിച്ച് പിന്നീട് വിഷമിക്കൂ, ആദ്യം ന്യൂഡല്‍ഹി സീറ്റ് സംരക്ഷിക്കൂ.

സംഭവം വളരെ ലളിതമാണ്. കെജ്രിവാളിന്റെ നിയമസഭയിലെ സീറ്റായ ന്യൂഡല്‍ഹി മണ്ഡലം കയ്യില്‍ നിന്ന് പോകാതെ കാക്കൂ എന്നാണ് ആ പരാമര്‍ശത്തിന് പിന്നില്‍. എതിരാളിയായി നില്‍ക്കുന്ന ഏതൊരു എതിര്‍പാര്‍ട്ടിക്കാരനും പറയാന്‍ സാധ്യത ഉള്ള ഒരു പരാമര്‍ശം. പക്ഷേ കെജ്രിവാള്‍ ഇതിനെ വളച്ചൊടിച്ചത് ഇങ്ങനെയാണ്.

‘കൊള്ളാം. ഞാന്‍ രാഹുല്‍ ഗാന്ധിയെക്കുറിച്ച് ഒരു വരി എഴുതി, പ്രതികരണം ബിജെപിയില്‍ നിന്ന് വരുന്നു. നോക്കൂ, ബിജെപിയെ എത്രമാത്രം ഇത് അലോസരപ്പെടുത്തിയെന്ന്. ഈ ഡല്‍ഹി തിരഞ്ഞെടുപ്പ് ഒരുപക്ഷേ കോണ്‍ഗ്രസും ബിജെപിയും തമ്മിലുള്ള വര്‍ഷങ്ങളായുള്ള പങ്കാളിത്തം വെളിപ്പെടുത്തുന്നതായിരിക്കും.

കെജ്രിവാളിന്റെ പരാമര്‍ശം അത്ര നിഷ്‌കളങ്കമല്ല. കാരണം ബിജെപിയുടെ ബി ടീമാണ് കെജ്രിവാള്‍ എന്ന് പലഘട്ടങ്ങളില്‍ ആക്ഷേപം ഉയര്‍ന്നിട്ടും പ്രതിരോധിക്കാന്‍ കഴിയാതിരുന്ന കെജ്രിവാള്‍ രാജ്യത്തെ മുഖ്യപ്രതിപക്ഷ കക്ഷിയേയും ഭരണകക്ഷിയേയും ഒറ്റ ചാപ്പ കുത്തി ഒരു ടീമാണെന്ന് വരുത്തി തീര്‍ത്ത് തങ്ങളുടെ കാര്യം രക്ഷിച്ചെടുക്കാനുള്ള ശ്രമത്തിലാണ്. കാരണം ഡല്‍ഹിയില്‍ ആപ് വരുന്നതിന് മുമ്പേ പോരടിച്ചിരുന്നത് ബിജെപിയും കോണ്‍ഗ്രസും തമ്മിലാണ്. 1993 മുതല്‍ 98 വരെയാണ് അവസാനം ഡല്‍ഹി ബിജെപി ഭരിച്ചത്. സുഷമ സ്വരാജായിരുന്നു ഒടുവിലത്തെ ഡല്‍ഹി മുഖ്യമന്ത്രി. 98 മുതല്‍ ഷീല ദീക്ഷിത് എന്ന കോണ്‍ഗ്രസ് മുഖ്യമന്ത്രി ഹാട്രിക് അടിച്ചു ഭരണത്തിലിരുന്നു ഡല്‍ഹിയില്‍. പിന്നീട് 2013ല്‍ ഷീല ദീക്ഷിത് ഭരണത്തെ വീഴ്ത്തിയാണ് ഡല്‍ഹിയില്‍ ആപ് വരുന്നത്. അതായത് കോണ്‍ഗ്രസ് വോട്ട് ബാങ്ക് ഒന്നടങ്കം ആംആദ്മിയിലേക്ക് വീഴുന്നതാണ് 2013 മുതല്‍ കണ്ടത്. 2013, 2015, 2020 ഇങ്ങനെ മൂന്ന് തവണ ഡല്‍ഹിയില്‍ ഭരണം പിടിച്ച ആപ് നാലാം അങ്കത്തിന് ഇറങ്ങുന്നത് പഴയ കോണ്‍ഗ്രസ് വോട്ടുകള്‍ കൈമോശം വരില്ലെന്ന് പ്രതീക്ഷിച്ചാണ്. ആ സമയത്താണ് കോണ്‍ഗ്രസ് ഡല്‍ഹിയില്‍ ജീവന്മരണ പോരാട്ടത്തിന് ഇറങ്ങുന്നത്. ബിജെപിയേക്കാള്‍ തങ്ങളുടെ പക്കലുള്ള കോണ്‍ഗ്രസ് വോട്ടുബാങ്കുകള്‍ തിരിച്ചു പോകുമോയെന്ന ഭയമാണ് ആംആദ്മിയെ ഭരിക്കുന്നത്. അതാണ് ഇത്തരത്തില്‍ ബിജെപി – കോണ്‍ഗ്രസ് ബന്ധം ആരോപിച്ച് ആ വോട്ടുകള്‍ ഉറപ്പിച്ചു നിര്‍ത്താനുള്ള ഒളിപ്പോര് ആപ് കണ്‍വീനര്‍ നടത്തുന്നത്.

Latest Stories

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ

'സർക്കാർ പദവിയിലിരിക്കെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയത് ചട്ടവിരുദ്ധം'; കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി

9ാം ദിവസവും രാഹുല്‍ ഒളിവില്‍ തന്നെ; മുൻകൂര്‍ ജാമ്യാപേക്ഷയുമായി ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും, രാഹുല്‍ മാങ്കൂട്ടത്തിലിനെ കസ്റ്റഡിയിലെടുക്കാനുള്ള നീക്കം ഊര്‍ജിതമാക്കി എസ്‌ഐടി