കൊൽക്കത്തയിലെ ജാദവ്പൂർ സർവകലാശാലയിലേക്കുള്ള പ്രതിഷേധ റാലി പാതിവഴിയിൽ തടഞ്ഞതിനെ തുടർന്ന് അഖിൽ ഭാരതീയ വിദ്യാർത്ഥി പരിഷത്ത് (എബിവിപി) പ്രവർത്തകർ പൊലീസുകാർക്ക് നേരെ കല്ലെറിയുകയും. ബാരിക്കേഡുകൾ തകർക്കാൻ ശ്രമിക്കുകയും ചെയ്തു. കല്ലേറിൽ മൂന്ന് പൊലീസുകാർക്ക് പരിക്കേറ്റു.
പൊലീസ് കല്ലെറിഞ്ഞപ്പോൾ ആറ് പ്രവർത്തകർക്ക് പരിക്കേറ്റതായും എബിവിപി നേതാക്കൾ ആരോപിച്ചു.
സെപ്റ്റംബർ 19 ന് ജാദവ്പൂർ യൂണിവേഴ്‌സിറ്റി കാമ്പസിൽ എബിവിപി സംഘടിപ്പിച്ച ഒരു സെമിനാറിൽ പങ്കെടുക്കാൻ പോയ കേന്ദ്രമന്ത്രി ബാബുൽ സുപ്രിയോയെ ഇടതുപക്ഷ വിദ്യാർത്ഥികൾ തടഞ്ഞതിൽ പ്രതിഷേധിച്ച് ആർഎസ്‌എസിന്റെ വിദ്യാർത്ഥി വിഭാഗം തെക്കൻ കൊൽക്കത്തയിലെ ഗരിയാഹത്ത് പ്രദേശത്ത് നിന്നാണ് മാർച്ച് തുടങ്ങിയത്.
മാർച്ച് രണ്ട് കിലോമീറ്റർ അകലെയുള്ള ജോധ്പൂർ പാർക്കിലെത്തിയ ഉടൻ റോഡിൽ ബാരിക്കേഡുകൾ സ്ഥാപിച്ച് പൊലീസ് അവരെ തടഞ്ഞുവെന്ന് വൃത്തങ്ങൾ അറിയിച്ചു.
പ്രതിഷേധക്കാർ പൊലീസിനെ കല്ലെറിഞ്ഞ് ബാരിക്കേഡുകൾ തകർക്കാൻ ശ്രമിച്ചു. തൃണമൂൽ കോൺഗ്രസ് സർക്കാരിനെതിരെ മുദ്രാവാക്യം വിളിച്ച അവർ ഒരു മണിക്കൂറോളം റോഡിൽ കുത്തിയിരുപ്പ് നടത്തി. ഒരു മണിക്കൂറിനുശേഷം അവർ റോഡ് ഉപരോധം നീക്കി.
പൊലീസ് കല്ലെറിഞ്ഞ ആറ് പ്രവർത്തകർക്ക് പരിക്കേറ്റതായുള്ള എബിവിപിയുടെ ആരോപണം പൊലീസ് നിഷേധിച്ചു.
എബിവിപി പ്രവർത്തകർ വ്യാഴാഴ്ച ഇൻസ്റ്റിറ്റ്യൂട്ടിൽ ഒരു കെട്ടിടം നശിപ്പിച്ചതിൽ പ്രതിഷേധിച്ച് ജാദവ്പൂർ സർവകലാശാലയിലെ വിദ്യാർത്ഥികളും ക്യാമ്പസിന് പുറത്ത് ഒരു പരിപാടി സംഘടിപ്പിച്ചു.