മനുഷ്യൻ കാണാതായ ഭൂമി: സുഡാൻ

ആരോരും അഭിമാനത്തോടെ “ലോകസമൂഹം” എന്ന് വിളിക്കുന്ന ഈ ഭൂമിയിൽ മനുഷ്യന്റെ ജീവിതത്തിനും മരണത്തിനുമുള്ള പ്രാധാന്യം സ്ഥലംമാറി അനിശ്ചിതമാകുന്നിടമാണ് ഇന്നത്തെ സുഡാൻ. ഓരോ വാർത്താ ചാനലിന്റെ അടിക്കുറിപ്പുകളിലും, ഓരോ സമാധാന സമ്മേളനങ്ങളിലും “മനുഷ്യദൗത്യം” എന്ന വാക്ക് ജാഗ്രതയോടെയാണ് ഉപയോഗിക്കുന്നത്. എന്നാൽ സുഡാന്റെ മണ്ണിൽ വീണ രക്തം ആ വാക്കിന്റെ നിഷ്ഫലതയെ തുറന്നുപറയുകയാണ്. യുദ്ധം ഒരു രാഷ്ട്രത്തെ തകർക്കുമ്പോൾ അത് ഭൂപടത്തിലെ അതിരുകളെ മാത്രമല്ല ഇല്ലാതാക്കുന്നത്; അതിനൊപ്പം മനുഷ്യന്റെ ഓർമ്മയും ചരിത്രവും അഭയവുമാണ് ഇല്ലാതാക്കുന്നത്. ഇന്നത് ജീവിക്കാൻ മാർഗ്ഗമില്ലാത്ത ഒരുലോകമാണിത്  പക്ഷേ ഏറ്റവും അപൂർവ്വമായ രൂപത്തിൽ ലോകം ഇതിനെ കാണാൻ വിസമ്മതിക്കുന്നു.

2023-ൽ തലസ്ഥാനമായ ഖാർത്തൂം വിറപ്പിച്ച ആദ്യ വെടിയൊച്ചയുടെ നാൾ മുതലാണ് ഈ യുദ്ധത്തിന്റെ രക്തലിപി സുഡാനിൽ തുടങ്ങിയത്. രാജ്യത്തിന്റെ അധികാരം രണ്ട് വ്യക്തികളുടെ കൈകളിൽ കുടുങ്ങി: സുഡാൻ സായുധ സേനയുടെ ചീഫ് അബ്ദൽ ഫത്താഹ് അൽ-ബുർഹാനും, അദ്ദേഹത്തിന്റെ മുൻ സഹയാത്രികനുമായിരുന്ന റാപ്പിഡ് സപ്പോർട്ട് ഫോഴ്സിന്റെ (RSF) തലവൻ ഹമിദ്തി ദഗാലോയും. ഈ രണ്ടുപേരും ഇറങ്ങി വന്നത് യഥാർത്ഥത്തിൽ ജനാധിപത്യ സ്വപ്നത്തിന്റെ സംസ്‌കാരാവസാനത്തിന്റെ സൂചനയായിരുന്നു. ജനങ്ങൾ തെരുവുകളിൽ വന്ന് ബഷീറിനെ പുറത്താക്കിയപ്പോൾ അവർ പ്രതീക്ഷിച്ചത് സ്വതന്ത്രമായ ഭരണമായിരുന്നു; ലഭിച്ചത് രണ്ട് തോക്കുകൾ തമ്മിലുള്ള പുതിയ അടിമപ്പണിയായിരുന്നു.

ഖാർത്തൂമിലെ ഓരോ പാലവും, ഓരോ ആശുപത്രിയും, ഓരോ താമസക്കെട്ടിടവും യുദ്ധത്തിന്റെ മൗനസാക്ഷികളായി മാറി. ബോംബുകൾ തലസ്ഥാനത്തിന്റെ മുകളിലൂടെ വീഴുമ്പോൾ വായുവിൽ പടരുന്നത് പൊടിയല്ല  അതിവേഗത്തിൽ ചിന്നുന്ന ജനങ്ങളുടെ എല്ലാ പ്രതീക്ഷകളുമാണ്. “സുരക്ഷ ഉറപ്പാക്കാൻ” RSF കയറി വരികയായിരുന്നു, “രാജ്യം കാക്കാൻ” സൈന്യം തിരിച്ചടിക്കുകയായിരുന്നു  എന്നാൽ സംരക്ഷിക്കപ്പെടാതെ നഷ്ടപ്പെട്ടത് ജനങ്ങളാണ്. വിമാനങ്ങളിൽ നിന്ന് പോകാൻ സാധിക്കുന്നവർ ഓടി. പണമോ പാസ്പോർട്ടോ ഇല്ലാത്തവർ വിഷമവും വിശപ്പും പൊടുന്നനെ ശ്വസിക്കാൻ തുടങ്ങി.

ഖാർത്തൂം ചോരയിൽ കഴുകപ്പെട്ടുപോകുമ്പോൾ യുദ്ധത്തിന്റെ ഭാരം ക്രമേണ രാജ്യത്തിന്റെ പടിഞ്ഞാറൻ ഹൃദയത്തിലേക്ക്  ദാർഫൂറിലേക്ക്  മാറി. ചരിത്രത്തിൽ തന്നെ വംശീയ സംഘർഷങ്ങളുടെ തീയിൽ ഒരുപാട് തവണ കത്തിപ്പോയ ഈ ഭൂമിക്ക് വീണ്ടും ഒരു ദുശ്ശകുനമായി RSF എന്ന പേരു കേട്ടു. ഈ സംഘത്തിന്റെ വേരുകൾ ദാർഫൂറിന്റെ 2003 ലെ യുദ്ധത്തിലേക്ക് ചൂണ്ടിക്കാണിക്കുന്ന ജൻജാവീദ് മിലീഷ്യകളിലേക്കാണ്. അന്ന് “ഭീകരവാദത്തിനെതിരെ പോരാടുന്നു” എന്ന പേരിൽ ആയിരങ്ങൾ കൊല്ലപ്പെട്ടു; ഇന്നത് “രാജ്യത്തിന്റെ സുരക്ഷ” എന്ന മറവിൽ വീണ്ടും ആവർത്തിക്കപ്പെടുന്നു. മാറിയത് അധികാരം മാത്രമല്ല, വാർത്ത കാണുന്ന ലോകത്തിന്റെ നിർദ്ദയമായ മനസ്സിൻ്റെ തണുപ്പുമാണ്.

ദാർഫൂരിലെ ഏറ്റവും വലിയ നഗരങ്ങളിൽ ഒന്നായ എൽ-ഫാഷർ, യുദ്ധത്തിന്റെ രണ്ടാം തലസ്ഥാനമെന്നോണം മാറി. ലോകത്തിന്റെ മാപ്പിൽ വിരൽവച്ചാൽ പോലും പലർക്കും കണ്ടെത്താൻ പറ്റാത്ത ഈ നാട്ടിൽ ഇന്നാണ് ഏറ്റവും വലിയ മനുഷ്യാവസാനത്തിന്റെ ദൃശ്യങ്ങൾ സൃഷ്ടിക്കപ്പെടുന്നത്. നഗരത്തിൽ വെള്ളം ലഭ്യമല്ല, ആശുപത്രികൾ തകർന്ന അവസ്ഥയിൽ, ചുറ്റും മണ്ണ് ഉണക്കിയ രക്തത്തിന്റെ നിറത്തിൽ മങ്ങിയിരിക്കുന്നു. RSF സൈനികർ പട്ടണം വളഞ്ഞുനിർത്തിയതിൻറെ അർത്ഥം ഗണിതത്തിൽ പറഞ്ഞാൽ ഇങ്ങനെ: പതിനായിരങ്ങൾ കുടുങ്ങി, പുറത്തേക്ക് രക്ഷപ്പെടാൻ വഴി ഇല്ല; അകത്തേക്ക് സഹായം എത്താൻ ശേഷിയില്ല.

അവിടെ ആദ്യം പൊളിഞ്ഞത് മതിലുകളല്ല  മനുഷ്യരുടെ ശബ്ദങ്ങളാണ്. ഒരു സമൂഹം മുഴുവനായി കരഞ്ഞിട്ടും ആ നിലവിളി പുറത്തേക്ക് കടന്നില്ല. പിന്നീട് പൊളിഞ്ഞത് മതിലുകളാണ്; വീടുകൾ കത്തിച്ചു, കുട്ടികൾ മരിക്കുന്നു, പള്ളികളും ചർച്ചുകളും വരെ വെടിവെപ്പ് മറക്കാത്ത ഇടങ്ങളായി. RSFയുടെ സൈനികർക്ക് ഇത് “സുരക്ഷാ പ്രവർത്തനം” ആയിരിക്കാം; പക്ഷേ ശ്രദ്ധയോടെ നോക്കുകയാണെങ്കിൽ അതിന്റെ യഥാർത്ഥ പേര് “വംശഹത്യ” ആണെന്ന് മനസ്സിലാക്കാൻ അധികമായി തെളിവുകളൊന്നും ആവശ്യമില്ല.

ആളുകളെ കൂട്ടത്തോടെ നിരത്തി വെടിവെച്ചതായി ലഭിക്കുന്ന ദൃശ്യങ്ങളും ശവക്കുഴികൾ നിറഞ്ഞുക്കിടക്കുന്ന ഉപഗ്രഹചിത്രങ്ങളും ലോകത്തിന്റെ മുന്നിലുണ്ട്  പക്ഷേ ലോകം കാണാൻ തയാറല്ല. കുട്ടികളും സ്ത്രീകളുമടക്കമുള്ള നിർഭാഗ്യശരീരങ്ങൾ ഒരേ കുഴിയിൽ അടക്കം ചെയ്യപ്പെടുമ്പോൾ മനുഷ്യാവകാശ പ്രസംഗങ്ങൾ ഒട്ടും ഫലം ചെയ്യുന്നില്ല. യഥാർത്ഥത്തിൽ ഇത് “യുദ്ധം” മാത്രമല്ല; ഇത് രേഖപ്പെടുത്താത്ത ചരിത്രം, രേഖപ്പെടുത്തപ്പെടാത്ത മനുഷ്യവംശത്തിന്റെക്കെടുതിയാണ്.

ഈ ഘട്ടത്തിൽ ലോക മാധ്യമങ്ങളുടെ സമീപനം പ്രത്യേകം ചർച്ച ചെയ്യേണ്ടത്. ഗാസയിൽ മരിച്ച ഓരോ കുഞ്ഞിന്റെയും ചിത്രങ്ങൾ ലോകം മുഴുവൻ കാണുമ്പോൾ, എൽ-ഫാഷറിൽ കത്തുന്ന ഓരോ വീട്ടിനെയും  ലോകത്തിന് കാണാൻ ആർക്കും താൽപര്യമില്ല. ഇത് വെറും മാധ്യമത്തിന്റെ വീഴ്ചയല്ല; ജിയോപൊളിറ്റിക്കൽ താൽപര്യങ്ങളുടെ കളിയാണ്. സുഡാനിൽ എണ്ണയോ വൻതോതിലുള്ള സാമ്പത്തിക ഡീലുകളോ ഇല്ല; അതുകൊണ്ട് അവരെ രക്ഷിക്കാൻ തുമ്പികൈ നീട്ടാൻ വലിയ ശക്തികൾക്ക് താല്പര്യമില്ല. ഇതാണ് ലോകം ആരോഗ്യകരമെന്ന് കരുതുന്ന അന്താരാഷ്ട്ര രാഷ്ട്രീയത്തിന്റെ ഏറ്റവും കഠിനമായ സത്യം  മനുഷ്യജീവൻ വില കുറഞ്ഞിടത്ത് മാത്രം മൗനം ആഴമേറും.

ഇവിടെ വാചകങ്ങളെല്ലാം ഒരു ചോദ്യത്തിൽ എത്തി നിൽക്കും:

“മനുഷ്യജീവിതത്തിന് വിലയില്ലാത്ത ഭൂമിയിൽ മനുഷ്യന്റെ ലോകമെന്ന ആശയം എന്ത് അർത്ഥം?”

ഈ ചോദ്യം വിട്ടുമാറാതെ മനസ്സിൽ നില്ക്കുമ്പോഴാണ് സുഡാൻ ഒരു വാർത്തയല്ല, മനുഷ്യരാശിയുടെ പ്രതിഫലനക്കണ്ണാടി ആണെന്ന് മനസിലാവുന്നത്.

എൽ-ഫാഷറിനുള്ളിലെ യുദ്ധം തോക്കുകളുടെ ഏറ്റുമുട്ടലല്ല മാത്രം; അത് പണത്തിന്റെ, സ്വർണ്ണത്തിന്റെ, ആഗോള താൽപര്യങ്ങളുടെ യുദ്ധമാണ്. RSF എന്ന സൈനികസംഘം വെറും ഒരു മിലീഷ്യയല്ല. അവരുടെ കൈവശം ഭൂമിയുടെ അടിയിലുള്ള സ്വർണ്ണഖനികൾ, ലിബിയയിലേക്കും യുഎഇയിലേക്കും ഒഴുകുന്ന കടത്തുപാതകൾ, യൂറോപ്പ് വരെയുള്ള മനുഷ്യക്കടത്തിന്റെ ശൃംഖലകളും ഉണ്ട്. ആയുധങ്ങൾ അവർക്ക് എത്തുന്നത് റഷ്യയിലൂടെയും മിഡിൽ ഈസ്റ്റിലൂടെ കൂടിയുമാണ്. അതുകൊണ്ടാണ് ഈ യുദ്ധം വെറും ആഭ്യന്തരസംഘർഷമല്ല, മറിച്ച് അന്താരാഷ്ട്ര താൽപര്യങ്ങളുടെ വ്യാപാരയുദ്ധം കൂടിയാണെന്ന് വിശകലനം നിർബന്ധമാണ്.

RSF-യുടെ ഉന്നത നേതാവ് ഹമിദ്തി ദഗാലോ  ലോകം “ഹമിദ്തി” എന്ന് വിളിക്കുന്ന ആ വ്യക്തി  സാധാരണ ഒരു കമാൻഡറല്ല. ഒരു റിബൽ നേതാവിൽ നിന്നു സ്വർണ്ണകമ്പനികളുടെ ഉടമസ്ഥനായി മാറിയ വ്യക്തിയാണ്. അദ്ദേഹത്തിന്റെ സ്വന്തസ്ഥാപനങ്ങൾ സ്വർണ്ണം ഖനനം ചെയ്ത് യുഎഇയിലേക്ക് കടത്തുന്നു. അതേ സമയം അതേ സ്വർണ്ണത്തിന്റെ പണം ഉപയോഗിച്ച് യുദ്ധവും അഭയാർഥി മരുഭൂമികളും വളരുന്നു. സുഡാൻ നദികൾക്കിടക്ക് സ്ഥിതി ചെയ്യുന്ന സമൃദ്ധമണ്ണാണെന്ന് ജിയോഗ്രഫി പുസ്തകങ്ങൾ പഠിപ്പിക്കും. പക്ഷേ ഇന്ന് ആ മണ്ണിന്റെ അടിയിൽ സ്വർണ്ണവും, മുകളിൽ രക്തവും ഒഴുകുകയാണ്.

ഇപ്പോൾ ചോദിക്കേണ്ട ചോദ്യമാണ്: “സുഡാൻ വെറും ഒരു യുദ്ധഭൂമിയാണോ, അതോ ഒരു അന്താരാഷ്ട്ര വ്യാപാരപ്പട്ടികയിലെ വില കുറഞ്ഞ ചതുരശ്ര ഭൂമികയോ?” കാരണം സുഡാനിന്റെ രാഷ്ട്രീയവും സൈനികവും നിയന്ത്രിക്കാൻ താല്പര്യം കാണിക്കുന്നവർക്ക് “ജനാധിപത്യം” അല്ല, “നിയന്ത്രണം”  പ്രധാനമാണ്. റഷ്യയ്ക്കും ചൈനയ്ക്കും ഇവിടെ സൈനികതാവളങ്ങൾ സ്ഥാപിക്കാൻ താല്പര്യമുണ്ട്. യുഎഇക്ക് സ്വർണ്ണത്തിന്റെ ഉറവിടം നഷ്ടപ്പെടാൻ താല്പര്യമില്ല. ഈജിപ്ത് തങ്ങളുടെ സൈനിക സ്വാധീനമില്ലാതെ സുഡാൻ മറ്റാരുടെയെങ്കിലും കൈകളിലേക്ക് പോകുന്നത് നോക്കിക്കാണാൻ തയ്യാറല്ല. പാശ്ചാത്യ രാഷ്ട്രങ്ങൾക്കും, ഓരോ അഭയാർത്ഥിയും യൂറോപ്പിലെക്കെത്തിയാൽ തന്നെ അവരുടെ രാഷ്ട്രീയത്തിനു കനത്ത തിരിച്ചടിയാകും എന്ന ഭീതി ഉണ്ട്. അതുകൊണ്ടാണ് ലോകം ഒരുമിച്ച് യുദ്ധം അവസാനിപ്പിക്കാൻ ശ്രമിക്കാതെ, ഓരോ രാജ്യവും തങ്ങളുടെ താത്പര്യങ്ങൾ കണക്കാക്കി മൗനം പാലിക്കുന്നത്.

ദാർഫൂരിലെ ഗ്രാമങ്ങൾ കത്തുമ്പോൾ, ഓരോ കുടിയൊഴിപ്പിക്കപ്പെട്ട കുടുംബവും അതിരുകൾ കടക്കാൻ ശ്രമിക്കുന്നത് ഒരു യാത്രയല്ല  ജീവനും മരണത്തിനും ഇടയിൽ നിലകൊള്ളുന്ന പ്രാർത്ഥനയാണ്. ദിവസവും ആയിരങ്ങൾ ചാഡ് അതിര് കടക്കുകയാണ്, കൈയിൽ ഒരു ബാഗും കുട്ടിയുടെ വിരലിൽ പിടിച്ച  പിടിയും . മണിക്കൂറുകളോളം മണലിലൂടെ നടക്കുമ്പോൾ വെള്ളം ഇല്ല, ഭക്ഷണം ഇല്ല. ചിലർ മരുഭൂമിയിൽ വീണ് മുന്നോട്ട് പോകുന്ന കൂട്ടത്തെ നോക്കുമ്പോളും, കൂട്ടം തിരിഞ്ഞുവരാതെ മുന്നോട്ട് നീങ്ങേണ്ട അവസ്ഥ. അതിനിടയിൽ ലോക സമൂഹം “ആശങ്ക രേഖപ്പെടുത്തുന്നു”, “ജാഗ്രത ആവശ്യമാണ്”, “സംഭവങ്ങളെ നിരീക്ഷിക്കുന്നു” എന്ന പദസമുച്ചയങ്ങളിൽ കുടുങ്ങിയിരിക്കുന്നു. എന്നാൽ ഇവിടെ ഈ വാക്കുകൾക്ക് ജീവൻ കൊടുക്കാൻ കരയുന്ന അമ്മമാർക്കും നിലവിളിക്കുന്ന കുട്ടികൾക്കും വിശപ്പിൽ തളരുന്ന മുതിർന്നവർക്കും സമയമില്ല.

സുഡാനിലെ യുദ്ധം സ്ത്രീകളുടെ ജീവിതത്തിലും അതിക്രമിച്ചിട്ടുണ്ട്. യുദ്ധത്തിൽ ബോംബുകളും വെടിയുണ്ടകളും മാത്രമല്ല ഭീഷണി; അതിനൊപ്പം കാണാനാവാത്തതായ അക്രമങ്ങളും നിശ്ശബ്ദമായി നടക്കുന്നു. RSF സൈനികർ നിരവധി പ്രദേശങ്ങളിൽ സ്ത്രീകളെ അപമാനിച്ചതും ലൈംഗികാതിക്രമം യുദ്ധായുധമായി ഉപയോഗിച്ചതും മറച്ചുവെയ്ക്കപ്പെടാത്ത രഹസ്യങ്ങളാണ്. ചിലരുടെ റിപ്പോർട്ടുകൾ പ്രകാരം, “നിങ്ങൾ കുട്ടികളെ ജനിപ്പിക്കരുത്, നിങ്ങളുടെ കൂട്ടം വളരരുത്” എന്ന ലക്ഷ്യത്തോടെ ക്രൂരമായ പീഡനങ്ങൾ നടക്കുന്നു. അത് ഒരു ശരീരത്തെ തകർക്കാനല്ല ലക്ഷ്യമിടുന്നത്  ഒരു ജനതയുടെ വേരറുക്കാനാണ്. യുഎൻ ഇതിനെ ‘Conflict-related sexual violence’ എന്ന് വിളിക്കുന്നു; എന്നാൽ അതെന്താണെന്നു മനസ്സിലാക്കാൻ ഒരു അമ്മയുടെ കണ്ണീരുള്ള മുഖം മാത്രം കാണുകയായിരിക്കും മതിയാകുക.

യുദ്ധം കൊണ്ട് തകർന്ന ആരോഗ്യ സംവിധാനങ്ങളെ നോക്കിയാൽ അവിടെ ജീവൻ എന്ന വാക്കും മരണം എന്ന വാക്കും തമ്മിൽ ഒരു വ്യത്യാസവുമില്ലെന്ന് തോന്നും. മരുന്നില്ലാത്ത ആശുപത്രികളിൽ രോഗികൾ രക്തം ഒഴുകുന്ന നിലത്തിൽ കിടക്കുന്നു. ഡോക്ടർമാർ ഒന്നും കൈവശമില്ലാതെ, ആയിരക്കണക്കിന് ഓപ്പറേഷൻ ചെയ്യേണ്ടവരുടെ മുൻപിൽ തലകുനിക്കുകയാണ്. “ഞങ്ങൾ ജീവൻ രക്ഷിക്കാൻ പഠിച്ചതാണ്, പക്ഷേ ഇവിടെ ഒരുപാട് മരണം കാണാൻ മാത്രമാണ് പരിശീലനം ലഭിക്കുന്നത്,” എന്നാണ് ഒരു സുഡാനീസ് നഴ്സ് പറഞ്ഞത്. കുട്ടികൾക്കുള്ള വാക്സിനുകൾ ഇല്ല, ഗർഭിണികൾക്ക് പ്രസവശുചിത്വം ഇല്ല, മലേറിയ, കോളറ പോലെ രോഗങ്ങൾ യുദ്ധക്കൊലകളേക്കാൾ വേഗത്തിൽ ആളുകളെ എടുത്തുകൊണ്ടിരിക്കുന്നു.

ലോകം മുഴുവൻ “ജനാധിപത്യം”, “മനുഷ്യാവകാശം”, “അന്താരാഷ്ട്ര നിയമം” എന്നിവയെക്കുറിച്ച് ദിവസേന സംസാരിക്കുമ്പോൾ, സുഡാനിലെ യുദ്ധം ഈ വാക്കുകളുടെ യഥാർത്ഥ മൂല്യം ചോദ്യം ചെയ്യുന്നു. യുദ്ധം ഒരു രാജ്യത്തിന്റെ അതിരുകൾക്കുള്ളിൽ മാത്രം ശേഷിക്കുന്നില്ല; അത് ഒരു പരീക്ഷയാണ്  ലോകമെമ്പാടുമുള്ള രാജ്യങ്ങൾ ഏത് ജീവിതമാണ് വിലമതിക്കുന്നത്, ഏത് ജീവിതങ്ങൾ ആണ് അവർ കാണാൻ പോലും താൽപര്യമില്ലാത്തത് എന്നുള്ളതിന്റെ. Selective outrage എന്നത് ഒരു രാഷ്ട്രീയ ആശയം അല്ല മറിച്ച് ഒരു മാനസികാവസ്ഥയാണ്.

യുക്രെയിനിൽ ഒരു മിസൈൽ വീഴുന്ന ദൃശ്യങ്ങൾ ലോകം മുഴുവൻ പല തവണ കാണും; അതിനുള്ള പ്രതികരണങ്ങൾ ഉടൻ പുറപ്പെട്ടും; സഹായങ്ങളും ആയുധങ്ങളും അതിരുകൾ കവിയുകയും ചെയ്യും. എന്നാൽ എൽ-ഫാഷറിൽ വെടിവെച്ചുകൊല്ലപ്പെടുന്ന കുട്ടികളെ കുറിച്ച്, ആശുപത്രി നിലത്തു വെടിയേറ്റ് മരിച്ച ഗർഭിണികളെ കുറിച്ച്, ബോംബിട്ട് കത്തിച്ച വീടുകളിൽ നിന്നു ജീവൻ രക്ഷിക്കാൻ ഓടുന്ന ജനങ്ങളെ കുറിച്ച് ലോകം കേൾക്കാൻ പോലും ആഗ്രഹിക്കുന്നില്ല. അത് അവരുടെ വിഷയം അല്ല, അവരുടെ വാർത്തയല്ല  ഇതാണ് യാഥാർത്ഥ്യം.

പക്ഷേ ഇവിടെ ഉത്തരവാദിത്തം രാഷ്ട്രീയ നേതാക്കൾക്കോ സൈനികർക്കോ മാത്രം നൽകാൻ കഴിയില്ല. മാധ്യമസ്ഥാപനങ്ങളും അവയുടെ പ്രാധാന്യങ്ങളും ഇതിൻറെ ഭാഗമാണ്. സുഡാനിൽ ഇന്നുണ്ടായിരിക്കുന്ന യുദ്ധം കവർ ചെയ്യാൻ റിപ്പോർട്ടർമാർക്ക് പ്രവേശനമേ ഇല്ല, ഇന്റർനെറ്റ് തടസപ്പെടുന്നു, ടെലിഫോൺ സിഗ്നലുകൾ മിണ്ടാതാക്കപ്പെടുന്നു. എന്നാൽ അധികമായുള്ള യാഥാർത്ഥ്യമാണ്  ലോകം ഇതിൽ ശ്രദ്ധ കാണിക്കാറില്ല. കാരണം ഈ യുദ്ധത്തിൽ രൂക്ഷമായ രാഷ്ട്രീയ ലാഭമോ, ഇന്ധന വ്യാപാരമോ, ആണവ ഭീഷണിയോ ഒന്നുമില്ല. മനുഷ്യജീവിതം മാത്രം ഉണ്ട്. അതുകൊണ്ട് ഇത് ഭൂരിഭാഗം ശക്തികൾക്ക് “മുന് വിവേചനത്തിൽ ഒന്നാമല്ലാത്ത” പ്രശ്നമായിത്തീരുന്നു.

ലോകം പലപ്പോഴും “Never Again” എന്നു പറഞ്ഞു. ഹോളോകോസ്റ്റിന് ശേഷം, റുവാണ്ടയ്ക്കുശേഷം, ദാർഫൂറിൽ 2003-ൽ നടന്ന കൊലപാതകങ്ങൾക്കുശേഷം. പക്ഷേ ഇന്നത് വീണ്ടും അതേ ദാർഫൂറിൻറെ പൊടിചൂണ്ടുകളിൽ തന്നെ നടക്കുന്നു. ഒരിക്കൽ “ജനതാവംശഹത്യ” എന്നു വിളിച്ച ആ സ്ഥലത്ത് ഇന്ന് “വാർത്തയില്ല” എന്നു കാണിച്ച് മാറിനിൽക്കുന്നു. ഇതിന്റെ അർത്ഥമില്ലായ്മ വ്യക്തമാക്കാൻ വലിയ വാക്കുകൾ ആവശ്യമില്ല  സത്യാർത്ഥത്തിൽ മനുഷ്യകുലത്തിന്റെ ഓർമ്മക്കുറവ് തന്നെ മനുഷ്യരെ വീണ്ടും കൊല്ലുന്നു.

ഈ യുദ്ധം രാഷ്ട്രീയ അധികാരത്തിനായി തുടങ്ങിയത് ആണെങ്കിലും, അതിന്റെ വേരുകളിൽ വംശീയതയും മതപരമായ ആധിപത്യത്തിനുമുള്ള രഹസ്യഭീതി തന്നെ നിൽക്കുന്നു. സുഡാനിലെ ഏകദേശം 90 ശതമാനം ജനങ്ങളും മുസ്ലീങ്ങൾ ആണ്  അതിൽ ഭൂരിഭാഗവും അറബ് വർഗ്ഗപരമ്പരക്ക് തങ്ങളെ ബന്ധിപ്പിക്കുന്നു. ബാക്കി ഭാഗം  പ്രാദേശിക ആഫ്രിക്കൻ വർഗ്ഗങ്ങൾ, ക്രിസ്ത്യാനികൾ, വിശ്വാസരഹിതർ  ഇവരുടെ ശബ്ദം, അവകാശം, നിലനിൽപ്പ്, എല്ലാം നിശ്ശബ്ദമായി നീക്കം ചെയ്യപ്പെടുന്നു. “ആരാണ് യഥാർത്ഥ സുഡാനീസ്?” എന്ന ചോദ്യം രാജ്യത്തിന്റെ സൈന്യവും RSF ഉം പീഡനത്തിലൂടെ ഉത്തരം എഴുതാൻ ശ്രമിക്കുന്നു. അത് ജനാധിപത്യമല്ല; അതൊരു ദേശീയ നിരീക്ഷണപരീക്ഷണമാണ്.

ഖാർത്തൂമിന്റെ വീണ്ടെടുപ്പുണ്ടായെങ്കിലും അതൊന്നും രാഷ്ട്രത്തിന്റെ വീണ്ടെടുപ്പല്ലായിരുന്നു. ഭരണകൂടം പറഞ്ഞു: “നാം നഗരം ജയിച്ചു”. എന്നാൽ തെരുവുകൾ മിണ്ടാത്ത വിധം തകർന്നിരുന്നു: വൈദ്യുതി ഇല്ലായിരുന്നു, ആശുപത്രികൾ തുറന്നു പ്രവർത്തിച്ചില്ല, പള്ളികളിൽ മണ്ണ് മൂടിയ ശവക്കുഴികൾ കണ്ടു. “വിജയം” എന്ന വാക്ക് ഇവിടെ ഒരാളുടെ രാഷ്ട്രീയ നേട്ടത്തെ സൂചിപ്പിച്ചിരുന്നുവെങ്കിലും  ജനങ്ങൾക്കതിന്റെ അർത്ഥം “നഷ്ടപ്പെട്ട ജീവിതത്തിന്റെ രേഖ” മാത്രമായിരുന്നു.

യുദ്ധങ്ങൾ ഒരു രാജ്യത്തിന്റെ അതിരുകൾ മാത്രം തകർക്കുന്നില്ല; അതൊരിക്കൽ മനുഷ്യർ തമ്മിൽ പങ്കിട്ട ആത്മബന്ധങ്ങൾ പോലും തകർക്കും. സുഡാനിലെ ഇന്നത്തെ അവസ്ഥ അതിന്റെ തെളിവാണ്. ഒരു തലമുറയുടെ ബാല്യകാലം തകർന്നു പോകുന്നു. 10 വയസ്സുള്ള ഒരു കുട്ടി അക്ഷരമാല പഠിക്കേണ്ട പ്രായത്തിൽ തോക്കിന്റെ ശബ്‌ദങ്ങളാണ് പഠിക്കുന്നത്. ഒരു അമ്മ ഗർഭിണിയായിരിക്കെ ആശുപത്രിയിൽ പ്രസവിക്കാൻ പകരം, ശവം മറവയ്ക്കാനുള്ള കുഴി തിരയുന്ന സ്ഥിതിയാണ്. ഒരു അധ്യാപകൻ കണ്ടെത്തുന്ന പാഠവും സിലബസും ഇപ്പോൾ ഓർമ്മകളായി മാറി  പകരം കാഴ്ചയാകുന്നത് പൊട്ടിത്തെറിച്ച ബ്ലാക്ക്ബോർഡുകൾ, രക്തത്തിൽ വീണ പേനകൾ.

ഒരു രാജ്യം മാത്രം ഈ യുദ്ധം നേരിടുന്നില്ല; അതിന്റെ ഓർമ്മയെയും ചരിത്രത്തെയും കുറിച്ച് തുടർന്നുള്ള തലമുറകളാണ് ഏറ്റവും വലിയ വില കൊടുക്കുന്നത്. പഴയ ദാർഫൂർ യുദ്ധം (2003)  അതിന്റെ കഥകൾ ഇന്നും അമ്മമാർ അവരുടെ മക്കളെ കരുതലോടെ ചേർത്തുനിർത്തുമ്പോൾ പറയുന്നുണ്ടായിരുന്നു. ഇപ്പോൾ ആ കഥയ്ക്ക് പുതിയ രക്തപ്പട്ടിക മാറിയിരിക്കുന്നു. ചരിത്രം വീണ്ടും രക്തത്തിന്റെ നിറത്തിൽ എഴുതപ്പെടുകയാണ്.

ഈ യുദ്ധം അവസാനിച്ചാൽ പോലും  സുഡാൻ രക്ഷപ്പെട്ട ഒരു രാഷ്ട്രമാകുമോ, അല്ലെങ്കിൽ നഷ്ടപ്പെട്ട ഒരു ജാതിയോ? അത് ഇപ്പോഴും നിശ്ചിതമല്ല. കാരണം യുദ്ധം അവസാനിപ്പിക്കുന്നത് ധൈര്യക്കുറഞ്ഞ യുദ്ധ ഉടമ്പടികളിലൂടെ മാത്രമെങ്കിൽ  തകർന്ന വീടുകളും കുടുംബങ്ങളും മനസ്സും യാതൊരു നാളും പുനർനിർമ്മിക്കുകയില്ല.

അഭയാർഥികളായി പുറപ്പെട്ടവർ അതിരുകൾ കടന്നാലും യുദ്ധം അവരെ വിടുന്നില്ല. ചാഡ് അതിരുകളിലെ താൽക്കാലിക ക്യാമ്പുകൾ; പ്ലാസ്റ്റിക് ഷീറ്റുകൾക്കടിയിൽ മഴയും ചൂടും താങ്ങി കുട്ടികളെ കയ്യിൽ പിടിച്ചു നിൽക്കുന്ന അമ്മമാർ; അവർക്കായി ശുചിമുറികൾ ഇല്ല, കുടിവെള്ളം ഇല്ല, സുരക്ഷയില്ല. പലർക്കും “വാപസു പോകുന്ന ദിവസമാണ് സത്യമായ ശ്വാസം”  പക്ഷേ ആ ദിവസം എപ്പോഴാണ് എന്ന് ആരും പറഞ്ഞുതരുന്നില്ല. യുദ്ധം വെറും തലസ്ഥാനത്തോ വാർത്തകളിലോ മാത്രമല്ല  അത് മനസ്സിലും ശരീരത്തിലും കിടക്കുന്ന ദീർഘമായ മുറിവാണ്.

ലോകം എല്ലായിടത്തും വെറും “ശക്തരുടെ” വാക്കുകൾ മാത്രം കേൾക്കുമ്പോൾ, നിശ്ശബ്ദമായി നടക്കുന്ന യുദ്ധങ്ങളിൽ മരിക്കുന്ന സാധാരണക്കാരുടെ ശബ്ദം കേൾക്കപ്പെടാതിരിക്കുക തന്നെ പതിവാണ്. അന്താരാഷ്ട്ര സംഘടനകൾ പല പ്രസ്താവനകളും പുറത്തുവിട്ടു. “Humanitarian corridors”, “Ceasefire agreements”, “Immediate end to violence”  ഇവയിൽ ഓരോ വാക്കും കേൾക്കാൻ മധുരം തോന്നും. പക്ഷേ അവയ്ക്ക് നിലമൊരുക്കുന്ന ഭൂമി ചുവന്ന മണ്ണാണ്, കുട്ടികളുടെ നിലവിളിയോടെ നനഞ്ഞത്.

‘Selective outrage’ ഇത് മാത്രമല്ല ഒരു ചിന്ത, ഇത് now ഒരു അന്താരാഷ്ട്ര മനോരോഗമാണ്. “പ്രതിഷേധിക്കാൻ കൂട്ടുനിൽക്കുന്ന രാജ്യങ്ങളുണ്ടോ?” “മാധ്യമങ്ങൾക്ക് കാണിക്കാൻ ലഭിക്കുന്ന ദൃശ്യങ്ങളുണ്ടോ?” “നമ്മുടെ വിദേശനയത്തിന് പ്രതിഫലം ഉണ്ടോ?”  ഈ ചോദ്യങ്ങൾക്കുള്ള ഉത്തരമുണ്ടെങ്കിൽ മാത്രമേ മനുഷ്യാവകാശം ഇന്നിപ്പോൾ ഉണരുന്നുള്ളൂ. വിജയകരമായ പ്രതിഷേധങ്ങൾക്ക് ആവശ്യമായത് വേദനയല്ല  ക്യാമറ, ഇന്ധനം, രാഷ്ട്രീയ താൽപര്യം എന്നിവയാണ്. അവ ഇല്ലെങ്കിൽ അതൊരു മൌന സംഹാരം മാത്രമാണ്.

എന്നാൽ സുഡാനിലെ യുദ്ധം നമ്മെ മറ്റൊരു ചോദ്യത്തിലേക്കാണ് കൊണ്ടുപോകുന്നത്:

“ഇന്ന് ഈ ഭൂമി മനുഷ്യനെ നഷ്ടപ്പെടുത്തി; നാളെ നാം മനുഷ്യരാശിയെ നഷ്ടപ്പെടുത്തുമോ?”

എല്ലാ യുദ്ധങ്ങളും ഒരിക്കൽ ചരിത്രത്തിൽ ഒരു പേജായി മാറും. പക്ഷേ ആ പേജിൽ ചേർത്തിരിക്കുന്നവ  മരിച്ചവരുടെ പേരുകളും, കാണാതായ കുട്ടികളുടെ ഓർമ്മകളും, വീടുകൾക്കു പകരം മണൽക്കാറ്റിൽ മറഞ്ഞ ശവക്കുഴികളും  അവയുടെ സാക്ഷ്യങ്ങൾ യഥാർത്ഥത്തിൽ ആരാണ് എഴുതുക?

ഒരു റോക്കറ്റ് ഒരാൾക്കു മുകളിൽ വീഴുമ്പോൾ ലോകം കരഞ്ഞു; എന്നാൽ ഒരു ദേശത്തിന്മേൽ മൃദുവായി വീഴുന്ന മൗനം  അത് ആരുടെയും രാത്രികനവുകൾ തകർക്കുന്നില്ല.

അത് തന്നെയാണ് സുഡാന്റെ ഏറ്റവും വലിയ ദുരന്തം.

സുഡാൻ ഇന്ന് വെറും ഒരു യുദ്ധഭൂമി അല്ല മനുഷ്യരാശിയുടെ നൈതിക പരിശോധന നടക്കുന്ന സ്ഥലമാണ്. ഇവിടെ തോക്കുകൾ മാത്രം കൊന്നിട്ടില്ല; ലോകത്തിന്റെ മൗനവും രാഷ്ട്രീയങ്ങളുടെ ലാഭകണക്കും ആണ് മനുഷ്യജീവിതത്തെ വിലകുറഞ്ഞതാക്കിയത്. കുട്ടികൾക്ക് ബാല്യം നഷ്ടപ്പെട്ടു, സ്ത്രീകൾക്ക് സുരക്ഷ നഷ്ടപ്പെട്ടു, ഒരു രാജ്യത്തിനു തന്നെ ചരിത്രം എഴുതാനുള്ള അവകാശം നഷ്ടപ്പെട്ടു. എന്നാൽ ലോകം ഇപ്പോഴും കാത്തുനിൽക്കുന്നു  സമാധാനമല്ല, മറിച്ച് “ഇത് നമ്മുടെ വിഷയം അല്ല” എന്ന അനാസ്ഥയുടെ ചുരുളിൽ.

ഈ യുദ്ധം നമ്മെ പഠിപ്പിച്ച ഏറ്റവും വലിയ സത്യം ഇതാണ്:

മനുഷ്യാവകാശങ്ങൾ ഇന്നലെ പറഞ്ഞ വാക്കുകളല്ല; ഇന്ന് കാത്തുസൂക്ഷിക്കപ്പെടേണ്ട ഉത്തരവാദിത്വമാണ്.

ദാർഫൂർ, എൽ-ഫാഷർ, ഖാർത്തൂം  ഇവ ഭൂപടത്തിലെ പേരുകൾ മാത്രം അല്ല, മറിച്ച് ഒരു ചോദ്യമാണ്:

“മനുഷ്യജീവിതത്തിന് വില അതിന്റെ ദേശം, മതം, വർഗ്ഗം അനുസരിച്ച് മാറുമോ?”

ചരിത്രം ഓർമ്മിച്ചിരിക്കട്ടെ

സുഡാനിലെ യുദ്ധം ശബ്ദമുള്ള ബോംബുകളാൽ മാത്രമല്ല നിലനിന്നത്;

ശബ്ദമില്ലാത്ത ലോകത്തിന്റെ സഹകരണത്താലായിരുന്നു.

ആ മൗനം തകർക്കുന്നതാണ് മനുഷ്യനെന്ന സത്യത്തിന് ശേഷിക്കുന്ന ഏക ബഹുമാനം.

മനുഷ്യൻ കാണാതാകുന്ന ഭൂമിയിൽ, മനുഷ്യർ മാത്രം നിശ്ശബ്ദരാകുമ്പോൾ

ഈ മൗനം മനുഷ്യരാശിയുടെ പുതിയ യുദ്ധഭൂമിയാകുമോ?

സുഡാൻ വെറും ഒരു രാജ്യത്തിന്റെ കഥയല്ല;

അത് ഒരു കണ്ണാടി

നാം മനുഷ്യരാണ് എന്ന് നാം പറയുമ്പോൾ,

അതിന് വിലയുണ്ടോ എന്ന് ചോദിക്കുന്ന കണ്ണാടി.

Latest Stories

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ

'സർക്കാർ പദവിയിലിരിക്കെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയത് ചട്ടവിരുദ്ധം'; കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി

9ാം ദിവസവും രാഹുല്‍ ഒളിവില്‍ തന്നെ; മുൻകൂര്‍ ജാമ്യാപേക്ഷയുമായി ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും, രാഹുല്‍ മാങ്കൂട്ടത്തിലിനെ കസ്റ്റഡിയിലെടുക്കാനുള്ള നീക്കം ഊര്‍ജിതമാക്കി എസ്‌ഐടി

'കഴിവില്ലാത്തവർ കഴിവുള്ള കോഹ്ലിയുടെയും രോഹിതിന്റെയും വിധി എഴുതുന്നു': ഹർഭജൻ സിങ്