മനുഷ്യജീവിതം അതിർത്തികളുടെ കഥയാണ്. ജനിക്കുമ്പോൾ നമ്മെ പരിധികൾക്കുള്ളിൽ അടയ്ക്കുന്നു, വളരുമ്പോൾ അവയെ മറികടക്കാൻ നമ്മെ പഠിപ്പിക്കുന്നു, എന്നാൽ അവസാനം മനസ്സിലാകുന്നത് അതിർത്തികൾ ഇല്ലാതെ നിലനിൽക്കുന്ന സ്വാതന്ത്ര്യം ഇല്ലെന്നതാണ്. ഒരു നദിയുടെ കരകളാണ് അതിനെ നദിയാക്കുന്നത്. അതില്ലെങ്കിൽ അത് വെറും വെള്ളപ്പൊക്കമാണ്. അതുപോലെ മനുഷ്യന്റെ മനസ്സിനും അതിർത്തികൾ വേണം. അതിനെ കുറിച്ചുള്ള ബോധമില്ലാതെ ജീവിക്കുന്ന സമൂഹം അനിയന്ത്രിതമായ വികാരങ്ങളും പ്രതീക്ഷകളും കടന്നു വരുന്ന പ്രളയമായി മാറുന്നു. “നോ” എന്ന് പറയാൻ കഴിയാത്ത മനുഷ്യൻ അവസാനം “അതെ” എന്ന് പറഞ്ഞുകൊണ്ടിരിക്കെ തന്റെ ശബ്ദം നഷ്ടപ്പെടുന്നു. അതാണ് ഈ കാലഘട്ടത്തിന്റെ യഥാർത്ഥ മാനവിക പ്രതിസന്ധി. ഇന്ന് ലോകം മുഴുവൻ യുദ്ധങ്ങളും ദുരന്തങ്ങളും പ്രകൃതിദുരന്തങ്ങളും നിറഞ്ഞിരിക്കുന്നു, പക്ഷേ അതിനപ്പുറം നടക്കുന്ന മറ്റൊരു യുദ്ധം മനസ്സിനുള്ളിലാണ് മനുഷ്യന്റെ ആത്മാവിന്റെയും മാനസികാരോഗ്യത്തിന്റെയും യുദ്ധം. “അതിർത്തികൾ നിശ്ചയിക്കുന്നവർ മാത്രമാണ് സ്വതന്ത്രർ” എന്നത് വെറും വ്യക്തിപരമായ ആത്മസ്നേഹത്തിന്റെ പ്രസ്താവനയല്ല, അതാണ് മനുഷ്യാവകാശത്തിന്റെ മാനസിക തത്ത്വചിന്ത.
ലോകം ഇന്നു “Humanitarian emergencies” എന്ന പേരിൽ അറിയപ്പെടുന്ന അനവധി ദുരന്തങ്ങൾ നേരിടുന്നു. ഗാസയിലെ കുട്ടികൾ, സിറിയയിലെ അഭയാർഥികൾ, മ്യാൻമറിൽ നിന്ന് ഒഴിഞ്ഞുവരുന്ന റോഹിംഗ്യർ, ആഫ്രിക്കയിലെ വരൾച്ചയും പട്ടിണിയും നേരിടുന്ന സമൂഹങ്ങൾ എല്ലാം മനുഷ്യന്റെ കരുണയെ പരീക്ഷിക്കുന്ന വേദികളാണ്. പക്ഷേ ഈ ദുരന്തങ്ങൾ എവിടെ നിന്നാണ് ആരംഭിക്കുന്നത്? അവ രാഷ്ട്രീയ അതിർത്തികളുടെ പരാജയം മാത്രമല്ല; അവ മനുഷ്യന്റെ ആത്മീയ അതിർത്തികളുടെ തകർച്ചയാണ്. കരുണയും നിയന്ത്രണവും തമ്മിലുള്ള ബാലൻസ് നഷ്ടപ്പെടുമ്പോൾ സമൂഹം വിച്ഛേദിക്കപ്പെടുന്നു. മനസ്സിന്റെ അതിർത്തികൾ ഇല്ലാതാകുമ്പോൾ കരുണയുടെ അളവുമാറ്റം സംഭവിക്കുന്നു ചിലപ്പോൾ അതികാരുണ്യം ആളുകളെ തളർത്തുകയും, ചിലപ്പോൾ കരുണയുടെ അഭാവം മനുഷ്യനെ ക്രൂരനാക്കുകയും ചെയ്യുന്നു. ഇന്നത്തെ ലോകം ഈ രണ്ട് അറ്റങ്ങളിൽ കൂടി ചിതറുകയാണ്. Compassion fatigue എന്നത് അതിന്റെ ശാസ്ത്രീയ രൂപമാണ് മറ്റുള്ളവരുടെ വേദന കാണുന്നതിൽ നിന്നുള്ള തളർച്ച. മാധ്യമങ്ങളിലൂടെയും വാർത്തകളിലൂടെയും നാം ദിവസേന ദുരന്തങ്ങൾ കാണുന്നു, പക്ഷേ കുറച്ചുകാലത്തിനുശേഷം അത് നമ്മുടെ മനസ്സിൽ ഒരു മൂടുപടം പോലെ പരത്തി നിസ്സംഗതയെ വളർത്തുന്നു. empathy യുടെ തീ പതുക്കെ മങ്ങുന്നു. മനുഷ്യാവകാശ പ്രവർത്തനങ്ങൾ തന്നെ യാന്ത്രികമാവുന്നു. മനുഷ്യൻ മറ്റൊരാളുടെ വേദനയെ ആകാംക്ഷയില്ലാതെ കാണുന്ന സ്ഥിതിയിലേക്കാണ് നീങ്ങുന്നത്. ഈ നിലയിൽ നിന്ന് മുക്തിയുണ്ടാകണമെങ്കിൽ ആദ്യം ഓരോ വ്യക്തിയും തന്റെ അതിർത്തികൾ തിരിച്ചറിയണം “എനിക്ക് ഇപ്പോൾ വിശ്രമം വേണം”, “ഞാൻ സുഖത്തിലല്ല”, “ഇത് എനിക്ക് ഭാരമാകുന്നു” എന്ന് പറയാനുള്ള ധൈര്യം വേണം.
മനസിന്റെ ഫസ്റ്റ് എയ്ഡ് അതിനാൽ തന്നെ ആരംഭിക്കുന്നത് introspection നോടെയാണ്. പലർക്കും “നോ” പറയാൻ കഴിയാത്തതിന്റെ കാരണം സ്വാർത്ഥതയെന്ന പേടിയാണ്. നമ്മെ വളർത്തിയത് അനുസരണയുടെയും വഴങ്ങലിന്റെയും സംസ്കാരത്തിലാണ്. സ്കൂളിൽ “നല്ല കുട്ടി” എന്നു പറയുന്നത് അതികൃതിയോട് വിധേയനായവനെക്കുറിച്ചാണ്, ചോദ്യം ചെയ്യുന്നവനെക്കുറിച്ചല്ല. വീട്ടിൽ “മറ്റുള്ളവർക്ക് വേണ്ടി ജീവിക്കുക” എന്ന പാഠം സ്ത്രീകൾക്കു പ്രത്യേകിച്ച് പഠിപ്പിക്കുന്നു. ഈ സാമൂഹിക ശിക്ഷണമാണ് “നോ” എന്ന വാക്കിനെ നിരോധിതമാക്കുന്നത്. എന്നാൽ “നോ” പറയാനുള്ള കഴിവ് ആത്മപരിരക്ഷയാണ്. ഒരാൾ തന്റെ സമയത്തേയും വികാരങ്ങളെയും ഊർജ്ജത്തെയും സംരക്ഷിക്കുമ്പോഴാണ് അവൻ മറ്റൊരാളോടു കരുണ കാണിക്കാൻ കഴിയുന്നത്. കരുണയ്ക്കും അതിർത്തികൾ വേണം. ഒരാൾ മറ്റൊരാളുടെ വേദനയിൽ മുഴുകി തന്റെ സുഖം നഷ്ടപ്പെടുത്തുമ്പോൾ അത് compassion അല്ല അതൊരു silent suicide ആണ്. അതിനാലാണ് humanitarian psychology ഇന്ന് “Boundaries save empathy” എന്നതിനെ അടിസ്ഥാന സിദ്ധാന്തമാക്കുന്നത്.
ഒരു സാമൂഹികപ്രവർത്തകയെ ചിന്തിക്കൂ. അഭയാർഥി ക്യാമ്പിൽ ദിവസങ്ങളോളം കുട്ടികളെ സഹായിച്ച്, സ്ത്രീകളുടെ പരാതികൾ കേട്ട്, മൃതദേഹങ്ങൾ കണ്ട്, പ്രതിസന്ധികളിൽ ഉറക്കം പോലും നഷ്ടപ്പെട്ട അവൾ, ഒരുദിവസം മൗനം പാലിക്കുന്നു. അവളുടെ മുഖം ശൂന്യമാണ്. അവൾ കരയുന്നവരെ നോക്കുമ്പോൾ പ്രതികരിക്കാൻ കഴിയുന്നില്ല. അത് അവളിൽ മനുഷ്യവികാരം ഇല്ലാതായതുകൊണ്ടല്ല, അവൾ തന്റെ അതിർത്തി മറന്നതുകൊണ്ടാണ്. Compassion fatigue, moral injury, secondary trauma ഇവ മനുഷ്യാവകാശപ്രവർത്തകരുടെയും രക്ഷാപ്രവർത്തകരുടെയും അദൃശ്യ രോഗങ്ങളാണ്. അവർക്ക് ആവശ്യമായത് തളർച്ചയല്ല, താങ്ങാണ്. അവർക്കും “ഞാൻ ഒക്കെ അല്ല” എന്ന് പറയാനുള്ള അവകാശം വേണം. Humanitarian aid സംഘടനകൾക്കും ഈ മാനസിക ഫസ്റ്റ് എയ്ഡ് പ്രോഗ്രാമുകൾ ഉൾപ്പെടുത്തേണ്ടതാണ്. കാരണം, self-care is not selfish; it is survival. യുദ്ധത്തിൽ കരുണ നഷ്ടപ്പെടുന്നത് വെടിയുണ്ടകൾ കൊണ്ട് അല്ല, exhaustion കൊണ്ടാണ്.
സ്ത്രീകളുടെ ജീവിതത്തിലും അതിർത്തികളുടെ തകർച്ച ഒരു humanitarian crisis തന്നെയാണ്. വീട്ടിൽ, ജോലിയിൽ, സമൂഹത്തിൽ അവൾ അനന്തമായ കരുണയും സേവനവും പ്രതീക്ഷിക്കപ്പെടുന്നവളാണ്. അമ്മയായി, മകളായി, അധ്യാപികയായി, പരിചാരികയായി അവളുടെ തൊഴിൽ മാത്രമല്ല, അവളുടെ വികാരവും മറ്റുള്ളവർക്കായി ഉപയോഗിക്കപ്പെടുന്നു. emotional labour എന്ന ഈ സാമൂഹിക ഘടകം സ്ത്രീകളുടെ മനസിനെ അടിമയാക്കുന്നു. അവൾക്ക് “ഇല്ല” എന്ന് പറയാനുള്ള അവകാശം നഷ്ടപ്പെടുമ്പോൾ, അവൾ slowly evaporates into invisibility. അവളുടെ കരുണ മറ്റുള്ളവരുടെ അടിമത്തത്തിന്റെ ഇന്ധനമാകുന്നു. അതിനാൽ തന്നെ സ്ത്രീകൾക്ക് “നോ” പറയാൻ പഠിപ്പിക്കുന്നത് സമൂഹത്തിന്റെ മാനസികാരോഗ്യത്തിനാണ് സേവനം ചെയ്യുന്നത്. സ്ത്രീയുടെ “നോ” ഒരു വ്യക്തിപരമായ പ്രതിരോധമല്ല; അത് സമൂഹത്തിന്റെ പുനർജന്മമാണ്.
അതിർത്തികൾ ഇല്ലാത്ത കരുണയെന്നത് തളർച്ചയുടെ തുടക്കമാണ്. അതിനാൽ humanitarian education ന്റെ ഭാഗമാക്കേണ്ടത് mental first aid ആണ്. aid workers, counsellors, teachers, journalists, nurses എല്ലാരും അവരുടെ പ്രവർത്തനപരിധികൾ തിരിച്ചറിയണം. അതിനർത്ഥം അവർ മനുഷ്യരോടുള്ള ഉത്തരവാദിത്വം ഒഴിവാക്കണമെന്ന് അല്ല, അത് അവരെ ദീർഘകാലം മനുഷ്യരായി നിലനിറുത്താനുള്ള കൃത്യമാണ്. compassion ബോധ്യമായി നിയന്ത്രിക്കപ്പെടുമ്പോഴാണ് അത് ദീർഘജീവിതം നേടുന്നത്. മനസ്സിന്റെ ഫസ്റ്റ് എയ്ഡ് ബോക്സിൽ മൂന്നു വസ്തുക്കളുണ്ട് “നോ”, “വിശ്രമം”, “സത്യസന്ധത”. ഈ മൂന്നു വാക്കുകൾ ചേർന്നതാണ് mental resilience. അതിന്റെ അഭാവം തന്നെയാണ് ഇന്ന് aid fatigue, social worker burnout, activist depression എന്നീ പ്രതിഭാസങ്ങൾ സൃഷ്ടിക്കുന്നത്. Kerala പോലെയുള്ള സംസ്ഥാനങ്ങളിൽ തന്നെ ഇതിന്റെ പ്രതിഫലനം കാണാം. സാമൂഹികപ്രവർത്തകർ, വനിതാ സമിതിയംഗങ്ങൾ, health workers ഇവർ എല്ലാം അതിരുകടന്ന സേവനത്തിൽ പങ്കാളികളായി തങ്ങളുടെ ജീവിതം പുനർക്രമീകരിക്കാൻ മറക്കുകയാണ്. അവർക്കും അതിർത്തികൾ വേണം. അവർക്കും ശ്വാസം വേണം.
യുദ്ധങ്ങൾ മനുഷ്യരെ മാത്രമല്ല, കരുണയെയും കുടിയിറക്കുന്നു. Syria യിലോ Gaza യിലോ നടക്കുന്ന ബോംബാക്രമണങ്ങൾ ദൃശ്യമായ ദുരന്തങ്ങളാണ്. പക്ഷേ അവയുടെ മറവിൽ നടക്കുന്ന മാനസിക യുദ്ധം കൂടുതൽ അപകടകരമാണ്. displaced population-കളുടെ മനസ്സിൽ അതിർത്തികൾ പൊളിഞ്ഞിരിക്കുന്നു. അവരിൽ “സ്വയം” എന്ന ബോധം ഇല്ലാതാകുന്നു. “ഞാൻ ആരാണ്?” എന്ന ചോദ്യത്തിന് ഉത്തരം ഇല്ലാതാകുമ്പോൾ rehabilitation അർത്ഥശൂന്യമാകും. അതിനാൽ humanitarian rehabilitation-ൽ psychological boundaries പുനർസ്ഥാപിക്കുക അത്യാവശ്യമാണ്. ആൾക്ക് വീണ്ടും “ഇത് എന്റെ സമയം”, “ഇത് എന്റെ അവകാശം”, “ഇത് എന്റെ ശരീരം” എന്ന് പറയാൻ പഠിക്കണം. അതാണ് trauma recovery യുടെ ആദ്യപടി.
മനുഷ്യരാശി ഇതുവരെ അഭിമാനത്തോടെ പറഞ്ഞ ഏറ്റവും വലിയ നേട്ടം “Human Rights Declaration” ആയിരുന്നു. പക്ഷേ അതിൽ “mental boundary” എന്ന ആശയം ഉൾപ്പെട്ടിരുന്നില്ല. അതുകൊണ്ടാണ് ഇപ്പോൾ മനുഷ്യർ physical slaveryയിൽ നിന്ന് മുക്തരായിട്ടും emotional slaveryയിൽ കുടുങ്ങിയിരിക്കുന്നത്. മാനവികതയുടെ വേരുകൾ ആത്മമാന്യത്തിലാണ്. മറ്റൊരാളുടെ അവകാശത്തെ മാനിക്കാൻ തുടങ്ങുന്നത് സ്വന്തം അതിർത്തികളെ തിരിച്ചറിയുമ്പോഴാണ്. അതിനാൽ humanitarian ethics എന്നത് empathy-യും self-respect-ഉം തമ്മിലുള്ള ബാലൻസ് ആകണം. മറ്റൊരാളുടെ വേദന കാണുമ്പോൾ നമ്മൾ ചോദിക്കണം: “എനിക്ക് ഇതിൽ എത്രപോലും നിലനിൽക്കാൻ കഴിയും?” കാരണം, self-preservation തന്നെയാണ് compassion ന്റെ അടിസ്ഥാനശക്തി. അത് നശിച്ചാൽ കരുണ കൊളുത്തിയ തീ പോലെ നശിക്കും.
സമൂഹങ്ങൾക്കും അതിർത്തികൾ വേണം കരുണയ്ക്കും ന്യായത്തിനും തമ്മിലുള്ള അതിർത്തികൾ. അഭയാർഥിത്വം, തൊഴിൽചൂഷണം, കുടിയേറ്റം ഇവയൊക്കെ അതിർത്തികൾ തകർന്ന മനുഷ്യാവസ്ഥകളാണ്. തൊഴിലാളികൾ തൊഴിൽ ലഭിക്കാൻ സ്വന്തം കുടുംബങ്ങളെയും സ്വാഭിമാനത്തെയും ഉപേക്ഷിക്കുന്നു. അഭയാർഥികൾ രക്ഷപ്പെടാൻ ദേശം ഉപേക്ഷിക്കുന്നു. മനുഷ്യാവകാശങ്ങൾക്കായി പ്രവർത്തിക്കുന്നവർ അവരുടെ ആത്മശാന്തി ഉപേക്ഷിക്കുന്നു. എല്ലാവരും ഒന്നിനായി മറ്റൊന്ന് വിടുകയാണ്. എന്നാൽ എന്തെങ്കിലും നിലനിൽക്കണമെങ്കിൽ അതിന്റെ പരിധി അറിയണം. അതാണ് ജീവിതത്തിന്റെ നൈതികത.
മാനസികാരോഗ്യത്തിന്റെ സാമൂഹിക അർത്ഥം ഇതാണ് മനുഷ്യനെ മനുഷ്യനായി നിലനിർത്താനുള്ള ശക്തി. അതിനായി “നോ” പറയാനും “ഞാൻ ഒക്കെ അല്ല” എന്നത് പറയാനും കഴിയണം. നമ്മുടെ വിദ്യാഭ്യാസ സംവിധാനങ്ങൾക്കും ഈ ബോധം ആവശ്യമാണ്. കുട്ടികൾക്ക് “നിന്റെ സമയം നിനക്ക് സ്വന്തം” എന്ന് പഠിപ്പിക്കണം. സ്കൂളുകളിൽ “emotional literacy”യും “assertive communication”ഉം പാഠ്യവിഷയങ്ങളാക്കണം. ഭാവിയിലെ തലമുറകൾക്ക് അവരുടെ അതിർത്തികൾ തിരിച്ചറിയാനായാൽ, അവർ മനുഷ്യാവകാശങ്ങളെ മറ്റൊരു തലത്തിലേക്ക് ഉയർത്തും. സമൂഹത്തിനും അതിർത്തികൾ വേണം കാരുണ്യത്തിന്റെ പരിധി, നിയന്ത്രണത്തിന്റെ പരിധി, അധികാരത്തിന്റെ പരിധി. അധികാരമില്ലാത്ത കരുണയും കരുണയില്ലാത്ത അധികാരവും രണ്ടും അപകടകരമാണ്.
മനസ്സിന്റെ ഫസ്റ്റ് എയ്ഡ് എന്നത് ഒരുതരം രാഷ്ട്രീയവും ആണെന്ന് പറയാം. വ്യക്തി തന്റെ ആത്മാവിനെ സംരക്ഷിക്കുമ്പോൾ, അവൻ oppressive systems നോടുള്ള ഏറ്റവും ശക്തമായ പ്രതിരോധം കാഴ്ചവയ്ക്കുന്നു. ഒരാൾ “ഇല്ല” എന്ന് പറയുമ്പോൾ അവൻ അധികാരത്തിന്റെ ക്രൂരതക്കെതിരെ നിലകൊള്ളുന്നു. ഒരാൾ “ഞാൻ ഒക്കെ അല്ല” എന്ന് തുറന്ന് പറയുമ്പോൾ അവൻ മാനസികാരോഗ്യത്തെ കുറ്റമായി കാണുന്ന സമൂഹത്തിന്റെ മുഖത്ത് കറയിടുന്നു. അതിനാൽ “നോ” എന്നത് വ്യക്തിപരമായ ധൈര്യമല്ല, അത് സാമൂഹിക വിപ്ലവമാണ്. അതാണ് സ്വാതന്ത്ര്യത്തിന്റെ ആത്മരൂപം. Gandhi-യുടെയോ Martin Luther King-ന്റെയോ ആത്മവിജയങ്ങൾ എല്ലാം അതിർത്തികൾ തിരിച്ചറിയുന്നതിലായിരുന്നു violence-നും silence-നും ഇടയിലെ ethical boundary തിരിച്ചറിയുക. ഇന്നത്തെ ലോകത്തിന് ആവശ്യമുള്ളതും അതുതന്നെ compassion with boundaries.
മനസ്സിന്റെ ഫസ്റ്റ് എയ്ഡ് വേണമെന്ന് പറഞ്ഞാൽ അതിന് സർക്കാർ നയങ്ങളും സംഘടനകളും തയ്യാറാകണം. Kerala പോലുള്ള സാമൂഹികമായി സജീവമായ സംസ്ഥാനങ്ങളിൽ NGOs, local bodies, trade unions എന്നിവയിൽ പ്രവർത്തിക്കുന്നവർക്ക് regular psychosocial support സംവിധാനം ഉണ്ടായിരിക്കണം. പ്രവർത്തകർക്ക് വിശ്രമദിനം, കൗൺസിലിംഗ്, reflection sessions എന്നിവ നൽകണം. മനുഷ്യാവകാശ രംഗത്ത് “rest” ഒരു അവകാശമായി അംഗീകരിക്കണം. “നോ” പറയാൻ കഴിയുന്ന സംഘടനകളും മാത്രമേ ദീർഘകാലം നിലനിൽക്കൂ. fatigue-ൽ വീണ സംഘടനകൾ compassionate institutions ആയി നിലനിൽക്കില്ല.
ജീവിതം നമ്മെ എപ്പോഴും മുന്നോട്ട് തള്ളും, പക്ഷേ മുന്നോട്ട് പോകുന്നത് അതിർത്തികൾ മറികടക്കുക എന്നതല്ല; അതിനപ്പുറം നിൽക്കേണ്ട സ്ഥലം തിരിച്ചറിയുക എന്നതാണ്. സ്വാതന്ത്ര്യം മറ്റുള്ളവരുടെ പരിധികളെ ലംഘിക്കാതെ സ്വന്തം പരിധികളെ മാനിക്കാനുള്ള കഴിവാണ്. ഒരാൾക്ക് തന്റെ അതിർത്തി മനസ്സിലായാൽ മാത്രമേ അവൻ യഥാർത്ഥത്തിൽ സ്വതന്ത്രനാകൂ. അതാണ് മനുഷ്യരാശിയുടെ നിലനിൽപ്പിനും ശാന്തിക്കും അടിത്തറ. അതിനാൽ തന്നെയാണ് അതിർത്തികൾ നിശ്ചയിക്കുന്നവർ മാത്രമാണ് സ്വതന്ത്രർ.
മിനി മോഹൻ