മുസിരിസിനപ്പുറം: കോളനിവാഴ്ചയും മസാല വ്യാപാരവും വായ്ത്താരികളും മറന്നുപോയ സമുദ്രനാഗരികത; അറബിക്കടൽ എഴുതിയ കേരളം

ഒരു പുസ്തകം ഒരു വ്യക്തിയുടെ ജീവിതത്തെ മാറ്റുന്നത് അസാധാരണമല്ല. എന്നാൽ ഒരു പുസ്തകം ഒരു സംസ്ഥാനത്തിന്റെ നയരൂപീകരണത്തെ സ്വാധീനിക്കുന്നത് ലോകചരിത്രത്തിൽ തന്നെ അപൂർവമായ സംഭവമാണ്. അതുകൊണ്ടാണ് അമിതാവ് ഘോഷ് സമൂഹമാധ്യമമായ X-ൽ കുറിച്ച ഒരു വാചകം സാഹിത്യലോകത്തിനപ്പുറം ചരിത്രകാരന്മാരുടെയും പൊതുനയ ഗവേഷകരുടെയും ശ്രദ്ധ പിടിച്ചുപറ്റിയത്. “Only in Keralam would a Chief Minister base a policy proposal on a book like The Nutmeg’s Curse.” ഈ ഒരു വാചകത്തിൽ പ്രശംസ മാത്രമല്ല, കേരളത്തിന്റെ വായനാസംസ്കാരത്തെക്കുറിച്ചുള്ള ഒരു നിരീക്ഷണവും ഭരണവും ബൗദ്ധികജീവിതവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള ഒരു വലിയ അംഗീകാരവും അടങ്ങിയിരുന്നു.

ഈ പരാമർശത്തിന്റെ തുടക്കം ദേശീയ വായനാദിനത്തോടനുബന്ധിച്ച് നടന്ന “Read with VD” എന്ന സംവാദത്തിലായിരുന്നു. കേരള മുഖ്യമന്ത്രി വി. ഡി. സതീശൻ തന്റെ ചിന്തയെയും ഭരണപരമായ കാഴ്ചപ്പാടിനെയും സ്വാധീനിച്ച പുസ്തകങ്ങളെക്കുറിച്ച് സംസാരിക്കുമ്പോൾ അമിതാവ് ഘോഷിന്റെ The Nutmeg’s Curse: Parables for a Planet in Crisis എന്ന ഗ്രന്ഥത്തെ പ്രത്യേകം പരാമർശിച്ചു. ഇന്തോനേഷ്യയിലെ ബാണ്ട ദ്വീപുകളുടെ ചരിത്രം പറയുന്ന ഈ പുസ്തകം കേരളത്തിന്റെ സമുദ്രപൈതൃകത്തെ പുതിയ രീതിയിൽ വായിക്കാൻ തന്നെ പ്രേരിപ്പിച്ചുവെന്നും മുസിരിസിന് സമീപം ഒരു അന്താരാഷ്ട്ര സമുദ്ര മ്യൂസിയം സ്ഥാപിക്കണമെന്ന ആശയം അതിൽ നിന്നാണ് രൂപപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു. പിന്നീട് ജറിയാട്രിക് വിദഗ്ധനും പൊതുജനാരോഗ്യ പ്രവർത്തകനുമായ ഡോ. എസ്. എ. ഹഫീസ്, ഒരു വർഷം മുമ്പ് താൻ സമ്മാനിച്ച പുസ്തകമാണ് ഇപ്പോൾ സർക്കാർ നയചർച്ചയുടെ ഭാഗമായതെന്ന് സമൂഹമാധ്യമത്തിൽ കുറിച്ചു. ആ കുറിപ്പ് പങ്കുവെച്ചുകൊണ്ടാണ് അമിതാവ് ഘോഷ് “കേരളത്തിൽ മാത്രമേ ഇങ്ങനെ സംഭവിക്കൂ” എന്ന തന്റെ പ്രശസ്ത പ്രതികരണം നടത്തിയത്.

എന്നാൽ ഈ സംഭവത്തിന്റെ യഥാർത്ഥ പ്രാധാന്യം ഒരു മ്യൂസിയത്തിന്റെ പ്രഖ്യാപനത്തിലോ ഒരു പുസ്തകത്തിന്റെ സ്വാധീനത്തിലോ ഒതുങ്ങുന്നില്ല. അത് കേരളം തന്റെ സമുദ്രചരിത്രത്തെ വീണ്ടും വായിക്കാൻ തയ്യാറാകുന്നുവെന്ന സൂചനയാണ്. നൂറ്റാണ്ടുകളായി അറബിക്കടലിനോട് ചേർന്ന് ജീവിച്ച ഒരു സമൂഹമായിട്ടും കേരളത്തിന്റെ ചരിത്രം പൊതുവെ കരയുടെ ചരിത്രമായിട്ടാണ് എഴുതപ്പെട്ടത്. പശ്ചിമഘട്ടം, നദികൾ, കൃഷി, രാജവംശങ്ങൾ, ക്ഷേത്രങ്ങൾ, സാമൂഹികപരിഷ്കാരങ്ങൾ എന്നിവയാണ് നമ്മുടെ ചരിത്രരചനയുടെ പ്രധാന വിഷയങ്ങൾ. എന്നാൽ കേരളത്തെ ലോകഭൂപടത്തിൽ അടയാളപ്പെടുത്തിയ ഏറ്റവും വലിയ ഭൂമിശാസ്ത്ര യാഥാർഥ്യം അറബിക്കടലായിരുന്നു. ലോകം കേരളത്തെ കണ്ടെത്തിയത് കരയിലൂടെ അല്ല; സമുദ്രത്തിലൂടെയാണ്.

റോമൻ സാമ്രാജ്യത്തിന്റെ വ്യാപാരക്കപ്പലുകൾ കേരളത്തിലെത്തിയത് കുരുമുളകിനുവേണ്ടിയായിരുന്നു. അറബ് വ്യാപാരികൾ മൺസൂൺ കാറ്റിന്റെ ശാസ്ത്രീയ അറിവുപയോഗിച്ച് മലബാർ തീരത്തെത്തിയപ്പോൾ അവർ ചരക്കുകൾ മാത്രമല്ല, ഭാഷയും മതവും സാങ്കേതികവിദ്യയും കൊണ്ടുവന്നു. ചൈനയിൽ നിന്നെത്തിയ കപ്പലുകൾ സെറാമിക്കും പട്ടും മാത്രമല്ല, പുതിയ സമുദ്രബന്ധങ്ങളെയും വ്യാപാരശൃംഖലകളെയും സൃഷ്ടിച്ചു. പിന്നീട് പോർച്ചുഗീസുകാരും ഡച്ചുകാരും ഇംഗ്ലീഷുകാരും ഫ്രഞ്ചുകാരും കേരളത്തെ തേടിയെത്തിയത് കരയിലൂടെ അല്ല, സമുദ്രത്തിലൂടെയായിരുന്നു. അതുകൊണ്ട് കേരളത്തിന്റെ ചരിത്രം മനസ്സിലാക്കണമെങ്കിൽ കരയുടെ ചരിത്രം മാത്രം മതിയാകില്ല; സമുദ്രത്തിന്റെ ചരിത്രം വായിക്കേണ്ടതുണ്ട്.

അമിതാവ് ഘോഷിന്റെ The Nutmeg’s Curse ഈ പുതിയ വായനയ്ക്കുള്ള ക്ഷണമാണ്. പുസ്തകത്തിന്റെ പ്രമേയം ഇന്തോനേഷ്യയിലെ ബാണ്ട ദ്വീപുകളാണെങ്കിലും അതിന്റെ കേന്ദ്രവിഷയം ജാതിക്കയല്ല. അധികാരം, പ്രകൃതി, മൂലധനം, കോളനിവാഴ്ച, കാലാവസ്ഥാ പ്രതിസന്ധി എന്നിവ തമ്മിലുള്ള ബന്ധമാണ്  അന്വേഷിക്കുന്നത്. പതിനേഴാം നൂറ്റാണ്ടിൽ ലോകത്തിലെ ഏക ജാതിക്ക ഉൽപ്പാദനകേന്ദ്രമായിരുന്ന ബാണ്ട ദ്വീപുകൾ പിടിച്ചടക്കാൻ ഡച്ച് ഈസ്റ്റ് ഇന്ത്യ കമ്പനി നടത്തിയ കൂട്ടക്കൊല ഒരു ചരിത്രസംഭവം മാത്രമായിരുന്നില്ല; കോർപ്പറേറ്റ് മൂലധനത്തിന്റെ ആദ്യത്തെ ആഗോള അക്രമങ്ങളിലൊന്നായിരുന്നു. ഒരു സുഗന്ധവ്യഞ്ജനത്തിന്റെ വിപണി നിയന്ത്രിക്കാൻ ഒരു ജനതയെ ഭൂമിയിൽ നിന്ന് ഇല്ലാതാക്കാൻ തയ്യാറായ സാമ്പത്തിക യുക്തിയെയാണ് അമിതാവ് ഘോഷ് പുസ്തകത്തിൽ വിശകലനം ചെയ്യുന്നത്. അദ്ദേഹത്തിന്റെ വാദമനുസരിച്ച് പ്രകൃതിയെയും മനുഷ്യരെയും വെറും വിഭവങ്ങളായി കാണുന്ന ഈ കോളനിവാഴ്ചയുടെ മനോഭാവമാണ് ഇന്നത്തെ കാലാവസ്ഥാ പ്രതിസന്ധിയുടെയും പരിസ്ഥിതി നാശത്തിന്റെയും ചരിത്രപരമായ അടിത്തറ.

ഈ വാദം കേരളവുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു. ബാണ്ട ദ്വീപുകൾ ജാതിക്കയുടെ കേന്ദ്രമായിരുന്നെങ്കിൽ കേരളം കുരുമുളകിന്റെയും ഏലത്തിന്റെയും കറുവപ്പട്ടയുടെയും പ്രധാന കേന്ദ്രമായിരുന്നു. ഇന്ത്യൻ മഹാസമുദ്ര വ്യാപാരത്തിന്റെ ഹൃദയഭാഗത്തായിരുന്നു കേരളം. എന്നാൽ കേരളത്തിന്റെ സമുദ്രചരിത്രം പലപ്പോഴും മുസിരിസിലും വാസ്കോ ഡ ഗാമയിലും ഒതുങ്ങിപ്പോകുന്നു. യഥാർത്ഥത്തിൽ കേരളത്തിന്റെ തീരപ്രദേശം വടക്ക് കാസർകോട് മുതൽ തെക്ക് വിഴിഞ്ഞം വരെ വ്യാപിച്ചുകിടക്കുന്ന അനേകം തുറമുഖങ്ങളുടെയും തീരദേശ സമൂഹങ്ങളുടെയും സംയുക്ത ചരിത്രമാണ്.

കോഴിക്കോട് സാമൂതിരിയുടെ ഭരണകാലത്ത് ഇന്ത്യൻ മഹാസമുദ്രത്തിലെ ഏറ്റവും വലിയ സ്വതന്ത്ര വ്യാപാരകേന്ദ്രങ്ങളിലൊന്നായിരുന്നു. ബേപ്പൂർ നൂറ്റാണ്ടുകളായി ഉറു കപ്പൽ നിർമ്മാണത്തിന്റെ ലോകപ്രശസ്ത കേന്ദ്രമായിരുന്നു. പൊന്നാനി അറബ് ലോകവും മലബാറും തമ്മിലുള്ള വിജ്ഞാന-വ്യാപാര പാലമായിരുന്നു. ഫോർട്ട് കൊച്ചിയും മട്ടാഞ്ചേരിയും യൂറോപ്യൻ കോളനിവാഴ്ചയുടെ ആസ്ഥാനങ്ങൾ മാത്രമായിരുന്നില്ല; യഹൂദരും അറബികളും സിറിയൻ ക്രൈസ്തവരും ഗുജറാത്തി വ്യാപാരികളും ചൈനീസ് സമൂഹങ്ങളും സഹവസിച്ച ബഹുസാംസ്കാരിക നഗരങ്ങളായിരുന്നു. തൃശ്ശൂരിലെ കൊടുങ്ങല്ലൂർ പുരാതന മുസിരിസിന്റെ തുടർച്ചയാണ്. ആലപ്പുഴയുടെ കനാൽ ശൃംഖല ഇന്ത്യയിലെ ഏറ്റവും സവിശേഷമായ ഉൾനാടൻ ചരക്കുഗതാഗത സംവിധാനങ്ങളിലൊന്നായിരുന്നു. കൊല്ലം ചൈനീസ്-അറബ് വ്യാപാരത്തിന്റെ പ്രധാന കേന്ദ്രമായിരുന്നു. വിഴിഞ്ഞം ചരിത്രപരമായ ആഴക്കടൽ തുറമുഖമായിരുന്നതിനൊപ്പം ഇന്ന് ആഗോള കണ്ടെയ്നർ ഗതാഗത ശൃംഖലയിലെ നിർണായക കണ്ണിയായി മാറുകയാണ്.

എന്നാൽ ഈ തുറമുഖങ്ങളെ ബന്ധിപ്പിക്കുന്നത് മസാല വ്യാപാരം മാത്രം അല്ല. ചരക്കുകളോടൊപ്പം സഞ്ചരിച്ചത് ഭാഷകളാണ്. മതങ്ങളാണ്. ഭക്ഷണരീതികളാണ്. സംഗീതമാണ്. വാസ്തുവിദ്യയാണ്. രോഗങ്ങളും ഔഷധവിജ്ഞാനവും സസ്യജാലങ്ങളും സാങ്കേതികവിദ്യകളും കൂടിയാണ്. അതിനാൽ സമുദ്രത്തിന്റെ ചരിത്രം ചരക്കുകളുടെ ചരിത്രമല്ല; സംസ്കാരങ്ങളുടെ ചരിത്രമാണ്. അതിലുപരി അത് മനുഷ്യരുടെ ചരിത്രമാണ്.

ഇവിടെയാണ് കേരളത്തിന്റെ സമുദ്രപൈതൃക പഠനത്തിലെ ഏറ്റവും വലിയ പോരായ്മ കാണുന്നത്. നമ്മുടെ ചരിത്രരചനയിൽ രാജാക്കന്മാരുണ്ട്, യൂറോപ്യൻ കമ്പനികളുണ്ട്, കപ്പലുകളുണ്ട്. എന്നാൽ കപ്പലുകൾ നിർമ്മിച്ച വിശ്വകർമ്മ ശില്പികൾ എവിടെയാണ്? കടലിൽ ജീവൻ പണയംവെച്ച മത്സ്യത്തൊഴിലാളികൾ എവിടെയാണ്? കയർപ്പിരിവ് നടത്തിയ സ്ത്രീകളുടെ അധ്വാനം എവിടെയാണ്? വഞ്ചിപ്പാട്ടുകൾ, മാപ്പിളപ്പാട്ടുകൾ, കടൽപ്പാട്ടുകൾ, തീരദേശ ജനവിഭാഗങ്ങളുടെ വായ്ത്താരികൾ, മൺസൂൺ വായിക്കാനുള്ള നാട്ടറിവുകൾ, കടൽപ്രവാഹങ്ങളെക്കുറിച്ചുള്ള തലമുറകളുടെ അറിവ് ഇവയെല്ലാം എവിടെയാണ്? സമുദ്രചരിത്രം എന്നത് ഈ ജീവനുള്ള സാംസ്കാരിക ആർക്കൈവുകളെ ഉൾക്കൊള്ളുന്ന ചരിത്രമാണ്. അവയെ ഒഴിവാക്കിയാൽ അവശേഷിക്കുന്നത് ഭരണാധികാരികളുടെ രേഖകൾ മാത്രമായിരിക്കും.

അതുകൊണ്ടാണ് മുസിരിസിന് സമീപം നിർദ്ദേശിക്കപ്പെടുന്ന അന്താരാഷ്ട്ര സമുദ്ര മ്യൂസിയം സ്വാഗതാർഹമായിരിക്കുമ്പോഴും അത് മാത്രം മതിയാകില്ലെന്ന് പറയേണ്ടിവരുന്നത്. കേരളത്തിന് ആവശ്യമുള്ളത് ഒരു കെട്ടിടമല്ല; ഒരു സമഗ്ര സമുദ്രദർശനമാണ്. മുസിരിസ് അതിന്റെ കേന്ദ്രമാകാം. പക്ഷേ ബേപ്പൂർ, കോഴിക്കോട്, പൊന്നാനി, ഫോർട്ട് കൊച്ചി, ആലപ്പുഴ, കൊല്ലം, വിഴിഞ്ഞം, തിരുവനന്തപുരം എന്നിവയെ ബന്ധിപ്പിക്കുന്ന Kerala Maritime Heritage Corridor രൂപപ്പെടുത്താതെ കേരളത്തിന്റെ സമുദ്രചരിത്രം പൂർണമാകില്ല. ഓരോ പ്രദേശത്തെയും പ്രത്യേക ചരക്കുഗതാഗത പാരമ്പര്യവും, കപ്പൽ നിർമ്മാണ സാങ്കേതികവിദ്യയും, മൗഖിക ചരിത്രവും, തൊഴിലാളി സംസ്കാരവും, തീരദേശ പരിസ്ഥിതിയും രേഖപ്പെടുത്തുന്ന ഗവേഷണകേന്ദ്രങ്ങൾ സ്ഥാപിക്കേണ്ടതുണ്ട്. സമുദ്രപുരാവസ്തുശാസ്ത്രം, സമുദ്രനരവംശശാസ്ത്രം, തീരദേശ ഭാഷാപഠനം, മത്സ്യത്തൊഴിലാളികളുടെ പരമ്പരാഗത വിജ്ഞാനം, കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രാദേശിക ചരിത്രം എന്നിവയെ ഒന്നിപ്പിക്കുന്ന ബഹുവിഷയ പഠനരംഗം കേരളത്തിൽ വികസിപ്പിക്കേണ്ട സമയമാണിത്.

അമിതാവ് ഘോഷിന്റെ പുസ്തകം നമ്മെ പഠിപ്പിക്കുന്നത് ഒരു ജാതിക്കയുടെ ചരിത്രം ലോകചരിത്രമാകാമെന്നാണ്. അതുപോലെ കേരളത്തിന്റെ സമുദ്രചരിത്രവും ഒരു തുറമുഖത്തിന്റെ കഥയല്ല. അത് അറബിക്കടലിലൂടെ സഞ്ചരിച്ച ചരക്കുകളുടെ, സംസ്കാരങ്ങളുടെ, വിശ്വാസങ്ങളുടെ, കോളനിവാഴ്ചയുടെ, പ്രതിരോധങ്ങളുടെ, തൊഴിലെടുത്ത മനുഷ്യരുടെ, വായ്ത്താരികളുടെ, ഓർമ്മകളുടെ, കാലാവസ്ഥയുടെ, തിരമാലകളുടെ ചരിത്രമാണ്. കേരളം തന്റെ സമുദ്രത്തെ ഇങ്ങനെ സമഗ്രമായി വായിക്കാൻ തുടങ്ങുന്ന നിമിഷം മുതൽ ഒരു മ്യൂസിയം എന്ന ആശയം ഒരു കെട്ടിടത്തെ മറികടന്ന് ഒരു പുതിയ ചരിത്രബോധമായി മാറുന്നു. അപ്പോൾ അമിതാവ് ഘോഷിന്റെ ആ ചെറിയ വാചകവും ഒരു പ്രശംസയായി മാത്രമല്ല, കേരളത്തിന്റെ ഭാവിക്കുള്ള ഒരു ബൗദ്ധിക വെല്ലുവിളിയായി വായിക്കപ്പെടേണ്ടതായി മാറുന്നു.

ജാതിക്ക, കുരുമുളക്, ഇന്ത്യൻ മഹാസമുദ്രംആധുനിക ലോകത്തിന്റെ ജനനം

ഇന്ത്യൻ മഹാസമുദ്രത്തിന്റെ ചരിത്രം ഒരു സമുദ്രത്തിന്റെ ചരിത്രമല്ല. അത് ആധുനിക ലോകത്തിന്റെ ജനനചരിത്രമാണ്. യൂറോപ്പ് ലോകത്തെ കീഴടക്കുന്നതിന് മുമ്പ് ലോകം ഇന്ത്യൻ മഹാസമുദ്രത്തെ ആശ്രയിച്ചായിരുന്നു ജീവിച്ചിരുന്നത്. മെഡിറ്ററേനിയൻ കടലിനെ പാശ്ചാത്യ ചരിത്രം നാഗരികതയുടെ കേന്ദ്രമായി അവതരിപ്പിച്ചിട്ടുണ്ടെങ്കിലും, യഥാർത്ഥത്തിൽ ക്രിസ്തുവിന് മുമ്പുള്ള നൂറ്റാണ്ടുകൾ മുതൽ പതിനഞ്ചാം നൂറ്റാണ്ടിന്റെ അവസാനം വരെ ലോകത്തിലെ ഏറ്റവും സജീവമായ വ്യാപാര-സാംസ്കാരിക ശൃംഖല ഇന്ത്യൻ മഹാസമുദ്രമായിരുന്നു. കിഴക്കൻ ആഫ്രിക്കയിലെ സ്വാഹിലി തീരങ്ങളിൽ നിന്ന് അറേബ്യയിലേക്കും പേർഷ്യൻ ഉൾക്കടലിലേക്കും ഇന്ത്യയിലേക്കും ശ്രീലങ്കയിലേക്കും മലായ് ദ്വീപസമൂഹത്തിലേക്കും ചൈനയിലേക്കും നീണ്ടുകിടന്ന ഈ സമുദ്രലോകം ഒരു സാമ്രാജ്യത്തിന്റെ നിയന്ത്രണത്തിലായിരുന്നില്ല. അത് കാറ്റിന്റെ താളത്തിലായിരുന്നു പ്രവർത്തിച്ചിരുന്നത്.

മൺസൂൺ കാറ്റുകളായിരുന്നു ഈ ലോകത്തിന്റെ യഥാർത്ഥ ഭരണാധികാരികൾ. തെക്കുപടിഞ്ഞാറൻ മൺസൂൺ കപ്പലുകളെ അറേബ്യയിൽ നിന്ന് മലബാറിലേക്ക് എത്തിച്ചു. വടക്കുകിഴക്കൻ മൺസൂൺ അവയെ തിരികെ കൊണ്ടുപോയി. ഈ കാലാവസ്ഥാ ചക്രത്തെ മനസ്സിലാക്കിയ അറബ് നാവികരും ഇന്ത്യൻ വ്യാപാരികളും പിന്നീട് ചൈനക്കാരും ചേർന്നാണ് ഒരു ആഗോള സാമ്പത്തിക വ്യവസ്ഥ സൃഷ്ടിച്ചത്. യൂറോപ്പ് അന്നും ഈ ശൃംഖലയുടെ പുറത്തായിരുന്നു.

കേരളത്തിന്റെ ചരിത്രം ഇവിടെ ആരംഭിക്കുന്നു.

ഇന്ത്യൻ മഹാസമുദ്രത്തിന്റെ പടിഞ്ഞാറൻ തീരത്ത്, മൺസൂൺ കാറ്റുകൾ ഏറ്റവും അനുകൂലമായി സ്പർശിക്കുന്ന ഭൂപ്രദേശമായിരുന്നു മലബാർ. പശ്ചിമഘട്ടത്തിന്റെ ഈർപ്പമുള്ള വനങ്ങളിൽ വളർന്ന കുരുമുളകും ഏലവും കറുവപ്പട്ടയും ഇഞ്ചിയും ലോകത്തിന്റെ മറ്റെവിടെയും ലഭിക്കാത്ത വിലപിടിപ്പുള്ള ചരക്കുകളായിരുന്നു. റോമൻ സാമ്രാജ്യത്തിലെ സമ്പന്നർ അവരുടെ ഭക്ഷണത്തിന് മലബാറിലെ കുരുമുളക് ആവശ്യപ്പെട്ടു. അറബ് വ്യാപാരികൾക്ക് അത് സ്വർണ്ണത്തേക്കാൾ വിലയേറിയ വസ്തുവായിരുന്നു. ചൈനീസ് സാമ്രാജ്യത്തിന് അത് ആഡംബരത്തിന്റെ പ്രതീകമായിരുന്നു.

ചരിത്രകാരനായ കെ. എൻ. ചൗധരിയുടെ അഭിപ്രായത്തിൽ, സുഗന്ധവ്യഞ്ജനങ്ങൾ വെറും ഭക്ഷ്യവസ്തുക്കളായിരുന്നില്ല; അവ അന്താരാഷ്ട്ര നാണയത്തിന്റെ ഒരു രൂപമായിരുന്നു. ഒരു ചെറിയ ചാക്ക് കുരുമുളക് ഒരു ഭൂവിഭാഗത്തിന്റെ സമ്പത്തിന് തുല്യമായിരുന്നു. അതുകൊണ്ടുതന്നെയാണ് കേരളത്തിന്റെ തീരദേശങ്ങൾ ലോകഭൂപടത്തിൽ അപൂർവമായ പ്രാധാന്യം നേടിയത്.

ഈ വ്യാപാരലോകത്തിന്റെ പ്രത്യേകത, അത് സൈനിക ശക്തിയാൽ അല്ല, പരസ്പര ആശ്രിതത്വത്തിലൂടെയാണ് പ്രവർത്തിച്ചിരുന്നത് എന്നതാണ്. അറബ് വ്യാപാരികൾ കേരളത്തിൽ താമസിച്ചു. മലയാളികൾ അറേബ്യയിലേക്ക് യാത്ര ചെയ്തു. ചൈനീസ് കപ്പലുകൾ കോഴിക്കോട് തുറമുഖത്ത് മാസങ്ങളോളം നങ്കൂരമിട്ടു. യഹൂദ വ്യാപാരികളും സിറിയൻ ക്രൈസ്തവരും പേർഷ്യക്കാരും തമിഴരും ഗുജറാത്തികളും ഒരേ വിപണിയിൽ വ്യാപാരം നടത്തി. സമുദ്രം അതിർത്തികളെ സൃഷ്ടിച്ചില്ല; അതിർത്തികളെ അപ്രസക്തമാക്കി.

അമിതാവ് ഘോഷ് തന്റെ പുസ്തകത്തിൽ ഈ ലോകത്തെ ഒരു “connected world” എന്ന നിലയിലാണ് കാണുന്നത്. യൂറോപ്യൻ കോളനിവാഴ്ചയ്ക്ക് മുമ്പ് ഇന്ത്യൻ മഹാസമുദ്രം ഒരു പങ്കിട്ട സാംസ്കാരിക-സാമ്പത്തിക മേഖല ആയിരുന്നു. അധിനിവേശം ഈ സന്തുലിതാവസ്ഥയെ തകർത്തു.

1498-ൽ വാസ്കോ ഡ ഗാമ കാപ്പാട് തീരത്ത് ഇറങ്ങിയതോടെ ഒരു പുതിയ യുഗം ആരംഭിച്ചു. അത് ഇന്ത്യയിലേക്കുള്ള കടൽപാതയുടെ കണ്ടെത്തൽ മാത്രമായിരുന്നില്ല; ഇന്ത്യൻ മഹാസമുദ്രത്തെ സൈനികവൽക്കരിക്കുന്നതിന്റെ തുടക്കമായിരുന്നു. മുമ്പ് വ്യാപാരത്തെ നിയന്ത്രിച്ചിരുന്നത് വിശ്വാസവും പരസ്പരബന്ധങ്ങളുമായിരുന്നു. പോർച്ചുഗീസുകാർ അത് പീരങ്കിയും യുദ്ധക്കപ്പലും കൊണ്ട് മാറ്റിസ്ഥാപിച്ചു. “കാർട്ടാസ്” എന്ന അനുമതിപത്രമില്ലാതെ ഒരു കപ്പലിനും സഞ്ചരിക്കാനാവില്ലെന്ന നിയമം അവർ കൊണ്ടുവന്നു. സമുദ്രം ആദ്യമായി സ്വകാര്യ സ്വത്തായി പ്രഖ്യാപിക്കപ്പെട്ടു.

ഈ മാതൃകയെ കൂടുതൽ ക്രൂരമാക്കിയത് ഡച്ച് ഈസ്റ്റ് ഇന്ത്യ കമ്പനിയാണ് (VOC). ചരിത്രത്തിലെ ആദ്യത്തെ ബഹുരാഷ്ട്ര കോർപ്പറേഷനായി വിശേഷിപ്പിക്കപ്പെടുന്ന VOC ഒരു വ്യാപാരസ്ഥാപനം മാത്രമായിരുന്നില്ല. സ്വന്തം സൈന്യവും നാവികസേനയും നാണയവും നികുതി സംവിധാനവും യുദ്ധം പ്രഖ്യാപിക്കാനുള്ള അധികാരവുമുള്ള ഒരു അർധരാജ്യമായിരുന്നു അത്. ഓഹരി വിപണിയിൽ നിന്നുള്ള മൂലധനം ഉപയോഗിച്ച് യുദ്ധം നടത്തുകയും യുദ്ധത്തിലൂടെ വിപണി പിടിച്ചടക്കുകയും ചെയ്ത ഈ കമ്പനി ആധുനിക കോർപ്പറേറ്റ് മൂലധനത്തിന്റെ മാതൃകയായി മാറി.

ഇവിടെയാണ് ബാണ്ട ദ്വീപുകളുടെ ദുരന്തം സംഭവിക്കുന്നത്. ലോകത്തിലെ ജാതിക്കയുടെ ഏക ഉറവിടമായിരുന്ന ബാണ്ട ദ്വീപുകൾ VOCയുടെ നിയന്ത്രണത്തിലാക്കാൻ 1621-ൽ ഗവർണർ ജനറൽ യാൻ പീറ്റേഴ്സൂൺ കോൻ നടത്തിയ കൂട്ടക്കൊലയിൽ ആയിരക്കണക്കിന് ബാൻഡനീസ് ജനങ്ങൾ കൊല്ലപ്പെട്ടു, മറ്റുള്ളവർ അടിമകളായി വിറ്റഴിക്കപ്പെട്ടു. ഒരു വിളയുടെ ഏകാധിപത്യത്തിനുവേണ്ടി ഒരു ജനതയെ ഭൂമിയിൽ നിന്ന് ഇല്ലാതാക്കാൻ ഒരു കമ്പനി തീരുമാനിച്ച സംഭവം ലോകചരിത്രത്തിലെ ഏറ്റവും ഭീകരമായ കോർപ്പറേറ്റ് കുറ്റകൃത്യങ്ങളിലൊന്നാണ്.

അമിതാവ് ഘോഷ് ഈ സംഭവത്തെ വെറും ചരിത്രമായി കാണുന്നില്ല. ഭൂമിയെയും വനങ്ങളെയും സമുദ്രത്തെയും മനുഷ്യരെയും ലാഭത്തിനുള്ള വസ്തുക്കളായി മാത്രം കാണുന്ന മനോഭാവത്തിന്റെ തുടക്കമായാണ് അദ്ദേഹം അതിനെ വായിക്കുന്നത്. അതാണ് പിന്നീട് അധിനിവേശവും വ്യവസായവൽക്കരണവും ഫോസിൽ ഇന്ധന സമ്പദ്‌വ്യവസ്ഥയും ഒടുവിൽ ഇന്നത്തെ കാലാവസ്ഥാ പ്രതിസന്ധിയും സൃഷ്ടിച്ചതെന്ന് അദ്ദേഹം വാദിക്കുന്നു.

കേരളത്തിന്റെ അനുഭവവും ഈ വലിയ ചരിത്രത്തിന്റെ ഭാഗമാണ്. പോർച്ചുഗീസുകാരും ഡച്ചുകാരും ബ്രിട്ടീഷുകാരും കേരളത്തിലേക്ക് വന്നത് സംസ്കാരം പ്രചരിപ്പിക്കാനോ മതം പ്രബോധിപ്പിക്കാനോ ആയിരുന്നില്ല. കുരുമുളകിന്റെ വിതരണത്തെ നിയന്ത്രിക്കാനായിരുന്നു. അതിനായി അവർ പ്രാദേശിക രാജ്യങ്ങളുമായുള്ള സഖ്യങ്ങളും യുദ്ധങ്ങളും സാമ്പത്തിക ഉപരോധങ്ങളും തുറമുഖ നിയന്ത്രണങ്ങളും ഉപയോഗിച്ചു. കൊച്ചി, കോഴിക്കോട്, കണ്ണൂർ, കൊല്ലം എന്നിവിടങ്ങളിലെ രാഷ്ട്രീയമാറ്റങ്ങളുടെ പിന്നിൽ പലപ്പോഴും മസാല വ്യാപാരത്തിന്റെ നിയന്ത്രണത്തിനായുള്ള പോരാട്ടമായിരുന്നു.

എന്നാൽ ചരിത്രത്തിന്റെ മറ്റൊരു വശം ഇവിടെ കാണേണ്ടതുണ്ട്. സമുദ്രം യൂറോപ്യൻ അധിനിവേശത്തിന്റെ വഴിയായിരുന്നുവെങ്കിലും, അതേ സമുദ്രം പ്രതിരോധത്തിന്റെയും സാംസ്കാരിക ഇടപെടലിന്റെയും വഴിയുമായിരുന്നു. മലബാറിലെ മാപ്പിള വ്യാപാര സമൂഹങ്ങൾ അറബ് ലോകവുമായി ബന്ധം നിലനിർത്തി. നാട്ടുകപ്പൽ നിർമ്മാണ സാങ്കേതികവിദ്യ നിലനിന്നു. പ്രാദേശിക വിപണികൾ പുതിയ സാഹചര്യങ്ങളുമായി പൊരുത്തപ്പെട്ടു. സമുദ്രം ഒരിക്കലും പൂർണ്ണമായി ഒരു സാമ്രാജ്യത്തിന്റെയും നിയന്ത്രണത്തിലായിരുന്നില്ല.

ഇന്ന് കേരളം “മിഷൻ സമുദ്ര” പോലുള്ള പദ്ധതികളെക്കുറിച്ച് സംസാരിക്കുമ്പോൾ ഈ ചരിത്രം മനസ്സിലാക്കേണ്ടത് അത്യാവശ്യമാണ്. സമുദ്രം വെറും സാമ്പത്തിക വിഭവമല്ല; അത് അധികാരത്തിന്റെ, പ്രതിരോധത്തിന്റെ, സംസ്കാരത്തിന്റെ, പരിസ്ഥിതിയുടെ, തൊഴിലെടുക്കുന്ന മനുഷ്യരുടെ ചരിത്രമാണ്. മുസിരിസിലെ ഒരു മ്യൂസിയം ഈ വലിയ കഥയുടെ ഒരു അധ്യായം മാത്രമേ പറയൂ. കേരളത്തിന്റെ മുഴുവൻ തീരദേശ ചരിത്രവും ഇന്ത്യൻ മഹാസമുദ്ര ലോകത്തിന്റെ ഭാഗമായാണ് അവതരിപ്പിക്കപ്പെടേണ്ടത്.

. മുസിരിസ്, കൊടുങ്ങല്ലൂർ, കോഴിക്കോട്, ബേപ്പൂർ, പൊന്നാനി, ഫോർട്ട് കൊച്ചി, ആലപ്പുഴ, കൊല്ലം, വിഴിഞ്ഞം എന്നിവ വെറും തുറമുഖങ്ങളായിരുന്നില്ല; ഇന്ത്യൻ മഹാസമുദ്ര നാഗരികതയുടെ പരസ്പരം ബന്ധിപ്പിക്കപ്പെട്ട കേന്ദ്രങ്ങളായിരുന്നു. അവയുടെ ചരിത്രം പുനർവായിക്കാതെ കേരളത്തിന്റെ സമുദ്രഭാവി രൂപപ്പെടുത്താൻ കഴിയില്ല.

മുസിരിസിൽ നിന്ന് വിഴിഞ്ഞം വരെതുറമുഖങ്ങളുടെ കേരളം, കടലിന്റെ നാഗരികത

കേരളത്തിന്റെ ചരിത്രം എഴുതുമ്പോൾ ഒരു അടിസ്ഥാന പിശക് നാം പതിറ്റാണ്ടുകളായി ആവർത്തിച്ചുകൊണ്ടിരിക്കുകയാണ്. കേരളത്തെ കരയുടെ ചരിത്രമായാണ് നാം അവതരിപ്പിക്കുന്നത്. ചേരരാജാക്കന്മാർ, ക്ഷേത്രങ്ങൾ, ഭൂസംബന്ധങ്ങൾ, കൃഷി, സാമൂഹിക പരിഷ്കാരങ്ങൾ, നവോത്ഥാനം—ഇവയെല്ലാം കേരളചരിത്രത്തിന്റെ പ്രധാന അധ്യായങ്ങളാണ്. എന്നാൽ കേരളം ലോകചരിത്രത്തിൽ ഇടം നേടിയതിന്റെ പ്രധാന കാരണം ഇതൊന്നുമല്ല. ലോകഭൂപടത്തിൽ കേരളത്തെ അടയാളപ്പെടുത്തിയത് അറബിക്കടലാണ്. മലനിരകൾ കേരളത്തെ രൂപപ്പെടുത്തിയെങ്കിൽ, സമുദ്രമാണ് കേരളത്തെ ലോകവുമായി ബന്ധിപ്പിച്ചത്.

കേരളം ഒരിക്കലും ഒരു “സംസ്ഥാനം” മാത്രമായിരുന്നില്ല; അത് ഇന്ത്യൻ മഹാസമുദ്ര ലോകത്തിന്റെ ഒരു തീരദേശ നാഗരികതയായിരുന്നു. ഈ സത്യം മനസ്സിലാക്കാൻ കേരളത്തിന്റെ തുറമുഖങ്ങളെ ഓരോന്നായി അല്ല, പരസ്പരം ബന്ധിപ്പിക്കപ്പെട്ട ഒരു Maritime Cultural System എന്ന നിലയിൽ വായിക്കണം.

ചരിത്രത്തിൽ “മുസിരിസ്” എന്ന പേര് കേൾക്കുമ്പോൾ സാധാരണയായി നാം റോമൻ വ്യാപാരത്തെക്കുറിച്ചാണ് സംസാരിക്കുന്നത്. എന്നാൽ മുസിരിസ് ഒരു തുറമുഖം മാത്രമായിരുന്നില്ല. അത് ഇന്ത്യൻ മഹാസമുദ്രത്തിന്റെ ആഗോളവൽക്കരണത്തിന്റെ ആദ്യത്തെ കേന്ദ്രങ്ങളിലൊന്നായിരുന്നു. റോമൻ സ്വർണ്ണനാണയങ്ങൾ, ഈജിപ്ഷ്യൻ ആംഫോറകൾ, അറേബ്യൻ വ്യാപാരികൾ, തമിഴ്-മലയാള തീരദേശ ഉൽപ്പന്നങ്ങൾ—ഇവയെല്ലാം ഇവിടെ സംഗമിച്ചു. Periplus of the Erythraean Sea, ,  എന്നിവയുടെ രേഖകൾ മുസിരിസിനെ ഒരു ആഗോള തുറമുഖമായാണ് വിവരിക്കുന്നത്.

എന്നാൽ മുസിരിസിൽ കേരളത്തിന്റെ സമുദ്രചരിത്രം അവസാനിക്കുന്നില്ല; അവിടെ നിന്നാണ് അത് വ്യാപിക്കുന്നത്.

കൊടുങ്ങല്ലൂരിൽ നിന്ന് തെക്കോട്ടും വടക്കോട്ടും നീണ്ട തീരദേശത്ത് അനേകം തുറമുഖങ്ങൾ വളർന്നു. അവ പരസ്പരം മത്സരിച്ചില്ല; മറിച്ച് ഓരോന്നും വ്യത്യസ്ത ചരക്കുകളിലും വ്യത്യസ്ത സാമൂഹിക ശൃംഖലകളിലും പ്രത്യേകത നേടിയിരുന്നു. അതുകൊണ്ടാണ് കേരളത്തെ “ഒരു തുറമുഖത്തിന്റെ ചരിത്രം” എന്നല്ല, “തുറമുഖങ്ങളുടെ ശൃംഖല” എന്ന നിലയിൽ പഠിക്കേണ്ടത്.

കോഴിക്കോട് അതിന്റെ ഏറ്റവും മികച്ച ഉദാഹരണമാണ്. സാമൂതിരിയുടെ കാലത്ത് കോഴിക്കോട് ഇന്ത്യൻ മഹാസമുദ്രത്തിലെ ഏറ്റവും സ്വതന്ത്രമായ വിപണികളിലൊന്നായിരുന്നു. അറബ്, പേർഷ്യൻ, ചൈനീസ്, ആഫ്രിക്കൻ, ഗുജറാത്തി, മലായ് വ്യാപാരികൾ ഒരേ തുറമുഖത്ത് വ്യാപാരം നടത്തിയിരുന്നു. ഇവിടെ ഒരു സാമ്രാജ്യത്തിന്റെ ഏകാധിപത്യമുണ്ടായിരുന്നില്ല; വ്യാപാരവിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണ് വിപണി പ്രവർത്തിച്ചത്. ചൈനീസ് അഡ്മിറൽ  തന്റെ മഹത്തായ നാവികയാത്രകളിൽ കോഴിക്കോട് സന്ദർശിച്ചതും യാദൃശ്ചികമല്ല. ഇന്ത്യൻ മഹാസമുദ്രത്തിലെ ശക്തിസന്തുലിതാവസ്ഥയുടെ പ്രതീകമായിരുന്നു കോഴിക്കോട്.

ബേപ്പൂരിന്റെ ചരിത്രം വേറിട്ടതാണ്. ലോകപ്രശസ്തമായ ഉരു കപ്പലുകൾ നിർമ്മിച്ചിരുന്ന കേന്ദ്രമായിരുന്നു അത്. ഇന്ന് പോലും ഗൾഫ് രാജ്യങ്ങളിലെ പരമ്പരാഗത തടി കപ്പലുകളുടെ നിർമ്മാണത്തിൽ ബേപ്പൂരിന്റെ വൈദഗ്ധ്യം അംഗീകരിക്കപ്പെടുന്നു. എന്നാൽ ബേപ്പൂരിന്റെ ചരിത്രം കപ്പൽ നിർമ്മാണത്തിൽ മാത്രം ഒതുങ്ങുന്നില്ല. മരം തിരഞ്ഞെടുക്കുന്നതിൽ നിന്ന് നക്ഷത്രങ്ങളെ ആശ്രയിച്ചുള്ള നാവിഗേഷൻ വരെ, തലമുറകളായി കൈമാറപ്പെട്ട സാങ്കേതിക വിജ്ഞാനത്തിന്റെ കേന്ദ്രമായിരുന്നു അത്. ഈ വിജ്ഞാനത്തിന്റെ വലിയൊരു ഭാഗം ഇന്നും മൗഖിക പാരമ്പര്യത്തിലാണ് ജീവിക്കുന്നത്. അത് രേഖപ്പെടുത്താതെ കേരളത്തിന്റെ സമുദ്രചരിത്രം ഒരിക്കലും പൂർണമാകില്ല.

മലപ്പുറം ജില്ലയിലെ പൊന്നാനി ഇന്ത്യൻ മഹാസമുദ്രത്തിന്റെ മറ്റൊരു അപൂർവ ചരിത്രം പറയുന്നു. അതൊരു തുറമുഖം മാത്രമായിരുന്നില്ല; അറബ് ലോകത്തെയും മലബാറിനെയും ബന്ധിപ്പിച്ചിരുന്ന വിജ്ഞാനകേന്ദ്രമായിരുന്നു. അറബി-മലയാളം സാഹിത്യത്തിന്റെ വളർച്ചയും മാപ്പിളപ്പാട്ടുകളുടെ രൂപീകരണവും സമുദ്രവ്യാപാരത്തിലൂടെയാണ് സാധ്യമായത്. ഹജ്ജ് യാത്രകളും വ്യാപാരവും മതപഠനവും ഒരേ സമുദ്രപാതയിലൂടെ സഞ്ചരിച്ചു. അതിനാൽ പൊന്നാനിയുടെ ചരിത്രം മതചരിത്രമല്ല; സമുദ്രത്തിന്റെ ചരിത്രമാണ്.

ഫോർട്ട് കൊച്ചിയെയും മട്ടാഞ്ചേരിയെയും കോളനിവാഴ്ചയുടെ ഓർമ്മകളിൽ മാത്രം ഒതുക്കുന്നതും ചരിത്രപരമായ പിശകാണ്. യൂറോപ്യൻ കോട്ടകൾ അവിടെ ഉണ്ടായിരുന്നു. എന്നാൽ അതിനുമുമ്പ് നൂറ്റാണ്ടുകളായി യഹൂദരും സിറിയൻ ക്രൈസ്തവരും അറബ് വ്യാപാരികളും ഗുജറാത്തി ജൈനരും കൊങ്കണി സമൂഹങ്ങളും അവിടെ സഹവസിച്ചിരുന്നു. ഒരു തുറമുഖം വെറും ചരക്കുകളുടെ കൈമാറ്റകേന്ദ്രമല്ല; ജനതകളുടെ സഹവാസത്തിന്റെ പരീക്ഷണശാലയുമാണ്. അതുകൊണ്ടാണ് കൊച്ചി ഇന്ത്യൻ മഹാസമുദ്രത്തിലെ ഏറ്റവും ബഹുസാംസ്കാരിക നഗരങ്ങളിലൊന്നായി മാറിയത്.

ആലപ്പുഴയുടെ ചരിത്രം കേരളത്തിന്റെ സമുദ്രചരിത്രത്തിൽ പലപ്പോഴും അവഗണിക്കപ്പെടുന്നു. എന്നാൽ പത്തൊമ്പതാം നൂറ്റാണ്ടിൽ ആലപ്പുഴ ഇന്ത്യയിലെ ഏറ്റവും സവിശേഷമായ ഉൾനാടൻ ജലഗതാഗത സംവിധാനങ്ങളിലൊന്നായി വളർന്നു. കനാലുകളിലൂടെ കയർ, തേങ്ങ, നെല്ല്, മസാലകൾ, നിർമ്മിത വസ്തുക്കൾ എന്നിവയുടെ ചരക്കുഗതാഗതം നടന്നു. സമുദ്രവും ഉൾനാടും തമ്മിലുള്ള സാമ്പത്തിക ബന്ധത്തിന്റെ അപൂർവ മാതൃകയായിരുന്നു ആലപ്പുഴ. ഇന്നത്തെ ലോജിസ്റ്റിക്സ് ചർച്ചകളിൽ പോലും ഈ ചരിത്രത്തിന് വലിയ പ്രസക്തിയുണ്ട്.

കൊല്ലം അതിലും പഴയൊരു കഥ പറയുന്നു. മധ്യകാലത്ത് ചൈനയുമായുള്ള വ്യാപാരത്തിന്റെ പ്രധാന കവാടമായിരുന്നു കൊല്ലം. ചൈനീസ് സെറാമിക്കുകൾ, വ്യാപാരരേഖകൾ, യാത്രാവിവരണങ്ങൾ എന്നിവ കൊല്ലത്തിന്റെ അന്താരാഷ്ട്ര പ്രാധാന്യം തെളിയിക്കുന്നു. ചൈനീസ് വ്യാപാരികൾ കേരളത്തെ തിരിച്ചറിഞ്ഞത് കൊച്ചിയെക്കാൾ മുമ്പ് കൊല്ലത്തിലൂടെയാണെന്ന അഭിപ്രായവും ചില ചരിത്രകാരന്മാർ മുന്നോട്ടുവയ്ക്കുന്നു.

തെക്കോട്ട് എത്തുമ്പോൾ വിഴിഞ്ഞം കേരളത്തിന്റെ സമുദ്രചരിത്രത്തെ ഭാവിയുമായി ബന്ധിപ്പിക്കുന്നു. സ്വാഭാവിക ആഴക്കടൽ തുറമുഖമെന്ന നിലയിൽ വിഴിഞ്ഞം പുരാതനകാലം മുതൽ അറിയപ്പെട്ടിരുന്നുവെങ്കിലും, ഇന്ന് അത് ഇന്ത്യൻ മഹാസമുദ്രത്തിലെ കണ്ടെയ്നർ ഗതാഗതത്തിന്റെ പുതിയ കേന്ദ്രമായി മാറുകയാണ്. എന്നാൽ വിഴിഞ്ഞത്തെക്കുറിച്ചുള്ള ഇന്നത്തെ ചർച്ചകൾ പ്രധാനമായും സാമ്പത്തിക നിക്ഷേപത്തിലും അടിസ്ഥാനസൗകര്യ വികസനത്തിലും ഒതുങ്ങുന്നു. അതിനൊപ്പം തീരദേശ മത്സ്യത്തൊഴിലാളി സമൂഹങ്ങളുടെ ജീവിതം, സമുദ്രപരിസ്ഥിതി, തീരശോഷണം, കാലാവസ്ഥാ വ്യതിയാനം എന്നിവയും ചർച്ചയുടെ ഭാഗമാകേണ്ടതുണ്ട്. സമുദ്രവികസനം എന്നത് തുറമുഖനിർമാണം മാത്രമല്ല; സമുദ്രനീതി (Ocean Justice) കൂടിയാണ്.

ഈ തുറമുഖങ്ങളെല്ലാം തമ്മിൽ ബന്ധിപ്പിക്കുന്ന ഒരു അദൃശ്യ നൂൽപ്പാലമുണ്ട്. അത് ചരക്കുകളുടെ നൂൽപ്പാലമല്ല; സംസ്കാരത്തിന്റെതാണ്. കേരളത്തിലെ മാപ്പിളപ്പാട്ടുകളിൽ അറബി കടൽയാത്രകളുടെ ഓർമ്മകളുണ്ട്. വഞ്ചിപ്പാട്ടുകളിൽ ജലഗതാഗതത്തിന്റെ താളമുണ്ട്. ലത്തീൻ കത്തോലിക്ക മത്സ്യത്തൊഴിലാളി സമൂഹങ്ങളുടെ ആചാരങ്ങളിൽ പോർച്ചുഗീസ് സ്വാധീനമുണ്ട്. യഹൂദ സിനഗോഗുകളിൽ പശ്ചിമേഷ്യയുടെ ഓർമ്മകളുണ്ട്. ഭക്ഷണത്തിൽ, ഭാഷയിൽ, വസ്ത്രധാരണത്തിൽ, സംഗീതത്തിൽ, വാസ്തുവിദ്യയിൽ, തുറമുഖ നഗരങ്ങളുടെ സാമൂഹികഘടനയിൽ—സമുദ്രത്തിന്റെ മുദ്ര എല്ലായിടത്തുമുണ്ട്.

അതുകൊണ്ട് കേരളത്തിന്റെ സമുദ്രചരിത്രം തുറമുഖങ്ങളുടെ ചരിത്രമല്ല; ചരക്കുകളുടെ ചരിത്രമല്ല; മനുഷ്യരുടെ സഞ്ചാരത്തിന്റെ ചരിത്രമാണ്. ചരിത്രം കപ്പലുകളെക്കുറിച്ച് മാത്രം സംസാരിച്ചാൽ അത് അപൂർണ്ണമാണ്. ആ കപ്പലുകൾ നിർമ്മിച്ച ശില്പികളെക്കുറിച്ചും, അവ ഓടിച്ച നാവികരെക്കുറിച്ചും, തുറമുഖങ്ങളിൽ ചുമടിറക്കിയ തൊഴിലാളികളെക്കുറിച്ചും, മത്സ്യത്തൊഴിലാളികളെക്കുറിച്ചും, സമുദ്രത്തിലൂടെ കുടിയേറിയ സമൂഹങ്ങളെക്കുറിച്ചും, കടൽപ്പാട്ടുകൾ പാടിയ സ്ത്രീകളെക്കുറിച്ചും, തീരദേശ ഭാഷകളെക്കുറിച്ചും സംസാരിക്കുമ്പോഴാണ് അത് ജീവിക്കുന്ന ചരിത്രമാകുന്നത്.

ഇതുകൊണ്ടുതന്നെ മുസിരിസിൽ നിർദ്ദേശിക്കപ്പെട്ടിരിക്കുന്ന അന്താരാഷ്ട്ര സമുദ്ര മ്യൂസിയം കേരളത്തിന്റെ സമുദ്രപൈതൃകത്തിന്റെ കേന്ദ്രം ആകാമെങ്കിലും മുഴുവൻ പ്രതിനിധി ആകാൻ കഴിയില്ല. കേരളത്തിന് വേണ്ടത് ഒരു കെട്ടിടമല്ല; ഒരു Kerala Maritime Heritage Network ആണ്. മുസിരിസ്, ബേപ്പൂർ, കോഴിക്കോട്, പൊന്നാനി, കൊച്ചി, ആലപ്പുഴ, കൊല്ലം, വിഴിഞ്ഞം, തിരുവനന്തപുരം എന്നിവയെ ബന്ധിപ്പിക്കുന്ന ഒരു സമഗ്ര സമുദ്രപൈതൃക ഇടനാഴി (Maritime Heritage Corridor) സൃഷ്ടിക്കണം. ഓരോ തുറമുഖവും അതിന്റെ പ്രത്യേക ചരിത്രവും സാങ്കേതികവിദ്യയും മൗഖിക പാരമ്പര്യവും തൊഴിലാളി സംസ്കാരവും പരിസ്ഥിതിയും ഗവേഷണവിഷയമാക്കണം.

കേരളം ഇന്ന് തന്റെ സമുദ്രത്തെ വീണ്ടും കണ്ടെത്താനുള്ള ചരിത്രനിമിഷത്തിലാണ്. എന്നാൽ ആ കണ്ടെത്തൽ ഒരു മ്യൂസിയത്തിൽ അവസാനിക്കരുത്. അത് തീരദേശ സമൂഹങ്ങളുടെ ജീവിതത്തെയും വായ്ത്താരികളെയും പരിസ്ഥിതിയെയും തൊഴിൽചരിത്രത്തെയും ഒരുപോലെ ഉൾക്കൊള്ളുന്ന പുതിയ സമുദ്രദർശനത്തിലേക്ക് വളരണം. അപ്പോഴാണ് അറബിക്കടൽ കേരളത്തിന്റെ ഭൂമിശാസ്ത്രപരമായ അതിർത്തി മാത്രമല്ല, അതിന്റെ ചരിത്രത്തിന്റെയും ഭാവിയുടെയും കേന്ദ്രബിന്ദുവാണെന്ന് നമുക്ക് പൂർണമായി തിരിച്ചറിയാൻ കഴിയുക.

ചരക്കുകളേക്കാൾ വലുത് മനുഷ്യർ വായ്ത്താരികൾ, കടൽപ്പാട്ടുകൾ, മത്സ്യത്തൊഴിലാളികൾ, മറന്നുപോയ സമുദ്രചരിത്രം

ചരിത്രം പലപ്പോഴും അധികാരത്തിന്റെ ഭാഷയിലാണ് എഴുതപ്പെടുന്നത്. രാജാക്കന്മാരുടെ പേരുകൾ അതിൽ കാണാം. സാമ്രാജ്യങ്ങളുടെ അതിർത്തികൾ കാണാം. യുദ്ധങ്ങളും ഉടമ്പടികളും കാണാം. പക്ഷേ, ചരിത്രത്തിന്റെ ഏറ്റവും വലിയ വിസ്മയം, അത് നിർമ്മിച്ച മനുഷ്യർ പലപ്പോഴും അതിൽ കാണപ്പെടുന്നില്ല എന്നതാണ്. ഇന്ത്യൻ മഹാസമുദ്രത്തിന്റെ ചരിത്രവും അതിന് അപവാദമല്ല.

മസാല വ്യാപാരത്തെക്കുറിച്ച് നമുക്ക് അറിയാം. പോർച്ചുഗീസുകാരെയും ഡച്ചുകാരെയും ബ്രിട്ടീഷുകാരെയും നമുക്ക് അറിയാം. വാസ്കോ ഡ ഗാമയെയും ഡച്ച് ഈസ്റ്റ് ഇന്ത്യ കമ്പനിയെയും ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയെയും നമുക്ക് അറിയാം. എന്നാൽ ആ കപ്പലുകൾ തുറമുഖങ്ങളിൽ എത്തുമ്പോൾ ചരക്ക് ചുമന്നത് ആരായിരുന്നു? കപ്പലുകൾ നിർമ്മിച്ചത് ആരായിരുന്നു? മൺസൂൺ കാറ്റ് വായിച്ച് ദിശ കണ്ടെത്തിയത് ആരായിരുന്നു? കടലിന്റെ നിറം കണ്ട് മത്സ്യക്കൂട്ടങ്ങളുടെ സഞ്ചാരം മനസ്സിലാക്കിയത് ആരായിരുന്നു? ആ ചരിത്രം ഇപ്പോഴും പൂർണമായി എഴുതപ്പെട്ടിട്ടില്ല.

അമിതാവ് ഘോഷിന്റെ The Nutmeg’s Curse നമ്മെ ഓർമ്മിപ്പിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങളിലൊന്ന് ഇതാണ്. കോളനിവാഴ്ച ഭൂമിയെയും സമുദ്രത്തെയും മാത്രം പിടിച്ചെടുത്തില്ല; ഓർമ്മകളെയും പിടിച്ചെടുത്തു. സാമ്രാജ്യങ്ങൾ സ്വന്തം രേഖകൾ എഴുതിയപ്പോൾ, തീരദേശ ജനങ്ങളുടെ വായ്ത്താരികൾ ചരിത്രത്തിന്റെ അരികിലേക്ക് മാറ്റപ്പെട്ടു. അതുകൊണ്ടുതന്നെ കേരളത്തിന്റെ സമുദ്രചരിത്രം വീണ്ടും എഴുതണമെങ്കിൽ ആർക്കൈവുകളിലേക്ക് മാത്രം പോയാൽ മതിയാകില്ല; മത്സ്യത്തൊഴിലാളികളുടെ ഗ്രാമങ്ങളിലേക്കും ബേപ്പൂരിലെ ഉറു ശാലകളിലേക്കും പൊന്നാനിയിലെ പഴയ ഖാസി കുടുംബങ്ങളിലേക്കും ആലപ്പുഴയിലെ കനാൽ തീരങ്ങളിലേക്കും കൊല്ലത്തെ തുറമുഖ തൊഴിലാളികളുടെ ഓർമ്മകളിലേക്കും പോകേണ്ടിവരും.

കേരളത്തിലെ മത്സ്യത്തൊഴിലാളികൾ വെറും തൊഴിൽ ചെയ്യുന്നവരല്ല. അവർ ഇന്ത്യൻ മഹാസമുദ്രത്തിന്റെ ജീവിച്ചിരിക്കുന്ന ഭൂമിശാസ്ത്രജ്ഞരാണ്. ഉപഗ്രഹങ്ങളോ ജിപിഎസുകളോ കാലാവസ്ഥാ മോഡലുകളോ ഇല്ലാതിരുന്ന കാലത്ത്, തിരമാലകളുടെ രൂപം, കാറ്റിന്റെ ഗന്ധം, പക്ഷികളുടെ പറക്കൽ, ജലത്തിന്റെ നിറം, നക്ഷത്രങ്ങളുടെ സ്ഥാനം എന്നിവ നോക്കി അവർ കടലിനെ വായിച്ചു. ഇന്നത്തെ സമുദ്രശാസ്ത്രം “Indigenous Ocean Knowledge” എന്ന് വിളിക്കുന്ന വിജ്ഞാനവ്യവസ്ഥ നൂറ്റാണ്ടുകളായി കേരളത്തിന്റെ തീരങ്ങളിൽ നിലനിന്നിരുന്നു. പക്ഷേ നമ്മുടെ സർവകലാശാലകളും ചരിത്രഗ്രന്ഥങ്ങളും ഈ അറിവിനെ ശാസ്ത്രമായി അംഗീകരിക്കാൻ വൈകി.

അതുപോലെ ബേപ്പൂരിലെ ഉറു നിർമ്മാതാക്കൾ. അവർക്ക് കപ്പൽ നിർമ്മാണത്തിനായി യൂറോപ്യൻ എഞ്ചിനീയറിങ് രേഖകളൊന്നും ഉണ്ടായിരുന്നില്ല. തലമുറകളായി കൈമാറിയ അനുഭവജ്ഞാനവും മരം തിരിച്ചറിയാനുള്ള വൈദഗ്ധ്യവും കടലിന്റെ സ്വഭാവത്തെക്കുറിച്ചുള്ള ബോധവുമായിരുന്നു അവരുടെ സർവകലാശാല. ഇന്നും ഗൾഫ് രാജ്യങ്ങളിലേക്ക് പരമ്പരാഗത കപ്പലുകൾ നിർമ്മിച്ച് കയറ്റുമതി ചെയ്യുന്ന ബേപ്പൂർ ശില്പികൾ ജീവിച്ചിരിക്കുന്ന സാങ്കേതിക പൈതൃകമാണ്. എന്നാൽ ഈ വിജ്ഞാനം രേഖപ്പെടുത്താൻ കേരളത്തിന് ഇതുവരെ സമഗ്രമായ ഒരു ദേശീയ പദ്ധതി പോലും ഉണ്ടായിട്ടില്ല.

പൊന്നാനിയിലേക്ക് കടന്നാൽ സമുദ്രം മറ്റൊരു രൂപം സ്വീകരിക്കുന്നു. ഇവിടെ തുറമുഖം വ്യാപാരത്തിന്റേത് മാത്രമല്ല; ഭാഷയുടെയും സാഹിത്യത്തിന്റെയും വാതിലാണ്. അറബിയുടെയും മലയാളത്തിന്റെയും സംഗമത്തിൽ ജനിച്ച അറബി-മലയാളം ലിപി ഒരു സമുദ്രത്തിന്റെ സൃഷ്ടിയാണ്. മാപ്പിളപ്പാട്ടുകൾ മതപരമായ ആവിഷ്കാരങ്ങൾ മാത്രമല്ല; അവയിൽ കടൽയാത്രകളുണ്ട്, തുറമുഖങ്ങളുണ്ട്, യമനുണ്ട്, ജിദ്ദയുണ്ട്, മൊക്കയുണ്ട്, സാൻസിബാറുണ്ട്, മലാക്കയുണ്ട്. അവ കേരളത്തിന്റെ സമുദ്രഭൂപടം സംഗീതത്തിലൂടെ വരച്ചെടുക്കുന്നു.

കേരളത്തിലെ വഞ്ചിപ്പാട്ടുകളെ പലരും ഒരു കലാരൂപമായി മാത്രം കാണുന്നു. എന്നാൽ അവ ജലഗതാഗതത്തിന്റെ തൊഴിൽസംഗീതമാണ്. താളം തെറ്റിയാൽ വള്ളം മുന്നോട്ട് പോകില്ല. അതുകൊണ്ട് വഞ്ചിപ്പാട്ട് സംഗീതം മാത്രമല്ല; തൊഴിൽസംഘടനയുടെ ഒരു സാങ്കേതിക വിദ്യയാണ്. ലോകത്തിലെ പല സമുദ്രസംസ്കാരങ്ങളിലും ഇത്തരത്തിലുള്ള തൊഴിൽപ്പാട്ടുകൾ കാണാം. കേരളത്തിൽ അത് ജീവനോടെ തുടരുന്ന അപൂർവ പാരമ്പര്യമാണ്.

ചരിത്രത്തിന്റെ മറ്റൊരു നിശ്ശബ്ദ അധ്യായം സ്ത്രീകളുടേതാണ്. സമുദ്രചരിത്രം പലപ്പോഴും പുരുഷന്മാരുടെ യാത്രകളുടെ ചരിത്രമായി അവതരിപ്പിക്കപ്പെടുന്നു. എന്നാൽ മത്സ്യം ഉണക്കിയതും വിപണിയിലെത്തിച്ചതും, കയർ നെയ്തതും, വല നന്നാക്കിയതും, കടലിലേക്ക് പോയ പുരുഷന്മാർ തിരിച്ചുവരുന്നതുവരെ കുടുംബത്തിന്റെ സാമ്പത്തിക ഭാരം വഹിച്ചതും സ്ത്രീകളായിരുന്നു. ആലപ്പുഴയിലെ കയർ വ്യവസായത്തിന്റെ ചരിത്രം സ്ത്രീകളുടെ അധ്വാനമില്ലാതെ എഴുതാനാവില്ല. തീരദേശ സമ്പദ്‌വ്യവസ്ഥയുടെ അദൃശ്യ അടിത്തറ അവർ തന്നെയായിരുന്നു. എന്നാൽ സമുദ്രമ്യൂസിയങ്ങളുടെ ഗാലറികളിൽ അവരുടെ കഥകൾ അപൂർവമായേ കാണാറുള്ളൂ.

ഇവിടെയാണ് നിർദ്ദേശിക്കപ്പെടുന്ന അന്താരാഷ്ട്ര സമുദ്ര മ്യൂസിയത്തിന്റെ ആശയം വിപുലീകരിക്കേണ്ടത്. അത് കപ്പലുകളുടെ മ്യൂസിയമാകരുത്; മനുഷ്യരുടെ മ്യൂസിയമാകണം. മസാലകളുടെ മ്യൂസിയമാകരുത്; മസാല ചുമന്ന തൊഴിലാളികളുടെ മ്യൂസിയമാകണം. യൂറോപ്യൻ മാപ്പുകളുടെ മ്യൂസിയമാകരുത്; മത്സ്യത്തൊഴിലാളികളുടെ മാനസിക ഭൂപടങ്ങളുടെ മ്യൂസിയമാകണം. തുറമുഖങ്ങളുടെ കെട്ടിടങ്ങൾ മാത്രമല്ല, തുറമുഖങ്ങളുടെ ശബ്ദങ്ങളും ഗന്ധങ്ങളും പാട്ടുകളും വായ്ത്താരികളും രേഖപ്പെടുത്തുന്ന ഒരു ജീവിച്ചിരിക്കുന്ന വിജ്ഞാനകേന്ദ്രമാകണം.

ലോകത്ത് ഇന്ന് സമുദ്രപൈതൃക സംരക്ഷണത്തിന്റെ പുതിയ ആശയം വളർന്നുവരുന്നുണ്ട്. കെട്ടിടങ്ങളും കപ്പലുകളും മാത്രം സംരക്ഷിക്കുന്നത് പോരാ; Intangible Maritime Heritage—അതായത് കടൽപ്പാട്ടുകൾ, മൗഖികചരിത്രം, മത്സ്യബന്ധന വിജ്ഞാനം, കപ്പൽനിർമാണ വൈദഗ്ധ്യം, തീരദേശ ഭാഷകൾ, നാവിഗേഷൻ അറിവ്—ഇവയും സംരക്ഷിക്കണം. കേരളം ഈ മേഖലയിൽ മുൻനിരയിലാകാനുള്ള എല്ലാ സാധ്യതകളും ഉള്ള സംസ്ഥാനമാണ്.

കേരളത്തിന്റെ തീരദേശ സമൂഹങ്ങൾ ഇന്ന് മറ്റൊരു പ്രതിസന്ധിയും നേരിടുന്നു. കാലാവസ്ഥാ വ്യതിയാനം, തീരശോഷണം, ആഴക്കടൽ മത്സ്യബന്ധനം, തുറമുഖ വികസനം, കടൽനിരപ്പുയർച്ച, തീരദേശ നിയമങ്ങൾ എന്നിവ അവരുടെ ജീവിതത്തെ മാറ്റിമറിക്കുകയാണ്. അതുകൊണ്ട് സമുദ്രചരിത്രം ഭൂതകാലത്തിന്റെ പഠനം മാത്രമല്ല; വർത്തമാനത്തിന്റെ രാഷ്ട്രീയവുമാണ്. തീരദേശ ജനങ്ങളുടെ ഓർമ്മകൾ രേഖപ്പെടുത്തുന്നത് അവരുടെ ഭാവി സംരക്ഷിക്കുന്നതിനുള്ള ഒരു പ്രവർത്തനവുമാണ്.

അമിതാവ് ഘോഷിന്റെ പുസ്തകം നമ്മെ പഠിപ്പിക്കുന്നത് ഒരു കോളനിചരിത്രം അവസാനിച്ചിട്ടില്ല എന്നതാണ്. പ്രകൃതിയെയും സമുദ്രത്തെയും മനുഷ്യരെയും വെറും സാമ്പത്തിക വിഭവങ്ങളായി കാണുന്ന മനോഭാവം ഇന്നും തുടരുന്നു. അതിനുള്ള മറുപടി ഒരു മ്യൂസിയം മാത്രമല്ല; ഒരു പുതിയ ചരിത്രരചനയാണ്. ആ ചരിത്രത്തിന്റെ കേന്ദ്രത്തിൽ രാജാക്കന്മാരല്ല, മത്സ്യത്തൊഴിലാളികളായിരിക്കണം. കമ്പനികളല്ല, കപ്പൽശില്പികളായിരിക്കണം. സാമ്രാജ്യങ്ങളല്ല, വായ്ത്താരികളായിരിക്കണം.

കേരളത്തിന്റെ സമുദ്രഭാവി സുരക്ഷിതമാകണമെങ്കിൽ ആദ്യം അതിന്റെ സമുദ്രസ്മൃതി സുരക്ഷിതമാകണം. ഒരു സമൂഹം സ്വന്തം ഓർമ്മകളെ നഷ്ടപ്പെടുത്തിയാൽ അതിന്റെ ഭാവിയും നഷ്ടപ്പെടും. അതുകൊണ്ട് സമുദ്രപൈതൃകം എന്നത് പുരാവസ്തുക്കളുടെ ശേഖരമല്ല; ജീവിച്ചിരിക്കുന്ന മനുഷ്യരുടെ അനുഭവങ്ങളുടെ ആർക്കൈവാണ്. ആ ആർക്കൈവ് നിർമ്മിക്കാനുള്ള ചരിത്രപരമായ അവസരമാണ് ഇന്ന് കേരളത്തിന്റെ മുന്നിലുള്ളത്.

ബ്ലൂ ഇക്കോണമിയോ, ബ്ലൂ ജസ്റ്റിസോ? കേരളത്തിന്റെ സമുദ്രഭാവി ഏത് ദിശയിലേക്ക്?

 

അമിതാവ് ഘോഷിന്റെ The Nutmeg’s Curse എന്ന പുസ്തകത്തിലെ ഏറ്റവും പ്രധാനപ്പെട്ട മുന്നറിയിപ്പുകളിലൊന്ന്, കോളനിവാഴ്ച അവസാനിച്ചുവെന്നത് ഒരു രാഷ്ട്രീയ സത്യമാകാം, പക്ഷേ കൊളോണിയൽ ചിന്ത അവസാനിച്ചിട്ടില്ല എന്നതാണ്. പതിനേഴാം നൂറ്റാണ്ടിൽ ഡച്ച് ഈസ്റ്റ് ഇന്ത്യ കമ്പനി ജാതിക്കയെ കണ്ടത് ഒരു ചരക്കായിട്ടായിരുന്നു. ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ പല സർക്കാരുകളും കോർപ്പറേറ്റുകളും സമുദ്രത്തെ കാണുന്നത് ഒരു “സാമ്പത്തിക വിഭവം” എന്ന നിലയിലാണ്. വാക്കുകൾ മാറിയിരിക്കുന്നു; യുക്തി പലപ്പോഴും അതേപോലെയാണ്.

ഇന്ന് ലോകം “ബ്ലൂ ഇക്കോണമി”യെക്കുറിച്ച് സംസാരിക്കുന്നു. സമുദ്രം സാമ്പത്തിക വളർച്ചയുടെ പുതിയ അതിർത്തിയാണെന്ന് ഐക്യരാഷ്ട്രസഭ മുതൽ ലോകബാങ്ക് വരെ വാദിക്കുന്നു. തുറമുഖങ്ങൾ, കണ്ടെയ്നർ ഗതാഗതം, ഓഫ്‌ഷോർ ഊർജം, സമുദ്ര ഖനനം, മത്സ്യസമ്പത്ത്, തീരദേശ വിനോദസഞ്ചാരം, സമുദ്ര ജൈവസമ്പത്ത്—ഇവയെല്ലാം ബ്ലൂ ഇക്കോണമിയുടെ ഭാഗമാണ്. ഇന്ത്യയും ഈ ദിശയിലേക്ക് വേഗത്തിൽ നീങ്ങുകയാണ്. കേരളവും അതിൽ നിന്ന് വ്യത്യസ്തമല്ല.

എന്നാൽ ഒരു അടിസ്ഥാന ചോദ്യം ഇവിടെ ഉയരുന്നു.

ബ്ലൂ ഇക്കോണമി ആർക്കുവേണ്ടിയാണ്?

സമുദ്രത്തെക്കുറിച്ചുള്ള എല്ലാ വികസന ചർച്ചകളും തുറമുഖങ്ങളെയും നിക്ഷേപങ്ങളെയും കപ്പലുകളെയും കുറിച്ചാണെങ്കിൽ, ആ സമുദ്രത്തെ ആശ്രയിച്ച് നൂറ്റാണ്ടുകളായി ജീവിക്കുന്ന മത്സ്യത്തൊഴിലാളി സമൂഹങ്ങൾ എവിടെയാണ്? സമുദ്രത്തെ ഒരു വിപണിയായി മാത്രം കാണുന്ന വികസനദർശനവും സമുദ്രത്തെ ഒരു ജീവിക്കുന്ന ആവാസവ്യവസ്ഥയായി കാണുന്ന സമൂഹങ്ങളുടെ കാഴ്ചപ്പാടും തമ്മിലുള്ള സംഘർഷമാണ് ഇന്ന് ലോകമെമ്പാടും രൂപപ്പെടുന്നത്. ഇതിനെ തന്നെയാണ് സമകാലിക ഗവേഷകർ Blue Justice എന്ന് വിശേഷിപ്പിക്കുന്നത്.

കേരളത്തിൽ ഈ ചർച്ചയ്ക്ക് ഏറ്റവും വ്യക്തമായ രൂപം ലഭിച്ചത് വിഴിഞ്ഞം തുറമുഖ പദ്ധതിയിലൂടെയാണ്. ഒരുവശത്ത്, വിഴിഞ്ഞം ഇന്ത്യയുടെ സമുദ്രസാമ്പത്തിക ഭൂപടം മാറ്റിമറിക്കാൻ ശേഷിയുള്ള ആഴക്കടൽ കണ്ടെയ്നർ ട്രാൻസ്‌ഷിപ്മെന്റ് തുറമുഖമാണ്. അന്താരാഷ്ട്ര കപ്പൽഗതാഗതത്തിൽ ശ്രീലങ്കയിലെ കൊളംബോയെ ആശ്രയിക്കുന്ന സാഹചര്യം കുറയ്ക്കാൻ അതിന് കഴിയും. ഇന്ത്യയുടെ സമുദ്രവ്യാപാര തന്ത്രത്തിൽ വിഴിഞ്ഞത്തിന് വലിയ പ്രാധാന്യമുണ്ട്.

പക്ഷേ മറുവശത്ത്, തീരശോഷണം, മത്സ്യബന്ധന മേഖലകളിലെ മാറ്റങ്ങൾ, തീരദേശ സമൂഹങ്ങളുടെ പുനരധിവാസം, പരിസ്ഥിതി ആഘാതങ്ങൾ എന്നിവയെക്കുറിച്ചുള്ള ചോദ്യങ്ങളും ഉയർന്നു. വികസനം എന്നത് വെറും അടിസ്ഥാനസൗകര്യ നിർമ്മാണമല്ല; സാമൂഹിക നീതിയുടെയും പരിസ്ഥിതി ഉത്തരവാദിത്തത്തിന്റെയും പ്രശ്നവുമാണെന്ന് ഈ വിവാദം നമ്മെ ഓർമ്മിപ്പിച്ചു.

അമിതാവ് ഘോഷിന്റെ പുസ്തകം ഇവിടെ വീണ്ടും പ്രസക്തമാകുന്നു. അദ്ദേഹം ചോദിക്കുന്നത്, പ്രകൃതിയെ നാം ഇന്നും കൊളോണിയൽ സാമ്പത്തിക യുക്തിയിലൂടെയാണോ കാണുന്നതെന്ന്. ഒരു വനത്തെ മരം എന്ന നിലയിൽ മാത്രം, ഒരു നദിയെ ജലസ്രോതസ്സ് എന്ന നിലയിൽ മാത്രം, ഒരു സമുദ്രത്തെ ചരക്കുഗതാഗത പാത എന്ന നിലയിൽ മാത്രം കാണുമ്പോൾ മനുഷ്യരുടെ ഓർമ്മകളും സംസ്കാരവും ജീവിതരീതികളും അപ്രത്യക്ഷമാകുന്നു. വികസനത്തിന്റെ ഭാഷ പലപ്പോഴും ഈ നഷ്ടങ്ങളെ അളക്കാറില്ല.

കേരളത്തിന്റെ തീരദേശത്ത് ഇന്ന് കാലാവസ്ഥാ വ്യതിയാനം ഏറ്റവും വ്യക്തമായി അനുഭവപ്പെടുന്നുണ്ട്. കടൽനിരപ്പ് ഉയരുന്നു. തീരശോഷണം രൂക്ഷമാകുന്നു. അതിശക്തമായ തിരമാലകളും ചുഴലിക്കാറ്റുകളും വർധിക്കുന്നു. മത്സ്യസമ്പത്തിന്റെ സഞ്ചാരരീതികൾ മാറുന്നു. പരമ്പരാഗത മത്സ്യബന്ധന കലണ്ടറുകൾ വിശ്വാസ്യത നഷ്ടപ്പെടുന്നു. ഈ മാറ്റങ്ങൾ പരിസ്ഥിതി പ്രശ്നങ്ങൾ മാത്രമല്ല; സാമൂഹികവും സാമ്പത്തികവുമായ പ്രതിസന്ധികളാണ്.

ഇവിടെ കേരളത്തിന് ലോകത്തിന് മുന്നിൽ അവതരിപ്പിക്കാനാകുന്ന ഒരു പുതിയ മാതൃകയുണ്ട്. അത് ബ്ലൂ ഇക്കോണമിയും ബ്ലൂ ജസ്റ്റിസും തമ്മിലുള്ള സന്തുലനം കണ്ടെത്തുന്ന മാതൃകയാണ്.

അതിന്റെ ആദ്യപടി സമുദ്രത്തെ ഒരു സാമ്പത്തിക വിഭവം മാത്രമല്ല, സാംസ്കാരിക പൈതൃകം എന്ന നിലയിൽ അംഗീകരിക്കുകയാണ്. രണ്ടാമത്തെ പടി, തീരദേശ സമൂഹങ്ങളുടെ അറിവിനെ ഔദ്യോഗിക നയരൂപീകരണത്തിന്റെ ഭാഗമാക്കുക എന്നതാണ്. മൂന്നാമത്തെ പടി, സമുദ്രചരിത്രത്തെ പുരാവസ്തുശാസ്ത്രത്തിൽ ഒതുക്കാതെ ജീവിച്ചിരിക്കുന്ന മനുഷ്യരുടെ ചരിത്രമായി രേഖപ്പെടുത്തുക എന്നതാണ്.

ഇവിടെയാണ് മുസിരിസിലെ അന്താരാഷ്ട്ര സമുദ്ര മ്യൂസിയം ഒരു വലിയ സാധ്യതയായി മാറുന്നത്. എന്നാൽ അത് ഒരു കെട്ടിടത്തിൽ അവസാനിച്ചാൽ ചരിത്രത്തോടുള്ള നീതിയാകില്ല. കേരളത്തിന് വേണ്ടത് Kerala Maritime Heritage Mission ആണ്. ബേപ്പൂരിലെ കപ്പൽനിർമാണം, പൊന്നാനിയിലെ അറബി-മലയാള പാരമ്പര്യം, ഫോർട്ട് കൊച്ചിയിലെ ബഹുസാംസ്കാരിക ചരിത്രം, ആലപ്പുഴയുടെ കനാൽ സമ്പദ്‌വ്യവസ്ഥ, കൊല്ലത്തിന്റെ ചൈനീസ് ബന്ധങ്ങൾ, വിഴിഞ്ഞത്തിന്റെ സമകാലിക സമുദ്രരാഷ്ട്രീയം—ഇവയെല്ലാം ഒരൊറ്റ വിജ്ഞാനശൃംഖലയായി ബന്ധിപ്പിക്കുന്ന ഒരു സമഗ്ര നയം.

ഈ നയത്തിന്റെ ഭാഗമായി ഒരു കേരള സമുദ്ര ആർക്കൈവ് സ്ഥാപിക്കാം. മത്സ്യത്തൊഴിലാളികളുടെ മൗഖിക ചരിത്രം, കടൽപ്പാട്ടുകൾ, വഞ്ചിപ്പാട്ടുകൾ, കപ്പൽശില്പികളുടെ അനുഭവങ്ങൾ, പഴയ വ്യാപാരരേഖകൾ, തുറമുഖ മാപ്പുകൾ, തീരദേശ ഭാഷാഭേദങ്ങൾ, സ്ത്രീകളുടെ തൊഴിൽചരിത്രം, പ്രവാസത്തിന്റെ സമുദ്രമാർഗങ്ങൾ, കാലാവസ്ഥാ മാറ്റത്തിന്റെ പ്രാദേശിക അനുഭവങ്ങൾ—ഇവയെല്ലാം ഡിജിറ്റലായി രേഖപ്പെടുത്തണം. അത് ഒരു മ്യൂസിയത്തേക്കാൾ വിലപിടിപ്പുള്ള ദേശീയ സമ്പത്തായിരിക്കും.

അതിനൊപ്പം കേരളത്തിലെ സർവകലാശാലകളിൽ Indian Ocean Studies, Maritime Anthropology, Maritime Archaeology, Coastal Ecology, Blue Justice Studies തുടങ്ങിയ പുതിയ പഠനവിഭാഗങ്ങൾ ആരംഭിക്കേണ്ട സമയമാണിത്. ലോകത്ത് ഇന്ത്യൻ മഹാസമുദ്ര പഠനങ്ങൾ അതിവേഗം വളരുമ്പോൾ, അതിന്റെ മധ്യത്തിൽ നിൽക്കുന്ന കേരളം ഈ മേഖലയിൽ നേതൃത്വം ഏറ്റെടുക്കേണ്ടത് സ്വാഭാവികമാണ്.

അമിതാവ് ഘോഷിന്റെ The Nutmeg’s Curse ഒരു മുന്നറിയിപ്പോടെ അവസാനിക്കുന്ന പുസ്തകമാണ്. പ്രകൃതിയുമായുള്ള നമ്മുടെ ബന്ധം മാറ്റിയില്ലെങ്കിൽ ചരിത്രത്തിന്റെ ദുരന്തങ്ങൾ പുതിയ രൂപത്തിൽ ആവർത്തിക്കുമെന്ന് അദ്ദേഹം പറയുന്നു. കേരളത്തിനും അതേ മുന്നറിയിപ്പാണ് ബാധകമാകുന്നത്. സമുദ്രത്തെ വികസനത്തിന്റെ പേരിൽ വീണ്ടും ഒരു കോളനിയാക്കരുത്. സമുദ്രത്തെ മനസ്സിലാക്കണം. അതിന്റെ ചരിത്രത്തെയും സംസ്കാരത്തെയും തൊഴിലാളികളെയും പരിസ്ഥിതിയെയും ഒരുമിച്ച് കാണണം.അപ്പോഴാണ് ഒരു മ്യൂസിയം ഒരു കെട്ടിടമല്ലാതെ ഒരു പുതിയ ബൗദ്ധിക പ്രസ്ഥാനമായി മാറുക. അപ്പോഴാണ് അമിതാവ് ഘോഷിന്റെ ഒരു പുസ്തകം ഒരു സർക്കാർ നയത്തെ മാത്രമല്ല, കേരളത്തിന്റെ സമുദ്രബോധത്തെയും മാറ്റിയെന്നു പറയാൻ കഴിയുക.

ഒരു മ്യൂസിയത്തിനപ്പുറംകേരളത്തിന് വേണ്ടത് ഒരു സമഗ്ര സമുദ്ര നയവും സാംസ്കാരിക നവോത്ഥാനവും

അമിതാവ് ഘോഷിന്റെ The Nutmeg’s Curse കേരളത്തിലെ ഒരു നയചർച്ചയ്ക്ക് പ്രചോദനമായെന്ന വാർത്തയ്ക്ക് അപ്പുറം ഒരു വലിയ സാധ്യത ഒളിഞ്ഞുകിടക്കുന്നു. അത് ഒരു അന്താരാഷ്ട്ര സമുദ്ര മ്യൂസിയം സ്ഥാപിക്കുന്നതിനെക്കുറിച്ചുള്ള ആശയം മാത്രമല്ല. കേരളം തന്റെ സമുദ്രവുമായി വീണ്ടും ബൗദ്ധികമായി സംവദിക്കാൻ തയ്യാറാകുന്ന ഒരു ചരിത്രനിമിഷമാണത്. ആ അവസരം ഒരു കെട്ടിടത്തിന്റെ നിർമ്മാണത്തിൽ ഒതുങ്ങിയാൽ ചരിത്രത്തോടുള്ള വലിയ അനീതിയായിരിക്കും.

ലോകത്തിലെ പ്രധാന സമുദ്രരാജ്യങ്ങളെ പരിശോധിച്ചാൽ ഒരു കാര്യം വ്യക്തമാണ്. അവയുടെ സമുദ്രപൈതൃകം ഒരു മ്യൂസിയത്തിനുള്ളിൽ അടച്ചുപൂട്ടപ്പെട്ടിട്ടില്ല. അത് സർവകലാശാലകളിലും ഗവേഷണസ്ഥാപനങ്ങളിലും തുറമുഖ നഗരങ്ങളിലുമാണ് ജീവിക്കുന്നത്; മത്സ്യത്തൊഴിലാളി സമൂഹങ്ങളുടെ ജീവിതത്തിലും ജനകീയസംസ്കാരത്തിലും അത് ശ്വസിക്കുന്നു. അതുകൊണ്ടുതന്നെ കേരളത്തിനും ഒരു മ്യൂസിയത്തേക്കാൾ വലിയൊരു ദർശനം ആവശ്യമാണ്.

ആ ദർശനത്തിന്റെ ആദ്യഘടകം Kerala Maritime Heritage Policy ആയിരിക്കണം. പുരാവസ്തു, ചരിത്രം, സമുദ്രശാസ്ത്രം, തീരദേശ പരിസ്ഥിതി, ജനകീയസംസ്കാരം, ഭാഷ, സംഗീതം, തൊഴിലാളി ചരിത്രം, മത്സ്യബന്ധന സമ്പദ്‌വ്യവസ്ഥ, കാലാവസ്ഥാ വ്യതിയാനം എന്നിവയെ ഒരൊറ്റ നയചട്ടക്കൂടിൽ കൊണ്ടുവരുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനമാകാൻ കേരളത്തിന് കഴിയും.

മുസിരിസിലെ നിർദ്ദേശിക്കപ്പെടുന്ന അന്താരാഷ്ട്ര സമുദ്ര മ്യൂസിയം ഈ ശൃംഖലയുടെ കേന്ദ്രമാകാം. എന്നാൽ അതിനെ ചുറ്റിപ്പറ്റി ബേപ്പൂരിൽ കപ്പൽനിർമാണ പൈതൃക കേന്ദ്രവും, കോഴിക്കോട്ട് ഇന്ത്യൻ മഹാസമുദ്ര വ്യാപാര ചരിത്ര ഗവേഷണ കേന്ദ്രവും, പൊന്നാനിയിൽ അറബി-മലയാളം സമുദ്ര സംസ്കാര പഠനകേന്ദ്രവും, ഫോർട്ട് കൊച്ചിയിൽ കുടിയേറ്റവും ബഹുസാംസ്കാരിക നഗരചരിത്രവും രേഖപ്പെടുത്തുന്ന മ്യൂസിയവും, ആലപ്പുഴയിൽ ഉൾനാടൻ ജലഗതാഗതവും കനാൽ സമ്പദ്‌വ്യവസ്ഥയും പഠിക്കുന്ന കേന്ദ്രവും, കൊല്ലത്ത് ചൈനീസ്-അറബ് വ്യാപാരബന്ധങ്ങളുടെ ഗവേഷണകേന്ദ്രവും, വിഴിഞ്ഞത്ത് ആധുനിക സമുദ്രരാഷ്ട്രീയം, ബ്ലൂ ഇക്കോണമി, കാലാവസ്ഥാ മാറ്റം എന്നിവ പഠിക്കുന്ന അന്തർദേശീയ ഇൻസ്റ്റിറ്റ്യൂട്ടും സ്ഥാപിക്കാനാകും.

ഈ സ്ഥാപനങ്ങളെല്ലാം ചേർന്ന് ഒരു Kerala Maritime Heritage Network രൂപീകരിക്കണം. ലോകത്ത് പല രാജ്യങ്ങളും അവരുടെ സമുദ്രപൈതൃകത്തെ ഇത്തരത്തിൽ ശൃംഖലാ മാതൃകയിലാണ് സംരക്ഷിക്കുന്നത്. കേരളത്തിനും അത് സാധ്യമാണ്.

പക്ഷേ ഒരു കാര്യത്തിൽ പ്രത്യേകം ശ്രദ്ധ വേണം. സമുദ്രചരിത്രം പുരാവസ്തുക്കളുടെ ചരിത്രമല്ല; മനുഷ്യരുടെ ചരിത്രമാണ്. അതിനാൽ കേരളം അടിയന്തരമായി ആരംഭിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട പദ്ധതി ഒരു Maritime Oral History Mission ആയിരിക്കണം. മത്സ്യത്തൊഴിലാളികൾ, ബേപ്പൂരിലെ ഉറു നിർമ്മാതാക്കൾ, പഴയ തുറമുഖ തൊഴിലാളികൾ, തീരദേശ സ്ത്രീകൾ, മാപ്പിള വ്യാപാര കുടുംബങ്ങൾ, ലത്തീൻ കത്തോലിക്ക സമൂഹങ്ങൾ, ദ്വീപ് നിവാസികൾ, കയർ വ്യവസായ തൊഴിലാളികൾ, പഴയ നാവികർ, പ്രവാസികൾ—ഇവരുടെ ഓർമ്മകൾ ശബ്ദരേഖകളായും വീഡിയോ ആർക്കൈവുകളായും രേഖപ്പെടുത്തണം. ഇന്നത്തെ തലമുറയോടൊപ്പം ഇല്ലാതാകുന്ന ഈ അറിവുകൾ നാളത്തെ ചരിത്രത്തിന്റെ അടിസ്ഥാനരേഖകളായിരിക്കും.

കേരളത്തിന്റെ സമുദ്രചരിത്രം സ്കൂൾ വിദ്യാഭ്യാസത്തിന്റെ ഭാഗമാകേണ്ടതുമുണ്ട്. ഇന്ന് വിദ്യാർത്ഥികൾക്ക് യൂറോപ്യൻ നാവികരുടെ പേരുകൾ അറിയാം; പക്ഷേ ബേപ്പൂരിലെ കപ്പൽശില്പികളുടെ ചരിത്രം അറിയില്ല. വാസ്കോ ഡ ഗാമയുടെ യാത്ര അറിയാം; പക്ഷേ മൺസൂൺ കാറ്റിന്റെ ശാസ്ത്രം അറിഞ്ഞ അറബ് നാവികരുടെ സംഭാവന അറിയില്ല. കോളനിവാഴ്ചയെക്കുറിച്ച് പഠിക്കുന്നു; എന്നാൽ കോളനിവാഴ്ചയ്ക്കുമുമ്പ് ഇന്ത്യൻ മഹാസമുദ്രം എങ്ങനെ ഒരു തുറന്ന ലോകമായിരുന്നുവെന്ന് പഠിക്കുന്നില്ല. ഈ വിടവ് നികത്താതെ കേരളത്തിന്റെ സമുദ്രബോധം പൂർണമാകില്ല.

അടുത്തതായി, കേരളം ഒരു Indian Ocean Research Consortium രൂപീകരിക്കാൻ നേതൃത്വം നൽകണം. ശ്രീലങ്ക, മാലിദ്വീപ്, ഒമാൻ, കെനിയ, ടാൻസാനിയ, ഇന്തോനേഷ്യ, മലേഷ്യ തുടങ്ങിയ ഇന്ത്യൻ മഹാസമുദ്ര രാജ്യങ്ങളിലെ സർവകലാശാലകളുമായി ചേർന്ന് സംയുക്ത ഗവേഷണങ്ങൾ നടത്താം. കാരണം കേരളത്തിന്റെ സമുദ്രചരിത്രം കേരളത്തിന്റെ മാത്രം ചരിത്രമല്ല; അത് ഇന്ത്യൻ മഹാസമുദ്രത്തിന്റെ പങ്കിട്ട ചരിത്രമാണ്.

സമുദ്രപൈതൃക സംരക്ഷണം വിനോദസഞ്ചാര പദ്ധതിയായി മാത്രം ചുരുക്കരുത്. ഇന്ന് പല രാജ്യങ്ങളിലും ഹെറിറ്റേജ് പദ്ധതികൾ സാമ്പത്തികവൽക്കരിക്കപ്പെടുകയാണ്. മ്യൂസിയങ്ങൾ സന്ദർശകരെ ആകർഷിക്കുന്ന കേന്ദ്രങ്ങളായി മാറുന്നു. അതിൽ തെറ്റില്ല. പക്ഷേ അതിന്റെ കേന്ദ്രത്തിൽ ചരിത്രസത്യവും സാമൂഹികനീതിയും ഉണ്ടായിരിക്കണം. മത്സ്യത്തൊഴിലാളി സമൂഹങ്ങളുടെ ജീവിതം മറച്ചുവെച്ചുകൊണ്ട് സമുദ്രത്തിന്റെ ചരിത്രം അവതരിപ്പിക്കാനാവില്ല. കോളനിവാഴ്ചയുടെ ക്രൂരതകളെ സൗന്ദര്യവൽക്കരിച്ച് വിനോദസഞ്ചാര ഉൽപ്പന്നമാക്കാനും പാടില്ല.

അമിതാവ് ഘോഷിന്റെ പുസ്തകം ഇതാണ് നമ്മെ പഠിപ്പിക്കുന്നത്. ചരിത്രം വിജയികളുടെ മാത്രം കഥയല്ല. ഇല്ലാതാക്കപ്പെട്ട ജനങ്ങളുടെ ഓർമ്മകളെയും കേൾക്കണം. ബാണ്ട ദ്വീപുകളിലെ കൂട്ടക്കൊല മറന്നാൽ ജാതിക്കയുടെ ചരിത്രം മനസ്സിലാകില്ല. അതുപോലെ കേരളത്തിന്റെ തീരദേശ സമൂഹങ്ങളുടെ അനുഭവങ്ങൾ ഒഴിവാക്കിയാൽ സമുദ്രത്തിന്റെ ചരിത്രവും മനസ്സിലാകില്ല.

ഈ സാഹചര്യത്തിലാണ് അമിതാവ് ഘോഷിന്റെ ഒരു പുസ്തകത്തെ അടിസ്ഥാനമാക്കി കേരളത്തിന്റെ മുഖ്യമന്ത്രി ഒരു നയപരമായ ആശയം രൂപപ്പെടുത്തിയെന്ന സംഭവം വലിയ പ്രതീകാത്മകത നേടുന്നത്. അത് ഒരു പുസ്തകത്തിന്റെ വിജയമല്ല; വായനയുടെയും ചരിത്രബോധത്തിന്റെയും വിജയമാണ്. ഭരണനിർണയങ്ങൾ കണക്കുകളിൽ മാത്രം നിന്നല്ല, ആശയങ്ങളിൽ നിന്നും ചരിത്രത്തിൽ നിന്നും സാഹിത്യത്തിൽ നിന്നും ജനിക്കാമെന്ന സന്ദേശമാണ് അത് നൽകുന്നത്.

എന്നാൽ ഈ തുടക്കം യഥാർത്ഥത്തിൽ അർത്ഥവത്താകണമെങ്കിൽ അന്താരാഷ്ട്ര സമുദ്ര മ്യൂസിയം ഒരു ഒറ്റപ്പെട്ട പദ്ധതിയായി നിൽക്കരുത്. അത് കേരളത്തിന്റെ സമഗ്ര സമുദ്രനയത്തിന്റെ ആദ്യ ചുവടായിരിക്കണം. മുസിരിസിൽ നിന്ന് ബേപ്പൂരിലേക്കും, കോഴിക്കോട്ടുനിന്ന് പൊന്നാനിയിലേക്കും, ഫോർട്ട് കൊച്ചിയിൽ നിന്ന് ആലപ്പുഴയിലേക്കും, കൊല്ലത്തിൽ നിന്ന് വിഴിഞ്ഞത്തേക്കും നീളുന്ന ഒരു Maritime Heritage Corridor സൃഷ്ടിക്കണം. ഓരോ തുറമുഖവും അതിന്റെ ചരക്കുചരിത്രവും, തൊഴിലാളി സംസ്കാരവും, വായ്ത്താരികളും, സംഗീതവും, ഭക്ഷണവും, ഭാഷയും, പരിസ്ഥിതിയും ചേർന്ന് അവതരിപ്പിക്കുന്ന ജീവിച്ചിരിക്കുന്ന സാംസ്കാരിക കേന്ദ്രങ്ങളായി മാറണം.

അമിതാവ് ഘോഷ് എഴുതിയ The Nutmeg’s Curse ജാതിക്കയുടെ കഥ പറയുമ്പോൾ യഥാർത്ഥത്തിൽ മനുഷ്യരും പ്രകൃതിയും തമ്മിലുള്ള ബന്ധത്തിന്റെ കഥയാണ് പറയുന്നത്. കേരളവും തന്റെ സമുദ്രത്തെ അതേ രീതിയിൽ വായിക്കേണ്ട സമയമാണിത്. കാരണം അറബിക്കടൽ കേരളത്തിന്റെ പടിഞ്ഞാറൻ അതിർത്തിയല്ല; അതാണ് കേരളത്തിന്റെ ഏറ്റവും പഴയ സർവകലാശാലയും, ആദ്യത്തെ ആഗോളപാതയും, ഏറ്റവും വലിയ സാംസ്കാരിക ഗ്രന്ഥശാലയും.

ഈ തിരിച്ചറിവാണ് ഒരു മ്യൂസിയത്തെ ഒരു കെട്ടിടത്തിൽ നിന്ന് ഒരു പ്രസ്ഥാനമാക്കി മാറ്റുന്നത്. ഈ തിരിച്ചറിവാണ് സമുദ്രത്തെ വികസനത്തിന്റെ ഒരു വിഭവത്തിൽ നിന്ന് ചരിത്രത്തിന്റെയും നീതിയുടെയും സംസ്കാരത്തിന്റെയും ജീവിക്കുന്ന സ്മൃതിയായി ഉയർത്തുന്നത്. ഈ തിരിച്ചറിവാണ് കേരളത്തിന് ഇന്ത്യയിലെ ആദ്യത്തെ യഥാർത്ഥ സമുദ്രസംസ്കാര സംസ്ഥാനമായി മാറാനുള്ള അവസരം നൽകുന്നത്.

അപ്പോൾ അമിതാവ് ഘോഷിന്റെ ആ ചെറിയ വാചകം”Only in Keralam…”ഒരു അഭിനന്ദനം മാത്രമല്ല, കേരളത്തിനുള്ള ഒരു ചരിത്രപരമായ ഉത്തരവാദിത്തത്തിന്റെ പ്രഖ്യാപനമായും വായിക്കപ്പെടും.

Latest Stories

കൊച്ചിയിൽ ജൂൺ 29 മുതൽ ഗതാഗത നിയന്ത്രണം; രാത്രി 11 മുതൽ രാവിലെ 6 വരെ സഹോദരൻ അയ്യപ്പൻ റോഡിൽ വാഹനങ്ങൾക്ക് പ്രവേശനമില്ല

അയോധ്യ രാമക്ഷേത്ര സംഭാവന തട്ടിപ്പ്; വിവാദങ്ങൾക്കിടെ വിഎച്ച്പി ഉപാധ്യക്ഷൻ ചമ്പത് റായി രാജി വച്ചു

'വൈദ്യുതി പ്രതിസന്ധിക്ക് കാരണം ആവശ്യത്തിന് മഴ ലഭിക്കാത്തത്, ഓരോരുത്തരും സ്വയം വൈദ്യുതി നിയന്ത്രണം കൊണ്ടുവരണം'; മന്ത്രി സണ്ണി ജോസഫ്

ഓപ്പറേഷൻ സിന്ദൂർ: വീരമൃത്യു വരിച്ച ആറ് സൈനികരുടെ പേരുകൾ പുറത്തുവിട്ട് കേന്ദ്രം

'അമ്മ'യിൽ നിന്ന് രാജിവച്ച അംഗങ്ങളെ തിരിച്ചെത്തിക്കും, സ്ഥിരം കമ്മിറ്റിയുടെ ഭാരവാഹിത്വം ഏറ്റെടുക്കില്ല; രമേശ് പിഷാരടി

തിരിച്ചറിയൽ കാർഡുകളുടെ കൂമ്പാരത്തിനിടയിൽ നഷ്ടപ്പെടുന്ന ഇന്ത്യൻ പൗരത്വത്തിന്റെ രാഷ്ട്രീയം; പാസ്‌പോർട്ടുപോലും പൗരത്വത്തിന്റെ അന്തിമ തെളിവല്ലെങ്കിൽ, ആരാണ് ഇന്ത്യൻ പൗരൻ?

മുല്ലപ്പെരിയാർ സുരക്ഷ സമിതി; കേരളത്തിന്റെ പ്രതിനിധിയെ ഉടൻ നിയമിക്കുമെന്ന് മന്ത്രി മോൻസ് ജോസഫ്

തമിഴ്നാട്ടിൽ ഡിഎംകെ-സിപിഐഎം പോര് രൂക്ഷം; പിണറായി വിജയനെ മുൻ നിർത്തി ഡിഎംകെ മുഖപത്രത്തിൽ വിമർശനം

ലഹരി കിട്ടാൻ കാൻസർ ബാധിതർക്ക് നൽകുന്ന വേദനസംഹാരികൾ, കഞ്ചാവ് പുകച്ച് വലിക്കാൻ പപ്പായയുടെ തണ്ട്; ഇടുക്കിയിൽ മൂന്ന് യുവാക്കൾ പിടിയിൽ

കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും സ്വർണം പിടികൂടിയ സംഭവം; കസ്റ്റംസിനെതിരെ പ്രതിയുടെ മൊഴി, 'വിമാനത്താവളത്തിൽ എല്ലാം സെറ്റ് ചെയ്തിട്ടുണ്ടെന്ന് സ്വർണം തന്നവർ പറഞ്ഞു'