പൂപ്പാറയിൽ പൊളിഞ്ഞത് കെട്ടിടങ്ങൾ മാത്രമല്ല; കേരളത്തിന്റെ ഭൂമിനീതിയുടെ കപടതയും

പൂപ്പാറയിലെ ബുൾഡോസറുകൾ തകർത്തത് 88 കെട്ടിടങ്ങൾ മാത്രമല്ല. കേരളത്തിലെ ഭൂമിനയത്തിന്റെ കപടത, ഭരണകൂടത്തിന്റെ വർഷങ്ങളായുള്ള ഒത്തുകളി, രാഷ്ട്രീയത്തിന്റെ സൗകര്യപ്രദമായ മൗനം, പിന്നെ ഒടുവിൽ “നിയമം” എന്ന പേരിൽ ദരിദ്രരുടെ മേൽ വീഴുന്ന ക്രൂരത — അതാണ് അവിടെ പൊളിഞ്ഞുകിടക്കുന്നത്. പന്നിയാർ പുഴയുടെ തീരത്ത് പതിറ്റാണ്ടുകളായി ജീവിച്ചിരുന്ന ജനങ്ങൾ ഒരു രാത്രികൊണ്ട് “അനധികൃതർ” ആയി പ്രഖ്യാപിക്കപ്പെട്ടു. പക്ഷേ ആ അനധികൃതതയുടെ ആദ്യ പങ്കാളി ആരായിരുന്നു എന്ന ചോദ്യമാണ് ഇന്ന് കേരളം ചോദിക്കേണ്ടത്.

കേരളത്തിൽ ഭൂമിയുമായി ബന്ധപ്പെട്ട എല്ലാ നിയമങ്ങളും ഒടുവിൽ ദരിദ്രർക്കെതിരായ ആയുധങ്ങളായി മാറുന്ന ഒരു രാഷ്ട്രീയ-ഭരണ സംസ്കാരമാണ് വളർന്നിരിക്കുന്നത്. Revenue Recovery Act ആയാലും Land Conservancy Act ആയാലും Paddy Land Act ആയാലും Disaster Management Act ആയാലും — നിയമങ്ങളുടെ ഭാരം പതിവായി വീഴുന്നത് അധികാരമില്ലാത്തവരുടെ മേലാണ്. അതേസമയം ആയിരക്കണക്കിന് ഏക്കർ സർക്കാർ ഭൂമി റിസോർട്ട് മാഫിയയും ക്വാറി ലോബിയും പ്ലാന്റേഷൻ കമ്പനികളും കോർപ്പറേറ്റ് കൂട്ടുകെട്ടുകളും കൈവശം വയ്ക്കുമ്പോൾ ഭരണകൂടം കാണിക്കുന്ന മൗനം അതേ നിയമങ്ങളുടെ യഥാർത്ഥ രാഷ്ട്രീയം തുറന്നു കാണിക്കുന്നു.

പൂപ്പാറയിൽ ഇന്ന് പൊളിച്ചുമാറ്റപ്പെട്ട വീടുകളിൽ പലതും ഇന്നലെയോ കഴിഞ്ഞ മാസമോ പണിതവയല്ല. ചിലത് മുപ്പത് വർഷം പഴക്കമുള്ളവയാണ്. അവിടെ വൈദ്യുതി ഉണ്ടായിരുന്നു, വെള്ളം ഉണ്ടായിരുന്നു, കെട്ടിട നമ്പർ ഉണ്ടായിരുന്നു, വ്യാപാര ലൈസൻസ് ഉണ്ടായിരുന്നു, നികുതി ഈടാക്കിയിരുന്നു. തിരഞ്ഞെടുപ്പുകാലത്ത് രാഷ്ട്രീയക്കാർ വോട്ട് ചോദിച്ച് കയറിയ വീടുകളായിരുന്നു അവ. പഞ്ചായത്തുകൾ നികുതി വാങ്ങി. റവന്യൂ വകുപ്പുകൾ രേഖകൾ കണ്ടു. വൈദ്യുതി ബോർഡ് കണക്ഷൻ നൽകി. റോഡുകൾ പണിതു. സർക്കാർ തന്നെ അവിടെയൊരു മനുഷ്യവാസം നിയമാനുസൃതമാണെന്ന ധാരണ പതിറ്റാണ്ടുകളോളം ജനങ്ങൾക്ക് നൽകി. ഇന്ന് അതേ സർക്കാർ കോടതിയെ മുൻനിർത്തി “അനധികൃത കയ്യേറ്റം” എന്ന് പറയുമ്പോൾ, അത് വെറും നിയമനടപടി മാത്രമല്ല; സംസ്ഥാനത്തിന്റെ സ്വന്തം പരാജയം ജനങ്ങളുടെ തലയിൽ തള്ളുന്ന പ്രവൃത്തിയാണ്.

കേരളത്തിലെ ഭൂമിപ്രശ്നങ്ങളുടെ ഏറ്റവും വലിയ ദുരന്തം എന്തെന്നാൽ, ഇവിടെ നിയമം ഒരിക്കലും മുൻകരുതലായി പ്രവർത്തിക്കാറില്ല; അത് എപ്പോഴും പ്രതികാരമായി മാത്രമാണ് വരുന്നത്. നിർമാണം തുടങ്ങുമ്പോൾ തടയില്ല. പുഴ മൂടുമ്പോൾ കാണില്ല. മല മുറിക്കുമ്പോൾ ഫയൽ കറങ്ങും. കൈക്കൂലി, രാഷ്ട്രീയ സമ്മർദ്ദം, പ്രാദേശിക ഒത്തുകളികൾ — എല്ലാം കഴിഞ്ഞ് ഒരുദിവസം കോടതി ഇടപെടും. പിന്നെ സർക്കാർ അപ്രതീക്ഷിതമായി “നിയമത്തിന്റെ രക്ഷകൻ” ആയി അവതരിക്കും. അതിന്റെ അവസാന ചിത്രം ബുൾഡോസറും കരയുന്ന കുട്ടികളും വീടില്ലാത്ത കുടുംബങ്ങളുമാകും.

ഇതാണ് കേരളത്തിലെ ലാൻഡ് ലോയുടെ യഥാർത്ഥ മുഖം. ദരിദ്രർക്ക് ഭൂമിയിൽ അവകാശമില്ല; അവർക്കുള്ളത് താൽക്കാലിക സഹിഷ്ണുത മാത്രം. അധികാരകേന്ദ്രങ്ങൾക്ക് അനുകൂലമായാൽ വർഷങ്ങളോളം നിയമലംഘനം “regularisation” ആകും. പാവപ്പെട്ടവരുടെ കാര്യത്തിൽ അതേ നിയമലംഘനം “encroachment” ആകും. മൂന്നാറിൽ ആദിവാസി കുടിലുകൾ പൊളിക്കുന്ന അതേ ഭരണകൂടം വൻ റിസോർട്ടുകൾക്കു മുന്നിൽ വർഷങ്ങളോളം നിശ്ശബ്ദമാകുന്നത് കേരളം കണ്ടതാണ്. തീരദേശ നിയമങ്ങൾ ലംഘിച്ച് ഉയരുന്ന luxury apartment കൾക്ക് സ്റ്റേ ഓർഡറുകളും രാഷ്ട്രീയ ഇടപെടലുകളും കിട്ടും; പക്ഷേ ഒരു ചെറിയ ചായക്കടയ്ക്കോ roadside workshop നോകിട്ടുന്നത് ബുൾഡോസറാണ്.

Revenue Recovery നിയമത്തിന്റെ ദുരുപയോഗവും ഇതേ സാമൂഹിക തത്വത്തിന്റെ ഭാഗമാണ്. ബാങ്കുകൾക്കും സ്വകാര്യ ധനകാര്യ സ്ഥാപനങ്ങൾക്കും വേണ്ടി സർക്കാർ machinery ഉപയോഗിച്ച് ദരിദ്രരുടെ വീടുകളും ചെറിയ ഭൂമികളും ജപ്തി ചെയ്യുന്ന സംസ്ഥാനമാണ് കേരളം. ലക്ഷങ്ങൾ കുടിശ്ശികയുള്ള കർഷകനോട് കടുത്ത നടപടി; പക്ഷേ നൂറുകോടി വായ്പ മുടക്കുന്ന corporate defaulters ന് restructuring. സാധാരണ മനുഷ്യന്റെ അഞ്ച് സെന്റ് ഭൂമിയിലേക്ക് വേഗത്തിൽ എത്തുന്ന നിയമം, വൻ ഭൂമിയിടപാടുകളിലെ fraud കളിൽ വർഷങ്ങളോളം ഉറങ്ങും. ഭൂമിനിയമങ്ങൾ പരിസ്ഥിതി സംരക്ഷണത്തിനോ സാമൂഹ്യനീതിക്കോ വേണ്ടിയല്ല, അധികാരബന്ധങ്ങൾ നിലനിർത്താനാണ് പ്രയോഗിക്കപ്പെടുന്നതെന്ന ധാരണ ശക്തമാകുന്നത് അതുകൊണ്ടാണ്.

പൂപ്പാറയിലെ സംഭവത്തെ വെറും “ദുരന്തസാധ്യത ഒഴിവാക്കൽ” എന്ന് പറഞ്ഞ് അവസാനിപ്പിക്കുന്നത് അതിനാൽ തന്നെ അപകടകരമാണ്. തീർച്ചയായും നദീതീര കയ്യേറ്റങ്ങളും മലഞ്ചരിവ് നിർമാണങ്ങളും നിയന്ത്രിക്കണം. കാലാവസ്ഥാ വ്യതിയാനത്തിന്റെ കാലത്ത് കേരളത്തിന് അതല്ലാതെ വഴിയുമില്ല. പക്ഷേ ചോദ്യം മറ്റൊന്നാണ്: എന്തുകൊണ്ട് എല്ലാ പരിസ്ഥിതി നീതിയും ഒടുവിൽ ദരിദ്രരുടെ മേൽ മാത്രം പരീക്ഷിക്കപ്പെടുന്നു? എന്തുകൊണ്ട് ecological accountability ന് സമാനമായി political accountability ഉണ്ടാകുന്നില്ല? ആ കെട്ടിടങ്ങൾ ഉയർന്നപ്പോൾ കണ്ണടച്ച ഉദ്യോഗസ്ഥർക്ക് എന്ത് ശിക്ഷ ലഭിച്ചു? അനുമതികൾ നൽകിയവർക്കെതിരെ എന്ത് നടപടി? തിരഞ്ഞെടുപ്പ് ഫണ്ടുകളും പ്രാദേശിക രാഷ്ട്രീയവും land mafia യും തമ്മിലുള്ള ബന്ധം അന്വേഷിക്കപ്പെടുമോ? അല്ലെങ്കിൽ വീണ്ടും പതിവുപോലെ bulldozer താഴെയുള്ള മനുഷ്യരിലേക്കു മാത്രം തിരിയുമോ?

പൂപ്പാറ കേരളത്തോട് പറയുന്നത് വളരെ ഭയാനകമായ ഒരു സത്യമാണ്: ഈ സംസ്ഥാനത്ത് ഭൂമി എന്നത് ഇനി വെറും വാസസ്ഥലം അല്ല; അത് അധികാരത്തിന്റെ ഭാഷയാണ്. ആരുടെ കൈവശമുണ്ടോ അവർക്കാണ് നിയമം വഴങ്ങുന്നത്. ബാക്കിയുള്ളവർക്ക് നിയമം വീഴും. ഇന്നത്തെ കണ്ണീർ അതുകൊണ്ടുതന്നെ ഒരു ഗ്രാമത്തിന്റെ ദുഃഖമല്ല; ഭരണകൂടത്തിന്റെ തിരഞ്ഞെടുക്കപ്പെട്ട നീതിക്കെതിരായ ഒരു നിശ്ശബ്ദ കുറ്റപത്രമാണ്.

Latest Stories

'ജനവിധിയെ പരിഹസിച്ചു കൊണ്ട് കോൺഗ്രസ് നടത്തുന്ന കസേര കളി അപഹാസ്യം'; മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത് വൈകുന്നതിൽ പരിഹാസ പോസ്റ്റുമായി കെ കെ ശൈലജ

'മിന്നൽ മുരളി'യ്ക്ക് റീച് കിട്ടാൻ കാരണം നെറ്റ്ഫ്ലിക്സ് റിലീസായതുകൊണ്ട്, തിയേറ്റർ റിലീസായിരുന്നെങ്കിൽ മലയാളത്തിൽ മാത്രം ഒതുങ്ങിപ്പോയേനെ' : ബേസിൽ ജോസഫ്

പശ്ചിമബംഗാളിലെ ആദ്യ ബിജെപി സര്‍ക്കാര്‍ അധികാരമേറ്റു; സുവേന്ദു അധികാരി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

ട്രെയിനിൽ അപ്പൂപ്പനൊപ്പം ഉറങ്ങിക്കിടന്ന ആറ് വയസ്സുകാരിയെ തട്ടിയെടുത്ത് ലൈംഗികാതിക്രമം; കൊല്ലം സ്വദേശി പിടിയിൽ

'ഉമ്മൻചാണ്ടിയുടെ ഫ്ലക്സ് അടക്കം മോശമായ രീതിയിൽ വികൃതമാക്കി, കടുത്ത അമർഷവും വേദനയും ഉണ്ട്'; ടി സിദ്ദിഖ്

ഹോർമുസ് കടലിടുക്കിൽ ഇന്ത്യൻ ചരക്ക് ബോട്ടിന് തീപിടിച്ച് ഒരു മരണം; 17 പേരെ സാഹസികമായി രക്ഷപെടുത്തി

മുഖ്യമന്ത്രി ചര്‍ച്ച; ഹൈക്കമാന്റുമായുള്ള കൂടിക്കാഴ്ച നാലുമണിക്ക്, നേതാക്കൾക്ക് സമയം അനുവദിച്ചു

'അല്‍പ്പന് അര്‍ത്ഥം കിട്ടിയാല്‍ അര്‍ധ രാത്രിയും കുട പിടിക്കും, ലീഗിന് പരസ്യമായും രഹസ്യമായും അഭിപ്രായം പറയാം'; മാത്യു കുഴല്‍നാടനെ തള്ളി രാജ്‌മോഹന്‍ ഉണ്ണിത്താന്‍

കൊച്ചി മെട്രോയിൽ യാത്രക്കാരുടെ എണ്ണത്തിൽ വർധനവ്; കഴിഞ്ഞ വർഷം മാത്രം വർധിച്ചത് 14.88 ലക്ഷം പേർ

‘ഓപ്പറേഷൻ സിന്ദൂറിനിടെ പാകിസ്താന് സാങ്കേതിക സഹായം നൽകി, ലക്ഷ്യം ആയുധങ്ങൾക്ക് മികച്ച പ്രകടനം നടത്താനാകുമെന്ന് ഉറപ്പുവരുത്തൽ'; വെളിപ്പെടുത്തലുമായി ചൈന