ട്രംപിൻ്റെ അധികത്തീരുവ ആശങ്കയിൽ കാർഷിക കയറ്റുമതി മേഖല

ഓഗസ്റ്റ് ഒന്നു മുതൽ അമേരിക്കയിലേക്ക് കയറ്റുമതി ചെയ്യപ്പെടുന്ന ഇന്ത്യൻ ഉല്പന്നങ്ങൾക്ക് 25 ശതമാനം തീരുവയും പുറമെ പിഴച്ചുങ്കവും ചുമത്തുമെന്ന അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രം പിൻ്റെ പ്രഖ്യാപനം നിലവിൽ വന്നിരിക്കുകയാണ്.റഷ്യൻ ഇന്ധനം ഇറക്കുമതി ചെയ്യുന്നതിനാണ് ഇനിയും വ്യക്തമാക്കിയിട്ടില്ലാത്ത പിഴച്ചുങ്കം. കഴിഞ്ഞ ഏപ്രിലിൽ ഇന്ത്യൻ ഉല്പന്നങ്ങൾക്ക് 26 ശതമാനം തിരിച്ചടി തീരുവ ട്രംപ് പ്രഖ്യാപിച്ചിരുന്നു.പിന്നീട് ഇതിന് മൂന്ന് മാസത്തെ മൊറട്ടോറിയവും പ്രഖ്യാപിച്ചു. ഓഗസ്റ്റ് ഒന്നിന് മുമ്പ് ഇന്തോ-അമേരിക്കൻ ഉഭയകക്ഷി വ്യാപാര കരാർ ഒപ്പുവെയ്ക്കാനുള്ള ശ്രമം പരാജയപ്പെട്ടതോടെയാണ് മര്യാദയുടെ സർവ്വ സീമകളും ലംഘിച്ചു കൊണ്ട് ട്രംപ് ഏകപക്ഷീയമായ തീരുവ പ്രഖ്യാപനം നടത്തിയിരിക്കുന്നത്. ഇന്ത്യയുടെ കാർഷിക- ക്ഷീര വിപണികൾ തീരുവ രഹിതമായി അമേരിക്കൻ കമ്പനികൾക്ക് തുറന്നു കൊടുക്കാനുള്ള സമ്മർദ്ദത്തിന് വഴങ്ങാത്തതാണ് ട്രംപിൻ്റെ തീരുവ പ്രഖ്യാപനത്തിന് പിന്നിലെന്ന് വ്യാപാര വിദഗ്ദർ വിലയിരുത്തുന്നു.

മൃഗങ്ങളുടെ ആന്തരിക അവയവങ്ങളും രക്തവും ഭക്ഷണമായി നൽകുന്ന പശുക്കളിൽ നിന്ന് ഉല്പാദിപ്പിക്കുന്ന പാലും അതിൻ്റെ ഉല്പന്നങ്ങളും ഇറക്കുമതി ചെയ്യാൻ ഇന്ത്യ സമ്മതിച്ചിട്ടില്ല. ജനിതകമായി പരിവർത്തനം ചെയ്ത ചോളവും സോയാബീനും ഇറക്കുമതി ചെയ്യാനും ഇന്ത്യ തയ്യാറല്ല. ഇത് രണ്ടുമാണ് ഇന്ത്യ – അമേരിക്ക ഉഭയകക്ഷി വ്യാപാര കരാർ ഒപ്പു വെയ്ക്കുന്നതിലുള്ള പ്രധാന തടസ്സങ്ങൾ.ഓഗസ്റ്റ് പകുതിക്കു ശേഷം അമേരിക്കയുമായുള്ള ആറാം വട്ട വ്യാപാര ചർച്ചകൾ ന്യൂ ഡെൽഹിയിൽ നടക്കാനിരിക്കുകയാണ്. അമേരിക്കയുമായുള്ള വ്യാപാര കരാർ നീണ്ടാൽ ഇപ്പോൾ പ്രഖ്യാപിച്ച ഉയർന്ന തീരുവ ഇന്ത്യൻ കാർഷിക കയറ്റുമതിയെ പ്രതിസന്ധിയിലാക്കും.അടുത്ത കാലത്ത് അമേരിക്കയുമായി ഉഭയകക്ഷി വ്യാപാര കരാറുകൾ ഒപ്പുവെച്ച യുകെ, ജപ്പാൻ, വിയറ്റ്നാം ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങൾ യുഎസ് കാർഷിക ഉൽപ്പന്നങ്ങൾക്ക് പൂജ്യത്തിനടുത്തുള്ള താരിഫ് നിരക്കുകൾ അനുവദിച്ചു കൊണ്ട് കീഴടങ്ങി.എന്നാൽ ട്രംപിൻ്റെ സമ്മർദ്ദത്തിനു വഴങ്ങി കാർഷിക മേഖല അമേരിക്കയ്ക്ക് തുറന്നു കൊടുക്കാൻ ഇന്ത്യ ഇതുവരെയും തയ്യാറായിട്ടില്ല.

ലോക വ്യാപാര സംഘടനയുടെ വ്യവസ്ഥകളെ അപ്രസക്തമാക്കി കൊണ്ട് ട്രംപ് തന്നിഷ്ട പ്രകാരം ഇടക്കിടെ തീരുവ പ്രഖ്യാപനങ്ങൾ നടത്തുന്നത് അമേരിക്കയിലേക്കുള്ള ഇന്ത്യൻ കയറ്റുമതിയെ അനിശ്ചിതത്വത്തിലാക്കിയിട്ടുണ്ട് .വൈറ്റ് ഹൗസിന്റെ കണക്കനുസരിച്ച്, അമേരിക്കൻ ഉൽപ്പന്നങ്ങൾക്ക് ഇന്ത്യ 52 ശതമാനം വരെ തീരുവ ചുമത്തുന്നു, അധിക തീരുവയ്ക്ക് ന്യായീകരണമായി ട്രംപ് ചൂണ്ടിക്കാണിക്കുന്നത് ഇതാണ്. ‘തീരുവ രാജാവ് ‘ എന്നാണ് അമേരിക്കൻ പ്രസിഡൻ്റ് ഇന്ത്യയെ കളിയാക്കുന്നത്.എന്നാൽ വർഷങ്ങളായി അമേരിക്ക ഇന്ത്യയിൽ നിന്ന് മിക്ക ഉല്പന്നങ്ങൾക്കും തീരുവ ഒന്നും ഈടാക്കിയിട്ടില്ലെന്ന് ട്രംപ് പറയുന്നു. ഇത് ഇന്ത്യയും അമേരിക്കയുമായുള്ള വ്യാപാരത്തിൽ ഇന്ത്യക്ക് കൂടുതൽ മെച്ചം നൽകുന്നു.അമേരിക്കയുടെ പത്ത് പ്രധാന വ്യാപാര പങ്കാളികളിൽ ഒന്നായ ഇന്ത്യ 2024 സാമ്പത്തിക വർഷത്തിൽ 77.5 ബില്യൺ ഡോളർ മൂല്യമുള്ള ചരക്കുകൾ ആ രാജ്യത്തേക്ക് കയറ്റുമതി ചെയ്തു, ഇത് ഇന്ത്യയുടെ മൊത്തം കയറ്റുമതിയുടെ 18 ശതമാനം വരും. ഇന്ത്യ റേറ്റിംഗ്സ് ആൻഡ് റിസർച്ചിന്റ (ഇൻഡ്-റ) കണക്കുകൾ പ്രകാരം, 25 ശതമാനം ഇറക്കുമതി ചുങ്കം ഇന്ത്യൻ കയറ്റുമതിക്കാരെ സാരമായി ബാധിക്കും.ഇന്ത്യയുടെ ജിഡിപി വളർച്ചയിൽ ഈ വർഷം 0.2 മുതൽ 0.5 ശതമാനം വരെ ഇടിവ് ഇതു കൊണ്ട് ഉണ്ടായേക്കാം. അധികത്തീരുവ നീണ്ടു നിന്നാൽ 2025 സാമ്പത്തിക വർഷം അമേരിക്കയിലേക്കുള്ള ഇന്ത്യൻ കയറ്റുമതിയിൽ കുറഞ്ഞത് 6.41 ശതമാനം കുറവുണ്ടായേക്കാം.

ഇന്ത്യൻ കയറ്റുമതിക്കാർ നിലവിൽ അമേരിക്കയിൽ 10 ശതമാനം അടിസ്ഥാന തീരുവ,4.5 ശതമാനം അധിക ആന്റി-ഡമ്പിംഗ് ഡ്യൂട്ടി, 5.8 ശതമാനം കൌണ്ടർവെയിലിംഗ് ഡ്യൂട്ടി എന്നിവ അടയ്ക്കുന്നുണ്ട്. ഇതിനു പുറമെയാണ് ട്രംപ് ഓഗസ്റ്റ് 1 മുതൽ 25 ശതമാനം അധികത്തീരുവയും പിഴച്ചുങ്കവും പ്രഖ്യാപിച്ചിരിക്കുന്നത്. ഇത് അമേരിക്കയിലേക്കുള്ള കയറ്റുമതി ചെലവേറിയതാക്കും.

ട്രംപ് പ്രഖ്യാപിച്ച 25 ശതമാനം തീരുവയും അധികമായി ഈടാക്കുന്ന പിഴച്ചുങ്കവും ഇന്ത്യയും അമേരിക്കയും തമ്മിലുള്ള കാർഷിക വ്യാപാരത്തിന്റെ 50 ശതമാനത്തോളം വരുന്ന ബസുമതി, ബസുമതി ഇതര അരി, ചെമ്മീൻ, ശീതീകരിച്ച മത്സ്യ വിഭവങ്ങൾ, ഗോതമ്പ്, എരുമ മാംസം, സുഗന്ധ വ്യജ്ഞനങ്ങൾ, കൊക്കോ, കാപ്പി, കുരുമുളക് സംസ്ക്കരിച്ച ഭക്ഷ്യ വിഭവങ്ങൾ തുടങ്ങിയ പ്രധാന കാർഷിക കയറ്റുമതികൾക്ക് വൻ തിരിച്ചടിയാകും.

ഇന്ത്യയെ പിന്തള്ളി കുറഞ്ഞ തീരുവ ചുമത്തിയ രാജ്യങ്ങൾ അമേരിക്കൻ വിപണി കീഴടക്കും.ചെമ്മീൻ, ശീതീകരിച്ച മത്സ്യ വിഭവങ്ങൾ എന്നിവയുടെ കയറ്റുമതിയിലായിരിക്കും ഏറ്റവും വലിയ ഇടിവ്. കുറഞ്ഞത് 20 ശതമാനം ഇടിവ് അമേരിക്കയിലേക്കുള്ള മത്സ്യ കയറ്റുമതിയിൽ ഉണ്ടാകും. ആന്ധ്ര, കേരളം തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുമുള്ള മത്സ്യ കയറ്റുമതി വ്യവസായം പ്രതിസന്ധിയിലാകും.ഫാർമസ്യൂട്ടിക്കൽസ്, ധാതുക്കൾ, സെമികണ്ടക്ടറുകൾ തുടങ്ങിയ പ്രധാന മേഖലകളെ അധിക തീരുവയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ടെങ്കിലും കൃഷി അനുബന്ധ മേഖലകളിൽ വലിയ തിരിച്ചടിയുണ്ടാകും.
ഇന്ത്യയുമായി തീരുവ യുദ്ധം പ്രഖ്യാപിക്കുന്നതിനു മുമ്പ് ഇന്ത്യൻ കാർഷിക ഉൽപ്പന്നങ്ങൾക്ക് അമേരിക്ക ശരാശരി 5.3 ശതമാനം ഇറക്കുമതി തീരുവ മാത്രമെ ചുമത്തിയിരുന്നുള്ളു. ഇന്ത്യയിൽ നിന്ന് കയറ്റുമതി ചെയ്യുന്ന ചെമ്മീനിന് അമേരിക്ക ചുമത്തിയ പരമാവധി തീരുവ ഏകദേശം 8 ശതമാനമായിരുന്നു,. പുതിയ 25 ശതമാനം അധികത്തീരുവയ്ക്കു ശേഷം കൗണ്ടർവെയിലിംഗ് ഡ്യൂട്ടി (സിവിഡി), തുടങ്ങിയ അധിക തീരുവകൾ കൂടി ചേർത്താൽ ഇത് 45 ശതമാനമാനത്തോളമായി ഉയരുമെന്ന് കയറ്റുമതി വൃത്തങ്ങൾ പറയുന്നു. ഇതിനെല്ലാം പുറമെ ഇന്ത്യയിൽ നിന്നുള്ള ചെമ്മീൻ ഇറക്കുമതിക്ക് ആൻ്റി ഡമ്പിംഗ് ഡ്യൂട്ടി ചുമത്താനുള്ള നീക്കത്തിനും അമേരിക്ക തുടക്കം കുറിച്ചിട്ടുണ്ട് .ഇന്ത്യൻ ചെമ്മീനിന്റെ ഏറ്റവും വലിയ കയറ്റുമതി വിപണിയാണ് അമേരിക്ക. ഇന്ത്യൻ സമുദ്രോത്പന്നങ്ങളുടെ മൊത്തം കയറ്റുമതി വിറ്റുവരവിന്റെ 34 ശതമാനം അമേരിക്കയുടേതാണ്. 2023-24 ൽ യുഎസിലേക്കുള്ള ഇന്ത്യയുടെ സമുദ്രോത്പന്ന കയറ്റുമതി 2,550 ദശലക്ഷം ഡോളറായിരുന്നു.

യുഎസ് വാണിജ്യ വകുപ്പ് എല്ലാ ചെമ്മീൻ കയറ്റുമതിക്കും 5.78 ശതമാനം കൌണ്ടർവെയിലിംഗ് തീരുവ ചുമത്തിയതിനാൽ അടുത്ത കാലത്ത് ഈ മേഖല ചില പ്രശ്നങ്ങൾ നേരിട്ടിരുന്നു.അമേരിക്കയിലേക്കുള്ള ഇന്ത്യയുടെ സമുദ്രോത്പന്ന കയറ്റുമതിയുടെ ഭൂരിഭാഗവും വന്നാമി ചെമ്മീനിൻ്റെ രൂപത്തിലാണ്, ചില കണക്കുകൾ പ്രകാരം 2024 സാമ്പത്തിക വർഷം ഇന്ത്യയുടെ ചെമ്മീൻ കയറ്റുമതിയുടെ ഏകദേശം 41 ശതമാനവും അമേരിക്കയിലേക്കാണ് പോയത്.അമേരിക്ക ഇതുവരെ ഇന്ത്യൻ ചെമ്മീനിൻ്റെ ഏറ്റവും വലിയ കയറ്റുമതി വിപണികളിൽ ഒന്നായിരുന്നു. അധികത്തീരുവയും പിഴത്തീരുവയും നിലവിൽ വന്നതോടെ ചെമ്മീൻ കയറ്റുമതി മേഖലയിൽ വലിയ പ്രത്യാഘാതങ്ങളുണ്ടാകും .

അമേരിക്ക, മെക്‌സിക്കോ, കാനഡ എന്നീ രാജ്യങ്ങൾ തമ്മിലുള്ള യുഎസ്എംസിഎ വ്യാപാര ഉടമ്പടി നിലവിലുള്ളതിനാൽ കാനഡയിൽ നിന്നും തീരുവയൊന്നും ചുമത്താതെ സമുദ്രവിഭവങ്ങൾ ഡ്യൂട്ടി ഫ്രീയായി അമേരിക്കയിലേക്ക് ഇറക്കുമതി നടത്താനാവും.ഇക്വഡോറിൽ നിന്നുള്ള മത്സ്യ കയറ്റുമതിക്കും കുറഞ്ഞ ചുങ്കമാണ് അമേരിക്ക ഈടാക്കുന്നത്. ഭൂമി ശാസ്ത്രപരമായ സാമീപ്യവും കുറഞ്ഞ തീരുവ നിരക്കും അമേരിക്കയിലേക്കുള്ള മത്സ്യ കയറ്റുമതിയിൽ ഇക്വഡോറിന് വലിയ മേൽക്കൈ നൽകുന്നു. ട്രംപിൻ്റെ വാണിജ്യ നയങ്ങൾ കാരണം ഇന്ത്യയെ മറികടന്ന് ഇക്വഡോർ അമേരിക്കയിലേക്ക് ഏറ്റവും കൂടുതൽ ചെമ്മീൻ കയറ്റുമതി ചെയ്യുന്ന രാജ്യമായി മാറുമെന്നാണ് പ്രവചനം.ഇന്ത്യയിൽ നിന്നുമുള്ള ചെമ്മീന് വില കൂടുന്നതോടെ അമേരിക്ക വില കുറവുള്ള മറ്റ് കയറ്റുമതി രാജ്യങ്ങളിലേക്ക് തിരിയും.

വൾക്കനൈസ്ഡ് റബ്ബർ കയറ്റുമതിയിൽ ഇന്ത്യയുടെ ഏറ്റവും വലിയ വിപണിയാണ് അമേരിക്ക.2024 സാമ്പത്തിക വർഷം ഇന്ത്യ ലോകമെമ്പാടും ഏകദേശം 602 ദശലക്ഷം ഡോളറിന്റെ വൾക്കനൈസ്ഡ് റബ്ബർ കയറ്റുമതി ചെയ്തു.അതിൽ അമേരിക്കയുടെ പങ്ക് 132.40 ദശലക്ഷം ഡോളറിനടുത്തായിരുന്നു (22 ശതമാനം).റബ്ബർ കയ്യുറകൾ, ന്യൂമാറ്റിക് ടയറുകൾ, വാട്ടർപ്രൂഫ് റബ്ബർ ഷീറ്റുകൾ, കൈത്തണ്ടകൾ തുടങ്ങിയ ഉൽപ്പന്നങ്ങൾക്ക് 25 ശതമാനം അധികച്ചുങ്കം ചുങ്കം ചുമത്തുന്നത് ഇന്ത്യൻ റബ്ബർ വ്യവസായത്തെ തകർക്കും.അമേരിക്കൻ വ്യാപാരികൾ കുറഞ്ഞ തീരുവയിൽ കയറ്റുമതി ചെയ്യുന്ന മറ്റ് രാജ്യങ്ങളിലേക്ക് തിരിയും.

സമുദ്രോല്പന്നങ്ങൾ കഴിഞ്ഞാൽ അമേരിക്കയിലേക്ക് ഏറ്റവും കൂടുതൽ കയറ്റുമതി ചെയ്യുന്ന ഉല്പന്നം സുഗന്ധവ്യജ്ഞനങ്ങളാണ്. ഇന്ത്യൻ സുഗന്ധവ്യഞ്ജനങ്ങളുടെ പ്രധാന ലക്ഷ്യസ്ഥാനങ്ങളിലൊന്നാണ് അമേരിക്ക. ഇന്ത്യ പ്രതിവർഷം ഏകദേശം 647 ദശലക്ഷം ഡോളറിന്റെ സുഗന്ധവ്യഞ്ജനങ്ങൾ അമേരിക്കയിലേക്ക് കയറ്റുമതി ചെയ്യുന്നു, അധികത്തീരുവ കാപ്പി, തേയില, കുരുമുളക് തുടങ്ങിയ ഉല്പന്നങ്ങളുടെ അമേരിക്കൻ വിപണിയിലെ ഇന്ത്യൻ വിഹിതം കുറയ്ക്കും. ബ്രസീലും കൊളംബിയയും പോലുള്ള ദക്ഷിണ അമേരിക്കൻ രാജ്യങ്ങൾക്ക് നേരിട്ട് പ്രയോജനം ലഭിക്കും.

ഓരോ വർഷവും ഇന്ത്യ ഏകദേശം 337 ദശലക്ഷം ഡോളറിന്റെ ബസ്മതി അരിയാണ് അമേരിക്കയിലേക്ക് കയറ്റുമതി ചെയ്യുന്നത്.നിലവിൽ പൂജ്യം തീരുവ നിരക്കിലാണ് കയറ്റുമതി. ബസുമതി അരി കയറ്റുമതിയിൽ ഇന്ത്യ പാകിസ്ഥാനുമായി കടുത്ത മത്സരത്തിലാണ്. അധികത്തീരുവ ഇന്ത്യൻ ബസ്മതിയുടെ മത്സരശേഷി ദുർബലപ്പെടുത്തും.പാകിസ്ഥാനുമായി അമേരിക്ക വാണിജ്യ കരാർ ഒപ്പിട്ടു കഴിഞ്ഞതിനാൽ ബസുമതി അരി കയറ്റുമതിയിൽ അവർക്ക് കൂടുതൽ ആനുകൂല്യം ലഭിക്കും.ഏപ്രിലിൽ ട്രം പ് തിരിച്ചടി തീരുവ പ്രഖ്യാപിച്ചതു മുതൽ അമേരിക്കയിലേക്കുള്ള സംസ്ക്കരിച്ച ഭക്ഷ്യ വിഭവങ്ങളുടെ കയറ്റുമതി മന്ദഗതിയിലാണ്. ഭക്ഷ്യസംസ്ക്കരണ മേഖലയിലെ ചെറുകിട വ്യവസായ സംരംഭങ്ങൾ പ്രതിസന്ധിയിലേക്കാണ് നീങ്ങുന്നത്. ചെറുകിട ഭക്ഷ്യ സംസ്ക്കരണ യൂണിറ്റുകൾ കുടുതലായി പ്രവർത്തിക്കുന്ന പഞ്ചാബ്,ഗുജറാത്ത്, മഹാരാഷ്ട്ര, കർണാടക, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളിൽ പ്രത്യാഘാതം വലുതായിരിക്കും.

അമേരിക്കൻ വിപണിയിൽ ഇന്ത്യൻ കാർഷികോല്പന്നങ്ങളുടെ മത്സരക്ഷമത നഷ്ടപ്പെടുത്തുന്നതാണ് ട്രംപിൻ്റെ അധിക തീരുവ പ്രഖ്യാപനം.രാജ്യത്തിൻ്റെ പരമാവധികാരത്തോടും ജനങ്ങൾക്ക് ഭക്ഷ്യ സുരക്ഷ ഉറപ്പാക്കാനുള്ള അവകാശത്തോടുമുള്ള വെല്ലുവിളിയുമാണ്. ഇടക്കിടെ തിരുവനിരക്കുകളിൽ ട്രംപ് മുന്നറിയിപ്പില്ലാതെ വരുത്തിക്കൊണ്ടിരിക്കുന്ന മാറ്റങ്ങൾ അമേരിക്കയിലേക്കുള്ള ഇന്ത്യൻ കാർഷിക കയറ്റുമതി അനിശ്ചിതത്വത്തിലാക്കും. ബദൽ വിപണികൾ കണ്ടെത്താൻ കൂടുതൽ സമയമെടുക്കും. കർഷകരുടെയും ചെറുകിട ഭക്ഷ്യസംസ്ക്കരണ സംരംഭകരുടെയും കയറ്റുമതി വ്യവസായികളുടെയും വരുമാനം നഷ്ടപ്പെടുത്തുന്നതും ഗ്രാമീണ സമ്പദ് വ്യവസ്ഥയിൽ ഗുരുതര പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്നതുമാണ് ട്രംപിൻ്റെ തീരുവ വെച്ചുള്ള തീക്കളി.അമേരിക്കൻ കോർപ്പറേറ്റുകളുടെ താല്പര്യ സംരക്ഷണമാണ് ട്രംപിൻ്റെ ലക്ഷ്യം.ഇതിൻ്റെ മറവിൽ പാവപ്പെട്ട കർഷകരെ സംരക്ഷിക്കാൻ ഇന്ത്യ ഏർപ്പെടുത്തിയിരിക്കുന്ന ഉയർന്ന തീരുവകളുടെ പേരിൽ ഇരവാദം ഉന്നയിക്കുന്ന ട്രംപിൻ്റെ നിലപാട് അപഹാസ്യമാണ്.

ഡോ ജോസ് ജോസഫ്

Latest Stories

'സർക്കാർ പദവിയിലിരിക്കെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയത് ചട്ടവിരുദ്ധം'; കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി

9ാം ദിവസവും രാഹുല്‍ ഒളിവില്‍ തന്നെ; മുൻകൂര്‍ ജാമ്യാപേക്ഷയുമായി ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും, രാഹുല്‍ മാങ്കൂട്ടത്തിലിനെ കസ്റ്റഡിയിലെടുക്കാനുള്ള നീക്കം ഊര്‍ജിതമാക്കി എസ്‌ഐടി

'കഴിവില്ലാത്തവർ കഴിവുള്ള കോഹ്ലിയുടെയും രോഹിതിന്റെയും വിധി എഴുതുന്നു': ഹർഭജൻ സിങ്

'ഒരു കാലത്തും നിങ്ങൾ അവരോട് എതിർത്ത് നിൽക്കാൻ പോകരുത്, അത് കളിക്കാരായാലും പരിശീലകനായാലും': രവി ശാസ്ത്രി

'രാഹുലിന്റെ രാജി കേരളം ഒന്നടങ്കം ആവശ്യപ്പെടുന്നത്, ബ്രാഞ്ച് മെമ്പർ പോലുമല്ലാത്ത മുകേഷിനെ എങ്ങനെ പുറത്താക്കും... മുകേഷ് അന്നും ഇന്നും പാർട്ടി അംഗമല്ല'; എംവി ഗോവിന്ദൻ

'മുകേഷിന്റെ കാര്യം എടുക്കുക, ഇന്നും അയാൾ സിപിഎം നേതാവായ എംഎൽഎ...മധുരം വിളമ്പുന്ന ഡിവൈഎഫ്ഐക്കാരാ...ഉളുപ്പുണ്ടോ'; ഫേസ്ബുക്ക് പോസ്റ്റുമായി അബിൻ വർക്കി

'വ്യക്തിപരമായ സൗഹൃദത്തെ ഞാൻ രാഷ്ട്രീയത്തിൽ കൊണ്ടുവന്നതല്ല, പിന്തുണച്ചത് രാഷ്ട്രീയമായി മാത്രം'; പുറത്താക്കൽ നടപടി കൂട്ടായി ആലോചിച്ചെടുത്തതെന്ന് ഷാഫി പറമ്പിൽ

'കാട്ടരുവിക്കരികിലിരുന്ന് അട്ട കടിച്ച മുറിവിൽ അമർത്തി ചൊറിഞ്ഞയാൾ ഉരുവിട്ടുകൊണ്ടേയിരുന്നു...എന്റെ ഹിക്ക ഇതറിഞ്ഞാലുണ്ടല്ലോ'; പരിഹസിച്ച് പിഎം ആർഷോ

'എംഎല്‍എ സ്ഥാനത്ത് തുടരുന്ന കാര്യം തീരുമാനിക്കേണ്ടത് രാഹുല്‍, പാർട്ടിയുടെ അന്തസ് ഉയര്‍ത്തിപ്പിടിക്കുക എന്നതാണ് പ്രാഥമികമായ കാര്യം'; കെസി വേണുഗോപാല്‍

ഗുരുതരസ്വഭാവമുള്ള പരാതികള്‍, എഐസിസി കടുപ്പിച്ചു; കോടതി വിശദമായി വാദം കേട്ട് മുന്‍കൂര്‍ ജാമ്യം നല്‍കില്ലെന്ന് വിധിച്ചു; പിന്നാലെ പടിക്ക് പുറത്താക്കി കോണ്‍ഗ്രസ്; രാഹുല്‍ മാങ്കൂട്ടത്തിലിന്റെ Who Cares ന് ഉത്തരം കിട്ടിതുടങ്ങി