ഐപിഎല്‍ ഫൈനല്‍ പോരാട്ടത്തില്‍ ഇന്ന് റോയല്‍സ് ചലഞ്ചേഴ്‌സ് ബെംഗളൂരു പഞ്ചാബ് കിങ്‌സിനെ നേരിടും. ആദ്യ ഐപിഎല്‍ കിരീടത്തിനായാണ് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ ഇരുടീമുകളും ഏറ്റുമുട്ടുക. രാത്രി 7.30യ്ക്കാണ് മത്സരം ആരംഭിക്കുക. ആര്‍സിബിയെ ഫൈനലില്‍ എത്തിക്കുന്നതില്‍ ഇത്തവണയും നിര്‍ണായക പങ്കാണ് വിരാട് കോഹ്‌ലി വഹിച്ചത്. 14 മത്സരങ്ങളില്‍ 614 റണ്‍സ് നേടി ഓറഞ്ച് ക്യാപ്പ് പട്ടികയിലും താരം ഇടംനേടി.
ഐപിഎല്‍ ഫൈനലിന് ഇറങ്ങുന്ന താരത്തിന് ഒരു ചരിത്രനേട്ടം ഇന്ന് കയ്യെത്തും ദൂരത്താണ്. 86 റണ്‍സ് കൂടി നേടിയാല്‍ ഈ സീസണില്‍ 700 റണ്‍സ് കോഹ്‌ലിക്ക് തികയ്ക്കാം. ഫൈനലില്‍ ഈ നേട്ടത്തില്‍ എത്തിയാല്‍ ഐപിഎല്‍ ചരിത്രത്തില്‍ മൂന്ന് സീസണുകളിലായി 700 റണ്‍സ് നേടിയ ആദ്യ താരമെന്ന റെക്കോഡാണ് കോഹ്‌ലിയെ കാത്തിരിക്കുന്നത്. 2016 സീസണില്‍ 973 റണ്‍സായിരുന്നു കോഹ്ലി നേടിയത്. 2024ല്‍ 741 റണ്‍സും വിരാട് നേടി.
ഇതില്‍ 973 റണ്‍സ് പിന്നീട് ഒരു ബാറ്റര്‍ക്കും ഐപിഎലില്‍ മറികടക്കാനായിട്ടില്ല. ഓറഞ്ച് ക്യാപ്പ് പട്ടികയില്‍ നിലവില്‍ അഞ്ചാം സ്ഥാനത്താണ് കോഹ്ലിയുളളത്. സായി സുദര്‍ശനാണ് 15 മത്സരങ്ങളില്‍ നിന്നായി 759 റണ്‍സ് നേടി ഒന്നാമതുളളത്. സൂര്യകുമാര്‍ യാദവ്, ശുഭ്മാന്‍ ഗില്‍, മിച്ചല്‍ മാര്‍ഷ് തുടങ്ങിയവര്‍ കോഹ്ലിക്ക് മുന്നിലായി ലിസ്റ്റിലുണ്ട്.