ഇപ്പോൾ നടക്കുന്ന വനിതാ ടി20 ലോകകപ്പിൽ പാകിസ്താനെതിരെ ഇന്ത്യക്ക് 64 റൺസിന്റെ കൂറ്റൻ വിജയം. ബാറ്റിങ്ങില്‍ സ്മൃതി മന്ദനായും ബൗളിങ്ങില്‍ ദീപ്തി ശര്‍മയും മികച്ച പ്രകടനം കാഴ്ചവെച്ചു. ഇന്ത്യ ഉയര്‍ത്തിയ 171 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന പാകിസ്താന്‍ 106 റണ്‍സിന് പുറത്തായി. അഞ്ചുവിക്കറ്റ് വീഴ്ത്തിയ ദീപ്തി ശര്‍മയാണ് പാകിസ്താന്റെ മുനയൊടിച്ചത്. ശ്രീ ചരണി മൂന്നും ഷഫാലി വര്‍മ ഒരുവിക്കറ്റും വീഴ്ത്തി. പാകിസ്താനുവേണ്ടി മുനീബ അലി 41 റണ്‍സെടുത്തു.
ആദ്യം ബാറ്റുചെയ്ത ഇന്ത്യക്കുവേണ്ടി സ്മൃതി മന്ദനാ അര്‍ധ സെഞ്ചുറി (68) നേടി. സിക്‌സറോടെ മത്സരത്തിന് തിരികൊളുത്തിയെങ്കിലും അധികനേരം ക്രീസില്‍ നില്‍ക്കാനാകാതെ ഷഫാലി വര്‍മ മടങ്ങിയെങ്കിലും ദൗത്യം സ്മൃതി ഏറ്റെടുത്തു.
44 പന്തില്‍ രണ്ടുസിക്‌സും ഒമ്പത് ഫോറും അടങ്ങിയ ഇന്നിങ്‌സിലാണ് സ്മൃതി 68 റണ്‍സെടുത്തത്. ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ 36 റണ്‍സെടുത്തതും സ്‌കോര്‍ ഉയര്‍ത്തി. റിച്ച ഘോഷും (34), ദീപ്തി ശര്‍മ (12), ഷഫാലി വര്‍മ (6), ജെമിമ റോഡ്രിഗസ് (ഒന്ന്), ഭാരതി ഫുല്‍മാലി (ഒന്ന്), ശ്രേയങ്ക പാട്ടീല്‍ (ഒന്ന്) എന്നിങ്ങനെയാണ് മറ്റു സ്‌കോറുകള്‍. ഇപ്പോഴിതാ ഇന്ത്യയ്ക്ക് വന്‍ വിജയം സമ്മാനിച്ചതിന് പിന്നാലെ തന്റെ സന്തോഷം പങ്കുവെച്ച് സംസാരിച്ചിരിക്കുകയാണ് ഓള്‍റൗണ്ടര്‍ ദീപ്തി ശര്‍മ്മ.
‘ഞാന്‍ ദൈവത്തോട് കടപ്പെട്ടിരിക്കുന്നു, ഹനുമാന്‍ജി വലിയവനാണ്. എനിക്ക് ഐസിസി ടൂര്‍ണമെന്റുകള്‍ കളിക്കാന്‍ വലിയ ഇഷ്ടമാണ്. കഴിഞ്ഞ ഐസിസി ടൂര്‍ണമെന്റ് ഞാന്‍ എവിടെയാണോ അവസാനിപ്പിച്ചത്, അവിടെനിന്നു തന്നെയാണ് ഈ ലോകകപ്പും ഞാന്‍ തുടങ്ങിയിരിക്കുന്നത്.” ദീപ്തി പറഞ്ഞു.