ഐപിഎല്ലില്‍ ഇന്നലെ നടന്ന മത്സരത്തിൽ മുംബൈ ഇന്ത്യൻസിനെ തകർത്ത് രാജസ്ഥാൻ റോയൽസ്. 27 റൺസിന്റെ മിന്നും ജയമാണ് രാജസ്ഥാൻ നേടിയത്. തുടർച്ചയായ മൂന്നാം ജയത്തോടെ രാജസ്ഥാൻ ഇതോടെ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് എത്തുകയും ചെയ്തു.
മഴ മൂലം 11 ഓവറാക്കി ചുരുക്കിയ മത്സരത്തിൽ 150 റൺസാണ് രാജസ്‌ഥാൻ അടിച്ചെടുത്തത്. 14 പന്തിൽ അഞ്ച് സിക്‌സറും ഒരു ഫോറുകളും അടക്കം 278 സ്ട്രൈക്ക് റേറ്റിൽ 39 റൺസ് നേടി വൈഭവ് കളം നിറഞ്ഞു.
ആരാധകർ ഒന്നടങ്കം കാത്തിരുന്നത് ബുംറ വൈഭവ് പോരാട്ടം കാണാനാണ്. മത്സരത്തിലെ ബുംറയുടെ ആദ്യ പന്ത് തന്നെ വൈഭവ് ഗാലറിയിൽ എത്തിച്ചു. ആ ഓവറിൽ രണ്ട് തകർപ്പൻ സിക്സ് ആണ് വൈഭവ് ബുംറയ്ക്ക് നേരെ അടിച്ചത്. കൂടാതെ ട്രെന്റ് ബോൾട്ടിനെതിരെ നേരിട്ട ആദ്യ പന്തും സിക്സർ പായിച്ചാണ് യുവ താരം കളം നിറഞ്ഞത്.
അതിനു ശേഷം എറിഞ്ഞ ശ്രദുൽ താക്കൂറിനെയും വൈഭവ് സിക്സ് കൊണ്ടാണ് സ്വാഗതം ചെയ്തത്. എന്നാൽ അവസാന പന്തിൽ വൈഭവിനെ താക്കൂർ പുറത്താക്കിയിരുന്നു. വൈഭവിനെ കൂടാതെ രാജസ്ഥാന് വേണ്ടി വെടിക്കെട്ട് പ്രകടനവുമായി ഓപ്പണർ യശസ്‌വി ജൈസ്വാളും തിളങ്ങി. 32 പന്തിൽ 10 ഫോറും 4 സിക്‌സും അടക്കം 77 റൺസ് താരം നേടി.