വെസ്റ്റ് ഇൻഡീസിൽ നിന്നുള്ള പവർ ഹിറ്റിംഗ് ഓൾറൌണ്ടർ ആന്ദ്രെ റസ്സൽ ഓസ്ട്രേലിയയ്ക്കെതിരായ വരാനിരിക്കുന്ന ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിന് ശേഷം അന്താരാഷ്ട്ര കരിയറിൽനിന്നും വിരമിക്കുകയാണ്. കഴിഞ്ഞ ദിവസമാണ് താരം വിരമിക്കൽ പ്രഖ്യാപനം അറിയിച്ചത്. വെസ്റ്റ് ഇൻഡീസിനായി 141 മത്സരങ്ങൾ കളിച്ച റസ്സൽ എല്ലാ ഫോർമാറ്റുകളിലുമായി 2000ന് മേൽ റൺസും 132 വിക്കറ്റുകളും നേടിയിട്ടുണ്ട്.
വിൻഡീസിനായി രണ്ട് ടി20 ലോകകപ്പുകളും റസ്സൽ നേടിയിട്ടുണ്ട്. തന്റെ അന്താരാഷ്ട്ര കരിയറിലെ ഏറ്റവും പ്രിയപ്പെട്ട നിമിഷത്തെക്കുറിച്ച് ചോദിച്ചപ്പോൾ, ഇന്ത്യയ്ക്കെതിരായ 2016 ടി 20 ലോകകപ്പിന്റെ സെമി ഫൈനലിലെ പ്രകടനത്തെ താരം തിരഞ്ഞെടുത്തു. അന്ന് മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിൽ നിറഞ്ഞ ജനക്കൂട്ടത്തെ സാക്ഷിയാക്കി താരം 20 പന്തിൽ നിന്ന് 43 * റൺസ് നേടി ഇന്ത്യയെ ടൂർണമെന്റിൽനിന്നും പുറത്താക്കി.
“തീർച്ചയായും എന്റെ ഏറ്റവും മികച്ച നിമിഷം 2016 ടി20 ലോകകപ്പിലെ ഇന്ത്യയ്ക്കെതിരായ സെമി ഫൈനൽ മത്സരമാണ്. ഞാനും ലെൻഡൽ സിമ്മൺസും ചേർന്ന് ടീമിനെ വിജയത്തിലേക്ക് നയിച്ച മത്സരം”, അദ്ദേഹം ക്രിക്കറ്റ് വെസ്റ്റ് ഇൻഡീസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
“ഇന്ത്യയിൽ നടന്ന സെമിഫൈനലിൽ 190-ലധികം റൺസ് പിന്തുടരുക, ഇന്ത്യയെ മാത്രം പിന്തുണച്ച കാണികൾ, അത് തന്നെ അൽപ്പം സമ്മർദ്ദം നൽകുന്നതായിരുന്നു. പക്ഷേ വിക്കറ്റ് വളരെ മികച്ച വിക്കറ്റായിരുന്നു. അതിനാൽ ഡ്രസ്സിംഗ് റൂമിലും വരാനിരിക്കുന്ന ബാറ്റർമാരിലും ഞങ്ങൾക്ക് ഉണ്ടായിരുന്ന ആത്മവിശ്വാസം, പുറത്തുപോയി മികച്ച കളി കളിക്കാൻ എനിക്ക് സ്വാതന്ത്ര്യവും ആത്മവിശ്വാസവും നൽകി”, റസ്സൽ ഓർമിച്ചു.