ഇന്ത്യൻ ടി20 ക്രിക്കറ്റ് ടീമിന്റെ നായകസ്ഥാനത്തുനിന്ന് സൂര്യകുമാർ യാദവിനെ നീക്കുമെന്ന് ഉറപ്പായതോടെ, അടുത്ത ക്യാപ്റ്റൻ ആരായിരിക്കുമെന്ന ചർച്ചകൾ ക്രിക്കറ്റ് ലോകത്ത് ചൂടുപിടിക്കുകയാണ്. ഈ വിഷയത്തിൽ ബി.സി.സി.ഐ-യും മുഖ്യ പരിശീലകൻ ഗൗതം ഗംഭീറും തമ്മിലുള്ള നിലപാടുകൾ നിർണ്ണായകമാകും.
ഇന്ത്യൻ ടി20 ടീമിന്റെ ക്യാപ്റ്റനായി സഞ്ജു സാംസണിനെ നിയമിക്കാനാണ് പരിശീലകൻ ഗൗതം ഗംഭീറിന് താല്പര്യമെന്ന് റിപ്പോർട്ടുകളുണ്ട്. എന്നാൽ, സഞ്ജുവിന്റെ പ്രകടനത്തിലെ സ്ഥിരതയില്ലായ്മ ക്യാപ്റ്റൻ സ്ഥാനത്തേക്ക് അദ്ദേഹത്തെ പരിഗണിക്കുന്നതിൽ ബി.സി.സി.ഐ-ക്ക് വലിയ ആശങ്കയുണ്ടാക്കുന്നുണ്ട്.
ബി.സി.സി.ഐ വൃത്തങ്ങളുടെ സൂചനയനുസരിച്ച്, സൂര്യകുമാർ യാദവിന് ശേഷം ക്യാപ്റ്റൻ സ്ഥാനത്തേക്ക് ബിസിസിഐ പരിഗണിക്കുന്നത് മറ്റ് രണ്ട് താരങ്ങളെയാണ്. ഏകദിന ടീമിന്റെ വൈസ് ക്യാപ്റ്റൻ കൂടിയായ ശ്രേയസ് അയ്യർ നായകസ്ഥാനത്തേക്ക് ശക്തമായ പരിഗണനയിലുണ്ട്. പ്രായവും ടി20 ടീമിലെ സ്ഥിരമായ സാന്നിധ്യവും തിലക് വർമ്മയ്ക്ക് അനുകൂല ഘടകങ്ങളാണ്. ബി.സി.സി.ഐ-യിലെ ഒട്ടേറെപ്പേർ തിലക് വർമ്മയെ ക്യാപ്റ്റനാക്കുന്നതിനെ പിന്തുണയ്ക്കുന്നുണ്ട്.
കഴിഞ്ഞ 18 മാസത്തോളമായി സൂര്യകുമാർ യാദവ് ഫോമിലല്ല എന്നത് അദ്ദേഹത്തിന് തിരിച്ചടിയായി. ഐ.പി.എല്ലിലും റൺസ് കണ്ടെത്താൻ താരം ബുദ്ധിമുട്ടിയിരുന്നു. നായകസ്ഥാനത്തുനിന്ന് മാറ്റിയാൽ, ഫോമിലല്ലാത്ത സൂര്യകുമാർ യാദവ് വെറുമൊരു കളിക്കാരനായി മാത്രം ടീമിൽ തുടരാൻ സാധ്യത കുറവാണെന്നാണ് ബി.സി.സി.ഐ വൃത്തങ്ങൾ നൽകുന്ന സൂചന.